അനുരാഗപർവ്വം

Date:

spot_img

‘എങ്ങനെ മായ്ച്ചുകളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ’ എന്ന രഗില സജിയുടെ കവിതാ സമാഹാരം വായിച്ചു തീർന്ന ഉടനെയാണ്  ‘നിത്യ ചൈതന്യയതി അനുരാഗപർവ്വം’ എന്ന പുസ്തകം വായിക്കാൻ എടുത്തത്. മരണശേഷം ജീവിതം ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിൽ മാത്രമാണ് എന്ന് പറയുന്നത് സത്യമെങ്കിൽ നിത്യ ഒരിക്കലും മായ്ച്ചുകളയാനാകാത്ത അടയാളങ്ങൾ മനുഷ്യ മനസ്സുകളിൽ കോറിയിട്ടിട്ടാണ് കടന്നു പോയതെന്ന് വി.ജി തമ്പി എഡിറ്റ് ചെയ്ത ഈ പുസ്തകം വിളിച്ചു പറയുന്നു.

ലോകം വിശാലമാകേണ്ടത് നമുക്കുള്ളിലെ ലോകത്തെ വികസ്വരമാക്കിക്കൊണ്ടാണെന്ന് തെളിയിച്ച മനുഷ്യനാണ് യതി. യതി എന്നത് ഒരു ജനതയുടെ ആന്തരികോർജ്ജത്തിന്റെ പേരാണ്. ഓടിത്തളർന്ന് എത്തുന്ന ഇരയെ ഒട്ടും ആയാസപ്പെടാതെ കീഴ്‌പ്പെടുത്തുന്ന ഗുരുക്കന്മാരെയും പുരോഹിതരെയും കണ്ടു മടുത്ത നമുക്കു മുൻപിൽ, നിത്യയിൽ നിന്നും തുറന്നുവന്ന കാറ്റും വെളിച്ചവും പുതിയൊരു ഊർജം പകർന്നു നൽകുന്നു. ഷൗക്കത്ത് ‘സ്‌നേഹാദര’ത്തിൽ കുറിച്ചു വയ്ക്കുന്നത് പോലെ ആത്മീയലോകം കച്ചവടത്തിലേക്കു പൂർണ്ണമായും അധഃപതിച്ച ഒരു കാലത്തിരുന്നാണ് ഇവിടെ കുറച്ച് പേർ  നിത്യയെ സ്മരിക്കുന്നത്. 

നിത്യയുടെ തെളിച്ചമുള്ള ഓർമ്മകളെ കുറെ മനുഷ്യർ ചേർന്ന് ഓർത്തെടുക്കുകയാണ് ഈ പുസ്‌കത്തിലൂടെ. ഒസിപ് മാന്റൽസ്റ്റാമും അന്ന അഖ്മത്തോവയും ചേർന്ന് മരിച്ചുപോയ കവികളുടെ കവിതകളിലൂടെ സഞ്ചരിച്ച് അവർ ജീവിച്ച കാലവും സ്ഥലവും സൃഷ്ടിച്ചിട്ടുള്ളതായി അടുത്തിടെ പി.എഫ് മാത്യൂസിന്റെ ഒരു ലേഖനത്തിൽ വായിച്ചതോർക്കുന്നു. അതുപോലെ തന്നെ യതിയെ എറ്റവും മുട്ടിയുരുമ്മി നടന്നവരുടെ ഓർമ്മകളിലൂടെ യതി ഇവിടെ വീണ്ടും പുനർജ്ജനിക്കയാണ്. ജെ.കൃഷ്ണമൂർത്തിയൊക്കെ പറയുന്നതുപോലെ മനുഷ്യനെ പൂർണ്ണമായും നിരുപാധികമായും മുക്തനാക്കുക എന്നതായിരുന്നു നിത്യയുടെയും ലക്ഷ്യം എന്ന് ഓരോ എഴുത്തുകാരും ഓർത്തെടുക്കുന്നു. ഭാവനകളെ പുതുക്കിപ്പണിതു. സഖിയായും കാമുകനായും അമ്മയായും അച്ഛനായും ചിലപ്പോൾ മാത്രം ഗുരുവായും സ്വകാര്യതയുടെ രക്തം തളിച്ച വാക്കുകൾകൊണ്ട് യതി തളിരണിയിച്ച ജീവിതങ്ങൾ യതിയെ ഓർമ്മിച്ചെടുക്കുന്നു. ഓരോ കണ്ണുകളും കാണുന്ന കാഴ്ചകൾ വ്യത്യസ്തമാണ് ഓരോ മനസും ഗ്രഹിക്കുന്ന പാഠങ്ങൾ വേറിട്ടതാണ് അതുകൊണ്ട് തന്നെ ഈ പുസ്തകത്തിലെ ലേഖകർക്ക് ഒക്കെയും പറയാനുള്ളത് വ്യത്യസ്തമായ യതി അനുഭവങ്ങളാണ്. അഷിതയും സുഭാഷ് ചന്ദ്രനും  സി.രാധാകൃഷ്ണനും  ഷൗക്കത്തും സുനിൽ പി. ഇളയിടവും ഉൾപ്പെടുന്ന ഇരുപത്തിയാറ് ലേഖകർ തങ്ങൾ തൊട്ട് അറിഞ്ഞ, തങ്ങളെ തൊട്ട് അറിഞ്ഞ യതിയെ ഒരു പോർട്ടറൈറ്റ് ചിത്രത്തിലെന്നപോലെ ജാഗ്രതയോടെ വരയ്ക്കുന്നു.

പുസ്തകങ്ങളെ അതികഠിനമായി പ്രണയിക്കുന്ന യതി… വഴക്കു കൂടുന്ന യതി… ഓരോ കത്തും ഒരു കുട്ടി തന്റെ കളിപ്പാട്ടത്തെ ലാളിക്കും പോലെ കണ്ണിലും നെഞ്ചിലും വെച്ച് ലാളിക്കുന്ന യതി… യുക്തിവാദികളെ പ്രണയിക്കുന്ന യതി… മതത്തോട് സൗഹൃദം പുലർത്തണം എന്ന് പറഞ്ഞ യതി…. അങ്ങനെ എത്ര എത്ര യതി ഭാവങ്ങൾ നമ്മൾ ഇവിടെ വായിച്ചറിയുന്നു. 
ശാസ്ത്രത്തെയും മതത്തെയും കുറിച്ച് യതി പറയുന്നത് നോക്കു: ‘മതത്തോട് ശാസ്ത്രത്തിന് ശത്രുതയല്ല സൗഹൃദമാണുള്ളത്. ചരിത്രം പരിശോധിച്ചു നോക്കുക. അറിവില്ലായ്മകളും അനാചാരങ്ങളും അകറ്റി വിശ്വാസത്തെ ദൃഢമാക്കാനാണ് സയൻസ് ശ്രമിച്ചിട്ടുള്ളത്.  യതിയുടെ ഓർമ്മകൾ ഓർത്തെടുക്കുന്ന ഈ പുസ്തകം നിത്യ ചൈതന്യ യതിയിലേക്ക് തുറക്കുന്ന വാതിലാണ്. പുതിയ ഒരു കാലത്തിനാവശ്യമായ ശാസ്ത്രബോധവും ആത്മീയതയും പ്രണയവും യതിയിൽ അതിന്റെ പൂർണ്ണതയിൽ തളിർത്ത് പടർന്നിരിക്കുന്നു. യതിയിലേക്കുള്ള ഈ വാതിൽ തുറക്കുമ്പോൾ അഹന്തകളൊക്കെ  അഴിഞ്ഞു വീഴുകയും പുതിയ വഴികൾ തെളിയുകയും ചെയ്യും എന്നത് തീർച്ച.

More like this
Related

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക്...

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു...
error: Content is protected !!