മനുഷ്യനിൽ സഹജമായ ഒരു ഭാവമാണ് വൈകാരികത. സ്വാഭാവികമാണ് അത്. എന്നാൽ ആ വൈകാരികത പരിധി കടക്കുമ്പോഴും അമിതമാകുമ്പോഴും വ്യക്തിത്വത്തിലും ബന്ധങ്ങളിലും പ്രശ്നങ്ങൾ ഉടലെടുക്കുന്നു. അമിത വൈകാരികത എത്രത്തോളം പ്രശ്നപൂരിതമാണോ വൈകാരിക അടിമത്തം അതിലേറെ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
വൈകാരിക അടിമത്തത്തിന്റെ ലോകം വ്യത്യസ്തമാണ്. വ്യക്തിപരമായ ബന്ധം മുതൽ മതപരമായ ലോകത്തിലേക്ക് വരെ അത് വ്യാപിച്ചുകിടക്കുന്നു. കേവലം ഒരു വ്യക്തിയിലേക്ക് ലോകം ചുരുങ്ങിപ്പോകുന്നാണ് വൈകാരിക അടിമത്തത്തിന്റെ പ്രത്യേകത. ആരെയാണോ അന്ധമായി വിശ്വസിക്കുന്നത്, ആരില്ലാതെയാണോ തനിക്ക് ജീവിക്കാൻ കഴിയാതെ വരുന്നത് ആ വ്യക്തി പറയുന്നതു മുഴുവൻ അനുസരിക്കാൻ വൈകാരിക അടിമയായ വ്യക്തി തയ്യാറാകുന്നു. ശരിതെറ്റുകളോ ധാർമ്മികതയോ മൂല്യബോധമോ ഒന്നും അവിടെ ബാധകമാകുന്നില്ല, മറിച്ച് ആ വ്യക്തിയിലേക്ക് തന്റെ ലോകം ചുരുക്കുകയാണ് മറ്റേ വ്യക്തി ചെയ്യുന്നത്. എല്ലാറ്റിനും മീതെ ആ വ്യക്തി മേൽക്കൈ നേടുന്നു. പൊതുവെ സ്ത്രീകളാണ് വൈകാരിക അടിമകളാകുന്നതെന്നാണ് മനശ്ശാസ്ത്രജ്ഞരുടെ അഭിപ്രായം. എങ്കിലും കൗമാരക്കാരും ഇതിൽ പെട്ടുപോകാറുണ്ട്.
സമീപകാലത്ത് സ്ത്രീകൾ പ്രതികളായി മാറിയ പല കേസുകളുടെയും പിന്നിൽ കണ്ടെത്തിയത് അവരുടെ വൈകാരിക അടിമത്തമാണ് ആ കുറ്റകൃത്യങ്ങൾക്ക് കാരണമെന്നായിരുന്നു. കൊലപാതകങ്ങൾ, മോഷണങ്ങൾ തുടങ്ങിയ ഏതു തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനും വൈകാരിക അടിമയാകുന്ന വ്യക്തിക്ക് മടിയുണ്ടായിരിക്കുകയില്ല. തീവ്രവാദബന്ധങ്ങളിലും ചാവേറുകളുടെ രൂപപ്പെടലുകളിലും എല്ലാം വൈകാരിക അടിമത്തം പ്രകടമാണ്. വിശ്വാസവും സ്നേഹവും ആർജ്ജിച്ചെടുക്കുന്നതുവഴിയാണ് ഒരാൾ വൈകാരിക അടിമയാക്കപ്പെടുന്നത്. നഷ്ടപ്പെടുന്നതിനെക്കുറിച്ച് അവർ ഓർമ്മിക്കാറേയില്ല, മറിച്ച് നേട്ടങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. പക്ഷേ ഒന്നും നേടുന്നില്ലെന്ന് അവർ മനസ്സിലാക്കുന്നുമില്ല. സ്വന്തം ജീവനും ജീവിതവും പോലും പണയപ്പെടുത്താനും അപായപ്പെടുത്താനും തയ്യാറാകുന്ന വിധത്തിലേക്ക് വൈകാരിക അടിമകളാകുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു എന്നത് നമ്മെ ആശങ്കപ്പെടുത്തേണ്ടതാണ്.