പ്രാർത്ഥനയോ? കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ചിത്രമെന്താണ്? ജോലി ക്കുവേണ്ടിയുള്ള പ്രാർത്ഥന, വിവാഹത്തിന് വേണ്ടിയുള്ള പ്രാർത്ഥന, വീടു പണിക്കുവേണ്ടിയുളള പ്രാർത്ഥന. ജീവിതത്തിൽ മാനുഷികമായി സംഭവ്യമല്ലെന്ന് കരുതുന്നവയ്ക്ക് വേണ്ടിയുള്ള ഒരു ഏർപ്പാടായിട്ടാണ് പ്രാർത്ഥന പൊതുവെ വിലയിരുത്തപ്പെടുന്നത്. പ്രാർത്ഥനയിലൂടെ അത്ഭുതങ്ങൾ സംഭവിക്കുന്നുണ്ടോ അസാധ്യമായവ നിറവേറപ്പെടുന്നുണ്ടോ പ്രാർത്ഥനയ്ക്ക് ഫലസിദ്ധിയുണ്ടോ തുടങ്ങിയ കാര്യങ്ങളെയെല്ലാം അതിന്റേതായ വഴിക്ക് വിട്ടിട്ട് പ്രാർത്ഥിക്കുന്ന ഒരു വ്യക്തി നേടിയെടുക്കുന്ന അല്ലെങ്കിൽ പ്രാർത്ഥന ഒരു വ്യക്തിയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാം. പ്രാർത്ഥന ഒരു മതാചാരം മാത്രമല്ല, അത് വ്യക്തിയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുക കൂടി ചെയ്യുന്നുണ്ട്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് ഇക്കാര്യം. ഏതു മതം എന്നതോ ഏതു ദൈവത്തോടാണ് പ്രാർത്ഥിക്കുന്നത് എന്നോ ഇവിടെ അപ്രധാനമാണ്; പ്രാർത്ഥനാരീതികളും .
ആത്മനിയന്ത്രണം
പ്രാർത്ഥനയിലൂടെ ഒരു വ്യക്തി നേടിയെടുക്കുന്ന വലിയൊരു മേന്മയാണ് ആത്മനിയന്ത്രണം. പ്രാർത്ഥിക്കാത്ത വ്യക്തിയെക്കാൾ പ്രാർത്ഥിക്കുന്ന വ്യക്തിക്ക് തന്റെ വികാരങ്ങളുടെയും പ്രവൃത്തികളുടെയും മേൽ നിയന്ത്രണമുണ്ട്.
ആകർഷണീയമായ വ്യക്തിത്വം
പ്രാർത്ഥിക്കുന്നവരിൽ ഭൂരിപക്ഷത്തിനും ആകർഷണീയമായ വ്യക്തിത്വമുണ്ട്. ആളുകളെ തന്നിലേക്ക് ആകർഷിക്കാനും അവരോട് അടുക്കാനും മറ്റുള്ളവർക്ക് സ്വഭാവികമായും ഒരു പ്രേരണയുണ്ടാവും
നെഗറ്റീവ് ചിന്തകളിൽ നിന്ന് മുക്തർ
പ്രാർത്ഥിക്കുന്നവർ നെഗറ്റീവ് വികാരങ്ങളിൽ നിന്ന് മുക്തരായിരിക്കും. ദ്വേഷം, പക,വെറുപ്പ്, അലസത, അസൂയ തുടങ്ങിയ വികാരങ്ങൾ അവരെ അത്യധികമായി കീഴ്പ്പെടുത്തിയിട്ടുണ്ടാവില്ല.
ആരോഗ്യപരമായ കരുതൽ
നിരവധിയായ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് വിമുക്തരായിരിക്കും ഇക്കൂട്ടർ. പ്രത്യേകിച്ച് ടെൻഷൻ, സ്‌ട്രെസ് തുടങ്ങിയവയിൽ നിന്ന്.
ചുരുക്കത്തിൽ മാനസികവും ശാരീരികവുമായ ക്ഷേമത്തിന് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് പ്രാർത്ഥന.