‘2021’-തിരഞ്ഞു നോക്കിയാൽ…

Date:

spot_img


21-ാം നൂറ്റാണ്ടിന് 21 വയസ് കഴിഞ്ഞു. കോവിഡിനു രണ്ടു വയസും. പക്ഷേ, 50 ലക്ഷത്തിലേറെ മനുഷ്യരെ ആ രണ്ടു വയസുകാരൻ കൊന്നു. കഴിഞ്ഞ 11 മാസത്തിനിടെ സംഭവിച്ചതു പറയാനേറെയുണ്ട്. മനുഷ്യരെ നേരിട്ടു ബാധിക്കുന്നതും പറയാതെ വയ്യ എന്നു തോന്നിയതുമായ ചിലതു മാത്രം പറയാം. 

2021 മടങ്ങുകയാണ്.  കോവിഡ് മടങ്ങിയില്ല. ആയുസ് ബാക്കിയുണ്ടായിരുന്ന ലക്ഷക്കണക്കിനാളുകളെ മഹാമാരി അതിനനുവദിച്ചില്ല. കോവിഡ് വരുന്നതിനും മുമ്പുണ്ടായിരുന്ന തീവ്രവാദ, വർഗീയ വൈറസുകൾ കൂടുതൽ ആളുകളെ ബാധിച്ചു. നിരപരാധികൾ കൊല്ലപ്പെട്ടു. ജനാധിപത്യം കാലാനുസൃതമായി പരിഷ്‌കരിക്കപ്പെട്ടില്ല. പാവങ്ങൾ കൂടുതൽ പാവങ്ങളായി. അവരുടെ അവസാന നാണയത്തുട്ടുകളും തട്ടിയെടുത്തു ധനാഢ്യർ കൂടുതൽ സമ്പന്നരായി. ആഗോളതാപനത്തിന്റെ അർഥം ആളുകൾക്കു കൂടുതൽ മനസിലായി. തിയറി ക്ലാസുകൾ കഴിഞ്ഞു. ചൂടായും മഞ്ഞുരുകലായും പ്രളയമായും പെരുമഴയായും അതു പ്രാക്ടിക്കലായി. 2021 വിടപറയുമ്പോൾ മനുഷ്യരാശിക്ക് നഷ്ടങ്ങളുടെ കണക്കുകൾ ഏറെയുണ്ട്. മനുഷ്യർ നല്ലവരായാൽ തീർക്കാവുന്നത്ര പ്രശ്‌നങ്ങളാണ് ഏറിയപങ്കുമെന്ന് ഈ ഡിസംബറും പഠിപ്പിക്കുന്നു. 


കോവിഡ് മരണം ഈ ഡിസംബർ പിറന്നപ്പോൾ 51 ലക്ഷത്തിനു മുകളിലായി. 2020 ജനുവരിയിൽ 171 മരണമായിരുന്നു. ഇത്ര വലിയ മരണപ്പെയ്ത്തിലേക്ക് അതു കടക്കുമെന്ന് അന്ന് ആരും കരുതിയില്ല. പക്ഷേ ഡിസംബറിൽ മരണം 18 ലക്ഷം കടന്നു. 2021ന്റെ പിറവിയോടെ കോവിഡ് താണ്ഡവമാടുകയായിരുന്നു. മേയ് മാസത്തിൽ ഇന്ത്യ വിലപിക്കുകയായിരുന്നു. ആശുപത്രിയിൽ ഇടമില്ലാതെ രോഗികളെയുമായി ബന്ധുക്കൾ പരക്കം പാഞ്ഞു. ഓക്‌സിജനും വാക്‌സിനും കിട്ടാക്കനിയായി.  കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ തലസ്ഥാനനഗരിയിലുൾപ്പെടെ ആളുകൾ ക്യൂ നിന്നു. ഗംഗയുടെ തീരങ്ങളിൽ അടിഞ്ഞുകൂടിയ മൃതദേഹങ്ങൾ ചരിത്രത്തിലെ ദുർഗന്ധം വമിക്കുന്ന അധ്യായമായി. ഇപ്പോൾ മരണസംഖ്യ കുറഞ്ഞിട്ടുണ്ട്. വാക്‌സിൻ ലഭ്യമാണ്.  

വാക്‌സിൻ

വാക്‌സിനെക്കുറിച്ചു മാത്രമായി പറയാനാവില്ല. ഏതു ദുരന്തവും സമ്പന്നർക്കു വളരാനും ദരിദ്രർക്കു തളരാനുമുള്ള അവസമുണ്ടാക്കുന്ന ഇന്നത്തെ ലോകക്രമത്തെ വ്യാഖ്യാനിക്കുന്നതുകൂടിയാണത്. വാക്‌സിൻ വില്പന സർക്കാരും കുത്തക മരുന്നു കമ്പനികളും തമ്മിലുള്ള അവിശുദ്ധ ഇടപെടലായി. 150 രൂപയ്ക്കു വിറ്റാലും ലാഭം കിട്ടുമെന്നു പറഞ്ഞ വാക്‌സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ അഡാർ പൂനെവാല വിറ്റത് 300നും 600നും അതിനു മുകളിലുമൊക്കെ വിലയ്ക്കാണ്. അതിനു കൂട്ടുനിന്നത് സർക്കാർതന്നെ.  2020ൽ പാവപ്പെട്ട തൊഴിലാളികൾ രാജ്യ തലസ്ഥാനത്തുനിന്നും മറ്റു നഗരങ്ങളിൽനിന്നും കാൽനടയായി ആയിരക്കണക്കിനു കിലോമീറ്റർ നടന്നുപോകുന്നതു നമ്മൾ കണ്ടു. അവർക്കു യാത്രാസൗകര്യമോ ഭക്ഷണമോ കൊടുക്കാൻ കഴിവില്ലാതെപോയ ഭരണകൂടമാണ് ഇതു ചെയ്തത്. വാക്‌സിൻ വിൽക്കാൻ തുടങ്ങിയതോടെ പൂനെവാലയുടെ കൊള്ളലാഭം വാനോളം ഉയർന്നു. താഴെ മനുഷ്യർ പുഴുക്കളെപ്പോലെ മരിച്ചുവീഴുകയും ചെയ്തു. സർക്കാർ വലിയൊരു വിഭാഗം ജനങ്ങൾക്കു വാക്‌സിൻ സൗജന്യമായി നൽകി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജനങ്ങളുടെ നികുതിപ്പണം പൂനെവാലയെപ്പോലുള്ളവർക്കു കൊടുത്തു വാങ്ങിയ ‘സൗജന്യ വാക്‌സിൻ’. 


അമേരിക്കയിലെ ഇന്ത്യ
ഡോണൾഡ് ട്രംപിനു പകരം അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ അധികാരത്തിലെത്തിയെന്നതിലേറെ നമുക്കു പ്രധാനമായിരുന്നു അമേരിക്കയുടെ വൈസ്പ്രസിഡന്റായി ഇന്ത്യൻ വംശജയായ കമലാ ഹാരിസ് അധികാരത്തിലെത്തിയെന്നത്. മറ്റൊരു കറുത്ത ഫലിതവും കണ്ടു. ഇറ്റാലിയൻ വംശജയായിരുന്നതുകൊണ്ടുമാത്രം  സോണിയാ ഗാന്ധിയെ അവഹേളിച്ച് അധികാരത്തിൽനിന്ന് അകറ്റിനിർത്താൻ വംശവെറിയെ ഉപയോഗിച്ചവർ കമലാ ഹാരിസിനെ അനുമോദിക്കുന്ന കാഴ്ച. 


അഫ്ഗാനിസ്ഥാൻ

ഇസ്‌ലാമിക തീവ്രവാദത്തെ ഇല്ലാതാക്കാനുള്ള 20 വർഷത്തെ ശ്രമത്തിൽ പരാജയപ്പെട്ട് ഓഗസ്റ്റ് മാസത്തിൽ അമേരിക്ക അഫ്ഗാനിസ്ഥാനിൽനിന്ന് മടങ്ങി. താലിബാൻ അധികാരത്തിലെത്തിയതോടെ അസഹനീയമായ തീവ്രവാദത്തെ ഭയന്ന് മുസ്‌ലിങ്ങൾ ഉൾപ്പെടെയുള്ളവർ പലായനം ചെയ്തു. കുറെപ്പേർ രക്ഷപ്പെട്ടു. അല്ലാത്തവർ പെട്ടു. ഭയംമൂലം വിശ്വസം പരസ്യമായി പറയുന്നില്ലെങ്കിലും ആയിരത്തിനും എണ്ണായിരത്തിനും ഇടയിൽ വരുന്ന ക്രിസ്ത്യാനികളും അവിടെയുണ്ട്. 
ഓടുന്ന വിമാനത്തിൽ പ്രാണരക്ഷാർത്ഥം ഓടിക്കയറിയവർ തൂങ്ങിക്കിടക്കുന്നതും പറക്കുന്ന വിമാനത്തിൽനിന്നു താഴെവീണു മരിക്കുന്നതും ലോകചരിത്രത്തിൽ ആദ്യസംഭവമായി. മനസിൽ വിതയ്ക്കപ്പെട്ട ഭീകരവാദ വിത്തുകളെ മണ്ണിൽനിന്നു പറിച്ചെറിയുന്നത് എളുപ്പമല്ലെന്നും അഫ്ഗാനിലെ മണ്ണിലെഴുതി 2021 പഠിപ്പിച്ചു.


ആഗോളതാപനം

ആഗോളതാപനം ഇത്രവലിയ കാര്യമാണെന്നു സത്യത്തിൽ ശാസ്ത്രജ്ഞർക്കൊഴികെ മറ്റാർക്കും അറിയില്ലായിരുന്നു. അന്റാർട്ടിക്കയിലും കാഷ്മീരിലും മഞ്ഞിടിയുന്നതും ഉത്തരാഖണ്ഡിലും പശ്ചിമഘട്ടത്തിലുമൊക്കെ മണ്ണിടിയുന്നതും അതിതീവ്രമഴയും പ്രളയവും തുടർന്നുള്ള ഉരുൾപൊട്ടലുമൊക്കെ ആഗോളതാപനത്തിന്റെ ഫലമാണെന്ന കാര്യം വെളിപ്പെട്ടതോടെ കാര്യം മനസിലാക്കാൻ എളുപ്പമായി.  നവംബറിൽ സ്‌കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി ആഗോളതാപനത്തെ പിടിച്ചുകെട്ടാനുള്ള ഇരുനൂറോളം രാഷ്ട്രങ്ങളുടെ കൂടിയാലോചനയായിരുന്നു. അതത്ര വിജയിച്ചെന്നു പറയാനാവില്ല. ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ പിടിച്ചുനിർത്താനുള്ള കാര്യപരിപാടിയായിരുന്നു പ്രധാനം. ലോകത്ത് ഓരോവർഷവും ഉത്പാദിപ്പിക്കപ്പെടുന്ന കാർബൺ ഡൈ ഓക്‌സൈഡിൽ 40 ശതമാനവും കൽക്കരിയിൽനിന്നാണ്. താപനത്തിന്റെ മുഖ്യകാരണവും ഓസോൺ പാളിയെ തകർക്കുന്ന വില്ലനും കാർബൺ ഡൈ ഓക്‌സൈഡാണ്. പക്ഷേ, കൽക്കരി ഉപയോഗം പെട്ടെന്ന് അവസാനിപ്പിക്കാനാവില്ലെന്നും നിയന്ത്രിക്കാമെന്നുമുള്ള ഇന്ത്യയുടെ വാദം ഉച്ചകോടിക്ക് അംഗീകരിക്കേണ്ടിവന്നു. ഊർജ ഉപയോഗത്തിന്റെ 46 ശതമാനവും കൽക്കരിയിൽ നിന്നെടുക്കുന്ന ഇന്ത്യയ്ക്ക് അതു പറയാതെ വയ്യ. 


പെട്രോൾവില

ഇന്ത്യയിലെ സാധാരണക്കാരനെ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ച കാര്യമെന്താണെന്നു ചോദിച്ചാൽ ഇന്ധനവില വർധന എന്നു പറയേണ്ടിവരും. നമ്മൾ എപ്പോഴും പരിഹസിക്കുന്ന പാകിസ്ഥാനുൾപ്പെടെയുള്ള അയൽ രാജ്യങ്ങളേക്കാൾ ഇരട്ടിയോളം വില. പെട്രോളിന്റെ വില 110ലെത്തിയപ്പോൾ കേന്ദ്രസർക്കാർ നേരിയ കുറവ് നല്കി. ചില സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ വരുന്നതിനാൽ പ്രതിഷേധം കുറയ്ക്കുകയാണു കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ഇന്ധനവില വർധിക്കുന്നതോടെ അവശ്യവസ്തുക്കളുടെ വിലക്കയറ്റം അതിലും ഉയരത്തിലാകും. കോവിഡ് കാലത്ത് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന മനുഷ്യർക്ക് ഇപ്പോൾ പ്രതികരിക്കാനുള്ള ശേഷിപോലുമില്ലാതായി. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെക്കൊണ്ട് ജനത്തിനു പ്രയോജനമില്ലാതായിട്ട് ഏതാണ്ട് ആറു കൊല്ലം കഴിഞ്ഞിരിക്കുന്നു. 


ദാരിദ്ര്യം

പട്ടിണിയുടെയും വിശപ്പിന്റെയും കാര്യത്തിൽ സർക്കാരിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ഇന്ത്യ പിന്നോട്ടടിക്കുകയാണ്. ഗ്ലോബൽ ഹംഗർ ഇൻഡെക്‌സിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ പരിതാപകരമായി. 2020ൽ 96-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ 101-ാം സ്ഥാനത്തേക്ക് താഴ്ന്നുപോയി. ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാൻ 2000 മുതൽ ഇന്ത്യ വിജയകരമായ പ്രവർത്തനങ്ങൾ നടത്തിയെന്നു ലോക ബാങ്ക് റിപ്പോർട്ടുകൾ വ്യക്തമാക്കിയതാണ്. 2011നും 2015നുമിടെ ഇന്ത്യ ഒമ്പതു കോടി ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിൽനിന്നു കരകയറ്റിയെന്നുള്ള  ലോകബാങ്കിന്റെ റിപ്പോർട്ടുകൾ ഇപ്പോഴും ഇന്റർനെറ്റിലുണ്ട്. വലിയ വായിലുള്ള വർത്തമാനങ്ങളല്ല, സത്യസന്ധമായ പ്രവർത്തനങ്ങളാണ് ഇന്ത്യയ്ക്ക് ഇന്നാവശ്യം. 

ക്രൈസ്തവ പീഡനം

ഇക്കൊല്ലം ഔദ്യോഗിക കണക്കനുസരിച്ചുമാത്രം ക്രൈസ്തവർക്കുനേരേ 300 ആക്രമണങ്ങൾ ഉണ്ടായി. യുണൈറ്റഡ് എഗെൻസ്റ്റ് ഹെയ്റ്റ്, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ്, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്നീ സംഘടകൾ ഒക്‌ടോബറിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 80 ആക്രമണങ്ങളുമായി ഉത്തർപ്രദേശാണ് മുന്നിൽ. സംഘപരിവാർ സംഘടനകൾ ക്രിസ്ത്യൻ സ്ഥാപനങ്ങളെയും ക്രിസ്ത്യാനികളെയും ആക്രമിക്കുന്നതു പതിവാണെങ്കിലും കുറ്റവാളികൾക്കെതിരേ കേസെടുക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ലെന്നത് അക്രമികളെ പ്രോത്സാഹിപ്പിക്കുകയാണ്.
തിരുത്തപ്പെടേണ്ട കാര്യങ്ങളിലൂടെയാണ് നാം ഓട്ടപ്രദക്ഷിണം നടത്തിയത്. 2021ലെ കുറച്ച് നല്ല കാര്യങ്ങൾകൂടി പറഞ്ഞ് ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നില്ല. പ്രതീഷയില്ലാഞ്ഞിട്ടല്ല. പക്ഷേ, അങ്ങനെ നിസാരവത്കരിക്കേണ്ട കാര്യങ്ങളല്ല നടന്നുകൊണ്ടിരിക്കുന്നത്. നമ്മൾ കൂടുതൽ നല്ലവരായാൽ, പരിഷ്‌കൃതരായാൽ, ആർത്തി കുറച്ചാൽ, അപരവിദ്വേഷം ഒഴിവാക്കിയാൽ, മനസ് വിശാലമാക്കിയാൽ… തീരുന്ന പ്രശ്‌നങ്ങളാണേറെയും. വേണമെങ്കിൽ നല്ലവരാകാം, നല്ലതാക്കാം 2022. 

ജോസ് ആൻഡ്രുസ്

More like this
Related

കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ  

ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ.  ഇക്കഴിഞ്ഞ ജൂലൈ...

മനുഷ്യനായി ജീവിക്കാൻ

''ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് എന്റെ സമരം. വെള്ളക്കാരുടെ മേൽക്കോയ്മയ്‌ക്കെതിരെ ഞാൻ പോരാടും,...

വീണ്ടും നിപ്പയുടെ ഭീതിയിൽ

പ്രളയത്തിനും കോവിഡിനും ശേഷം മറ്റൊരു ഭീതിയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിപ്പ....

സൂര്യഗ്രഹണത്തിൽ തൂക്കി എറിയപ്പെട്ട ഒരു തരിമണൽ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ എഴുതിയതുപോലെ മറച്ചുവെക്കുന്ന എല്ലാ വസ്തുക്കളും തുറന്നു...
error: Content is protected !!