ഇന്ന് ഭൂരിപക്ഷം ആളുകളും സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ്. സമീപത്തുള്ള കടയിൽ പോകാൻ പോലും വാഹനങ്ങളെ ആശ്രയിക്കുന്നവർ. നടന്നു ചെന്ന് സാധനം വാങ്ങിയിരിക്കുന്ന കാലമൊക്കെ പഴഞ്ചനായി മാറിക്കഴിഞ്ഞു. ഇങ്ങനെ നടക്കാൻ മടിക്കുകയും മറക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യകാര്യങ്ങളിൽ പല വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുകയാണ്. പഴയതലമുറയുടെ ആരോഗ്യത്തിന്റെ രഹസ്യം അദ്ധ്വാനശീലവും നടത്തവും തന്നെയായിരുന്നു. എന്നാൽ ഇന്ന് നടക്കുന്നവരുടെ എണ്ണം കുറഞ്ഞു, തന്മൂലം രോഗികളുടെ എണ്ണം കൂടി. ഈ ഒരു സാഹചര്യത്തിലാണ് നടത്തം തിരിച്ചുപിടിക്കാനുള്ള ശ്രമം ആരംഭിച്ചത്. തിരക്കുപിടിച്ച ജീവിതത്തിൽ നടത്തത്തിന് വേണ്ടി സമയം നീക്കിവച്ചിരിക്കുന്നത് തന്നെ നടത്തത്തിന്റെ ഗുണം മനസ്സിലാക്കിയതുകൊണ്ടാണ്. എന്തൊക്കെയാണ് ഇതുവഴി ലഭിക്കുന്ന ഗുണങ്ങൾ?
മൂഡ് മെച്ചപ്പെടുന്നു
തുടർച്ചയായ നടത്തം വഴി അനുദിനം മൂഡ് മെച്ചപ്പെടുന്നു. നാഡീവ്യവസ്ഥയെ അത് നവീകരിക്കുന്നു. തന്മൂലം ദേഷ്യം പോലെയുള്ള നെഗറ്റീവ് വികാരങ്ങൾ ലഘൂകരിക്കപ്പെടുന്നു. നടക്കുമ്പോൾ കിട്ടുന്ന ചങ്ങാത്തങ്ങളും പരിചയങ്ങളും നമ്മെ കൂടുതൽ സന്തോഷവാന്മാരും സോഷ്യലുമാക്കുന്നു.
കലോറി കത്തിക്കുകയും ഭാരം കുറയ്ക്കുകയും ചെയ്യുന്നു
നടത്തം സ്ഥിരമായി കഴിയുമ്പോൾ വസ്ത്രങ്ങൾ അയഞ്ഞുതുടങ്ങുന്നുവെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അനാവശ്യമായ കലോറി കത്തിപ്പോകുകയും അതുവഴി തൂക്കം കുറയുകയും ചെയ്യുന്നതാണ് ഇതിന് കാരണം.
ക്രോണിക് രോഗങ്ങളിൽ കുറവ് സംഭവിക്കുന്നു
പ്രമേഹം, ബി.പി തുടങ്ങിയ രോഗങ്ങൾ മൂലം വിഷമതകൾ അനുഭവിക്കുന്ന വ്യക്തികൾ സ്ഥിരമായി നടന്നുതുടങ്ങുന്നതോടെ അവയിൽ മാറ്റം സംഭവിക്കുന്നു. സ്ട്രോക്കും ഹൃദയാഘാതവും വരാനുള്ള സാധ്യതയും ഇതുവഴി കുറയുന്നുണ്ട്. ദീർഘദൂരം നടക്കുന്നത്, അതായത് ഒരു മണിക്കൂറെങ്കിലും നടക്കുന്നത് ഇത്തരം രോഗസാധ്യതകളെ കുറയ്ക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
വെരിക്കോസ് വെയ്നിൽ നിന്ന് മുക്തി
പ്രായമേറും തോറും വേരിക്കോസ് വെയിൻ കൂടാനുള്ള സാധ്യതയുണ്ട്, എന്നാൽ നടത്തത്തിലൂടെ ഈ രോഗത്തെ നേരിടാനുള്ള കരുത്തു ലഭിക്കുന്നു.
ദഹനവ്യവസ്ഥ മെച്ചപ്പെടുന്നു
അനുദിന നടത്തം ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു. വിസർജ്ജനക്രിയയ്ക്കും ഇത് സഹായകമായിത്തീരുന്നു.
അച്ചടക്കമുണ്ടാക്കുന്നു എല്ലാ ദിവസവും നടക്കാൻ പോകുന്നതിലൂടെ ഒരു ദിനചര്യയാണ് രൂപപ്പെടുന്നത്. അച്ചടക്കമുള്ള ജീവിതം വലിയ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്നു. അതുകൊണ്ട് അനുദിന നടത്തത്തിലൂടെ ഭാവിയിൽ സ്വന്തമാക്കാൻ പോകുന്ന സ്വപ്നങ്ങളിലേക്ക് കൂടിയാണ് പ്രവേശിക്കുന്നത്. ഇന്ന സമയത്ത് എണീല്ക്കുന്നു, ഇന്ന സമയത്ത് നടക്കാൻപോകുന്നു എന്നിങ്ങനെയുള്ള തീരുമാനമെടുക്കൽ പ്ലാൻ ചെയ്ത് ദിവസത്തെ ക്രമീകരിക്കാനും സമയം പ്രയോജനപ്പെടുത്താനും സഹായകരമാകും.
ക്രിയാത്മകത വർദ്ധിപ്പിക്കുന്നു
നടന്നുപോകുമ്പോൾ കാണുന്ന കാഴ്ചകൾ, പരിചയപ്പെടുന്ന വ്യക്തികൾ, സംഭവങ്ങൾ ഇതെല്ലാം ഒരാളുടെ ക്രിയാത്മകത വർദ്ധിപ്പിക്കുന്നവയാണ്. പുറത്തേക്ക് പോകാതെയിരിക്കുന്നവരെക്കാൾ കൂടുതൽ ക്രിയാത്മകത നടക്കുന്നവർക്ക് ഉണ്ടാകുന്നതായിട്ടാണ് ഗവേഷണങ്ങൾ പറയുന്നത്. ഓരോരുത്തരുടെയും ഭാവനകളെ പ്രചോദിപ്പിക്കാൻ പ്രഭാത-സായാഹ്ന സവാരികൾക്കു കഴിയുന്നുണ്ട്.
സന്ധിവേദന കുറയ്ക്കുന്നു
ചലനശേഷി വർദ്ധിപ്പിക്കുന്നവയാണ് നടത്തം. ഒരാൾ നടക്കുമ്പോൾ അയാളിലെ രക്തചംക്രമണം വർദ്ധിക്കുന്നു. ഇത് മസിലുകൾക്ക് സമീപത്തുള്ള സന്ധികളിലെ വേദന കുറയ്ക്കാൻസഹായകരമായിത്തീരുന്നു. അതുകൊണ്ടാണ് ദിവസം പത്തു മിനിറ്റെങ്കിലും നടക്കണമെന്ന് ഗവേഷകർ പറയുന്നത്. പ്രത്യേകിച്ച് വൃദ്ധരായ വ്യക്തി കൾ. വാതസംബന്ധമായ രോഗങ്ങളുള്ളവർക്ക് ഇത് അത്യാവശ്യമാണ്.
പ്രതിരോധ ശേഷി കൂട്ടുന്നു
രോഗസാധ്യതകളെ കുറയ്ക്കുകയും ആയുസ് കൂട്ടുകയും ചെയ്യാൻ നടത്തം സഹായിക്കുന്നുണ്ട്. സ്ഥിരമായി നടക്കുന്നവർക്ക് പ്രതിരോധശേഷി കൂടിയിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
നടപ്പ് വെറും നടപ്പല്ലെന്ന് മനസ്സിലായില്ലേ, അതുകൊണ്ട് ഇനി മുതൽ മടിവിചാരിക്കാതെ നടന്നുതുടങ്ങിക്കോളൂ.