ഡയമണ്ട് നെക്ക്ലേസ് എന്ന സിനിമയിലെ നായകനെ ചിത്രം കണ്ടവരാരും മറക്കാനിടയില്ല. വരവിൽകൂടുതൽ ചെലവ് ചെയ്തും ക്രെഡിറ്റ് കാർഡുപയോഗിച്ച് ധൂർത്തടിച്ചും ജീവിക്കുകയാണ് ആ സിനിമയിലെ നായകൻ. ഇതിനോട് സമാനമായ രീതിയിൽ ജീവിക്കുന്നപലരും നമുക്ക് ചുറ്റിനുമുണ്ട്. ഇന്നലെ വരെ പണം കാര്യക്ഷമമായി ഉപയോഗിക്കാൻ മറന്നുപോയവരോ വീഴ്ച വരുത്തിയവരോ ആയിരുന്നുവെങ്കിൽ ഇനിയെങ്കിലും ആ തെറ്റായ വഴിയിൽ നിന്ന് മാറിനടക്കുക. കാരണം ലോക്ക്ഡൗൺ എപ്പോൾ വേണമെങ്കിലും കടന്നുവരാവുന്ന ഒരു കോവിഡ് കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജോലി നഷ്ടം, വരുമാനക്കുറവ് ഇങ്ങനെ പല സാധ്യതകളെയും പ്രായോഗികതയോടെ മുന്നിൽ കണ്ടുവേണം നാം പണം ചെലവഴിക്കേണ്ടത്. അതുകൊണ്ട് വരുമാനത്തെ എങ്ങനെ കാര്യക്ഷമമായി വിനിയോഗിക്കാം എന്നതിനെക്കുറിച്ച് ഒരു വീണ്ടുവിചാരം ഉണ്ടാകേണ്ടതുണ്ട്.
ആദ്യം സമ്പാദിക്കുക പിന്നീട് ചെലവഴിക്കുക എന്നാണ് സാമ്പത്തികവിദഗ്ദർ പറയുന്നത്. അനാവശ്യമായ കാര്യങ്ങൾക്കുവേണ്ടി പണം പാഴാക്കിക്കളയുന്നവരുണ്ട്. പതിവായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുക, പാർട്ടികളിൽ പങ്കെടുക്കുക. സിനിമയ്ക്ക് പോകുക. ഇങ്ങനെ ആവശ്യത്തിൽ കൂടുതലായി പണം പാഴാക്കുന്നവരാണ് ഇവർ. കുടുംബസമേതം മാസത്തിലൊരിക്കലുള്ള ഔട്ടിംങും സിനിമ കാണലും ഭക്ഷണം കഴിക്കലും നല്ലതുതന്നെ. എന്നാൽ എല്ലാദിവസവും പാർട്ടി, എല്ലാ ദിവസവും ഹോട്ടലിൽ നിന്ന് ഭക്ഷണം, ആഴ്ച തോറും സിനിമ എന്ന രീതി ശരിയല്ല. കൃത്യവരുമാനക്കാരന്റെ പോക്കറ്റ് കാലിയാകാനുള്ള എളുപ്പവഴികളാണ് അവ. അതുകൊണ്ട് അനാവശ്യ ചെലവുകൾ കുറയ്ക്കുക.
കൂടാതെ ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാൻ ശ്രമിക്കുക. എന്നായാലും നാം അടയ്ക്കേണ്ടവയാണ് അത്തരം കാര്യങ്ങൾ. കറന്റ് ബിൽ, വാട്ടർബിൽ, മക്കളുടെ ഫീസ് ഇങ്ങനെ എത്രയോ ബില്ലുകളെയാണ് നാം മാസം തോറും നേരിട്ടുകൊണ്ടിരിക്കുന്നത്. ഒന്നും അനാവശ്യമായവയുമല്ല.
കുടുംബ ബഡ്ജറ്റ് ഉണ്ടാക്കാൻ മാസത്തിലെ ഏതാനും മണിക്കൂറുകൾ നീക്കിവയക്കാനും ശ്രദ്ധിക്കണം. മുകളിലെഴുതിയതുപോലെ അനാവശ്യ ചെലവുകൾ കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. ഏതൊക്കെ വഴിക്കാണ് പണം ധൂർത്തടിക്കുന്നത് എന്ന് മനസ്സിലാക്കുക. അനാവശ്യങ്ങൾ ഒഴിവാക്കിയും ആവശ്യങ്ങൾപരിമിതപ്പെടുത്തിയും നല്ലൊരു കുടുംബബജറ്റ് ദമ്പതികൾ ഒരുമിച്ചു തയ്യാറാക്കുക. അത്യാവശ്യങ്ങൾക്കും അടിയന്തിരാവശ്യങ്ങൾക്കും അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ആവശ്യങ്ങൾക്കുവേണ്ടിയും ഒരു തുക നീക്കിവയ്ക്കാനും കഴിയണം. തുടക്കത്തിൽ എഴുതിയ സിനിമയിലെ നായകനെ പോലെ ആകാതെ ക്രെഡിറ്റ് കാർഡ് പർച്ചേസ് പരമാവധി കുറയ്ക്കേണ്ടത് അത്യാവശ്യം തന്നെ.
ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ നിയന്ത്രണം വന്നാൽ പല അനാവശ്യചെലവുകളും വെട്ടിക്കുറയ്ക്കാൻ സാധിക്കും. വീട്ടുവാടകയോ ലോണോ ഫീസോ പോലെയുള്ള കാര്യങ്ങൾക്ക് ആദ്യം തന്നെ പണം നീക്കിവയ്ക്കണം. സകല ചെലവുകളും കഴിഞ്ഞിട്ട് പതിനഞ്ച് ശതമാനമെങ്കിലും സമ്പാദ്യമായി നീക്കിവയ്ക്കാൻ കഴിഞ്ഞാൽ വരവും ചെലവും ആനുപാതികമായി കൊണ്ടുപോകാൻ നിങ്ങൾക്ക് കഴിവുണ്ട് എന്ന് ബോധ്യപ്പെടും.കിട്ടുന്ന തുക സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടിവരുമെന്ന് മറക്കാതിരിക്കുക. പണം വരാനാണ് ബുദ്ധിമുട്ട്. പോകാൻ വളരെ എളുപ്പമാണ്.