തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ? അക്ഷരംപ്രതി അതിനെ ശരിവയ്ക്കുന്ന ജീവിതമാണ് ഉമാ പ്രേമന്റേത്. ജീവിതം നല്കുന്ന തിക്താനുഭവങ്ങളെ എത്രത്തോളം വിമലീകരിക്കുകയും അതിനെ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി വിനിയോഗിക്കുകയും ചെയ്യാം എന്നതിന് നമ്മുടെ കാലത്ത് ഉമാ പ്രേമനോളം മികച്ച ഉദാഹരണം വേറൊന്നുണ്ടെന്ന് തോന്നുന്നില്ല. അനുഭവങ്ങളുടെ തീക്കാറ്റേറ്റപ്പോൾ വാടിപ്പോയില്ലെന്ന് മാത്രമല്ല ഫലം ചൂടിയെന്നുകൂടിയുണ്ട് ഈ ജീവിതത്തിന്റെ പ്രത്യേകത. അല്ലെങ്കിൽ ആ ജീവിതകഥ നോക്കൂ.
എട്ടാം വയസിൽ അമ്മ ഉപേക്ഷിച്ചു പോയ പെൺകുട്ടി. മൂന്നു വയസുളള അനിയന് അന്നുമുതൽ അമ്മയായി മാറിയവൾ. നൂൽക്കമ്പനിയിൽ ജോലിക്കാരനായ അച്ഛന്റെ ഉൾപ്പടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മാത്രം പ്രാപ്തിയുണ്ടായിരുന്നവൾ. അവളിലെ കരുത്ത് ആദ്യമായി മനസ്സിലാക്കിയത് അച്ഛൻ തന്നെയായിരുന്നിരിക്കണം. അതുകൊണ്ടാണല്ലോ തന്റെ ശമ്പളം മകളെ ഏല്പിച്ചു കുടുംബബഡ്ജറ്റ് ക്രമീകരിക്കാൻ അദ്ദേഹം അവളെ നിയോഗിച്ചത്.
ആ അച്ഛൻ മകൾക്ക് പൂർണ്ണസ്വാതന്ത്ര്യം നല്കിയിരുന്നു. അവളാകട്ടെ അതുദുരുപയോഗിച്ചതുമില്ല. അതുകൊണ്ടാണ് പാവങ്ങളെയും രോഗികളെയും ശുശ്രൂഷിച്ച് ജീവിക്കാനുള്ള ആഗ്രഹവുമായി മദർ തെരേസയുടെ അടുക്കലേക്ക് ഒരുനാൾ ട്രെയിൻ കയറാൻ അവൾക്ക് സാധിച്ചത്. എന്നാൽ കൊൽക്കൊത്തയിൽ മാത്രമല്ല കേരളത്തിലും രോഗികളുണ്ടല്ലോ, സ്വന്തം ദേശത്തുതന്നെ രോഗീസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക എന്നുളള മദർ തെരേസയുടെ ഉപദേശം സ്വീകരിച്ച് തിരികെയെത്തുകയും ചെയ്ത ഒരു സംഭവം കൂടിയുണ്ട് ഉമയുടെ കൗമാരകാലത്തെ കഥകൾക്കിടയിൽ.
അമ്മയുടെ മടങ്ങിവരവും തന്റെ സാമ്പത്തികബാധ്യതകൾക്ക് പരിഹാരമെന്നോണം തന്നെ സഹായിച്ച ആളോടുള്ള കടപ്പാടുകൊണ്ട് അയാൾക്ക് ഉമയെ വിവാഹം കഴിപ്പിച്ചുകൊടുക്കാൻ അവർ തീരുമാനിച്ചതും അതിന് മനസ്സില്ലാമനസ്സോടെ നിന്നുകൊടുക്കാൻ ഇടയായതുമായിരുന്നു ഉമയുടെ ജീവിതത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ്.
പ്രേമന് ഉമയെക്കാൾ 22 വയസ് കൂടുതലായിരുന്നു. അയാളുടേത് നാലാമത് വിവാഹവുമായിരുന്നു. നാലാം ഭാര്യയാകുന്ന പെൺകുട്ടിയുടെ അതേ പ്രായത്തിലുളള ഒരു മകൾ കൂടി അയാൾക്കുണ്ടായിരുന്നു് എന്നതും മറ്റൊരു ദുര്യോഗം. പോരാഞ്ഞ് രോഗിയും മദ്യപാനിയും. പ്രതീക്ഷിക്കാനൊന്നുമില്ലാത്ത ഒരു ദാമ്പത്യജീവിതമാണ് തന്നെ കാത്തുനില്ക്കുന്നതെന്ന് ഉമയ്ക്ക് ആദ്യം തന്നെ മനസ്സിലായി.
ഒരുപക്ഷേ സ്വന്തം തീരുമാനവും ഇഷ്ടങ്ങളും ഉമ ആദ്യമായും അവസാനമായും ബലികൊടുത്തതും വിവാഹത്തിന് വേണ്ടി മാത്രമായിരുന്നിരിക്കണം. ഒരു ആൺകുട്ടിയുടെ അമ്മയാകാൻ കഴിഞ്ഞതുമാത്രമായിരുന്നു വിവാഹജീവിതത്തിലെ ഏക സന്തോഷം. അധികം വൈകാതെ പ്രേമന്റെ ജീവിതം രോഗക്കിടക്കയിലേക്ക ് ചുരുങ്ങി. ഡ്രഗ് റെസിസ്റ്റന്റ് ട്യൂബർകുലോസിസ് ആയിരുന്നു രോഗം. വർഷങ്ങൾ നീണ്ട ചികിത്സ. പക്ഷേ ചികിത്സകളെ വിഫലമാക്കിക്കൊണ്ട് പ്രേമൻ മരണമടഞ്ഞു.
വരാൻ പോകുന്ന അനിശ്ചിതത്വത്തിന്റെ കനത്ത ഭാരമോർത്ത് ആകുലപ്പെട്ട് കഴിയാൻ ഉമ തയ്യാറാകാതിരുന്നിടത്താണ് ഇന്ന് നാം അറിയുന്ന ഉമാ പ്രേമനിലേക്കുള്ള രൂപാന്തരം സംഭവിച്ചത്. താലിയുടെ വില അത് അറ്റുപോകുന്ന നിമിഷംവരെ ഒരു സ്ത്രീയും മനസിലാക്കിയിരിക്കണം എന്നില്ല. ഭർത്താവ് എത്ര ദുഷ്ടനാണെങ്കിലും ക്രൂരനാണെങ്കിലും സാധാരണ ഒരു ഭാര്യയെ സംബന്ധിച്ച് ആ താലി സുരക്ഷിതത്വം നല്കുകയും അത് അവളുടെ അസ്തിത്വം ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. അതില്ലാതാകുന്നതോടെ വല്ലാത്തൊരു പ്രതിസന്ധിയെ അവൾ അഭിമുഖീകരിക്കുന്നുണ്ട്. ഉമയുടെ ജീവിതത്തിലുമുണ്ടാവാം സമാനമായ പ്രതിസന്ധി.
പക്ഷേ ഭർത്താവിന്റെ മരണത്തെ പ്രതി കരഞ്ഞിരിക്കാൻ തയ്യാറാകാതെ പുതിയൊരു ജീവിതം വെട്ടിത്തെളിച്ച് മുന്നോട്ടുപോകാനാണ് ഉമയിലെ പോരാളി തയ്യാറായത്. അതിലേക്ക് അവരെ എത്തിക്കാൻ ഭർത്താവിന്റെ രോഗവും ആശുപത്രിവാസവും ഒരു നിമിത്തമായെന്ന് മാത്രം. ജീവിതത്തിൽ സംഭവിക്കുന്നവയെല്ലാം മുൻകൂട്ടി പറഞ്ഞുറപ്പിച്ചതുപോലെയെന്നതിന് അടിവരയിടുന്നുണ്ട് പ്രേമന്റെ രോഗവും ആശുപത്രിവാസവും മരണവും. പുറമേയ്ക്ക് നോക്കുമ്പോൾ സങ്കടകരവും സഹതാപനിർഭരവുമായിരുന്നു ഉമയുടെ അപ്പോഴത്തെ അവസ്ഥ. ആരുടെയൊക്കെയോ ബാധ്യതകൾക്ക് മുമ്പിൽ ജീവിതം വിലയായി നല്കേണ്ടിവന്നവൾ. അസ്വസ്ഥത നിറഞ്ഞ ദാമ്പത്യജീവിതത്തിന്റെ ഇരയായവൾ. ഇരുപത്തിയാറാം വയസിൽ വിധവയായവൾ.
ഭർത്താവിന്റെ രോഗം എന്താണെന്നും അതിന് എവിടെയാണ് വിദഗ്ധ ചികിത്സ ലഭിക്കുന്നതെന്നും ഉമയ്ക്ക് അറിവില്ലായിരുന്നു. ഒരുപക്ഷേ എവിടെയെങ്കിലും ആ രോഗത്തിന് വിദഗ്ദ ചികിത്സയുണ്ടായിരുന്നുവെങ്കിൽ ജീവൻ പിടിച്ചുനിർത്തുവാൻ വേണ്ടതെല്ലാം ചെയ്യാമായിരുന്നുവെന്നൊരു വിശ്വാസം അവർക്കുണ്ടായിരുന്നു. തന്നെ പോലെ പലവിധ രോഗചികിത്സകളെക്കുറിച്ച് അറിഞ്ഞുകൂടാത്ത അനേകർ ചുറ്റിനുമുണ്ടെന്നും ഉമ മനസ്സിലാക്കിയത് ആശുപത്രിയിൽ വച്ചായിരുന്നു.
അതുകൊണ്ട് വിവിധ രോഗങ്ങളും അവയ്ക്കുള്ള ചികിത്സാകേന്ദ്രങ്ങളും എവിടെയൊക്കെയാണെന്ന് പൊതുജനങ്ങൾക്ക് വിവരം നല്കന്ന വിധത്തിലുള്ള ഒരു ഇൻഫർമേഷൻ സെന്റർ രൂപീകരിക്കുക എന്നതാണ് വൈധവ്യജീവിതത്തിൽ ഉമ എടുത്ത ആദ്യത്തെ നല്ല തീരുമാനം. ഭർത്താവിന്റെ മരണം കഴിഞ്ഞ് പതിനഞ്ചോ ഇരുപതോ ദിവസത്തിനുള്ളിൽ ഈയൊരു ലക്ഷ്യത്തോടെ ഡൽഹിയിലേക്ക് പുറപ്പെട്ടപ്പോൾ സമൂഹവും ബന്ധുക്കളും നെറ്റി ചുളിച്ചു. വൈധവ്യത്തോടെ വീടിനുള്ളിലേക്ക് സ്ത്രീയുടെ ജീവിതം ഒതുങ്ങിക്കൂടണം എന്ന ചിന്താഗതിക്കാർക്ക് അത് ദഹിക്കുന്ന കാര്യമായിരുന്നില്ല.
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വിധവയാകുന്ന പ്രായം വളരെ പ്രധാനപ്പെട്ടതാണ്. വാർദ്ധക്യത്തിലോ മധ്യവയസിലോ ആണ് വിധവയാകുന്നതെങ്കിൽ സമൂഹം അവളെ അത്രമേൽ നോട്ടപ്പുള്ളിയാക്കില്ല. എന്നാൽ യൗവനത്തിന്റെ തീക്ഷ്ണതയിലാണ് അവൾ വിധവയാകുന്നതെങ്കിൽ സമൂഹം അവളെ വല്ലാതെ ഞെരുക്കിക്കളയും. പ്രേമൻ മരിക്കുമ്പോൾ ഉമയ്ക്ക് ഇരുപത്തിയാറ് വയസ് മാത്രമായിരുന്നു പ്രായം. പക്ഷേ ഉമ ഒരിടത്തും പതറിയില്ല. തന്റെ ലക്ഷ്യവുമായി മുന്നോട്ടുപോകുക തന്നെ ചെയ്തു. അതിന്റെ സാക്ഷാത്ക്കാരമായിരുന്നു 1997 ഓഗസ്റ്റ് 24 ന് തുടക്കമിട്ട ശാന്തി ഇൻഫർമേഷൻ സെന്റർ.
ഓരോ രോഗങ്ങൾക്കുമുളള ചികിത്സയെവിടെ ലഭിക്കും എന്നതും ഗവൺമെന്റിൽ നിന്നോ ഏതെങ്കിലും സന്നദ്ധസംഘടനകളിൽ നിന്നോ സാമ്പത്തികസഹായം ലഭിക്കുമോ എന്നുമുള്ള വിവരങ്ങൾ ശാന്തിയിലൂടെ സാധാരണ ജനങ്ങളിലേക്ക് എത്തിത്തുടങ്ങി.
1999 ൽ തികച്ചും അപരിചിതനായിരുന്ന സലിൽ എന്ന ചെറുപ്പക്കാരന് കിഡ്നിദാനം നടത്തിയത് ഉമയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു. ഒരു ആശുപത്രിവരാന്തയിൽ വച്ച് ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തിൽ തന്നെ സലിലിന് താൻ കിഡ്നി ദാനം ചെയ്യുമെന്ന് ഉമ തീരുമാനമെടുത്തിരുന്നു. ഇതേ തുടർന്നാണ് കിഡ്നിരോഗികളുടെ ജീവിതത്തിലേക്ക് കൂടുതൽ പ്രവർത്തിക്കണമെന്ന തീരുമാനമെടുത്തതും ചെറിയ തുകയക്ക് നിർദ്ധനരോഗികൾക്ക് ഡയാലിസിസ് നല്കാനായി യൂണിറ്റുകൾ ആരംഭിച്ചതും. ഇതിന് പുറമെ വൃക്കദാന ബോധവത്കരണപ്രവർത്തനങ്ങളിലും സജീവമായി.
മൊബൈൽ ക്ലിനിക് സേവനം, ആരോഗ്യക്യാമ്പ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുമ്പോഴായിരുന്നു യാദൃച്ഛികമായി അട്ടപ്പാടിയിലെത്തിയത്. ഉമ അട്ടപ്പാടിയിലെത്തിയത് ആ ദേശത്തിന്റെ ചരിത്രം തിരുത്തിയെഴുതുകയായിരുന്നു. സാമൂഹികവും വിദ്യാഭ്യാസപരവും ആരോഗ്യപരവുമായി പിന്നാക്കം നില്ക്കുന്ന ഒരു സമൂഹം. അർദ്ധപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായവർ, മദ്യപാനികൾ, രോഗികൾ, നിരക്ഷരർ… അവരുടെ ജീവിതം ഏറ്റവും പരിതാപകരമായ അവസ്ഥയിലാണെന്ന് ഉമയ്ക്ക് മനസ്സിലായി. കുടകളും കമ്പിളിപ്പുതപ്പുകളും പോലെയുള്ള അവശ്യവസ്തുക്കൾ വിതരണം ചെയ്തും ശുചിമുറികൾ നിർമ്മിച്ചുനല്കിയുമായിരുന്നു അട്ടപ്പാടിയിൽ ശാന്തി ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിച്ചതെങ്കിലും അവർക്കുവേണ്ടി കൂടുതലായി എന്തു ചെയ്യാൻ കഴിയും എന്ന ഉമയുടെ ആലോചനയാണ് ഇന്ന് അട്ടപ്പാടിയിൽ നാം കാണുന്ന ഒട്ടുമിക്ക പരിഷ്‌ക്കാരങ്ങളും. അതിൽ ഏറ്റവും മുമ്പന്തിയിൽ നില്ക്കുന്നു എ.പി.ജെ. അബ്ദുൾ കലാം ഇന്റർനാഷനൽ സ്‌കൂൾ. ആദിവാസികുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ളതാണ് ഈ സ്‌കൂൾ. ആദിവാസി വിഭാഗത്തിൽ നിന്നുളള അധ്യാപ കരെ തന്നെ നിയമിച്ചുകൊണ്ടാണ് സ്‌കൂൾ മുന്നോട്ടുപോകുന്നത്.
മെഡിക്കൽ ക്യാമ്പുകൾ, കുട്ടികൾക്കായുള്ള ന്യൂട്രീഷൻ പ്രോഗ്രാം, കമ്മ്യൂണിറ്റി കിച്ചൻ, മദ്യപാനികൾക്കും മാനസികരോഗികൾക്കുമായുള്ള പുനരധിവാസ കേന്ദ്രങ്ങൾ, ഇതിനൊക്കെ പുറമെ നീരുറവ വാട്ടർ എടിഎം പോലെയുള്ള കുടിവെള്ള പദ്ധതികൾ, നൂറുപേർക്കുളള ആശുപത്രി… ഉമാ പ്രേമൻ അട്ടപ്പാടിക്കുവേണ്ടി ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളുടെ ലിസ്റ്റ് അവസാനിക്കുന്നതേയില്ല.
ജീവിതം പലവിധത്തിൽ ഒറ്റയ്ക്കാക്കുകയും വേട്ടയാടുകയും ചെയ്ത ഒരു സ്ത്രീയുടെ, പ്രത്യേകിച്ച് വിധവയുടെ നേതൃത്വത്തിൽ നടപ്പിലാക്കപ്പെട്ട നേട്ടങ്ങളും വിജയങ്ങളുമാണ് ഇവയെന്ന് ഒരുപക്ഷേ അവിശ്വസനീയമായി നമുക്ക്തോന്നിയേക്കാം. പക്ഷേ ഉമാ പ്രേമൻ എന്ന സ്ത്രീയെ അടുത്തറിയുന്നവർക്ക് അതൊരു അത്ഭുതമേ അല്ല. കാരണം സ്വന്തം ജീവിതം മറ്റുള്ളവർക്കായി തീറെഴുതിക്കൊടുത്ത വ്യക്തിയാണ് ഉമയെന്ന് അവർക്കറിയാം.
സ്ത്രീ അവളിൽതന്നെ ശക്തയാണ്. പക്ഷേ അവൾ തന്റെ ശക്തി തിരിച്ചറിയണമെന്ന് മാത്രം. ഉമാ പ്രേമൻ സ്ത്രീകളോട് പറയുന്ന ഈ വാക്കുകൾ ഓരോ സ്ത്രീകളുടെയും നിരാശാഭരിതവും അന്ധകാരാവൃതവുമായ ജീവിതത്തിൽ നക്ഷത്രംപോലെ തിളങ്ങട്ടെ.