നിറം മങ്ങിയ കമ്പിളി പുതപ്പ്

Date:

spot_img

കുന്നിൻചെരിവിൽ നിറ പൗർണ്ണമി പോലെ ഉദിച്ചു നിന്ന അസാധാരണമായ ഒരു നക്ഷത്രം കണ്ട് കുഞ്ഞുലാഡിയസ് ഭയചകിതനായി. അവന്  പത്തുവയസാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ചേട്ടന്മാരുടെയിടയിലേക്ക് അവനപ്പോൾ ചുരുണ്ടുകൂടി. പിന്നെ, മാലാഖമാർ പ്രത്യക്ഷപ്പെട്ടപ്പോൾ ലാഡിയസ് ഒരു പാറയ്ക്ക് പിന്നിൽ ഒളിച്ചുനിന്നു.

 എന്നാൽ ബെത്ലഹേമിൽ പിറന്ന രാജാവിനെ കുറിച്ച് കേട്ടപ്പോൾ ഭയം അവനെ വിട്ടുപോയി. ബെത്ലഹേമിലേക്ക് യാത്രയാകാൻ വട്ടം കൂട്ടുന്ന ചേട്ടന്മാരുടെ അരികിലേക്ക് അവൻ മുടന്തി മുടന്തി ചെന്നു.

‘ആടുകളെ ആര് നോക്കും?’ മൂത്ത ജ്യേഷ്ഠനായ സാമുവൽ ചോദിച്ചു. വളഞ്ഞ കാലുകളെ താങ്ങിനിന്ന ഊന്നുവടിയിൽ ചാരിനിന്നുകൊണ്ട് ലാഡിയസ് പറഞ്ഞു, ‘ഞാൻ കൂടെ വന്നാൽ നിങ്ങൾക്ക് പോകാനാവില്ലല്ലോ ആടുകളെ ഞാൻ നോക്കിക്കൊള്ളാം.’ അങ്ങനെ തീരുമാനമായി.

‘രാജാവിന് സമർപ്പിക്കാൻ നമുക്ക്  സമ്മാനങ്ങൾ വേണമല്ലോ’. സാമുവൽ പറഞ്ഞു.
ഉണ്ണിയേശുവിന് വേണ്ടി തീ പൂട്ടാനാവശ്യമായ തീക്കല്ല് ഒരു ചേട്ടൻ സംഘടിപ്പിച്ചു. രാജാവിന് വേണ്ടി ഒരു പൂമാലയുണ്ടാക്കാനാവശ്യമായ ലില്ലിപ്പൂക്കളാണ് മറ്റൊരാൾ എടുത്തത്. തന്റെ ഏറ്റവും വില പിടിച്ച സമ്പാദ്യമായ സ്വർണ്ണമോതിരമാണ് സാമുവൽ തിരഞ്ഞെടുത്തത്.

കുഞ്ഞുലാഡിയസിന്റെ ഒരേയൊരു സമ്പാദ്യം പഴകി നിറം മങ്ങിയ ഒരു നീല കമ്പിളിപ്പുതപ്പായിരുന്നു. അവന് അതുമാത്രമേ ഉണ്ടായിരുന്നുളളൂ. ‘ഇതാ, ഇത് കൊണ്ടുപൊയ്ക്കൊള്ളൂ’ ലാഡിയസ് പുതപ്പു നീട്ടി.

‘ഇതുവേണ്ട മോനേ.. നോക്കൂ ഇതെത്ര മോശമാണെന്ന്. പിച്ചക്കാർക്കുപോലും കൊടുക്കാൻ കൊള്ളില്ല ഇത്. പിന്നെയെങ്ങനെയാണ് ഒരു രാജാവിന് കൊടുക്കുക? ഈ തണുത്തരാത്രിയിൽ നിനക്കതാവശ്യം വരും.’ സാമുവൽ പറഞ്ഞു. അതു പറഞ്ഞിട്ട് ജ്യേഷ്ഠന്മാർ യാത്രയായി. ലാഡിയസ് ഒറ്റയ്ക്കായി. കമ്പിളി പുതപ്പിനുള്ളിൽ മുഖം പൂഴ്ത്തി വച്ച് അവൻ തേങ്ങിക്കരഞ്ഞു. എന്നാൽ അല്പം കഴിഞ്ഞപ്പോൾ അവന്റെ ദുഃഖങ്ങൾ രാത്രിയുടെ നിശ്ശബ്ദതയിലലിഞ്ഞു, മനസ്സ് ശാന്തമായി.
‘ലാഡിയസ് നീ വരുന്നോ?’ മധുരമായ ഒരു സ്വരം ചോദിച്ചു. നോക്കുമ്പോൾ അത് മുമ്പു വന്ന മാലാഖയാണ്.
‘നിനക്ക് ഉണ്ണിയെ കാണാൻ ആഗ്രഹമുണ്ടല്ലോ.’

ലാഡിയസ് തലകുലുക്കി.’അതെ പക്ഷേ എനിക്കിവിടെ നിന്നേ തീരൂ.’
‘ഞാൻ ഗബ്രിയേലാണ്. പേടിക്കേണ്ട. നിന്റെ ആടുകളെയെല്ലാം ഞാൻ നോക്കിക്കൊള്ളാം. നിന്റെ കമ്പിളിപ്പുതപ്പുമെടുത്തു വന്ന് എന്റെ കരം പിടിക്കൂ. ഉണ്ണിയേശുവിന് അത് ആവശ്യമുണ്ടാവും.’

മിന്നൽവേഗത്തിൽ ലാഡിയസ് ഒരു പുൽത്തൊഴുത്തിന്റെ വാതിൽക്കലെത്തി. പുൽത്തൊട്ടിക്കരികിൽ ജ്യേഷ്ഠന്മാർ നിന്നിരുന്നു. അവൻ അവരെ വിളിക്കാൻ ഒരുമ്പെട്ടെങ്കിലും ‘അരുത്’ എന്ന് മാലാഖ വിലക്കി.
‘ആ കമ്പിളിപ്പുതപ്പു തരൂ’ ഗബ്രിയേൽ മന്ത്രിച്ചു.

 മാലാഖ അതെടുത്തു ഉണ്ണിയേശുവിനെ പുതപ്പിച്ചു. അത് അപ്പോൾ മങ്ങിയ പുതപ്പായിരുന്നില്ല. പുലരിമഞ്ഞുപോലെ വെട്ടിത്തിളങ്ങുന്ന മനോഹരമായ പുതപ്പ്.

മടങ്ങിവരുമ്പോൾ ഗബ്രിയേൽ പറഞ്ഞു ,’നിന്റെ പുതപ്പായിരുന്നു ഏറ്റവും നല്ല സമ്മാനം. കാരണം നിനക്കുണ്ടായിരുന്നതു മുഴുവൻ നീ കൊടുത്തല്ലോ’

ലാഡിയസ് പെട്ടെന്നുണർന്നു. നോക്കുമ്പോൾ ജ്യേഷ്ഠന്മാർ മുന്നിൽ. സൂര്യൻ ഉദിച്ചിരുന്നു.
‘നിങ്ങൾ രാജാവിനെ കണ്ടോ?’ അവൻ ചോദിച്ചു.
‘കണ്ടു. പക്ഷേ നീയെന്താ കമ്പിളിപ്പുതപ്പില്ലാതെ ഉറങ്ങുന്നത്?’ സാമുവൽ ആരാഞ്ഞു.
ലാഡിയസ് അത്ഭുതപരതന്ത്രനായി ചുറ്റും നോക്കി. കമ്പിളിപ്പുതപ്പ് എങ്ങും കാണാനുണ്ടായിരുന്നില്ല.  പിന്നീടൊരിക്കലും അത് കണ്ടുകിട്ടിയിട്ടുമില്ല.

ഫ്രെഡ് ബോയർ
മൊഴിമാറ്റം: അഭിലാഷ് ഫ്രേസർ

More like this
Related

ചങ്ങാത്തം കൂടാൻ വാ…

കൂട്ടുകൂടാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? മനശാസ്ത്രജ്ഞന്മാരുടെ ഭാഷയിൽ കൂട്ട് മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു...

അർത്ഥം

അർത്ഥമുണ്ട്, നാനാർത്ഥവും. അതായത് ചില വാക്കുകൾക്ക് ഒറ്റ അർത്ഥം മാത്രമേയുള്ളൂ. വേറെ...

പ്രണയമരണം 

ഒടുവിൽ അവർ തീരുമാനിച്ചു 'എങ്കിൽ പിന്നെ നമുക്ക് പിരിയാം. അതിനു മുൻപ്...

തിരികെ വരുന്ന യാത്രകൾ

തിരികെ വരാതെ അവസാനിക്കാത്ത യാത്രകളില്ല. അവസാനമെന്നുറപ്പിച്ചു വിട പറഞ്ഞിറങ്ങുമ്പോഴും, ഒരിക്കലെങ്കിലും തിരികെയൊന്നു...
error: Content is protected !!