ഭാഗീരഥീ നീയിനി
ദക്ഷിണദിക്കിലേക്ക് തിരിയുക
അറബിക്കടലിലെയശാന്തിയുടെ
തുരുത്തു നോക്കിയലയുക
കാത്തിരിപ്പുണ്ടവിടെ ഭഗ്നജന്മങ്ങൾ
മുക്തിനേടുവാൻ!
ഹിമവാഹിനീ നീയിനി
കിഴക്കുനോക്കിയുണരേണ്ട
നിന്നിൽ തർപ്പണം
ചെയ്യാനുദിക്കില്ല സൂര്യൻ
പത്മയായ് നീയൊഴുകേണ്ടിനി
കാത്തിരിക്കില്ല
ബംഗാൾതീരവും ആര്യാവർത്തവും
പൂർവദിക്കിൽ നിനക്കായിനി ഗംഗേ…
തിരയുന്നതെന്തേ ജഡങ്ങളേയോ
മുക്തി യാചിക്കുവാനിനി
പിതൃക്കളില്ല മഗധയിൽ
നിന്റെ വിശപ്പൊടുങ്ങുവാൻ
പാപനാശിനീ
തെക്കോട്ടൊഴുകുക നീ!
മുല വറ്റിയുണങ്ങിയ
പേരാറും പെരിയാറും
കാത്തിരിക്കുന്നു നിന്നെ!
പാഴായ ജന്മങ്ങളടിഞ്ഞു കൂടിയ
പവിഴങ്ങളേറെയുണ്ടീ
ദ്രാവിഡവർത്തത്തിലേ
തുരുത്തുകളിൽ
നിസ്സഹായമൊരു
മൈതൃകവുമതിൻ
തുടകൾകീറിപ്പിറന്ന
ചാപ്പിള്ളകളുമവർ വളർത്തിയ
സംസ്കാരങ്ങളുമിനി
കാത്തിരിക്കുന്നതു നിന്നിൽ
വിലയിക്കുവാൻ ഗംഗേ!
അവർക്കില്ലൊരു ലോകമിനി
ചേറളം ചോരക്കളമാ
ക്കുവാനുമവരുടെ
പൊക്കിൾക്കൊടിയറുക്കുവാനും
നിന്റെ ചെളിനീരിലാ
ചോരയൊഴുക്കുവാനും
മുങ്ങിക്കുളിച്ചു
ശുദ്ധിവരുത്തുവാനും
കാത്തിരിപ്പുണ്ടു മഴുവുമായ്
ഭാർഗവരാമൻമാർ…
നീവരിക മന്ദാകിനീ
നന്ദികേശ്വരപതിയുടെ
കണ്ഠത്തിലെ വിഷവുമായി
നീയൊഴുകിയെത്തുക
മായാദ്വീപുകളിൽ
വത്മീകങ്ങൾ
തീർത്തൊളിച്ചിരിപ്പുണ്ട്
പല നൂറ്റാണ്ടുകളായ്
മൃതഭാവത്തിൽ ചില
പേക്കോലങ്ങൾ
അവർക്കില്ല പുനർജന്മമിനി
നിന്റെയമൃതകുംഭങ്ങളിൽ
കാളകൂടവുമായ്
ഭാഗീരഥീ നീ വരികയീ
ജന്മങ്ങളെതെക്കോട്ടെടുക്കുക…
ഒഴുകിയെത്തുക പ്രിയഗംഗേ
ചിറകറ്റു തളർന്നു
കിടക്കുമീ സ്വപ്നങ്ങളുടെ
ദ്വീപുകളിൽ പൂഴിയിൽ
അറബിക്കടലിൻ
നോവുകളാൽ
ചരിത്രത്തിനൊപ്പമവരെയും
ലയിപ്പിക്കുക
കൂടെ നീയും ലയിക്കുക ഗംഗേ
ഒടുവിലവരെയും ജലസമാധിയാൽ
മുക്തിയേകുക!
ഡോ. അജയ് നാരായണൻ