കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വൈറലായ രണ്ടുപേരെ പരിചയപ്പെടാം. അനശ്വര എന്ന പൊറോട്ട മേക്കറും യഹിയാക്ക എന്ന ചായക്കടക്കാരനും.
ഇരുപത്തിരണ്ടുകാരിയായ അനശ്വര നിയമവിദ്യാർത്ഥിനിയാണ്. അച്ഛൻ ഉപേക്ഷിച്ചു പോയ മകൾ. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. അമ്മയും ചേച്ചിയും അമ്മയുടെ ബന്ധുക്കളും അടങ്ങുന്നതാണ് കുടുംബം. രണ്ടു പെൺമക്കളെയും തന്നെയും ഉപേക്ഷിച്ച് ഭർത്താവ് പടിയിറങ്ങിയപ്പോൾ കുടുംബം പോറ്റാനായി അനശ്വരയുടെ അമ്മയ്ക്ക ഹോട്ടൽ ജോലിക്കിറങ്ങേണ്ടിവന്നു. ആരുടെയും മുമ്പിൽ തലകുനിക്കാതെ, ആരുടെ മുമ്പിലും കൈനീട്ടാതെ അദ്ധ്വാനിച്ചു ജീവിക്കാൻ തയ്യാറായ അമ്മ ഒരു മാതൃകയായി അനശ്വരയുടെ മനസ്സിൽ വളരുകയായിരുന്നു. ചെറുപ്രായം മുതൽ തന്നെ അമ്മയെ കഴിയും വിധത്തിൽ അനശ്വര ചായക്കടയിൽ സഹായിക്കാറുണ്ടായിരുന്നു. നിയമ വിദ്യാർത്ഥിനിയായിരുന്നിട്ടും അതിൽ നിന്ന് പിന്തിരിയുന്നില്ല അനശ്വര. തങ്ങൾ നടത്തുന്ന ചെറിയ ചായക്കടയിൽ പൊറോട്ട ഉണ്ടാക്കലാണ് അനശ്വരയുടെ തൊഴിൽ. പൊറോട്ടയെന്ന് കൂട്ടുകാർക്കിടയിൽ കളിപ്പേര് വീണിട്ടും താൻ പൊറോട്ട ഉണ്ടാക്കിയാണ് ജീവിക്കുന്നതും പഠിക്കുന്നതും എന്നതിൽ അവൾ അഭിമാനം കണ്ടെത്തുന്നു.
തൊഴിലിനോടും ജീവിതത്തോടുമുള്ള പ്രസാദാത്മകമായ വീക്ഷണമാണ് അനശ്വരയെ ശ്രദ്ധേയയാക്കുന്നത്. തിക്താനുഭവങ്ങളെ ആ പെൺകുട്ടി സൗമ്യമായി നേരിടുന്നു. ജോലിയുടെ മഹത്വം മനസ്സിലാക്കിക്കൊണ്ട് ജീവിക്കുന്നു. എൽഎൽബി പാസായി അഭിഭാഷകജോലി ഏറ്റെടുത്താലും പൊറോട്ട ഉണ്ടാക്കൽ അവസാനിപ്പിക്കില്ലെന്ന് തീരുമാനവുമുണ്ട് അനശ്വരയുടേതായിട്ട്.
നൈറ്റിയിടുന്ന പുരുഷൻ എന്ന പേരിലാണ് യഹിയാക്ക സോഷ്യൽ മീഡിയായിൽ ശ്രദ്ധേയനായത്. മുണ്ട് മടക്കിക്കുത്തിയത് അഴിച്ചിടാത്തതിന് സ്ഥലം എസ് ഐ കരണത്തടിച്ചതിന്റെ അപമാനത്തോടും വേദനയോടും സാധാരണക്കാരന്റെ പ്രതികരണം എന്ന നിലയിലാണ് യഹിയാക്ക നൈറ്റിയിടാൻ ആരംഭിച്ചത്. അത് പഴയകഥ. പക്ഷേ ചെറിയൊരു ചായക്കട നടത്തി അതിമോഹങ്ങളില്ലാതെ ജീവിക്കുന്നതിന്റെ പേരിലാണ് യഹിയാക്ക സമൂഹത്തിന് മാതൃകയാകുന്നത്. ഒരുപാട് വെയിൽകൊള്ളുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വാടിപ്പോകാനുളള സാധ്യതയേറെയാണ്.
നിഷേധാത്മകമായ നിരവധി അനുഭവങ്ങളുടെ വെയിൽ കൊണ്ടിട്ടും വാടിപ്പോയില്ല എന്നതാണ് ഒന്നാം ക്ലാസുവരെ മാത്രം
പഠിച്ച യഹിയാക്കയുടെ ജീവിതത്തെ വ്യത്യസ്തമാക്കുന്നത്. ഉപജീവനത്തിനായി തുടങ്ങിയ തട്ടുകട ചെറിയൊരു ചായക്കടയായി മാറിയെന്നതു മാത്രമാണ് യഹിയാക്കയുടെ ജീവിതത്തിന് ആകെക്കൂടി വന്ന മാറ്റം. പക്ഷേ ആ കടയിലെ വില വിവരപ്പട്ടികയാണ് നമ്മെ അമ്പരപ്പിക്കുന്നത്. ഊണിനും ഒരു പ്ലേറ്റ് കപ്പയ്ക്കും പത്തുരൂപ. ഹാഫ് പ്ലേറ്റ് ചിക്കൻ കറിക്ക് 40 രൂപ. അതായത് അറുപത് രൂപ കൈയിലുണ്ടെങ്കിൽ യഹിയാക്കയുടെ കടയിൽ നിന്ന് കുശാലായി ഭക്ഷണം കഴിച്ചിറങ്ങാം. അടിക്കടി സകലതിനും വില വർദ്ധനവുണ്ടാകുന്ന ഇക്കാലത്താണ് ഈ ചെറിയ തുകയ്ക്ക് യഹിയ ഭക്ഷണം വിളമ്പുന്നത് എന്നതാണ് അതിശയം.
ചായക്കടയിലെ സകല ജോലിയും യഹിയ ഒറ്റയ്ക്കാണ് ചെയ്യുന്നത് കൃത്രിമ പാചകക്കൂട്ടുകളോ. ഒരു ദിവസം ഉപയോഗിച്ച എണ്ണ അടുത്ത ദിവസത്തേക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. ദിവസം 500 രൂപ കിട്ടിയാൽ ഇയാൾ ഹാപ്പിയായി. അന്യന്റെ അതിരുമാന്തി സ്വന്തം പുരയിടത്തിന്റെ വിസ്തീർണ്ണം വർദ്ധിപ്പിക്കുകയും ജോലി ചെയ്താൽ കൂലി കൊടുക്കാതിരിക്കുകയും കള്ളക്കടത്തു നടത്തിയും കഞ്ചാവ് വിറ്റും പണം സമ്പാദിക്കുകയും ചെയ്യുന്ന ആർത്തിപിടിച്ചവരുടെയും അസംതൃ്പതരുടെയും ഇടയിലാണ് ഈ മനുഷ്യൻ അദ്ധ്വാനത്തിന്റെ മഹത്വം കാട്ടിയും അമിതമായ ധനമോഹം ഇല്ലാതെയും മിതത്വത്തോടെ ജീവിക്കുന്നത്.