പ്രയോജനം

Date:

spot_img


വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ്. രക്തബന്ധത്തെക്കാൾ അടുപ്പമുള്ള ഒരു ഹൃദയബന്ധത്തിന്റെ ഉടമയെ കാണാൻ വേണ്ടിയുള്ള യാത്രയിലായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് ബസിൽ വച്ച് ഒരു സുഹൃത്തിനെ കണ്ടത്. ഒരേ സ്ഥലത്തേക്കായിരുന്നു ഇരുവരുടെയും യാത്രയെന്നതുകൊണ്ടും ഒരേ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത് എന്നതുകൊണ്ടും സ്വഭാവികമായും സുഹൃത്തിനെ കൂടി ആ വ്യക്തിയെ കാണുന്നതിനായി കൂടെ ക്ഷണിച്ചു. മറ്റൊരുതരത്തിലുളള എക്സ്‌ക്യൂസുമല്ല സുഹൃത്ത് അപ്പോൾ രേഖപ്പെടുത്തിയത്. ‘എനിക്ക് ആ വ്യക്തിയെ കണ്ടതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലല്ലോ, പിന്നെ ഞാനെന്തിന് വരണം?’ ആലോചിച്ചുനോക്കുമ്പോൾ ശരിയാണ്. അവന് ആ വ്യക്തിയെ കണ്ടതുകൊണ്ട് വ്യക്തിപരമായി ഒന്നും നേടാനില്ല. പക്ഷേ ആ മറുപടിക്ക് പകരം, എനിക്ക് മറ്റൊരു പ്രോഗ്രാമുണ്ടെന്ന് നിനക്കറിയാമല്ലോയെന്നോ അല്ലെങ്കിൽ പരിചയമില്ലാത്ത ഒരിടത്തേക്ക് വരാൻ എനിക്ക് ബുദ്ധിമുട്ടുണ്ടെന്നോ അങ്ങനെയെന്തെങ്കിലും ഒഴികഴിവാണ് പറഞ്ഞിരുന്നതെങ്കിൽ എനിക്കത് കൂടുതൽ ദഹിക്കുമായിരുന്നു. പക്ഷേ അവൻ പറഞ്ഞത് അവന് പ്രയോജനമില്ലാത്തതുകൊണ്ട് അവൻ വരുന്നില്ല എന്നാണ്.

പ്രയോജനം എന്നത് എനിക്കെന്തുകിട്ടും എന്ന ചിന്തയാണ്. കൈയിൽ കാശ് അധികമുള്ളവൻ ബാങ്കിലോ ഓഹരിവിപണിയിലോ മറ്റോ പണം നിക്ഷേപിക്കുന്നു. അതുവഴി തനിക്ക് പ്രയോജനം കിട്ടുമെന്ന വിശ്വാസമാണ് അയാളെ അതിന് പ്രേരിപ്പിക്കുന്നത്. ഒരു മരം നടുമ്പോൾ നിശ്ചിതകാലത്തിന് ശേഷം അത് ഫലം തരുമെന്നും പ്രയോജനം കിട്ടുമെന്നും വിശ്വസിക്കുന്നു. മക്കളെക്കുറിച്ചുപോലും നമുക്ക് പ്രയോജന ചിന്തയുണ്ട് എന്ന കാര്യം നിഷേധിക്കാനാവില്ല. പ്രയോജനം കിട്ടണമെന്ന ചിന്ത തെറ്റൊന്നുമല്ല. പക്ഷേ ഓരോ പ്രയോജന ചിന്തയിലും സ്വാർത്ഥതയുണ്ട്. എനിക്ക് നഷ്ടം വരരുത്, എനിക്ക് പ്രയോജനം കിട്ടുകയും വേണം.  അമിതമായ പ്രയോജന ചിന്ത ഒരുപരിധിവരെ ബന്ധങ്ങളെ അകറ്റിക്കളയും. നമ്മെ കൂടുതൽ സ്വാർത്ഥരുമാക്കും.  യൂസ് ആന്റ് ത്രോ എന്ന മട്ടിലുള്ള  സംസ്‌കാരം വർദ്ധിച്ചുവരുന്നതിന് കാരണവും അമിതമായ പ്രയോജന ചിന്തയാണ്.  പ്രയോജനം അനുഭവിച്ചതിന് ശേഷം വലിച്ചെറിയുക. പ്രയോജനം കുറഞ്ഞുകഴിയുമ്പോൾ ഉപേക്ഷിക്കുക. പ്രയോജനമുണ്ടാവില്ലെന്ന് മനസ്സിലാക്കി വേണ്ടെന്ന് വയ്ക്കുക. പ്രയോജനം ലക്ഷ്യമാക്കി മാത്രം സൗഹൃദബന്ധങ്ങൾ സ്ഥാപിക്കുന്നവരുണ്ട്. ബന്ധങ്ങളെയും അടുപ്പങ്ങളെയും തന്റെ പ്രയോജനത്തിന് വേണ്ടി ദുരുപയോഗിക്കുന്നവരുമുണ്ട്.എല്ലാ കാര്യങ്ങളും നാം ചെയ്യുന്നത് പ്രയോജനം പ്രതീക്ഷിച്ചുകൊണ്ടായിരിക്കരുത്. പ്രയോജനമില്ലാതെയും ചിലതൊക്കെ ചെയ്യാൻ  തീരുമാനിക്കുകയും ചെയ്യുകയും ചെയ്യുമ്പോഴാണ് മനുഷ്യൻ എന്ന നിലയിൽ നാം കൂടുതൽ സ്ഫുടം ചെയ്തെടുക്കപ്പെടുന്നത്.

വിനായക് നിർമ്മൽ

More like this
Related

അപമാനം

ഒരു നടൻ അപമാനിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ കഴിഞ്ഞ മാസങ്ങളിൽ...

തുറന്നിടുക

മഴ പെയ്തുകൊണ്ടിരുന്നപ്പോൾ മുറിയുടെ ജനാലകൾ അടച്ചുപൂട്ടിയിരുന്നു. മഴ തുടർന്നുകൊണ്ടേയിരുന്നപ്പോൾ ജനാലകൾ എല്ലാം...

പ്രതിഫലം

ഫലം ആഗ്രഹിച്ചുചെയ്യുന്ന പ്രവൃത്തിക്കുള്ള വേതനമാണ് പ്രതിഫലം. അതു കേവലം പണം മാത്രമായിരിക്കണമെന്നില്ല....

നിലനില്പ്

തുടങ്ങിവയ്ക്കാൻ താരതമ്യേന എളുപ്പമാണ്. പക്ഷേ അത് നിലനിർത്തിക്കൊണ്ടുപോവുക എന്നതാണ് ദുഷ്‌ക്കരം. നിരവധി...
error: Content is protected !!