ഏറെ അടുക്കുമ്പോഴും ഇത്തിരി അകലമാവാം. മറ്റൊന്നിനുമല്ല ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളെ ഒഴിവാക്കാൻ വേണ്ടിയാണ് ഈ അകലം. ബോധപൂർവ്വമായ അകലംപാലിക്കലാണ് ഇത്. ആരോഗ്യപരമായ അകലം പ്രധാനപ്പെട്ടതാകുന്നത് ബന്ധങ്ങളുടെ സൗന്ദര്യം നിലനിർത്തുകയും ആയുസ് വർദ്ധിപ്പിക്കുകയും ചെയ്യും. മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാനുള്ള സ്വാതന്ത്ര്യം അയാളുടെ മൂക്കിൻതുമ്പു വരെയാണ് എന്നാണല്ലോ പറയപ്പെടുന്നത്?
മറ്റൊരു കാര്യം പറയാൻ കൂടിയാണ് ഇത്രയുമെഴുതിയത്. ഒന്നര വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളുകൾ വീണ്ടും തുറക്കുകയാണ്. ഇത്രവലിയൊരു അവധി ഒരു വിദ്യാർത്ഥിയുടെയും ജീവിതത്തിലുണ്ടായിട്ടില്ല. കോവിഡ് വ്യാപനത്തിൽ വന്ന കുറവും രോഗത്തെ നേരിടാനുള്ള വഴികളും കൂടിച്ചേർന്നപ്പോഴാണ് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ സർക്കാർ എത്തിയിരിക്കുന്നത്. നല്ല കാര്യമെന്ന് പരക്കെ തോന്നാമെങ്കിലും മാതാപിതാക്കൾക്കും അധ്യാപകർക്കും ടെൻഷൻ കുറയുന്നില്ല എന്നതാണ് ഇതിന്റെ മറുപുറം. തങ്ങളുടെ മക്കൾക്ക് കോവിഡ് ബാധയുണ്ടാകുമോ, എത്രത്തോളം സ്‌കൂൾ ജീവിതം സുരക്ഷിതമാകും, സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രകളിലെ ബുദ്ധിമുട്ടുകൾ ഇങ്ങനെ ഒരുപിടി കാരണങ്ങൾ കൊണ്ടാണ് അവർ ഉത്കണ്ഠാകുലരാകുന്നത്. തികച്ചും സ്വഭാവികമായ ഉത്കണ്ഠകൾ. ഇവയ്ക്ക് എന്തെങ്കിലും പരിഹാരമുണ്ടോ? നാം എന്താണ് ചെയ്യേണ്ടത്?
സാമൂഹിക അകലം, കൈകഴുകൽ, മാസ്‌ക്ക് ധാരണം എന്നിവയാണ് കോവിഡിനെ നേരിടാനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകരുതെന്ന് കുട്ടികളെ ബോധവൽക്കരിക്കുക, അവ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുക. വീഴ്ചകൾ ഉണ്ടാവുകയാണെങ്കിൽ പരിഹരിക്കുക ഇങ്ങനെ മാത്രമേ ഇത്തരം ഉത്കണ്ഠകളെ നേരിടാൻ സാധിക്കുകയുള്ളൂ.
ആത്മസ്നേഹിതരെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടുമ്പോൾ കെട്ടിപിടിക്കാനും കരം കോർക്കാനുമെല്ലാമുള്ള പ്രേരണകൾ സ്വഭാവികമാണ്. പക്ഷേ അത്തരം സ്നേഹപ്രകടനങ്ങൾ ചിലപ്പോൾ ദോഷം ചെയ്തേക്കാം. അതുകൊണ്ട് അടുത്തിരിക്കുമ്പോഴും അകലം പാലിക്കുക. ശരിയായ രീതിയിൽ മാസ്‌ക്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗം കുറയ്ക്കാതിരിക്കുകയും ചെയ്യുക.
ശരീരങ്ങൾ തമ്മിൽ അകന്നിരിക്കുന്നതിനേക്കാൾ മനസ്സുകൾ തമ്മിൽ അകന്നുപോകുന്നതാണല്ലോ വേദനാജനകം. തൊട്ടടുത്തുണ്ടായിട്ടും കരം നീട്ടി തൊടാൻ പോലും കഴിയാത്തവിധത്തിൽ ബന്ധങ്ങൾ അകന്നുപോകുന്ന ഇക്കാലത്ത് മനസ്സുകൾ തമ്മിൽ അകലം കുറയ്ക്കാതിരിക്കുകയും ഉടലുകൾ തമ്മിൽ അകലം പാലിക്കുകയും ചെയ്യാം.
ആവർത്തിക്കട്ടെ, അടുപ്പത്തിലുമാവാം അകലം. ആ അകലത്തിനാണ് സൗന്ദര്യവും ദീർഘായുസും.
സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ