കർക്കടകം എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് കർക്കടക ചികിത്സയും കർക്കടക വാവും രാമായണ പാരായണവുമാണ്. കാരണം ഇവയെല്ലാം മലയാളിയുടെ ജീവിതവുമായി അത്രയധികം ആഴപ്പെട്ടുകിടക്കുന്നവയാണ്. എന്നാൽ കർക്കടകത്തിന് ഒരു ശാസ്ത്രമുണ്ട്. ഭൂമിയുടെ ചലനവുമായി ബന്ധപ്പെടുത്തുമ്പോൾസൂര്യന്റെ സ്ഥാനം മാറുന്നതുമായി കണക്കാക്കിയാണ് ഉത്തരായനം, ദക്ഷിണായനം എന്നിവ നിശ്ചയിക്കുന്നത്. സൂര്യന്റെതെക്കു നിന്ന് വടക്കോട്ടുള്ള ഈ സഞ്ചാരം ഉത്തരായനം എന്നും വടക്കു നിന്നു തെക്കോട്ടുള്ള സഞ്ചാരം ദക്ഷിണായനം എന്നുമാണ് അറിയപ്പെടുന്നത്. വർഷത്തിൽ രണ്ടു തവണ മാത്രാണ് സൂര്യൻ കൃത്യമായി കിഴക്കു ദിശയിൽ ഉദിക്കുന്നത്. മറ്റ് ദിവസങ്ങളിലെല്ലാം അല്പം തെക്കോട്ടോ വടക്കോട്ടോ മാറിയായിരിക്കും സൂര്യൻ ഉദിക്കുന്നത്. ദക്ഷിണായനവും ഉത്തരായനവും മൂലമാണ് ഇത് സംഭവിക്കുന്നത്. ഉത്തരായനം കഴിഞ്ഞ് ദക്ഷിണായനം ആരംഭിക്കുന്ന തീയതിയാണ് കർക്കടകം ഒന്ന്. കൊല്ലവർഷത്തിലെ പന്ത്രണ്ടാമത്തെ മാസമാണ് കർക്കടകം. കർക്കടകത്തെ കർക്കിടകമെന്നും എഴുതി കാണാറുണ്ട്. എന്നാൽ ശരിയായ പ്രയോഗം കർക്കടകമാണെന്നാണ് പണ്ഡിതരുടെ അഭിപ്രായം. കർക്കടകത്തിന് ഞണ്ട് എന്നും കർക്കടകരാശിയെന്നും അർത്ഥമുണ്ട്.
കർക്കടകത്തിലെ കറുത്തവാവ് ദിവസമാണ് കർക്കടകവാവ്. ഹൈന്ദവവിശ്വാസികൾ തങ്ങളുടെ പൂർവ്വികരെ അനുസ്മരിക്കുന്നതും അവർക്ക് ബലിയിടുന്നതും ഈ ദിവസമാണ്. ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കടകത്തിലേത്. ആയുർവേദത്തിലെ വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവ അടങ്ങുന്ന ചികിത്സയാണ് കർക്കടക ചികിത്സ. ഇലക്കിഴി, അഭ്യംഗം. പിഴിച്ചിൽ, ഞവരക്കിഴി എന്നിവയാണ് കർക്കടക ചികിത്സയിൽ പ്രധാനമായും പെടുന്നത്. കർക്കടകത്തിൽ ചികിത്സ ചെയ്യുന്നത് ഇരട്ടി ഫലം നല്കും എന്നാണ് വിശ്വാസം.
ഇനി കർക്കടകത്തിലെ രാമായണപാരായണത്തെക്കുറിച്ച്. അവതാര പുരുഷന് പോലും വിധിയെ തടുക്കാനാവില്ലെന്നും വെല്ലുവിളി നിറഞ്ഞ ജീവിതസന്ദർഭങ്ങൾ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും എന്നുമുള്ള പാഠമാണ് രാമായണ പാരായണം കൊണ്ട് അർത്ഥമാക്കുന്നത്. മനസ്സിന്റെ സമാധാനം, സ്വയം നവീകരണം എന്നിവയും ലക്ഷ്യമാണ്. ഏകാഗ്രതയോടും ശ്രദ്ധയോടും കൂടി രാമായണം വായിക്കണം എന്നാണ് പാരമ്പര്യം. അക്ഷരത്തെറ്റ് വരാൻപാടില്ലെന്ന് മാത്രമല്ല അക്ഷരശുദ്ധി കൂടിയേ തീരൂ. കീറിയതോ പഴയതോ ആയ രാമായണം, പാരായണത്തിനായി തിരഞ്ഞെടുക്കരുതെന്നും പീഠത്തിന് മുകളിൽ വച്ചായിരിക്കണം വായിക്കേണ്ടതെന്നും പറയപ്പെടുന്നു.
ചുരുക്കത്തിൽ ഒരു വർഷത്തേക്ക് മനസ്സും ശരീരവും ഊർജ്ജ്വസ്വലമായി നിലനിർത്താനുള്ള പ്രവർത്തനങ്ങളാണ് കർക്കടകത്തിൽ ചെയ്യുന്നത് മുഴുവൻ.
കർക്കടക ചൊല്ലുകൾ
കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
കർക്കടകത്തിൽ പത്തില കഴിക്കണം
കർക്കടക ഞാറ്റിൽ പട്ടിണികിടന്നത്
പുത്തിരി കഴിഞ്ഞാൽ മറക്കരുത്
കർക്കടക ചേന കട്ടിട്ടെങ്കിലും തിന്നണം
കർക്കടകത്തിൽ മർക്കട മുഷ്ടി വേണ്ട
കർക്കടകത്തിൽ കാക്ക പോലും കൂട്ടുകൂടില്ല
കർക്കടകത്തിൽ ഇടിവെട്ടിയാൽ കരിങ്കല്ലിനും ദോഷം
കർക്കടകത്തിലെ പത്തിലകൾ
കർക്കിടകത്തിൽ പത്തില കഴിച്ചിരിക്കണം എന്നാണ് പാരമ്പര്യം. എന്തൊ
ക്കെയാണ് ഈ പത്തിലകൾ?
താള്
തകര
ചീര
മത്തൻ
കുമ്പളം
പയറ്
ചേന
ചേമ്പ്
ഉഴുന്ന്
തഴുതാമ
എന്നിവയാണ് പത്തിലകൾ
ഇവയുടെ ഇലകൾ കൊണ്ട് തോരൻ ഉണ്ടാക്കി കഴിക്കുന്നത് കർക്കിടകത്തിൽ അത്യുത്തമമാണത്രെ.