ഒരിക്കലും മാപ്പ് ചോദിക്കാൻ ഇടവരാത്ത വിധത്തിൽ ജീവിക്കുന്നതിനെയാണോ സ്നേഹത്തിൽ കഴിയുന്നത് എന്ന് പറയുന്നത്? അങ്ങനെയൊരു വിചാരമുണ്ടെങ്കിൽ അത് തിരുത്തിക്കോളൂ. കാരണം ഏതൊരു ബന്ധത്തിലും തട്ടലും മുട്ടലുമുണ്ട്. ഉരസലും തീയെരിയലുമുണ്ട്. ദാമ്പത്യബന്ധത്തിൽ മാത്രമല്ല സുഹൃദ് ബന്ധങ്ങളിലും ഓഫീസ് ബന്ധങ്ങളിലും സഹമുറിയിലെ താമസത്തിലുമെല്ലാം ഇത് കടന്നുവരാം. ബന്ധം ഏതുമാവട്ടെ, പ്രശ്നം എന്തുമാവട്ടെ, വീണ്ടും അനുരഞ്ജനപ്പെടാൻ സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ നല്ല രീതിയിൽ മാപ്പ് ചോദിക്കാൻ കഴിയുന്നുണ്ടോ? നല്ല രീതിയിൽ മാപ്പുചോദിക്കുമ്പോൾ ബന്ധങ്ങൾ കൂടുതൽ ആഴപ്പെടും. വീണ്ടും പഴയതുപോലെയുള്ള സ്നേഹത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും. എന്നാൽ ഏതെങ്കിലും പ്രശ്നത്തിന്റെ പേരിൽ മാപ്പ് ചോദിക്കുമ്പോൾ നാം വെറുമൊരു സോറിയിൽ അത് ഒതുക്കുകയാണ് പതിവ്. സോറി പറഞ്ഞില്ലേ പിന്നെ നീയെന്തിനാണ് പിണങ്ങിയിരിക്കുന്നത് എന്നാണ് നമ്മുടെ ഭാവം. പക്ഷേ മാപ്പ് ചോദിക്കുന്നതിലുമുണ്ട് കാര്യം. നല്ല രീതിയിൽ മാപ്പു ചോദിക്കുമ്പോൾ മാത്രമേ വീണ്ടും പഴയരീതിയിലുള്ള ബന്ധത്തിലേക്കുള്ള വളർച്ച സംഭവിക്കുകയുള്ളൂ. അതിന് ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്.
ഖേദം പ്രകടിപ്പിക്കുക.
അനുചിതമായി സംസാരിക്കുകയോ പെരുമാറുകയോ ഇടപെടുകയോ ചെയ്തതിന്റെ പേരിൽ ആദ്യം തന്നെ ഖേദം പ്രകടിപ്പിക്കുക. എന്നാൽ ആ ഖേദപ്രകടനത്തിൽ ടോൺ പ്രധാനപ്പെട്ടതാണ്. ക്ഷമ ചോദിച്ചത് ആത്മാർത്ഥമായിട്ടാണെന്ന് കേൾക്കുന്ന ആൾക്ക് തോന്നണം. പരിഹസിക്കുന്ന രീതിയിലോ അപമാനിക്കുന്ന രീതിയിലോ സ്വന്തം തെറ്റുകൾ തുറന്നു സമ്മതിച്ചുതരാത്ത രീതിയിലോ ഒക്കെയുള്ള ക്ഷമാപണങ്ങളുണ്ട്. അവയൊരിക്കലും ഗുണം ചെയ്യില്ല.
തെറ്റായി സംഭവിച്ചതിന്റെ വിശദീകരണം നല്കുക
പെട്ടെന്ന് പൊട്ടിത്തെറിച്ചതും മുറിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചതും ചിലപ്പോൾ നമ്മുടെ തന്നെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാകാം. മറ്റേതെങ്കിലും കാരണങ്ങളാൽ നാം അസ്വസ്ഥപ്പെട്ടിരുന്ന സമയത്തായിരിക്കാം മറ്റെ ആളോട് നാം പൊട്ടിത്തെറിച്ചത്. ജോലിക്കിടയിലെ ഒരു പ്രശ്നവുമായി വീട്ടിലേക്ക് കടന്നുവരുമ്പോഴോ വീട്ടിലെ ഒരു പ്രശ്നവുമായി ഓഫീസിലേക്ക് പോകുമ്പോഴോ എല്ലാം ഇതിനുള്ള സാധ്യതയുണ്ട്. ഇനി അതുമല്ലെങ്കിൽ തെറ്റിദ്ധാരണ കൊണ്ടുമാവാം. സാഹചര്യവും കാരണവും എന്തുമായിരുന്നുകൊള്ളട്ടെ അത് സത്യസന്ധതയോടെ വിശദീകരിക്കുക.
പറഞ്ഞതിന്റെ, ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക
പലരും സ്വന്തം തെറ്റുകൾ സമ്മതിച്ചുതരാറില്ല. തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചുതരുന്നവരോട് നീരസപ്പെടുന്നവരാണ് ഭൂരിപക്ഷവും. പറഞ്ഞുപോയ വാക്കുകളുടെയും ചെയ്തുപോയ പ്രവൃത്തികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുക. തെറ്റാണ് ചെയ്തതെന്ന് ബോധ്യമുണ്ടെങ്കിൽ അവയിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുക.
ആവർത്തിക്കില്ലെന്ന പ്രതിജ്ഞയെടുക്കുക
മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തത് ഇനി മറ്റൊരു അവസരത്തിലും ആവർത്തിക്കില്ലെന്ന് വാക്കു കൊടുക്കുക. കൊടുത്ത വാക്ക് തെറ്റാതെ സൂക്ഷിക്കുക. വാക്ക് തെറ്റിക്കുമ്പോൾ വീണ്ടും മോശമായ പ്രകടനം ഉണ്ടാകുമ്പോൾ അതിന്റെ കാരണക്കാരായ വ്യക്തികളോട് ക്ഷമിക്കാൻ കഴിയണമെന്നില്ല, ജീവിതപങ്കാളിയായാലും സുഹൃത്തായാലും.
മാപ്പ് ചോദിക്കുക
കാരണവും സാഹചര്യവും വിശദീകരിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തതിന് ശേഷം മാപ്പ് ചോദിക്കുക. മാപ്പ് ചോദിക്കുമ്പോൾ അത് അർഹിക്കുന്ന ആൾക്ക് മാപ്പ് കൊടുക്കുക. എന്തായാലും മാപ്പ് ചോദിക്കുക എന്നത് ഒരാൾ തന്റെ അഹന്തയെ ബലികൊടുക്കുക തന്നെയാണ്. ആ ക്ഷമ ചോദിക്കലിന് അർഹിക്കുന്ന പ്രാധാന്യം കൊടുക്കുക. പഴയതെല്ലാം ക്ഷമിച്ച് പുതിയ സ്നേഹത്തിലേക്ക് പ്രവേശിക്കുക.