ദാമ്പത്യജീവിതത്തിലെ സന്തോഷങ്ങൾ

Date:

spot_img


ദാമ്പത്യജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം ഇതാണ്. എല്ലാ നിമിഷവും എല്ലായ്പ്പോഴും സന്തോഷിക്കാൻ ദാമ്പത്യജീവിതത്തിൽ കഴിയില്ല, അതിനുള്ള അവസരവും ദാമ്പത്യജീവിതത്തിൽ ഇല്ല. മറ്റെല്ലാ ബന്ധങ്ങളിലുമെന്ന പോലെ ദാമ്പത്യത്തിലും കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ടാകും. വാഗ്വാദങ്ങളും വിയോജിപ്പുകളും ഉണ്ടാകും. എങ്കിലും പരസ്പരം സന്തോഷമുള്ള ദമ്പതികൾ ജീവിതത്തിലെ ഏത് പ്രതികൂലങ്ങളിലും ഒരുമിച്ചുനില്ക്കും. അവർ പരസ്പരം പഴിചാരുകയോ ഒഴിഞ്ഞുപോകുകയോ ഇല്ല. ഇങ്ങനെയൊരു യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് ദാമ്പത്യജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ച് ചിന്തിക്കാം. അല്ലെങ്കിൽ ദാമ്പത്യത്തിൽ എങ്ങനെ സന്തോഷം കണ്ടെത്താം എന്നതിനെക്കുറിച്ച് ആലോചിക്കാം.


പങ്കാളിയുടെ കഴിവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

പലരും പങ്കാളിയുടെ കഴിവുകേടുകളെയോർത്ത് പരിതപിക്കുന്നവരാണ്. കുറവുകളിലേക്ക് ശ്രദ്ധ തിരിക്കുന്നവരാണ്. ഇതാർക്കും സാധിക്കുന്ന കാര്യമാണ്. പങ്കാളിയെ എപ്പോഴും വില കുറച്ചുകാണുക. ഉള്ള കുറവുകളെ പോലും പർവതീകരിക്കുക. ഇത്തരക്കാർക്ക് ഒരിക്കലും സന്തുഷ്ടകരമായ ദാമ്പത്യജീവിതം നയിക്കാനാവില്ല. പകരം, പങ്കാളിയുടെ ശക്തിയെക്കുറിച്ച് ആലോചിക്കുക. കഴിവുകൾ കണ്ടെത്തുക. തനിക്കില്ലാത്ത എത്ര കഴിവുകളാണ് പങ്കാളിക്കുള്ളത്! ആ കഴിവുകളിൽ അഭിമാനിക്കാനും അവയെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുക.


തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ചിന്ത ഒഴിവാക്കുക

നിങ്ങളുടെ പങ്കാളി ഒരു സാമൂഹ്യജീവിയാണ്. ആ വ്യക്തിക്ക് നിങ്ങളെ കൂടാതെ ബന്ധങ്ങളുണ്ട്. മാതാപിതാക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ, സഹപ്രവർത്തകർ.. അവരെല്ലാമായി ആ വ്യക്തിക്ക് ബന്ധം നിലനിർത്തേണ്ടതുണ്ട്. സമയം ചെലവഴിക്കുകയും സംസാരിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് മനസ്സിലാക്കാതെ പങ്കാളി എനിക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന ചിന്തയുമായി ജീവിച്ചാൽ, സ്വാർത്ഥതയോടെ പെരുമാറിയാൽ കുടുംബജീവിതം സന്തോഷപ്രദമായ അനുഭവമായി മാറില്ല. സ്വാർത്ഥത ദാമ്പത്യബന്ധത്തിലെ എല്ലാ സന്തോഷങ്ങളെയും ഇല്ലാതാക്കും.


വിനോദങ്ങളിലേർപ്പെടുക

സന്തുഷ്ടകരമായ ദാമ്പത്യജീവിതത്തിന്റെ പ്രധാന പങ്ക് ഒരാൾക്ക് മാത്രമാണോ. ഒരിക്കലുമല്ല  രണ്ടുപേരും കൂടി ശ്രമിച്ചാൽ മാത്രമേ സന്തോഷകരമായ അനുഭവമായി ദാമ്പത്യം മാറുകയുള്ളൂ. ഒരുമിച്ചായിരിക്കാൻ ശ്രമിക്കുക, ഒരുമിച്ചായിരിക്കാനുള്ള നിമിഷങ്ങൾ കണ്ടെത്തുക. സന്തോഷിക്കാനുള്ള ഒരു അവസരവും പാഴാക്കാതിരിക്കുക. വിനോദങ്ങൾ ഒഴിവാക്കാതിരിക്കുക. രണ്ടുകൂട്ടർക്കും താല്പര്യമുള്ള പൊതുവിഷയങ്ങൾ – യാത്ര, പാചകം, സിനിമ,സംഗീതം- കണ്ടെത്തുക.


ആകർഷണീയത ഉണ്ടായിരിക്കുക

പങ്കാളിയോട് തോന്നുന്ന ശാരീരികമായ ആകർഷണം സന്തുഷ്ടകരമായ ദാമ്പത്യജീവിതത്തിലെ പ്രധാന ലക്ഷണങ്ങളിലൊന്നായി  മനശ്ശാസ്ത്രജ്ഞരും എഴുത്തുകാരും പറയാറുണ്ട്, വർഷം കഴിയും തോറും പല ദമ്പതികൾക്കും പരസ്പരമുള്ള ആകർഷണം നഷ്ടപ്പെടുന്നതു ഒരു ദുരന്തമാണ്. വിവാഹേതര ബന്ധങ്ങളിലേക്ക് ആകർഷിതരാകുന്നതിനു ഇതു ഒരു കാരണമാണ്. ശാരീരികശുചിത്വം, വേഷവിധാനം, വ്യായാമത്തിലൂടെ നിലനിർത്തുന്ന ശാരീരികാരോഗ്യവും സൗന്ദര്യവും… ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ദമ്പതികൾക്ക് പരസ്പരാകർഷണം നിലനിർത്താൻ കഴിയും.


ദയയുണ്ടായിരിക്കുക

പങ്കാളിയെ ആദരിക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു കാര്യം. എപ്പോഴും കുറ്റപ്പെടുത്തുന്ന,വിമർശിക്കുന്ന, അന്ധമായി വിധിയെഴുതുന്ന പങ്കാളിയുമായി സന്തുഷ്ടകരമായ ദാമ്പത്യജീവിതം നയിക്കുക സാധ്യമല്ല. അഭിനന്ദിക്കാൻ മറക്കാതിരിക്കുക, മടികാണിക്കാതിരിക്കുക, അതോടൊപ്പം പങ്കാളിയോട് ദയയോടെ പെരുമാറുക.

പ്രോത്സാഹിപ്പിക്കുക ചെറിയ നിമിഷങ്ങളും ആഘോഷമാക്കുക

ചെറിയ നിമിഷങ്ങളുടെ സന്തോഷം കാണാൻ കഴിയാതെപോകുന്നവരാണ് പലരും.  അല്ലെങ്കിൽ സന്തോഷിക്കാൻ നാളെയേക്ക് നീട്ടിവയ്ക്കുന്നവരാണ് അവർ. അത് പാടില്ല. ഇന്നത്തെ സന്തോഷങ്ങളാണ് നമുക്ക് കൈയിലുള്ളത്. അതിൽ സന്തോഷിക്കുക. അത് വലുതോ ചെറുതോ ആയിരുന്നുകൊള്ളട്ടെ. ഇന്നിൽ സന്തോഷിക്കുക. നാളെത്തെ സന്തോഷങ്ങൾ നമുക്ക് ഉറപ്പുള്ളവയല്ല.

മാറുക, മാറ്റം സ്വീകരിക്കുക

ദമ്പതികൾ മാറ്റം സ്വീകരിക്കാൻ തയ്യാറായിരിക്കണം. വളരാൻ തയ്യാറായിരിക്കണം എന്നാണ് ഇതിനർത്ഥം. ഇണ ഒരു കാര്യം പറഞ്ഞു, നല്ലതാണെന്ന് തോന്നുന്നുവെങ്കിൽ അംഗീകരിക്കണം,  കടുംപിടുത്തങ്ങൾ ഉപേക്ഷിക്കുക. ഓരോ പ്രായത്തിലും നമുക്ക് ഓരോ ആവശ്യങ്ങളായിരിക്കും.


വ്യക്തികൾക്ക് പ്രായം കൂടുന്നത് അനുസരിച്ച് അവരുടെ ആവശ്യങ്ങളിലും മാറ്റം വരും. ഇത് മനസ്സിലാക്കി പെരുമാറുക. ദാമ്പത്യം ഒരു ടീം വർക്കാണ്. രണ്ടുപേരും ഒരുമിച്ചു പോയെങ്കിൽ മാത്രമേ ആ ടീമിന് വിജയം ഉണ്ടാവുകയുള്ളൂ.

More like this
Related

ഒരു പുൽക്കൂട് ചിന്ത 

ക്രിസ്തുമസ് കാലത്ത് വീട്ടകങ്ങളിലും ദേവാലയങ്ങളിലുമൊക്കെ നിശ്ചയമായും ഒരുക്കുന്ന ഒന്നാണ് ക്രിസ്തുമസ് ക്രിബ്....

എങ്ങനെ നല്ല ടീച്ചറാകാം?

കുട്ടികളുടെ മികച്ച പരീക്ഷാവിജയമാണോ ഒരു ടീച്ചറുടെ കഴിവ് തെളിയിക്കാനുള്ള ഏക മാർഗ്ഗം?...

വാലന്റൈന് ഒരു വാഴ്ത്ത്

പ്രണയത്തിന് വേണ്ടി ഒരു ദിനം - ഫെബ്രുവരി 14  പ്രണയം അങ്ങനെയാണ്. അത്...

വാർദ്ധക്യത്തിലും സന്തോഷിക്കാം

അടുത്തയിടെ ലഭിച്ച ഒരു വാട്സാപ്പ് മെസേജ് ഏറെ ചിന്തോദ്ദീപകമായി തോന്നി. അറുപതുവയസുള്ളവരുടെ...
error: Content is protected !!