പട്ടാളത്തിലെന്താണ് പെണ്ണിന് കാര്യമെന്ന് ചോദിക്കരുത്. ഇനി പട്ടാളത്തിലും പെണ്ണിന് കാര്യമൊക്കെയുണ്ട്.
രാജ്യം കാക്കുന്ന പട്ടാളക്കാരെക്കുറിച്ചേ കൂടുതലാളുകൾക്കും പരിചയമുള്ളൂ. മിലിട്ടറി നഴ്സ്, ഡോക്ടർ തുടങ്ങിയ തസ്തികകൾക്കപ്പുറത്തേക്ക് പട്ടാളത്തിന്റെ മറ്റു മേഖലകളിലേക്ക് സ്ത്രീകൾ അധികം എത്തിനോക്കിയിട്ടില്ല എന്നതുകൊണ്ടാണ് അത്. എന്നാൽ അത്തരം പതിവുകളെല്ലാം ഇനി പഴങ്കഥയാവുകയാണ്. അതും ആതിര കെ. പിള്ള എന്ന കായംകുളംകാരിയിലൂടെ.
സ്ത്രീകൾക്ക് അത്രയെളുപ്പത്തിലൊന്നും നേടിയെടുക്കാൻ സാധിക്കാത്ത ഒരു മേഖലയാണ് ആതിര കീഴടക്കിയിരിക്കുന്നത്. അസം റൈഫിളിലെ റൈഫിൾ വനിതയായി മാറിയിരിക്കുകയാണ് ഈ ഇരുപത്തിയഞ്ചുകാരി. മറ്റ് സംസ്ഥാനത്തിൽ നിന്നുള്ള വനിതകളുണ്ടെങ്കിലും ഏക മലയാളി സാന്നിധ്യമാണ് ആതിര. നാട്ടുകാരും സൈന്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ദൗത്യമാണ് ആതിരയ്ക്കുള്ളത്. അത്യാവശ്യസന്ദർഭങ്ങളിൽ വീടുകൾ പരിശോധന നടത്തേണ്ടിവരുമ്പോൾ സ്ത്രീകളെയും കുട്ടികളെയും പരിശോധിക്കേണ്ട ജോലിയും ആതിരയുടേതാണ്.
അസമിലെ പെൺകുട്ടികൾക്ക് തങ്ങൾ പ്രചോദനമാണെന്ന് ആതിര പറയുന്നു. നാലുവർഷം മുമ്പാണ് ആതിര സൈന്യത്തിൽ ചേർന്നത്. അസം റൈഫിൾ സൈനികനായിരുന്നു അച്ഛൻ. പതിമൂന്നുവർഷംമുമ്പാണ് അദ്ദേഹം മരണമടഞ്ഞത്.
കാശ്മീർ അതിർത്തി കാക്കാൻ സംരക്ഷണകവചം ധരിച്ച് റൈഫിളും കയ്യിലേന്തി ആതിര നില്ക്കുമ്പോൾ അത് കേരളത്തിന്റെ മാത്രം അഭിമാനമല്ല, സ്ത്രീലോകത്തിന്റെ തന്നെ അഹങ്കാരമാണ്. ആത്മധൈര്യത്തിന്റെ കൊടുമുടിയിൽ ഏതൊരാൾക്കും കാലുകുത്താം എന്ന പാഠമാണ് ആതിര പകർന്നുനല്കുന്നത്.