അടുത്തയിടെ ലഭിച്ച ഒരു വാട്സാപ്പ് മെസേജ് ഏറെ ചിന്തോദ്ദീപകമായി തോന്നി. അറുപതുവയസുള്ളവരുടെ പ്രാർത്ഥന എന്നായിരുന്നു അതിന്റെ തലക്കെട്ട്. ആശയം ഇങ്ങനെയായിരുന്നു, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാനുള്ള ആഗ്രഹത്തിൽ നിന്നും ഉപദേശിച്ചുനന്നാക്കിക്കളയാമെന്നുളള ആലോചനയിൽ നിന്നും പരാതി പറയാനുള്ള ആവേശത്തിൽ നിന്നും എന്നെ നിയന്ത്രിച്ചുനിർത്തണമേ.
പ്രായമേറും തോറും പരിഭവങ്ങളും പരാതികളും രൂപപ്പെടുക എന്നത് സാധാരണ സംഭവമാണ്. താൻ മാത്രം നല്ലതും മറ്റുള്ളവരെല്ലാം മോശക്കാരുമാകും. നഷ്ടബോധവും സംതൃപ്തിയില്ലായ്മയും പൊതുപ്രത്യേകതയാകും. മരണഭയം വർദ്ധിച്ചുവരും. ഏകാന്തത വേട്ടയാടും. മറ്റുള്ളവരെയെല്ലാം ഉപദേശിച്ചുകളയാമെന്നുള്ള തീരുമാനം ശക്തമാകും.
ഇതുവരെ ജീവി്ച്ചിരിക്കാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷമല്ല വാർദ്ധക്യത്തിലെ രോഗപീഡകളും അനാരോഗ്യവുമോർത്തുളള സങ്കടങ്ങളാണ് വൃദ്ധരിൽ നിന്നുയരുന്നത്. എന്നാൽ വാർദ്ധക്യത്തിലും സന്തോഷിക്കാനുള്ള കാരണങ്ങളുണ്ട്. അവർ മനസ്സുവയ്ക്കണമെന്ന് മാത്രം.
എങ്ങനെയാണ് വാർദ്ധക്യത്തിലും സന്തോഷിക്കാൻ കഴിയുന്നത്?
വാർദ്ധക്യത്തെക്കുറിച്ചുള്ള മുൻവിധികളും അബദ്ധധാരണകളും മാറ്റുക എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. എത്രാ വയസുമുതൽ വാർദ്ധക്യം ആരംഭിക്കുന്നു എന്നതിനെക്കുറിച്ചു വിവിധരാജ്യങ്ങളിലും വിവിധ കണക്കുകളാണുള്ളത്. അതുകൊണ്ടുതന്നെ വാർദ്ധക്യം ഇന്ന വയസുമുതൽ ആരംഭിക്കുന്നു എന്ന് പറയാൻ കഴിയില്ല. പക്ഷേ നമ്മുടെ വിചാരം അറുപത് വയസാകുമ്പോഴേ വൃദ്ധരായി എന്നാണ്. കാരണം റിട്ടയർമെന്റ് ഇതോട് അനുബന്ധിച്ച പ്രായത്തിലാണല്ലോ സംഭവിക്കുന്നത് ശരീരത്തിന് പ്രായത്തിന്റേതായ ബലഹീനതകളും അനാരോഗ്യവും സംഭവിക്കുക സ്വാഭാവികം. പക്ഷേ മനസ്സിനെ വാർദ്ധക്യം പിടികൂടാൻ അനുവദിക്കാതിരിക്കുക. മനസ്സാണ് പ്രായം നിശ്ചയിക്കുന്നത്. അതുകൊണ്ട് മനസ്സിൽ നല്ല വിചാരങ്ങളും ചിന്തകളും രൂപപ്പെടുത്തിയെടുക്കുക.
ചിരിക്കാൻ സന്നദ്ധമാകുക
ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സന്ദർഭങ്ങളിൽ പുഞ്ചിരിക്കാൻ കഴിയുക എന്നത് ദുഷ്‌ക്കരമായ പ്രവൃത്തിയാണ്. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. ചിരിക്കുന്നതിന്റെപ്രതികരണം ശരീരത്തിൽ മുഴുവനും ഉണ്ടാകുന്നുണ്ട്, പോസിറ്റീവായ ടോൺ ആണ് അതിന്റെ ഫലം. അതുകൊണ്ട് കഴിയുമെങ്കിൽ രാവിലെ എണീല്ക്കുമ്പോൾ കണ്ണാടിയിൽ നോക്കി പുഞ്ചിരിക്കുക. മറ്റുള്ളവരെ നോക്കിയും ചിരിക്കാൻ ശ്രമിക്കുക. ചിരിക്കാനുള്ള കാരണങ്ങൾ കണ്ടെത്തുക.
പുതിയ ഇഷ്ടങ്ങൾ കണ്ടെത്തുക
മനസ്സിനെയും ശരീരത്തെയും ഉദ്ദീപിപ്പിക്കാൻ കഴിയുന്ന പുതിയ ഹോബികൾ കണ്ടെത്തുക. സന്തോഷമുള്ള കാര്യങ്ങൾ ചെയ്യുക.
ആരോഗ്യം ശ്രദ്ധിക്കുക
അനാരോഗ്യമാണ് വാർദ്ധക്യത്തിലെത്തുമ്പോൾ പലരുടെയും സന്തോഷം കെടുത്തുന്നത്. കൃത്യമായ ചെക്കപ്പുകൾ ഒരു പരിധിവരെ അനാരോഗ്യത്തെ തടയും. ആരോഗ്യകരമായ ജീവിതശൈലി രൂപീകരിക്കാനും മറക്കരുത്. ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണം വരുത്തുക. നടത്തം, യോഗ തുടങ്ങിയവ ശീലിക്കുക.
എല്ലാ ദിവസവും പുറത്തേക്ക് പോകുക
സൂര്യപ്രകാശം പ്രധാനപ്പെട്ട മൂഡ് ബൂസ്റ്ററാണ്. അതുകൊണ്ട് വീടിന് വെളിയിലേക്കിറങ്ങുക. സൂര്യവെളിച്ചം അനുഭവിക്കുക. ആരോഗ്യസ്ഥിതി അനുവദിക്കുന്നത് അനുസരിച്ച് നടക്കുക. എന്തായാലും ഏതു സമയവും മുറിക്കുള്ളിൽ അടച്ചുപൂട്ടിയിരിക്കരുത്. വരാന്തയിലോ മുറ്റത്തോ എങ്കിലും എല്ലാ ദിവസവും ഇറങ്ങിയിരിക്കണം.
സാമൂഹ്യബന്ധം ഉപേക്ഷിക്കാതിരിക്കുക
മനുഷ്യർ ആത്യന്തികമായി സാമൂഹ്യജീവിയാണ്. സമൂഹത്തിലാണ് അവന്റെ നിലനില്പ്. അതുകൊണ്ട് സാമൂഹ്യബന്ധങ്ങൾ ഒരിക്കലും ഒഴിവാക്കരുത്. നല്ല സുഹൃദ് ബന്ധങ്ങളെ കാത്തുസൂക്ഷിക്കുക. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കുക.
ആത്മീയഗ്രന്ഥങ്ങൾ വായിക്കുക
ഏതെങ്കിലും മതഗ്രന്ഥങ്ങൾ വായിക്കാനായി ദിവസം ഒരു മണിക്കൂറെങ്കിലും നീക്കിവയ്ക്കുക. ഇത് മരണഭയത്തെ ഒരു പരിധിവരെ അകറ്റിനിർത്തും. മനുഷ്യരെല്ലാവരും മരിക്കേണ്ടവരാണെന്ന ചിന്ത ഉള്ളിലുണ്ടായിരിക്കട്ടെ.
സാമ്പത്തികസുരക്ഷിതത്വം
സമ്പത്തിനോട് അമിതമായ ആഗ്രഹവും വിട്ടുകൊടുക്കാനുള്ള സന്നദ്ധതയില്ലായ്മയും ഉപേക്ഷിക്കേണ്ടതാകുമ്പോഴും സ്വന്തം ആവശ്യങ്ങൾക്കുവേണ്ട സാമ്പത്തികം സൂക്ഷിക്കാൻ മറക്കരുത്. പല വാർദ്ധക്യങ്ങളും ദുരിതമയമായിത്തീരുന്നതിന് കാരണം അവരുടെ സാമ്പത്തികസുരക്ഷിതത്വമില്ലായ്മയാണ്. ഔദ്യോഗികജോലികളിൽ നിന്ന് വിരമിക്കുന്നവർ ഒരു നിശ്ചിത തുക തനിക്കുവേണ്ടി നീക്കിവയ്ക്കേണ്ടത് അത്യാവശ്യമാണ്. ജോലിയിൽ നിന്നു വിരമിക്കലുകൾ ഇല്ലാത്ത വ്യക്തികൾ അറുപതും എഴുപതും ആകാൻ കാത്തിരിക്കാതെ അതിനു മുമ്പ് തന്നെ തങ്ങളുടെ വരുമാനത്തിൽ നിന്നൊരു ഭാഗം വാർദ്ധക്യത്തിന് വേണ്ടി സ്വരൂപിച്ചുവച്ചിരിക്കണം.
കാലഘട്ടത്തിന്റെ മാറ്റം മനസ്സിലാക്കുക
കാലഘട്ടത്തെയും മക്കളെയും കൊച്ചുമക്കളെയുമെല്ലാം അതാതിന്റെ പ്രത്യേകതകൾക്കനുസരിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക. എല്ലാ കാര്യങ്ങളും മക്കളും കൊച്ചുമക്കളും തന്നോട് ആലോചിച്ചിട്ടേ ചെയ്യാവൂ, എല്ലാം താനറിഞ്ഞിരിക്കണം എന്നിങ്ങനെയുള്ള പിടിവാശികൾ ഒഴിവാക്കുക. നല്ലതാണ് മക്കൾ കാര്യങ്ങൾ പങ്കുവയ്ക്കുന്നത്. പക്ഷേ അക്കാര്യത്തിൽ അവരെ നിർബന്ധിക്കാൻ പാടില്ല. എല്ലാ കാര്യങ്ങളും താൻ അറിയേണ്ടവയല്ലെന്ന് മനസ്സിനെ പറഞ്ഞുധരിപ്പിക്കണം. ഇത്രയും കാലം താൻ സ്വന്തമായി തീരുമാനങ്ങളെടുത്തു നടപ്പിലാക്കിയതുപോലെ മക്കൾക്കും അവരുടെ ജീവിതം ചിട്ടപ്പെടുത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മനസ്സിലാക്കുക.
ആവശ്യത്തിന് സംസാരിക്കുക
തെറ്റിദ്ധരിക്കരുത് മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടരുത് എന്നേ അർത്ഥമുള്ളൂ. ഉപദേശം ആവാം, സാഹചര്യവും വ്യക്തിയും അനുസരിച്ച്. പക്ഷേ അമിതമാകരുത്. മാതൃക കാണിച്ചുകൊടുക്കാം. പക്ഷേ താൻ മാത്രമേ ശരി എന്ന് കരുതരുത്. താൻ ചെയ്താലേ എല്ലാം ശരിയാവൂ എന്നും വിചാരം വേണ്ട.
ജീവിതത്തിലെ മറ്റേതൊരു ഘട്ടവും പോലെ വാർദ്ധക്യവും ഒരു ഘട്ടമാണ്. അതിനെ ആ രീതിയിൽ കാണുകയും മനസ്സിലാക്കുകയും ചെയ്യുക. ആ സിനിമയിലെ ഡയലോഗ് പോലെ, പ്രായം വെറും നമ്പർ മാത്രമാണെന്ന് മറക്കാതിരിക്കുക.