ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്ലോയുടെ ‘ഫിഫ്ത് മൗണ്ടൻ’ എന്ന നോവലിൽ വിവരിക്കുന്ന ഒരു കഥയുണ്ട്. ഒരു ഗ്രാമത്തിലെ ഒരു ചെറുപ്പക്കാരന് ഒരിക്കൽ ഒരു ദർശനം ഉണ്ടാകുന്നു. അവന്റെ ഗ്രാമത്തിലെ കിണറുകളിൽ ഒരു ദേവദൂതൻ വന്നു വിഷം കലർത്തുന്നു. ആ വെള്ളം കുടിച്ച് ഗ്രാമവാസികൾ എല്ലാം ഭ്രാന്തന്മാർ ആയി മാറുന്നു. ഈ വിവരം മുൻകൂട്ടി അറിഞ്ഞ ആ ചെറുപ്പക്കാരൻ തനിക്ക് ആ ഗതി വരാതിരിക്കാൻ അവനു കുടിക്കാൻ ആവശ്യമായ വെള്ളം നേരത്തെ കോരി മാറ്റിവെക്കുന്നു. പിന്നീട് അവൻ കാണുന്ന കാഴ്ച ഗ്രാമത്തിലെ എല്ലാവരും വിഷം കലർന്ന വെള്ളം കുടിച്ച് ഭ്രാന്തന്മാർ ആകുന്നതാണ്. അവർ മനോരോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നു. ഇത് കണ്ടു നിന്ന ആ ചെറുപ്പക്കാരന് ആദ്യം ഒരു ജിജ്ഞാസയും പിന്നീട് സന്തോഷവും തോന്നുന്നു. എന്നാൽ അവന്റെ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. ഗ്രാമവാസികൾ ഒന്നടങ്കം അവന്റെ അടുത്തേക്ക് വരുന്നു. അവരുടെ നോട്ടത്തിൽ ആ ചെറുപ്പക്കാരന് എന്തോ അസ്വാഭാവികത ഉണ്ട്. അതുകൊണ്ട് തന്നെ അവർ അവനെ ആ ഗ്രാമത്തിൽ നിന്നു പുറത്താക്കുവാൻ തീരുമാനിക്കുന്നു. ഒടുവിൽ വേറെ നിവൃത്തിയില്ലാതെ വന്ന അവൻ കിണറ്റിലെ വെള്ളം കുടിച്ചു ഭ്രാന്തനായി ആ ഗ്രാമവാസികൾക്ക് ഒപ്പം ചേരുന്നു.
ആൾക്കൂട്ടത്തിന്റെ ആരവങ്ങളെ ചെറുത്തു നിൽക്കാനാകാതെ അതിനെ പിന്തുടരാൻ നിർബന്ധിക്കപ്പെടുന്ന ഒരുവന്റെ നിസ്സഹായാവസ്ഥയാണ് നോവലിസ്റ്റ് ഈ കഥയിൽ വിവരിക്കുന്നത്.
ഏതൊരു കാലത്തും ഏതൊരു നാടിനും സമൂഹത്തിനും സംഘടനയ്ക്കും അവർ ചിട്ടപ്പെടുത്തിയ ഒരു നിയമസംഹിതയും പെരുമാറ്റ രീതികളും സ്വഭാവ സവിശേഷതകളും ഉണ്ടായിരിക്കും. അതു പിന്തുടരാൻ അതിലെ അംഗങ്ങൾ ബാധ്യസ്ഥരുമാണ്. അതിനു തയ്യാറാകാത്തവർ സ്വഭാവികമായും ആ സമൂഹത്തിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വരുകയോ വേണ്ടി വന്നാൽ മാറ്റി നിർത്തപ്പെടുകയോ ചെയ്‌തേക്കാം. അതു ആ നാടിന്റെ, സമൂഹത്തിന്റെ നല്ല നടപ്പിന് ഉചിതവുമാണ്. എന്നാൽ കാലഘട്ടങ്ങളിലൂടെ രൂപപ്പെട്ടുവന്ന ഈ ചട്ടക്കൂടുകൾ എപ്പോഴും ശരി ആയിക്കൊള്ളണം എന്നുമില്ല. കാരണം പൊതു ജനവികാരം എല്ലായ്‌പ്പോഴും പൊതു നന്മയായി ഭവിക്കണം എന്നില്ല എന്നുകൊണ്ടു തന്നെ.
ഒരു ആൾക്കൂട്ട മനോഭാവം (Mob Psychology) നമ്മുടെ പൊതുസമൂഹത്തിന്റെ മനഃസാക്ഷി രൂപീകരണത്തിലും പ്രവർത്തനത്തിലും വല്ലാതെ സ്വാധീനിക്കുന്നുണ്ട്. അതു മൂലം ഭൂരിപക്ഷം പറയുന്നതെന്തോ അതാണ് ശരി എന്ന അപകടത്തിലേക്ക് നമ്മൾ എളുപ്പം തെന്നി വീഴുകയും ചെയ്യുന്നു. നമ്മുടെ കൂട്ടായ്മകൾ (Kononia) വെറും ആൾക്കൂട്ടമായി (Mob) മാറുന്നു എന്ന ഒരപകടം ഇവിടെ പതിയിരിപ്പുണ്ട്. ഈ ആൾക്കൂട്ടം നിയമം കയ്യിലെടുക്കുകയും ധാർമികതയുടെ അതിർവരമ്പുകൾ ലംഘിക്കുകയും പൊതുനന്മയ്ക്ക് വിഘാതമായി പ്രവർത്തിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷം വരെ നമ്മൾ എത്തി നിൽക്കുന്നു.
ആനന്ദിന്റെ ‘ആൾക്കൂട്ടം’ എന്ന ഒരു നോവലുണ്ട്. ബോംബെ നഗരത്തിലെ തിരക്കിനിടയിൽ വെച്ച് തങ്ങളുടെ സ്വത്വബോധം നഷ്ടപ്പെട്ടുപോയ ഏതാനും ജീവിതങ്ങളെയാണ് രചയിതാവ് അവിടെ വരച്ചു കാണിക്കുന്നത്. അതിൽ കഥാകൃത്ത് പറയും പോലെ: ആൾക്കൂട്ടത്തിൽ ആർക്കും മുഖം ഇല്ല; ആരും ആരെയും തിരിച്ചറിയുന്നില്ല. ആർക്കും എന്തും എന്നും പ്രവർത്തിക്കാം. ഈ ‘അപരിചിത മനോഭാവം’ ‘ ( Sense of anonymity) അതാണ് ആൾക്കൂട്ടത്തെ ഭരിക്കുന്നത്.
നമ്മുടെ സോഷ്യൽ മീഡിയയിലെ ്ശൃൗേമഹ ശറലിറശ്യേ തന്നെ ഉദാഹരണമായി എടുക്കാം. മറഞ്ഞിരുന്നു തന്റെ അപരിചിതത്വം ഉറപ്പു വരുത്തികൊണ്ടാണ് ഒരാൾ അവിടെ തന്റെ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിക്കുന്നത്. കൂടെ കൂടെ കൂടി വരുന്ന വ്യാജ ഐഡി കളും ഫേസ്ബുക്ക് പേജുകളും നൽകുന്ന ഒരു സൂചനയും ഇതു തന്നെയാണ്. എനിക്ക് ഞാൻ ആയി നിന്നുകൊണ്ട് കാര്യങ്ങൾ അവതരിപ്പിക്കാൻ ആകാത്ത വിധം ഞാൻ എന്നെ തന്നെ മറച്ചിരിക്കുന്നു.
നമ്മുടെ അനുദിന ജീവിതത്തിലും ഈ ആൾക്കൂട്ട മനോഭാവം കയറിവരാൻ ആയിട്ടുള്ള സാധ്യതയുണ്ട്. കൂട്ടത്തിൽ നിന്നോ ഒളിഞ്ഞിരുന്നോ എന്തുവേണമെങ്കിലും ചെയ്യാനും പറയാനുമുള്ള തന്റേടം ഉള്ളവർ ഒറ്റക്ക് നിൽക്കാനും പറയാനും തുടങ്ങുമ്പോൾ വല്ലാതെ ചൂളി പോകുന്നു.
സ്‌കൂൾ പഠനകാലത്തു പ്രോഗ്രസ് റിപ്പോർട്ട് ഒപ്പിടിക്കാൻ നേരം മകനെ കുറിച്ചു അമ്മമാർ ന്യായീകരിക്കും പോലെയാണ് കാര്യങ്ങൾ. ‘ഇവൻ വെറും പാവമാണ് സാറേ… കൂട്ടു കൂടിയാണ് ന്റെ കൊച്ചു ചീത്തയാകുന്നത്.’ അവിവേകം പറയാനും ചെയ്യാനുമുള്ള ധൈര്യം ചില കൂട്ടുകെട്ടുകൾ നമുക്ക് തരുന്നുണ്ട് എന്നതാണ് സത്യം.
ഈ ആൾക്കൂട്ട മനോഭാവത്തിനെതിരെ ഒറ്റയ്ക്ക് നിലകൊള്ളുക എന്നത് ഇന്നത്തെ കാലത്തെ വലിയ വെല്ലുവിളിയാണ്. ജനക്കൂട്ട വികാരത്തിനും വിചാരണയ്ക്കും കൂട്ടു നിൽക്കാതെ വ്യക്തി നന്മയും (Individual good) പൊതു നന്മയും (Common good) തിരിച്ചറിയുവാനും പൊതു നന്മക്കാവശ്യമായ അഭിപ്രായങ്ങളും നിലപാടുകളും ഉറക്കെ പറയാനും അതിൽ ഉറച്ചു നിൽക്കാനും പറ്റുക നിസാര കാര്യമല്ല. അങ്ങനെ ഒറ്റയ്ക്ക് നിൽക്കുന്നവർക്കു എതിർപ്പുകളെ നേരിടേണ്ടി വരിക എന്നത് തികച്ചും സ്വാഭാവികം ആണ്.
2014ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം മലാല യൂസഫ് എന്ന പാകിസ്താനി പെൺകുട്ടിയോടൊപ്പം പങ്കു വച്ച ഇന്ത്യക്കാരനാണ് കൈലാഷ് സത്യാർത്ഥി. തന്റെ ജീവൻ പോലും പണയം വച്ചുകൊണ്ട് പതിനായിരക്കണക്കിന് കുട്ടികളെ തെരുവിൽ നിന്നും രക്ഷപ്പെടുത്തിയതിനാണ് അദ്ദേഹത്തെ ഈ പുരസ്‌കാരം തേടിയെത്തിയത്.
ശക്തമായ എതിർപ്പുകൾക്കിടയിലും ഒറ്റയ്ക്കുള്ള തന്റെ ചില ധീരമായ ചുവടുവെപ്പുകൾക്കു പ്രചോദനമായി അദ്ദേഹം ചൂണ്ടി കാണിക്കുന്ന കാര്യങ്ങൾ വളരെ ശ്രദ്ധേയമാണ്. ഒരല്പ്പം സാഹസികത നിറഞ്ഞ തീരുമാനം എടുക്കും മുൻപ് മൂന്നു കാര്യങ്ങൾ അദ്ദേഹം സ്വയം ചോദിച്ചിരുന്നത്രേ:
If it is not I; then Who?
If it is not now; then When?
If it is not here ; then Where?
ചില കാര്യങ്ങൾ ചെയ്യാനും പറയാനും ഇവിടെ താനേ ഉള്ളൂ എന്ന ഉറച്ച ബോധ്യമാണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചതത്രേ. സത്യാർത്ഥിയുടേതു പോലെ ഒറ്റപ്പെട്ട വ്യക്തിത്വങ്ങൾ നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല.
പൊതു നന്മയ്ക്കു വേണ്ടി വ്യക്തി നന്മകൾ മാറ്റിവക്കാനും ആൾക്കൂട്ടത്തിന്റെ ആരവത്തിൽ നിന്നും മാറി നടക്കാനും കഴിയുക എന്നതാണ് ഇന്നത്തെ കാലത്തിന്റെ വലിയ പ്രവാചക ധീരത.