വേട്ടയാടപ്പെടുന്ന ഇരകൾ

Date:

spot_img


ഇരകൾ വേട്ടയാടപ്പെടാനുള്ളവരാണ്. വേട്ടക്കാരൻ ശക്തനും ഇര ദുർബലനുമാകുന്നു.വേട്ടക്കാരൻ എത്രത്തോളം ശക്തനാണോ അത്രത്തോളം ഇരയുടെ ചെറുത്തുനില്പ് ദുർബലമാകുന്നു. ആത്യന്തികമായി പറഞ്ഞാൽ ഇരയും വേട്ടക്കാരനും തമ്മിലുള്ള ഓട്ടമത്സരമാണ് ജീവിതം. ഈ മത്സരത്തിൽ തോറ്റുപോകുന്നത് ഇരയാണ്. കാരണം ഇരയെ വേട്ടയാടാൻ വേട്ടക്കാരന്റെ കൈയിൽ പലവിധ ആയുധങ്ങളുണ്ട്.സാഹചര്യവും വ്യക്തിയും അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കുന്നു. നിയമം, അധികാരം, ഭരണവ്യവസ്ഥ എന്നിവയെല്ലാം മനുഷ്യരെ വേട്ടയാടിക്കൊണ്ടിരിക്കുന്ന വേട്ടക്കാരാണ്.

ഇത്തരം വേട്ടയാടലിന്റെയും അതിജീവിക്കാനുള്ള ശ്രമത്തിന്റെയും കഥയാണ് നായാട്ട് എന്ന സിനിമ. വെറുമൊരു സിനിമ മാത്രമായി നായാട്ടിനെ പരിമിതപ്പെടുത്തരുത്. അതിനപ്പുറം ഈ ചിത്രം പറഞ്ഞുവയ്ക്കുന്ന ഒരു രാഷ്ട്രീയമുണ്ട്, വ്യക്തമായ സാമൂഹ്യബോധമുണ്ട്. സാംസ്‌കാരികപശ്ചാത്തലമുണ്ട്. വോട്ടുകൾക്കും അധികാരത്തിനുമായി ഭരണകൂടം  നടത്തുന്ന മനുഷ്യാവകാശധ്വംസനവും നീതിനിരാസവുമുണ്ട്. അതാവട്ടെ  ഏതൊരാളുടെയും ചങ്കുപിടിച്ചുലയ്ക്കുന്നതാണ്.

തങ്ങളറിയാതെ അകപ്പെട്ടുപോകുന്ന ഒരു കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ മൂന്നു പോലീസുകാർ നടത്തുന്ന ശ്രമങ്ങളാണ് നായാട്ട് എന്ന് ഈ സിനിമയുടെ കഥയെ ചുരുക്കിപ്പറയാം. വെറുമൊരു എന്റർടെയ്നറോ നായകൻ വീരസ്യം പ്രകടമാക്കുന്ന ത്രില്ലറോ ഒന്നുമല്ല നായാട്ട്. മറിച്ച് ഇരകൾക്കൊപ്പം ചേർന്നുനടക്കാൻ, ഇരകളുടെ മനസ്സ് കാണാൻ തയ്യാറായ മനുഷ്യസ്നേഹികളായ ഒരു തിരക്കഥാകൃത്തും സംവിധായകനും ചേർന്നു നടത്തിയ യാത്രയുടെ ദൃശ്യാവിഷ്‌ക്കാരമാണ് ഇത്. അവർ കണ്ടെത്തിയ കഥാപാത്രങ്ങൾക്ക് ജീവൻ നല്കാൻ പ്രതിഭയുള്ള അഭിനേതാക്കൾ കൂടിച്ചേരുക കൂടി ചെയ്തപ്പോൾ നായാട്ട് മലയാള സിനിമയുടെ തന്നെ ചരിത്രത്തിലെ സവിശേഷതയുള്ള ഒരു സിനിമയുടെ മുദ്രയായി മാറുന്നു.
അതിജീവിക്കാനുള്ള ശ്രമങ്ങൾ എല്ലാ മനുഷ്യരിലുമുണ്ട്. പക്ഷേ എല്ലാ അതിജീവനവും വിജയിക്കണമെന്നില്ല. പ്രേക്ഷകർ വിചാരിക്കുന്നതും ആഗ്രഹിക്കുന്നതും ഒരു അസാമാന്യമായ വിജയമാണ്. എല്ലാ സിനിമകളുടെയും ക്ലൈമാക്സ് അതാണല്ലോ. അവിടെയാണല്ലോ തീയറ്ററിൽ കൈയടികൾ ഉയരുന്നത്. പക്ഷേ നായാട്ടിൽ അതു സംഭവിക്കുന്നില്ല.

സ്വന്തം സത്യം ഒരു മൊബൈൽ ഫോണിൽ റിക്കോർഡ് ചെയ്തുവച്ചിട്ട് മണിയൻ എന്ന പോലീസുകാരൻ ഉടുമുണ്ടിൽ ജീവൻ അവസാനിപ്പിക്കുന്നു. തങ്ങൾക്കുവേണ്ടികൂടി അവസാനം വരെ ഓടി, ഒടുവിൽ പിൻവാങ്ങിയ സഹപ്രവർത്തകന് വേണ്ടി, അയാളുടെ മകൾക്ക് വേണ്ടി നീതിയുടെ ഭാഗം ചേർന്നു നടക്കാൻ തയ്യാറാകുന്ന അവശേഷിക്കുന്ന രണ്ടു പോലീസുകാർക്ക് പോലും തങ്ങളുടെ സത്യം വെളിപ്പെടുത്താൻ അവകാശമില്ലാതായി പോകുന്നു. കാരണം അത്രത്തോളം ഭരണകൂടവും നീതിവ്യവസ്ഥയും ചേർന്ന് അവരെ ഞെരുക്കിക്കളയുന്നു. ആത്മനിന്ദയോടെ, അടക്കിനിർത്തിയ ആയിരമായിരം സങ്കടങ്ങളോടെ പോലീസ് വാഹനത്തിൽ കോടതിയിലേക്ക് യാത്രയാകുമ്പോൾ  ഇതാണ് ഈ രാജ്യത്തിലെ ഭൂരിപക്ഷത്തിനും നിഷേധിക്കപ്പെടുന്ന നീതി എന്ന് പ്രേക്ഷകന്റെ മനസ്സ് പറയുന്നു.  പ്രവീണും സുനിതയും എന്ന പോലീസുകാർ പ്രേക്ഷകർ ഓരോരുത്തരുമായി മാറുന്നു.

 പോലീസുകാർ എന്തുകൊണ്ടാണ് ചില കേസുകളിൽ പ്രതികളായി മാറുന്നത് എന്ന വീണ്ടുവിചാരം ഉയർത്തുന്നുണ്ട് ഈ സിനിമ. പോലീസുകാർ പ്രതികളായി മാറപ്പെടുന്ന കേസുകളെക്കുറിച്ച് കേൾക്കുമ്പോൾ സാധാരണമനുഷ്യർ വിചാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് പോലീസല്ലേ അവർ ഇതിന്റെ അപ്പുറവും ചെയ്യും എന്നാണ്. അവർക്ക് കണക്കിന് കിട്ടിയെന്ന് സന്തോഷിക്കുകയും ചെയ്യും. പക്ഷേ അത്തരം സംഭവങ്ങളെയെല്ലാം ഇത്തിരികൂടി അകന്നുനിന്ന് വിലയിരുത്താനും മനുഷ്യത്വത്തോടെ സമീപിക്കാനും പ്രേരണ നല്കുന്നുണ്ട് എന്നതാണ് ഈ സിനിമ നല്കുന്ന മറ്റൊരു  വശം.

സാഹചര്യം കൊണ്ടോ ജന്മം കൊണ്ടോ കുറ്റവാളികളായ ഒരുപറ്റം മനുഷ്യരുടെ ഇടയിൽ, നെഗറ്റീവ് തരംഗങ്ങൾക്കിടയിലാണ് പോലീസുകാരുടെ സഹവാസം. അതവരുടെ സ്വഭാവത്തിലും ക്രമേണ മാറ്റംവരുത്തിയേക്കാം. അതുകൊണ്ട് തന്നെ അവർ ചിലപ്പോൾ പൊട്ടിത്തെറിച്ചുപോയേക്കാം. വ്യക്തിപരമായ ചില സംഘർഷങ്ങൾ അവരെ താൻ ഇടപെടുന്നവരുമായുള്ള പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചെയ്തേക്കാം.

വൃക്കരോഗം സംശയിക്കുന്ന അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ മേലുദ്യോഗസ്ഥനോട് അവധി ചോദിക്കാനെത്തിയപ്പോൾ കിട്ടിയ ചീത്തവിളിയുടെ പ്രതിഫലനമാണ് പുറത്തു കേസുമായി ബന്ധപ്പെട്ട് ഒരാളോട് ദേഷ്യപ്പെടാനും അയാളുടെ മൊബൈൽ അബദ്ധത്തിൽ തട്ടിവീഴാനും  പ്രവീൺ മൈക്കിൾ എന്ന പോലീസുകാരന്കാരണമായത്. ഫോണിൽ മകളെ വിളിച്ചിട്ട് കിട്ടാതെ പോയതിന്റെ ടെൻഷനും ഇന്നത്തെ കാലത്ത് ഒരു പെൺകുട്ടിക്ക് എന്തും സംഭവിക്കാം എന്ന സ്നേഹനിധിയായ ഒരു അച്ഛന്റെ ആകുലതയും ചേർന്ന  അവസ്ഥയും തന്റെ സഹപ്രവർത്തകയ്ക്ക് അർഹിക്കുന്ന നീതികിട്ടണമെന്ന ആഗ്രഹവുമാണ് മണിയൻ എന്ന പോലീസുകാരനെ  അറിയാതെയാണെങ്കിലും ആ കേസിലേക്ക് വലിച്ചിട്ടത്. ഈ സംഭവങ്ങളുടെ ബാക്കിയെന്നോണം സംഭവിക്കുന്ന അപകടങ്ങളാണ് മൂന്നുപേരുടെയും ജീവിതത്തെ പിന്നീട് വേട്ടയാടുന്നത്.

ഓരോരോ സാഹചര്യങ്ങളിൽ ഓരോ മനുഷ്യരും അറിഞ്ഞോ അറിയാതെയോ ചില ദുരന്തങ്ങളിലേക്ക് വന്നുവീണുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ നിസ്സഹായതയെ ഇത്രത്തോളം ഹൃദയസ്പർശിയായി അടയാളപ്പെടുത്തിയ മറ്റൊരു ചിത്രവും അടുത്തകാലത്തുണ്ടായിട്ടില്ല. ഒരിക്കലെങ്കിലും സത്യം വെളിപ്പെടാതെപോയവർക്ക്, ഇരകളായവർക്ക്, നീതി നിഷേധിക്കപ്പെട്ടവർക്ക് ഈ ചിത്രം അവിസ്മരണീയമായ അനുഭവമായിരിക്കും.  മണിയൻ എന്ന പോലീസുകാരൻ നമ്മുടെ നീതിവ്യവസ്ഥയുടെയും അധികാരവർഗ്ഗത്തിന്റെയും മുമ്പിലെ ഒരു ചോദ്യചിഹ്നമായി എന്നും തൂങ്ങിയാടുക തന്നെ ചെയ്യും. മാർട്ടിൻ പ്രക്കാട്ടിനും ഷാഹി കബീറിനും ജോജുവിനും കുഞ്ചാക്കോ ബോബനും നിമിഷയ്ക്കും അഭിനന്ദനങ്ങൾ.

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...
error: Content is protected !!