അരങ്ങിലെ അമരക്കാരന്റെ ലോക്ഡൗൺ വിശേഷങ്ങൾ

Date:

spot_img


മലയാളമണ്ണിന്റെ അരങ്ങുകളിൽ അരലക്ഷത്തിൽപരം വേദികളിൽ മുഴങ്ങിക്കേട്ട നാമം. ഫ്രാൻസിസ് ടി. മാവേലിക്കര! കേരളത്തിലെ അമ്പലമുറ്റങ്ങളും പള്ളിയങ്കണങ്ങളും പതിറ്റാണ്ടുകളായി സ്‌നേഹിച്ച് ബഹുമാനിച്ച് ഓർത്തിരിക്കുന്ന ഈ നാമധാരിയാണ് മലയാള നാടകത്തറവാടിന്റെ അമരക്കാര നായി നമുക്കൊപ്പം തുടരുന്നത്.

ഒരു നാടകസീസണിൽ എട്ടു നാടകങ്ങൾ വരെ റെക്കോഡു വേഗത്തിൽ രചന നിർവ്വഹിക്കുകയും മഹാഭൂരിപക്ഷം നാടകങ്ങളും മെഗാവിജയങ്ങൾ ആക്കുകയും ചെയ്ത ചരിത്രത്തിലെ ഈ മഹാപ്രതിഭ ഇപ്പോൾ മാവേലിക്കരയിലെ സ്വവസതിയിൽ കാലപ്രമാണങ്ങളുടെ കണക്കുപുസ്തകം നിവർത്തി ഓർമ്മകളുടെ നാടകരംഗങ്ങൾ നമുക്ക് പകരുകയാണ്.
കേരളത്തിലെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ സമരചരിത്രത്തിൽ ഇതിഹാസതുല്യമായ ഓർമ്മകളും അനുഭവങ്ങളും കൊണ്ട് പ്രതിഭതെളിയിച്ച ഗുരുതുല്യരായ നാടകരചയിതാക്കൾ അടക്കിവാഴുന്ന നാടകഭൂമിയിൽ അവരുടെ നാടക ചെയ്തികളിലേക്ക് മിഴിയും മനവും നട്ട് നാടിന്റെ അകമായ നാടകത്ത മനസ്സിലേയ്ക്ക് ആവാഹിച്ച ഫ്രാൻസിസ് എന്ന കൊച്ചുപയ്യന് അരങ്ങ് കേവലകൗതുകം മാത്രമായിരുന്നില്ല. മഹത്തുക്കളായ എസ്.എൽ.പുരവും തോപ്പിൽ ഭാസിയും എൻ.എൻ.പിള്ളയും ഒ.മാധവനും കെ.ടി.മുഹമ്മദും അടക്കമുളളവരുടെ തൂലികയുടെ ശക്തി സ്വന്തം ഹൃദയത്തിൽ നിറച്ച്, എഴുത്തഴകുമായി അവരുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. നാടിനെ നന്മ പഠിപ്പിക്കുന്ന നാടകങ്ങൾ പിറന്ന മണ്ണിൽ നിയോഗം പോലെ ഒരു തലമുറ അടയാളപ്പെടുത്തുന്ന പേരാണ് ഫ്രാൻസിസ് ടി. മാവേലിക്കര.

രംഗം-1 (ഫ്‌ളാഷ് ബാക്ക്)

1960ൽ മണ്ണരങ്ങിലേയ്ക്ക്  ചമയങ്ങളില്ലാതെ പിറന്നു വീണ ഫ്രാൻസിസിന് കലാപാരമ്പര്യം അവകാശപ്പെടാനേറെയുണ്ടായിരുന്നു. ഗാനഗന്ധർവ്വൻ യേശുദാസിന്റെ പിതാവ്  ഏറ്റവുമടുത്ത സ്വന്തക്കാരനും നാടകാഭിനയത്തിനും മറ്റുമായി മാവേലിക്കരയിൽ എത്തുമ്പൊഴൊക്കെ കൊച്ചുഫ്രാൻസിസിന്റെ പിതാവായ ടെറൻസ് ഫെർണാണ്ടസും മാതാവ് വിക്ടോറിയാ ഫെർണാണ്ടസുമാണ് അദ്ദേഹത്തെ യോജ്യമായി സ്വീകരിച്ചിരുന്നതും സൽക്കരിച്ചിരുന്നതും. സ്‌കൂൾ പഠനകാലം മുതലേ തെരുവു നാടകങ്ങളും അമേച്വർ നാടകങ്ങളുമായി കലാരംഗത്ത് സജീവമായി പങ്കെടുത്തിരുന്ന ഫ്രാൻസിസിന് അരങ്ങാണ് തന്റെ തട്ടകമെന്നും അക്ഷരമാണ് തന്റെ ആയുധമെന്നും കുട്ടിക്കാലം മുതലേ ബോധ്യമായിരുന്നു.

ഗുമരയും കാളിദാസകലാ കേന്ദ്രവും ഒക്കെ കാലോചിതമായ പുരോഗമനത്തിന്റെ പുത്തനാശയങ്ങളുമായി അരങ്ങുവെട്ടത്തിൽ ആടിത്തിമിർക്കുമ്പോൾ മാവേലിക്കരയുടെ മണ്ണിൽ പുതിയൊരു അവതാരപ്പിറവി കാലത്തിന്റെ തീരുമാനമെന്നോണം ഉയിർകൊണ്ടു. മികച്ച നടിയും ഗായികയുമായ ഗജഅഇ സുലോചനയുടെ സ്വന്തം നാടകസമിതിയായ  ‘സംസ്‌കാര’യിലൂടെ ഫ്രാൻസിസ് ടി. മാവേലിക്കര എന്ന പ്രൊഫഷണൽ നാടകരചയിതാവ് അരങ്ങിലേയ്ക്ക് വന്നു.’സൂര്യകാന്തം’ആയിരുന്നു ആദ്യ പ്രൊഫഷണൽ രചന. ഇതേ സമയത്തുതന്നെ പാലാ സെന്റ് പയസ്സ് തിയേറ്ററിനു വേണ്ടി ‘തൂലിക’ എന്ന നാടകവും രചിക്കുകയുണ്ടായി.

തുടർന്ന് യാഗാശ്വം പോലെ പ്രയാണമാരംഭിച്ച ഈ അക്ഷരശില്പി കേരളത്തിന്റെ ഉത്സവപ്പറമ്പുകൾക്കും പള്ളിയങ്കണങ്ങൾക്കും ആയിരക്കണക്കിന് നാടകപ്രവർത്തകർക്കും ഏജൻസികൾക്കും ആസ്വാദകമനസ്സുകൾക്കും ഉറ്റമിത്രവും പ്രിയങ്കരനുമായി.

ഓർമ്മകൾ അൺലോക്ക്ഡ്

‘കല്പകം’ എന്ന വീടിന്റെ എഴുത്തുമുറിയിൽ കോവിഡ് കാലത്തെ വായനകൊണ്ടു സമ്പന്നമാക്കിയ നാടകശില്പി പറഞ്ഞു തുടങ്ങുന്നതും മുഴുമിപ്പിക്കുന്നതും തുടരുന്നതും മലയാളനാടകത്തറവാടിന്റെ സമഗ്രവിഷയങ്ങളെക്കുറിച്ചുമുളള വേവലാതികളും സങ്കീർണ്ണതകളും മനസ്സിലാക്കിത്തന്നെയാണ്. ഒരു വർഷക്കാലത്തിലേറെയായി തിരശ്ശീല വീണ കലാരംഗത്തിന്റെ  ദൗർഭാഗ്യത്തെ നാമെങ്ങനെ മറികടക്കും എന്ന വിചാരമായിരുന്നു മനസ്സു നിറയെ. അഭിനയവും അണിയറയും മാത്രമായി ജീവിച്ചവരുടെ അന്നം മുടങ്ങിയ നാൾവഴികൾ ഇനിയുമേറെ ആവർത്തിച്ചാൽ ആത്മഹത്യകൾ തുടർക്കഥയാകുമെന്ന സൂചനയും കഥാകാരൻ ആവർത്തിക്കുന്നുണ്ട്. സിനിമയുടെ ലോകമല്ല നാടകമെന്നും താരതമ്യേന സാമ്പത്തികം കുറവുള്ള ഈ കലാമേഖലയ്ക്ക് സ്റ്റേജ് മാത്രമായിരുന്നു ഏകവരുമാനമെന്ന് ഭരണകർത്താക്കളും ഗവൺമെന്റും വിചാരിക്കണമെന്നും ബഡ്ജറ്റിൽ അർഹമായ പരിഗണനകൊടുത്ത് നാടകകലാകാരൻമാരെ പുനർജ്ജീവിപ്പിക്കേണ്ട ആവശ്യകതയും അനിവാര്യമെന്ന് അടിവരയിടുന്നുണ്ട്. വിദേശരാജ്യങ്ങളിൽ കൊറോണയുടെ അനന്തരഫലങ്ങളിൽ പെട്ടുപോയ ജനതയുടെ മാനസികസന്തോഷത്തെ വീണ്ടെടുക്കാനായി കലാരംഗത്തെ ജാഗരൂകരാക്കി നിർത്തി കലാമേഖല സമ്പന്നമാക്കാൻ ഫണ്ടുകൾ ഉപയോഗിക്കുകയും ജനങ്ങളുടെ ആശങ്കകളെ ഒരു പരിധിക്കുമപ്പുറം ഇല്ലാതാക്കാൻ ഇതിലൂടെ ശ്രമിക്കുകയുമാണ്. നമ്മുടെ കേരളത്തിലും ഈ മാതൃക സജീവമാകണം എന്ന് അഭിപ്രായം വളരെ ശക്തമാണ് അതിലേറെ ഗുണപരവുമാണ്.

നാടകരാവുകൾ സജീവമായിരുന്ന കാലത്ത്   ഒട്ടേറെ സമിതികൾക്ക് അക്ഷരങ്ങൾ കൊണ്ട് അന്നദാതാവായി മാറുകയും അതിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം ലഹരിയുടെ ലോകത്തിന് നൽകാതെ ജീവിതം നോമ്പുനോൽക്കും പോലെ സൂക്ഷിച്ചതുകൊണ്ടും ഇതുവരെയുള്ള തടസ്സങ്ങൾ അതിജീവിക്കുകയായിരുന്നു ഈ ഗൃഹനാ ഥനും അക്ഷരഗുരുവും.

ഒറ്റമരത്തണലിലെ വേറിട്ട കാഴ്ചകൾ..

ഒറ്റമരത്തണൽ, ഭാഗ്യജാതകം, ഇന്നലെകളിലെ ആകാശം, മൺകോലങ്ങൾ, ദ്രാവിഢവൃത്തം, സമാവർത്തനം, അയൽക്കൂട്ടം എന്നിങ്ങനെ മുന്നൂറ്റി അമ്പതിൽപരം വേദികളിൽ നിറഞ്ഞോടി അംഗീകാരങ്ങൾ വാരിക്കൂട്ടിയ ഹിറ്റുകൾ സംഭവിപ്പിച്ച ‘കല്പകം’ വീട്ടിലെ നല്ലച്ഛന് കാലം സമ്മാനിച്ച മൂന്ന് മുത്തുകളാണ് മക്കളായ ഫാബിയനും ഫ്യൂജിനും ഏഞ്ചൽ മരിയയും. ചാനലുകൾ അത്ര സജീവമല്ലാതിരുന്ന കാലത്ത് ദൂരദർശനിൽ വന്നിരുന്ന സീരിയലുകളിൽ സവിശേഷസാന്നിദ്ധ്യമായിരുന്ന മിനി എന്ന വിളിപ്പേരുളള മരിയ ആണ് ഫ്രാൻസിസ് മാവേലിക്കരയുടെ പ്രിയ പത്‌നി. പല്ലവി പാടാത്ത പുല്ലാങ്കുഴൽ, പ്രഭാതഭേരി എന്ന നാടകങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.

നാടകമെന്ന ഒറ്റമരത്തണലിൽ ജീവിതം നെയ്യുന്ന നാടകകൃത്തിന്റെ  സവിശേഷത നിറഞ്ഞ എഴുത്തുവഴികളിലെല്ലാം കരുതലിന്റെ വേറിട്ട കാഴ്ചകളൊരുക്കി മക്കളും ഭാര്യയും മുഴുവൻ രംഗങ്ങളിലും ചമയങ്ങളില്ലാതെ ഇദ്ദേഹത്തിനൊപ്പമുണ്ട്.

അംഗീകാരങ്ങളിലൂടെ…

നരേന്ദ്രപ്രസാദ് എഡ്യൂക്കേഷണൽ ആന്റ് റിസേർച്ച് സെന്ററിന്റെ ചെയർമാനും കേരളസംഗീതനാടക അക്കാഡമിയുടെ എക്‌സിക്യൂട്ടീവ് അംഗവുമാണ് ഫ്രാൻസിസ് മാവേലിക്കര.

അബുദാബി ശക്തി അവാർഡ്, കേരളസാഹിത്യ അക്കാഡമി അവാർഡ് (ദ്രാവിഡവൃത്തം), പ്രൊഫ. കോഴിശ്ശേരി ബലരാമൻ സ്മാരക അവാർഡ്, ഗഇആഇ സാഹിത്യ പുരസ്‌കാരം, കാമ്പിശ്ശേരി കരുണാകരൻ അവാർഡ്, പറവൂർ ജോർജ്ജ് സ്മാരകപുരസ്‌കാരം, ഒ.മാധവൻ സ്മാരകപുരസ്‌കാരം, ഗഞഘഇഇഅവാർഡ്, കേരളസംഗീതനാടക അക്കാഡമിയുടെ ഒട്ടനവധി സംസ്ഥാന അവാർഡുകൾ എന്നിങ്ങനെ എണ്ണത്തിലേറെ പുരസ്‌കാരങ്ങളുമായി മലയാളനാടകസംസ്‌കാരത്തിന് അതുല്യമായ സംഭാവനകൾ നൽകി വർത്തമാനകാലത്തിൽ നമ്മളോടൊപ്പമുളള ഫ്രാൻസിസ് ടി. മാവേലിക്കര മലയാള സിനിമയ്ക്കും പരിചിതനായ തിരക്കഥാകൃത്താണ്. വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി, പാച്ചുവും കോവാലനും എന്നീ സിനിമകളുടെ തിരക്കഥയും ഇദ്ദേഹത്തിൻറെയാണ്. എണ്ണത്തിലേറെ സമിതികൾക്ക് നാടകമെഴുതാനുള്ള തിരക്കിനിടയിൽ സിനിമയുടെ വെള്ളിവെളിച്ചം ഉപേക്ഷിച്ച് അരങ്ങുകൊണ്ട് ജീവിക്കുന്നവർക്ക് കരുതലാകുകയായിരുന്നു ഈ നാടകകൃത്ത്.തകർച്ച നേരിടുന്ന സമതികളുടെ നവീകരണത്തിനായി പ്രതിഫലേച്ഛയില്ലാതെ നാടകം ഒരുക്കുന്ന ഈ അക്ഷരഗുരുവിനെ ആദരവോടെ നാടകലോകം നോക്കിക്കാണുന്നുണ്ട്.

കപടലോകത്തെ ശരികൾ ആവർത്തിക്കപ്പെടട്ടെ !

ലോകം മുഴുവൻ തലകുനിച്ച കാലത്ത് തിരശ്ശീല താഴ്ന്നു കിടക്കുന്ന വേദികൾ ഉള്ളുകൊണ്ട് ഉറക്കെ വിളിക്കുന്ന പേരാകും ഫ്രാൻസിസ് ടി. മാവേലിക്കര.അതീജീവനത്തിന്റെ പോരാട്ടഭൂമികയിൽ കേരളവും പടപൊരുതുന്നുണ്ട് വൈറസ്സിനെ തുരത്തിയോടിക്കുവാൻ. ജനനിബിഢമായ ഉത്സവപ്പറമ്പുകളിൽ നാടകവും കലകളും സജീവമാകുന്ന കാലത്തിലേയ്ക്ക് കലാകാരൻ കാത്തിരിക്കുകയാണ്.

എണ്ണമറ്റ കഥകളുടെ പകർന്നാട്ടത്തിന് മഷി നിറച്ച പേനയുമായി ഗുരുസ്ഥാനീയനായി പ്രതിഭകൾക്കൊപ്പം ഈ നാടകകൃത്തുമുണ്ട്.നമ്മെ ഭരിക്കുന്നവരുടെ രാഷ്ട്രീയവ്യവഹാരത്തിന്റെ ചീത്തവശങ്ങളെ ചൂണ്ടിക്കാണിച്ചും സദുദ്ദേശപരമായ കർത്തവ്യബോധം കൊണ്ട്  ആവനാഴിയിൽ അക്ഷരാസ്ത്രങ്ങൾ നിറച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങൾ കൊണ്ട് ജീവിതത്തിന്റെ ഭംഗിയെ ഏറ്റവും വേഗത്തിൽ തിരികെയെത്തിക്കാൻ ഈ നാടകകൃത്തും ശ്രമങ്ങളിലാണ്.

നാടിന്റെ അകം അറിയുന്ന മനസ്സോടെ നല്ലകാലം എന്നുമുണ്ടാകാൻ നമുക്കായി നാടകം ഒരുക്കാൻ അമരത്ത് ഈ കൈകൾ വേണം.അടുത്ത ബെല്ലിന് നാടകം തുടരുകതന്നെ ചെയ്യും!

More like this
Related

മറ്റുള്ളവർ കൂടുതൽ ബഹുമാനിക്കണോ?

മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹാദരവുകളും ഏറ്റുവാങ്ങാനാണ് എല്ലാവരും കാത്തുനില്ക്കുന്നത്. പക്ഷേ എപ്പോഴും...

മറ്റുള്ളവരുടെ ഇഷ്ടം കുറയുന്നുണ്ടോ?

മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും  ചിലരെങ്കിലും. എന്നാൽ ഒരു കാര്യം...

മടി മലയാകുമ്പോൾ

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ  ...

ആകർഷണീയതയുണ്ടോ?

പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ,  തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ...
error: Content is protected !!