ഓൺലൈൻ ഗെയിമിൽ കുടുങ്ങുന്ന യുവത്വം

Date:

spot_img

കഴിഞ്ഞ ആഴ്ചയാണ് ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന  ഗെയിം റീലിസ് ചെയ്തത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ 34 ദശലക്ഷം ഉപയോക്താക്കളാണ് ഈ ഗെയിം രജിസ്റ്റർ ചെയ്തിരിക്കുന്നത് (ഈ ലേഖനം പ്രസിദ്ധീകരിച്ച് വരുമ്പോഴേയ്ക്കും രജിസ്ട്രർ ചെയ്യുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കും എന്നും മനസ്സിലാക്കുക). ഗൂഗിൽ പ്ലേ സ്റ്റോറിലെ മികച്ച സൗജന്യഗെയിമുകളിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഇത്. പബ്ജിയുടെ ഇന്ത്യൻ രൂപമാണ് ബാറ്റിൽ ഗ്രൗണ്ട്സ്. പബ്ജി മൊബൈൽ ഗെയിമിന് 180 ദശലക്ഷത്തിലധികം ഡൗൺ ലോഡുകളും ഇന്ത്യയിൽ മാത്രം 33 ദശലക്ഷം ഉപയോക്താക്കളുമുണ്ടായിരുന്നു.


കഴിഞ്ഞ തലമുറയിലെ കൗമാരയൗവനങ്ങൾ പോൺസൈറ്റുകൾക്കും മറ്റും അടിമകളായിരുന്നുവെങ്കിൽ ഇന്ന് പുതിയ തലമുറ കൂടുതലായും മൊബൈൽ ഗെയിമുകൾക്കാണ് അടിമകളാകുന്നത്. എന്നാൽ മാതാപിതാക്കൾ പലരും ഇതേക്കുറിച്ച് ബോധവാന്മാരാകുന്നതേയില്ല. ഗെയിമല്ലേ സാരമില്ല എന്ന മട്ട് പല മാതാപിതാക്കൾക്കുമുണ്ട്. പക്ഷേ വീഡിയോ കമ്പ്യൂട്ടർ മൊബൈൽ ഗെയിമുകൾ കളിക്കുന്നവരിൽ അക്രമ വാസനയും ആത്മഹത്യാവാസനയും വർദ്ധിക്കുന്നതായാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. സമീപകാലത്ത് നാം അറിഞ്ഞ പല വാർത്തകളും കൗമാരക്കാരിലെ മൊബൈൽ അടിമത്തത്തിന്റെ രൂക്ഷതയും ഭീകരതയും വ്യക്തമാക്കുന്നവയായിരുന്നു. ഗെയിമുകൾ കുട്ടികളുടെ ചിന്താശേഷിയെ ദോഷകരമായി ബാധിക്കും എന്ന് മനശ്ശാസ്ത്രജ്ഞർ പറയുന്നു.  


വാസ്തവികതാ ബോധം നഷ്ടമാകുകയും  ഭ്രമാത്മകമായ ലോകത്തിലേക്ക് അവർ എത്തിച്ചേരുകയും ചെയ്യുന്നു. അതിന്റെ ഫലമായി കൊലപാതകം പോലും അവർ ചെയ്യുന്നു. അമേരിക്കയിൽ നടന്ന ചില സംഭവങ്ങൾ ഇങ്ങനെയാണ്. പോലീസ് വാഹനത്തിന് നേരെ വെടിയുതിർത്ത കൈൽ റെയ്മണ്ടിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് ആ ചെറുപ്പക്കാരൻ മൊബൈൽ ഗെയിമിന് അടിമയായിരുന്നുവെന്നാണ്. ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ എന്ന ഷൂട്ടർ ഗെയിമിനുള്ളിലാണ് താൻ എന്ന് വിചാരിച്ചുവെന്നും അങ്ങനെയാണ് പോലീസ് വാഹനത്തിന് നേരെ വെടിവച്ചതെന്നും കെറ്റിൽ വിശദീകരിച്ചു. അതായത് കഞ്ചാവുപോലെയുളള ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചുകഴിയുമ്പോൾ സുബോധം നഷ്ടപ്പെടുകയും ഒരു സങ്കല്പലോകത്തിലെത്തുകയും ചെയ്യുന്നതുപോലെ ഗെയിമുകൾ സുബോധം നഷ്ടപ്പെടുത്താനും അക്രമം ചെയ്യാനും കാരണമാകുന്നു.  ഗെയിം സ്ഥിരമായി കളിച്ച് അതിന്റെ അടിമയായി മാറിയപ്പോൾ മാതാപിതാക്കൾ ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതെ പിതാവിന്റെ തോക്കെടുത്ത് ഉറങ്ങിക്കിടന്ന മാതാപിതാക്കളെ വെടിവച്ചു കൊന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2008 ലായിരുന്നു. വീഡിയോ ഗെയിമുകൾക്ക് അടിമകളായി കൂട്ടക്കൊലപാതകം നടത്തുന്നവരും പിന്നീട് ആത്മഹത്യ ചെയ്യുന്നതുമായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യാഥാർത്ഥ്യബോധം നഷ്ടപ്പെടുന്നതും അക്രമവാസന ഉടലെടുക്കുന്നതും ഗെയിമുകൾ വഴി പലപ്പോഴും സംഭവിക്കുന്ന അപകടമാണ്.


രാത്രികാലങ്ങളിൽ മുഴുവനും ഗെയിം കളിക്കുന്നവരാണ് നല്ലൊരുപങ്കും. മാതാപിതാക്കൾക്ക് ഇവരുടെ മേൽയാതൊരുവിധത്തിലുളള നിയന്ത്രണവും ഇല്ലാതായിരിക്കുന്നു. ചോദ്യം ചെയ്യാൻ കഴിയാത്തവിധം മക്കളുടെ വളർച്ചയെ നിസ്സഹായതോടെ അംഗീകരിച്ചുകൊടുക്കേണ്ടിവരുന്നുപോലുമുണ്ട്.  ചെറിയപ്രായം മുതല്ക്കേ അരുതകളും അരുതായ്മകളും അവർക്ക് ബോധ്യപ്പെടുത്തികൊടുക്കുക. പ്രത്യേകിച്ച് മൊബൈൽ, കമ്പ്യൂട്ടർ എന്നിവയുടെ അമിതോപയോഗം മൂലമുള്ള അപകടങ്ങളെക്കുറിച്ച്. നിർഭാഗ്യകരമെന്ന് പറയട്ടെ ഇന്ന് പല മാതാപിതാക്കളും മക്കൾ അടങ്ങിയൊതുങ്ങിയിരിക്കുന്നതിന് അവരുടെ കൈയിലേക്ക് കളിപ്പാട്ടം പോലെ വച്ചുകൊടുക്കുന്ന ഒന്നായി മൊബൈലുകൾ മാറിയിരിക്കുന്നു.


ചെറുപ്രായത്തിൽ തുടങ്ങുന്ന ഈ അടിമത്തം വളരും തോറും ആഴമേറിയതാകുന്നു. ഫലമോ മൊബൈലിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നും വേർപെട്ടുള്ള ഒരു ജീവിതം അവരിൽ ഭൂരിപക്ഷത്തിനും ഇല്ലാതെയാകുന്നു. അതുകൊണ്ട് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണം കഴിക്കുന്നതിനും വഴക്കുണ്ടാക്കാതിരിക്കുന്നതിനും മക്കൾക്ക് മൊബൈൽ കൊടുക്കാതിരിക്കുക എന്നതാണ്. ഓൺലൈൻ പഠനകാലത്ത് പ്രായോഗികമാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും പറയട്ടെ, രണ്ടു മണിക്കൂറിൽ കൂടുതൽ കുട്ടികൾക്ക് ഫോണോ കമ്പ്യൂട്ടറോ നല്കരുത്. കുട്ടികൾ കളിക്കുന്ന ഗെയിമുകൾ, സന്ദർശിക്കുന്ന സൈറ്റുകൾ, ഡൗൺ ലോഡ് ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകൾ എന്നിവയെക്കുറിച്ചെല്ലാം മാതാപിതാക്കൾ ബോധവാന്മാരായിരിക്കണം.


ഫോണോ കമ്പ്യൂട്ടറോ തെറ്റായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതുകണ്ടാൽ ഉടനടി അവയുടെ ഉപയോഗം നിഷേധിക്കുകയോ ശാസിക്കുകയോ ചെയ്യുന്നത് ഗുണകരമല്ലെന്നാണ് മനശ്ശാസ്ത്രജ്ഞരുടെ അഭിപ്രായം. പകരം അതുവഴിയുണ്ടാകുന്ന നെഗറ്റീവ് ഫലങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തികൊടുക്കുക. വീണ്ടും ആവർത്തിച്ചാൽ മാത്രമേ ശിക്ഷണ നടപടിയിലേക്ക് കടക്കാവൂ.  
പലപ്പോഴും കണ്ടുവരുന്നത് വീടുകളിലെ അന്തരീക്ഷം കുട്ടികളെ മൊബൈൽ അടിമത്തിന് വഴിതെളിക്കുന്നതായിട്ടാണ്. മാതാപിതാക്കളും മക്കളും തമ്മിലുള്ള അടുപ്പം ഇല്ലാതെ വരുമ്പോഴും മാതാപിതാക്കൾ അവരുടെ ലോകങ്ങളിൽ മുഴുകിജീവിക്കുമ്പോഴും മക്കൾ കണ്ടെത്തുന്ന ആശ്വാസമായിരിക്കാം മൊബൈലും ഗെയിമുകളും. അതുകൊണ്ട് കുടുംബത്തിൽ ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്തുകയും മാതാപിതാക്കളും മക്കളും തമ്മിൽ ആശയവിനിമയം നടത്തുകയും സ്നേഹപൂർവ്വമായ ഇടപെടലുകൾ ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ  മക്കളുടെ തെറ്റായ മൊബൈൽ- കമ്പ്യൂട്ടർ ഉപയോഗത്തിനും ഗെയിമുകളുടെ അടിമത്തത്തിനും ഒരുപരിധിവരെ പരിഹാരം കണ്ടെത്താൻ കഴിഞ്ഞേക്കും.


കടപ്പാട് : ഇന്റർനെറ്റ്

More like this
Related

കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ  

ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ.  ഇക്കഴിഞ്ഞ ജൂലൈ...

മനുഷ്യനായി ജീവിക്കാൻ

''ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് എന്റെ സമരം. വെള്ളക്കാരുടെ മേൽക്കോയ്മയ്‌ക്കെതിരെ ഞാൻ പോരാടും,...

വീണ്ടും നിപ്പയുടെ ഭീതിയിൽ

പ്രളയത്തിനും കോവിഡിനും ശേഷം മറ്റൊരു ഭീതിയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിപ്പ....

സൂര്യഗ്രഹണത്തിൽ തൂക്കി എറിയപ്പെട്ട ഒരു തരിമണൽ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ എഴുതിയതുപോലെ മറച്ചുവെക്കുന്ന എല്ലാ വസ്തുക്കളും തുറന്നു...
error: Content is protected !!