മറക്കാം എല്ലാം മറക്കാം

Date:

spot_img

കഴിഞ്ഞുപോയ വർഷത്തെക്കുറിച്ച് എന്താണ് അഭിപ്രായം? ‘ഓ ഇതുപോലൊരു വർഷം. അടുപ്പിച്ചടുപ്പിച്ച് രണ്ട് ലോക്ക് ഡൗൺ. മനുഷ്യന്റെ സകല എടപാടും തീർന്നു’ ഇങ്ങനെയാവും ഭൂരിപക്ഷത്തിന്റെയും മറുപടി. കോവിഡും ലോക്ക്ഡൗണും നമ്മെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്. സാമ്പത്തികനഷ്ടം, തൊഴിൽ നഷ്ടം, ഇവ  രണ്ടും ചേർന്ന മാനസിക ബുദ്ധിമുട്ടുകൾ, ഏകാന്തത, ഒറ്റപ്പെടൽ… ശരിയാണ് വല്ലാത്ത ചില വർഷങ്ങളാണ് കടന്നുപോയത്.

പക്ഷേ, കുറച്ചുകൂടി സൂക്ഷ്മതയോടെ വിലയിരുത്തിയാൽ ചില കാര്യങ്ങളിലെങ്കിലും നമുക്ക് ആശ്വസിക്കാൻ വകയുണ്ടെന്നതല്ലേ യാഥാർത്ഥ്യം? എന്തിന്, ഈ കുറിപ്പ് വായിക്കാനെങ്കിലും നമുക്ക് സാഹചര്യമുണ്ടാവുന്നുണ്ടെങ്കിൽ ഈ ലോകത്തിലെ ഹതഭാഗ്യരെന്ന് സ്വയം കരുതുന്ന മറ്റനേകരെക്കാൾ നാം ഭാഗ്യമുള്ളവർതന്നെയാണ്.  ഒരു സംശയവുമില്ല, കാരണം മറ്റാരുമല്ല നാം തന്നെയാണ് നമ്മുടെ ഭാഗ്യങ്ങളുടെ കണക്കും എണ്ണവും നിശ്ചയിക്കുന്നത്. എന്തെങ്കിലുമൊക്കെ നേട്ടങ്ങൾ കാഴ്ചവയ്ക്കാതെയല്ല ഒരു വർഷം കഴിഞ്ഞുപോകുന്നത്. നാം പ്രതീക്ഷിച്ചതുപോലെയോ പ്ലാൻ ചെയ്തതുപോലെയോ പലതും നടന്നിട്ടുണ്ടാവില്ല എന്നത് ശരിയായിരിക്കാം. എങ്കിലും  അധികം പരിക്ക് നമുക്ക് പറ്റിയിട്ടില്ല. അധികം മുറിവുകളും സംഭവിച്ചിട്ടില്ല. എവിടെയൊക്കെയോ ചില പച്ചപ്പ്…

നെഗറ്റീവ് ആയ സംഭവങ്ങളെയോർത്ത് പേർത്തും പേർത്തും വിഷമിക്കുന്നതുകൊണ്ടാണ് പോസിറ്റീവായ ഒന്നും നമ്മുടെ കണ്ണിൽപെടാത്തത്.  റോസച്ചെടിയിലെ മുള്ളുകളെ കാണാതെ പൂവിനെ കാണുക. ചേറിനെ കാണാതെ താമരയെ കാണുക.ജീവിതത്തിൽ സന്തോഷിക്കാൻ കാരണങ്ങൾ കിട്ടും.  മറ്റൊന്ന്, കഴിഞ്ഞുപോയ ദുരനുഭവങ്ങളെ മറക്കാൻ ശ്രമിക്കുക എന്നതാണ്. ഒന്ന് മനസ്സിരുത്തിയാൽ പല നെഗറ്റീവ് അനുഭവങ്ങളെയും സംഭവങ്ങളെയും നമുക്ക് മറക്കാൻ കഴിയും. പണ്ടത്തെ ആ കഥയിലെ പോലെ പോസിറ്റീവായ അനുഭവങ്ങളെ പാറയിലും നെഗറ്റീവായ അനുഭവങ്ങളെ മണലിലും എഴുതുക. 

ഏറ്റവും മോശമായത് കടന്നുപോയെന്നും ഏറ്റവും നല്ലത് വരാനിരിക്കുന്നതേയുള്ളൂവെന്നുമുള്ള വിചാരത്തോടെ മുന്നോട്ടുപോകുമ്പോൾ കുറെക്കൂടി നല്ലതുപോലെ ജീവിക്കാൻ നമുക്ക് കഴിയും. അത്തരമൊരു ചെറിയ വിചാരമെങ്കിലും നമ്മുടെ ഉളളിലുണ്ടാവട്ടെ. ആ ഒരു തീരുമാനത്തോടെ പുതുവത്സരത്തെ നമുക്ക് സ്വാഗതം ചെയ്യാം.  ഒരു പാട്ട് കേൾക്കുന്നില്ലേ മറക്കാം എല്ലാം മറക്കാം എന്ന്. അതെ, നമുക്ക് മറക്കാം, തിക്തമായ എല്ലാ ഓർമ്മകളും.
ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങൾ നേർന്നുകൊണ്ട്,


സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...
error: Content is protected !!