കാലം ഏറി വരും തോറും മനുഷ്യരുടെ ഇടയിൽ മതങ്ങളുടെ പിടിവാശി വല്ലാതെ കൂടി വരുമ്പോൾ ബുദ്ധന്റെ ചിന്തകളും കാഴ്ച്ചപ്പാടുകളും ഏറെ പ്രസക്തമാവുകയാണ്. ബുദ്ധന്റെയും ബുദ്ധമതത്തിന്റെയും ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലങ്ങളെ വിശകലനം ചെയ്യുന്നതിനൊടൊപ്പം അബദ്ധ ധാരണകളെ ഇനിയും വേരോടെ പിഴുതു കളയാനാകാത്ത സംഘർഷഭരിതമായ വർത്തമാനകാലത്തിലെ അതിജീവനത്തിന്റെ ഏറ്റവും നല്ല ഉപാധി ബുദ്ധസാക്ഷാത്കാരമാണെന്നുമുള്ള യാഥാർത്ഥ്യം ഈ പുസ്തകത്തിൽ എഴു തിയിരിക്കുന്നു.
ഈ ഭൂമി ഇന്നും മനുഷ്യന് വാസയോഗ്യമായ ഒരിടമായി ശേഷിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയിൽ ഇനിയും കരുണയുള്ള മനുഷ്യർ ശേഷിക്കുന്നതുകൊണ്ടാണ് ലോകം ഇങ്ങനെ പൂത്ത് വിടർന്ന് നിൽക്കുന്നത് എന്ന്. ബുദ്ധന്റെ ക്ഷണം എക്കാലത്തും കരുണയിലേക്കായിരുന്നല്ലോ.അതു കൊണ്ടു തന്നെ ബുദ്ധ സാക്ഷാത്കാരത്തിന്റെ നടപ്പു വഴിയും ഈ കരുണയിലൂടെ തന്നെയാണ്. ‘ബുദ്ധസാക്ഷാത്കാരം’ എന്ന ആരാധ്യനായ ദലായ്‌ലാമയുടെയും വിവിധ റിൻപോച്ചെമാരുടെയും ബുദ്ധസംസ്‌കാര ഭാഷണങ്ങൾ കോർത്തിണക്കിയ ഈ പുസ്തകം എത്രമാത്രം നമ്മുടെ ബോധത്തെ ആഴത്തിൽ സ്പർശിച്ചാണെന്നോ കടന്നു പോകുന്നത്.
ബുദ്ധൻ ഇങ്ങനെ പറയുന്നുണ്ട്: ‘ലോകത്തിലെ സർവ്വ സന്തോഷങ്ങളും ഉറവ യെടുക്കുന്നത് നാം നമ്മെക്കാൾ കൂടുതൽ പ്രാധ്യന്യം മറ്റുള്ളവർക്കു നൽകുമ്പോഴാണ്; ഓരോ ദുരിതവും ഉടലെടുക്കുന്നത് നാം നമ്മെത്തന്നെ സർവ്വ പ്രധാനമായി കാണക്കാക്കുമ്പോഴാണ്.’ ഒരു കാലത്ത് ബുദ്ധനും നമ്മെ പോലെ ഒരു വിത്തു മാത്രമായിരുന്നു. പക്ഷേ പിന്നീട് അദ്ദേഹമാകട്ടെ പൂത്തു തളിർത്ത് ഒരു വൻ വൃക്ഷമായി. അനാവശ്യമായി ചുമന്നിരുന്ന ഭാരങ്ങളിൽ നിന്ന് എല്ലാം വിമുക്തനായും സ്വർത്ഥ ചിന്തകൾ വെടിഞ്ഞും അന്യരെ പരമപ്രധാനമായി കരുതാൻ തുടങ്ങിയതും ഗൗതമന്റെ ബുദ്ധനിലേക്കുള്ള പരിണാമം ആരംഭിച്ചു. അദ്ദേഹം ബുദ്ധത്വത്തിലേക്കുള്ള പാതയിൽ പ്രവേശിച്ചു.
ക്യാബ്‌ജെ ലിങ് റിൻപോച്ചെ തന്റെ ‘ബോധി ചിത്തമെങ്ങനെ രൂപപ്പെടുത്താം’ എന്ന കുറിപ്പിൽ ബുദ്ധന്റെ മുജ്ജന്മങ്ങളെപ്പറ്റി വർണ്ണിക്കുന്ന ജാതകഥകളിലെ ബുദ്ധന്റെ ഒരവതാരത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അതിൽ ബുദ്ധൻ ഒരു വലിയ ആമയായിരുന്നു. കപ്പൽ തകർന്ന് സമുദ്രത്തിൽ മുങ്ങി മരിച്ചു കൊണ്ടിരുന്ന കുറെപ്പേരേ ആമ തന്റെ പുറത്തു കയറ്റി സുരക്ഷിതമായി തീരത്തെത്തിച്ചു. എന്നാൽ തീരത്തെത്തിയപ്പോഴേക്കും ആമ ക്ഷീണിച്ചു തളർന്നു ബോധംകെട്ടുറങ്ങിപ്പോയി. ഉറങ്ങിക്കൊണ്ടിരുന്ന ആമയെ നിരവധി ഉറുമ്പുകൾ ആക്രമിച്ചു. ഉറുമ്പുകളുടെ കടിയേറ്റ് ആമ ഉണർന്നു.എന്നാൽ, താൻ ഒന്നനങ്ങിപ്പോയാൽ ഒട്ടനേകം ഉറുമ്പുകൾ ചതഞ്ഞരഞ്ഞു പോകുമെന്ന ചിന്തയിൽ ആമ നിശ്ചലമായിരുന്നു കൊണ്ട് സ്വന്തം ശരീരത്തെ ആഹാരമായി ഉറുമ്പുകൾക്കു നൽകി. മറ്റുള്ളവരെ പരിരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ കഥയിൽ മുഴങ്ങി നിൽക്കുന്നത്.
മതങ്ങൾ തങ്ങളുടെ പരിണാമങ്ങൾക്കിടയിൽ ഏറ്റവും കരുണയറ്റ ഘട്ടത്തിലേക്ക് നടന്ന് നീങ്ങുമ്പോൾ ബുദ്ധൻ ഒരു ചോദ്യ ചിഹ്നമാവുകയാണ്. തത്ത്വങ്ങളെ യുക്തിസഹമായി മനസ്സിലാക്കാതെ, അവയെ അന്ധമായി പിന്തുടരുന്നത് തെറ്റാണ് എന്നാണ് ബുദ്ധൻ പറയുന്നത്. ജീവിതം ഭുഃഖമാണെന്ന് ബുദ്ധൻ പറഞ്ഞത് സത്യമാണ്. ജീവിക്കൽ മരിക്കൽതന്നെയാണ്. അന്നന്നുള്ള ദുഃഖവും മത്സരവും നൈരാശ്യവും വിഷാദവും യാതനയും തന്നെയാണ് ജീവിതം എന്ന വലിയ തിരച്ചറിവിന്റെ പേരാണ് ബുദ്ധസാക്ഷാത്കാരം.