ബുദ്ധൻ ഈറൻ നിലാവായി നിൽക്കുകിൽ,
എന്നുള്ളിൽ ബുദ്ധപൂർണ്ണിമയാണെന്നും
അഷ്ടമാർഗ്ഗങ്ങൾ കായ്കളായ് തിങ്ങിടും
ബോധിമാമരമുണ്ടുള്ളിൽ സത്യമായ്.
നിൻമഹാപരിത്യാഗമെന്നോർമ്മയിൽ
നീലയാകാശംപോലെ കിടക്കുമ്പോൾ,
ആ വഴി പിച്ചവെക്കുവാൻ വയ്യാത്ത
പിഞ്ചുകുഞ്ഞാണു ഞാനെന്നുമോർക്കുക.
എങ്കിലും ബുദ്ധാ! ശലഭമായ് മാറി നീ
എന്റെ ചുറ്റും പറന്നുകളിക്കുമോ?
മേഘനീലപ്പൂവായ് വിടരുമോ
എന്റെ കണ്ണിൽ തുടുത്തു നീ നിൽക്കുമോ?
സ്‌നേഹവെള്ളരിപ്രാവായ് കുറുകിയെൻ
തോളിലായ് വന്നൊതുങ്ങിയിരിക്കുമോ?
കണ്ണിലൂറിക്കിടക്കും നദിയിലായ്
എന്റെയുള്ളം സ്‌നാനപ്പെടുത്തുമോ?
ഇന്നിരുൾ മാത്രമാണന്റെ ബോധത്തിൽ,
കാട്ടുപക്ഷികൾ ചേക്കേറും ചില്ലകൾ,
വയ്യെനിക്കീ കൊടും കാടുകൾ താണ്ടുവാൻ
വയ്യ! ദുർഘടപാതയിൽ മുള്ളുകൾ.
ബുദ്ധാ നീയൊരു ഗുഹയായ് മാറുമോ?
എന്നെയുള്ളിലൊളിച്ചൊന്നിരുത്തുമോ?
ലോകമേകുമിരുളിൽ വളർന്ന ഞാൻ
സ്‌നേഹകാരുണ്യക്കടംകേറി മൂടട്ടെ!
വിനോദ് വി ദേവ്