ഗുണകരമാണെങ്കിലും അല്ലെങ്കിലും ചില ചിന്തകൾക്ക് കാരണമായിട്ടുണ്ട് സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്‌കാരം. എന്തുകൊണ്ടാണ് മരിയ എ. റെസയ്ക്കും ദിമിത്രി മുറാട്ടോവിനും നൊബേൽ പുരസ്‌കാരം ലഭിച്ചതെന്നു ചോദിച്ചാൽ അവർ വസ്തുനിഷ്ഠമായും ധീരതയോടെയും മാധ്യമപ്രവർത്തനം നടത്തിയതുകൊണ്ട് എന്നുള്ളതാണ്. അക്കാര്യത്തിൽ സംശയമില്ല. സ്വന്തം ജീവൻ പണയപ്പെടുത്തിത്തന്നെയായിരുന്നു അവരുടെ മാധ്യമപ്രവർത്തനം. എന്നെങ്കിലും തിരിച്ചെടുക്കാൻ പറ്റുമോയെന്ന് ഉറപ്പില്ലാത്ത പണയമായിരുന്നുതാനും അത്. പക്ഷേ, അവരേക്കുറിച്ചല്ല, നമ്മളെക്കുറിച്ചാണു പറയാനുള്ളത്.
നേരേ കാര്യം പറയാം. മരിയയും ദിമിത്രിയും ഭരണാധികാരികൾക്കെതിരെയാണ് സധൈര്യം എഴുതിയത്. കാരണം അവരുടെ ധീരതയും ഇച്ഛാശക്തിയും പ്രകടിപ്പിക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല. രണ്ടു സ്ഥാപനങ്ങളുടെയും മേധാവികളായിരുന്നു അവർ. അതായത്, അവരുടെ റിപ്പോർട്ടുകൾ സർക്കാരിന്റെ അപ്രീതിക്കിടയാക്കുമെന്നും പ്രസിദ്ധീകരിക്കാൻ പറ്റില്ലെന്നും പറയാൻ അവർക്കുമുകളിൽ ആരുമില്ലായിരുന്നു. മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുന്നവരായിരുന്നെങ്കിൽ മരിയയ്ക്ക് ഫിലിപ്പീൻസ് പ്രസിഡന്റ് റൊഡ്രീഗോ ഡുതെർത്തെക്കെതിരേയോ ദിമിത്രിക്ക് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനെതിരേയോ തൂലികകൊണ്ടു യുദ്ധം പ്രഖ്യാപിക്കാൻ കഴിയുമായിരുന്നില്ല.
ഇന്ത്യയിലുൾപ്പെടെ അതാണ് യാഥാർഥ്യം. റഫാൽ യുദ്ധവിമാന ഇടപാടിലെ അവിഹിത ഇടപെടലുകളെക്കുറിച്ച് ദി ഹിന്ദുവിന്റെ എം.ഡി. എൻ. റാം എഴുതിയ ഒന്നാന്തരം അന്വേഷണാത്മക റിപ്പോർട്ടിന്റെ കാര്യം ഓർക്കുക. കേന്ദ്രസർക്കാരിനെ നടുക്കിയ വാർത്തയായിരുന്നു അത്. അത് തയാറാക്കിയത് ഏതെങ്കിലും ഒരു റിപ്പോർട്ടറായിരുന്നില്ല. അതിന്റെ എം.ഡി. തന്നെയാണ്. ഏതെങ്കിലും പത്രങ്ങളോ ചാനലുകളോ അങ്ങനെ തുറന്ന മാധ്യമപ്രവർത്തനം നടത്തുന്നുണ്ടെങ്കിൽ അതിന്റെയർത്ഥം ആ സ്ഥാപനത്തിന്റെ ഉടമയുടെകൂടി മഹത്വമാണെന്നു പറയാതെ വയ്യ. അത്തരം മാനേജ്‌മെന്റുകളുടെ എണ്ണം ഇന്ത്യയിലും കുറയുകയാണ്. നൊബേൽ പുരസ്‌കാരനിർണയ സമിതി പറഞ്ഞത്, ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും അപകടത്തിലായിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ ധീരരായ മാധ്യമപ്രവർത്തകരുടെ പ്രതിനിധികളാണ് ജേതാക്കൾ എന്നാണ്. അങ്ങനെയെങ്കിൽ ഇത്തരം അപകടം പിടിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് നമ്മുടെ ഇന്ത്യ.
അപകടം
ഫ്രഞ്ച് എൻജിഒ ആർഎസ്എഫ് (റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്‌സ്) ലോകത്തെ മാധ്യമങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യത്തെക്കുറിച്ച് റിപ്പോർട്ട് തയാറാക്കാറുണ്ട്. 2021-ലെ വേൾഡ് പ്രസ് ഫ്രീഡം ഇൻഡെക്‌സനുസരിച്ച് 180 രാജ്യങ്ങളിൽ 142-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കണം. ഇക്കഴിഞ്ഞ ഏപ്രിൽ 21ന് ഇതുസംബന്ധിച്ച് ദി ഹിന്ദുവിൽ വന്ന വാർത്തയിൽ പറയുന്നത് ഈ പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്താൻ കാബിനറ്റ് സെക്രട്ടറി രാജീവ് ലൗബയുടെ നിർദേശപ്രകാരം ഫ്രാൻസിലെ അംബാസഡർ ജാവേദ് അഷ്‌റഫ് ആർഎസ്എഫ് ഉദ്യോഗസ്ഥരുമായി നടത്തിയ ലോബിയിംഗിനു ശേഷവും ഇതാണു സ്ഥിതി എന്നാണ്. 2016-ൽ ഇന്ത്യ 133-ാം സ്ഥാനത്തായിരുന്നു. പിന്നീട് ഓരോ വർഷവും ഇന്ത്യയുടെ സ്ഥിതി താഴ്ന്നുകൊണ്ടിരിക്കുകയാണ്. മാധ്യമപ്രവർത്തകർക്കു സ്വതന്ത്രമായി ജോലിചെയ്യുന്ന കാര്യത്തിൽ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നു റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയക്കാരുടെയും ക്രിമിനലുകളുടെയുമൊക്കെ ആക്രമണത്തിന് അവർ ഇരയാകുന്നു. സാമ്പത്തികം, അന്തർദേശീയ ഇടപാടുകൾ, റഫാൽ പോലുള്ള പ്രതിരോധ ഇടപാടുകൾ തുടങ്ങിയ വിഷയങ്ങളിലെ വാർത്തകളോടുള്ള സർക്കാരിന്റെ സമീപനങ്ങളാണ് റിപ്പോർട്ടിന് അടിസ്ഥാനമായത്. 2019 ഓഗസ്റ്റ് അഞ്ചുമുതൽ ഏതാണ്ട് ഒരു വർഷത്തോളം ജമ്മു കാഷ്മീരിൽ ഇന്റർനെറ്റ് നിരോധിച്ചതും വിനയായി. മാധ്യമങ്ങളുടെമേൽ പിടിമുറുക്കിയ പ്രധാനമന്ത്രി മോദിയുടെ പേരെടുത്തുപറഞ്ഞു വിമർശിക്കുന്നതായിരുന്നു ഇതേ വാർത്ത റിപ്പോർട്ട് ചെയ്ത ‘ദി വയർ’നല്കിയത്. ഒരു പക്ഷേ, ഭീഷണികൾക്കിടയിലും കുറെയൊക്കെ ധീരത പുലർത്തിയ മാധ്യമമാണ് ദി വയർ. ജേണലിസത്തിനു പറ്റിയതല്ലാത്തും അപകടകരവുമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ തുടരുന്നു എന്നാണ് ഏപ്രിൽ 21ന് ഇന്ത്യൻ എക്‌സ്പ്രസ് പറഞ്ഞത്.
മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നതിൽ നോർവെ ഒന്നാമതും ഫിൻലാൻഡും ഡെൻമാർക്കും രണ്ടും മൂന്നും സ്ഥാനത്തുമായിരുന്നു.
നമുക്ക് ആശ്വസിക്കാനുള്ളത് ഇന്ത്യ യേക്കാൾ മോശമായി പാക്കിസ്ഥാൻ 145-ാം സ്ഥാനത്തും ബംഗ്ലാദേശ് 152-ാം സ്ഥാനത്തും ഉത്തരകൊറിയ 179-ാം സ്ഥാനത്തും ചൈന 170-ാം സ്ഥാനത്തുമുണ്ടല്ലോ എന്നതിൽ മാത്രമാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും മനഷ്യാവകാശവുമില്ലെന്നു നാം പരിഹസിക്കുന്ന രാജ്യങ്ങളുടെ അടുത്താണ് ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ എന്നതിൽപരം അപമാനം എന്താണുള്ളത്?
ചെറുത്തുനില്പ്പില്ല
ഭരണകൂടത്തിനു വിധേയരാകുന്ന മാധ്യമങ്ങളുടെ എണ്ണം ക്രമേണ കൂടിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാൽ സമ്പൂർണ പാരതന്ത്ര്യത്തിന്റെ കാര്യം കൂടുതൽ ചർച്ച ചെയ്യേണ്ടിവരില്ല. ഇന്ത്യ യിലെയോ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെയോ കാര്യം എടുക്കുക. ഭരണാധികാരികൾ നഗ്നരാണെന്നു തുറന്നു പറയാനോ ഭരണാധികളുടെ പോക്ക് ജനാധിപത്യത്തിനും മതേതരത്വത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരാണെന്നോ പറയാൻ രാജ്യത്തെ മാധ്യമ ഉടമകളും മാധ്യമപ്രവർത്തകരും ഒറ്റക്കെട്ടായി തയാറായാൽ ഭരണകൂടം വിചാരിച്ചാൽ പോലും അടിച്ചമർത്തൽ എളുപ്പമാകില്ല. അത്ര കരുത്തുണ്ട് മാധ്യമങ്ങൾക്ക്. എന്നാൽ, ഇപ്പോഴങ്ങനെയല്ല കാര്യങ്ങൾ. ചെറുത്തുനിൽപ്പുകൾ കുറയുന്നു. ഒരാളെ ഭയപ്പെടുത്തിയാൽ ഒമ്പതുപേർ ഭയപ്പെടുന്ന സാഹചര്യമാണ്. ചിലപ്പോൾ പരസ്യങ്ങൾ നിഷേധിക്കൽ, മാധ്യമസ്ഥാപനത്തിനെതിരേ ഒരു സാമ്പത്തിക അന്വേഷണം… ഇങ്ങനെ പലതുമാകാം. പരസ്യവരുമാനം ഇല്ലാതായാൽ മാധ്യമസ്ഥാപനത്തിനു നിലനില്ക്കാനാവില്ല. പോരാതെവന്നാൽ ഒരു പരിധികഴിഞ്ഞ് എഴുതുന്ന മാധ്യമപ്രവർത്തകർക്കെതിരെ ഒരു രാജ്യദ്രോഹക്കുറ്റംകൂടി ചാർത്തിക്കൊടുത്താൽ തീർന്നു. മിക്ക കേസുകളിലും അയാൾക്കൊപ്പമോ ആ മാനേജ്‌മെന്റിനൊപ്പമോ നില്ക്കാൻ മാധ്യമ-ഉടമ സംഘടനകൾ പോലുമുണ്ടാവില്ല. ഇതു പരിഹരിക്കാൻ മാധ്യമപ്രവർത്തകരുടെയും ഉടമകളുടെയും സംഘടനകൾ ചിന്തിക്കേണ്ടിയിരിക്കുന്നു. നൊബേൽ പുരസ്‌കാരം തുടക്കം മാത്രമാണ്. ബാക്കി ചെയ്യേണ്ടത് മാധ്യമലോകവും സ്വാതന്ത്ര്യവും ജനാധിപത്യവും കാംഷിക്കുന്ന ജനങ്ങളുമാണ്. സ്വാതന്ത്ര്യസമരത്തിലൂടെ മാത്രമാണ് ചിലപ്പോൾ സ്വാതന്ത്ര്യം ലഭിക്കുക.
ഇന്നത്തെ മാധ്യമപ്രവർത്തനത്തെ നിർവചിക്കാൻ ഏറ്റവും ഉചിതമായത് ആൽബേർ കാമുവിന്റെ വാക്കുകളാണ്. ‘സ്വതന്ത്ര മാധ്യമപ്രവർത്തനം നിശ്ചയമായും നല്ലതോ ചീത്തയോ ആയേക്കാം. പക്ഷേ, കൂടുതൽ നിശ്ചയമായി പറയാവുന്ന കാര്യം, സ്വതന്ത്രമല്ലാത്ത മാധ്യമപ്രവർത്തനം ചീത്തയല്ലാതെ മറ്റൊന്നുമാകില്ല എന്നതാണ്.’
ഭരണാധികാരികളോടു വിധേയത്വം പുലർത്തുന്ന, ചീത്തയാകാൻ മാത്രം സാധ്യതയുള്ള പാരതന്ത്ര്യത്തിലേക്കും ഇരുട്ടിലേക്കും നാം കൂടുതൽ അടുക്കുകയല്ലെന്നു പറയാൻ നമുക്ക് ഇപ്പോൾ കഴിയില്ല. അത്തരം നിരാശകൾക്കുമേലാണ് രണ്ടു നക്ഷത്രങ്ങൾ ഉദിച്ചിരിക്കുന്നത്. അവയുടെ പേരാണ് മരിയ എ. റെസ, ദിമിത്രി മുറാട്ടോവ്.
ജോസ് ആൻഡ്രുസ്