നമ്മുടെ ജീവിതങ്ങളെ വെല്ലുവിളിക്കുന്ന, ജീവിക്കുക എന്നതിൽ കവിഞ്ഞ് യാതൊരു ലക്ഷ്യവും ജീവിതത്തിനില്ലെന്നുറക്കെ പറഞ്ഞ് വായനക്കാരന്റെ ഉള്ളിൽ വാസമുറപ്പിക്കുകയും ചെയ്യുന്ന നോവലാണ് നിക്കോസ് കസൻദ്‌സാകീസിന്റെ 1946ൽ പ്രസിദ്ധീകൃതമായ ദീൃയമ വേല ഏൃലലസ. സോർബ, എത്ര കാലം കടന്നു പോയാലും മനുഷ്യനെക്കുറിച്ചു ഇത്രയും മനോഹരമായി പറഞ്ഞിരിക്കുന്ന ദാർശനിക വരികൾ ഉണ്ടാകുമോ എന്ന് സംശയമാണ്. അത്രമേൽ നമ്മുടെ നെഞ്ചിലുടക്കുന്ന നോവൽ.
ജീവിതത്തിന്റെ രണ്ടു തുരുത്തിൽ നിൽക്കുന്ന മനുഷ്യരുടെ കഥയാണ് കസൻദ്‌സാകീസ് പറഞ്ഞു വെക്കുന്നത്. ഒരാൾ എഴുത്തുകാരനാണ്. അതികം ഒന്നും സംസാരിക്കാത്ത നിർമ്മമനും മടിയനുമൊക്കെയാണയാൾ. സങ്കടം കരഞ്ഞ് തീർക്കാനും ഉത്തരങ്ങൾ ദാർശനിക പുസ്തകങ്ങളിൽ തിരയാനും മാത്രമറിയാവുന്ന അയാൾ തന്നെയാണ് ഈ നോവലിന്റെ ആഖ്യാതാവും. എന്നാൽ സോർബ ഇയാളിൽ നിന്നും തികച്ചും വ്യത്യസ്തനാണ്. മതത്തിന്റെയോ രാജ്യത്തിന്റെയോ തത്വശാസ്ത്രങ്ങളുടെയോ സദാചാര നിയമങ്ങളുടെയോ എന്തിന് ദൈവത്തിന്റെയോ പോലും ഭാരമില്ലാതെ ജീവിതത്തിൽ പൂർണ്ണമായി മുഴുകി ജീവിക്കുകയാണയാൾ. കാക്കത്തൊള്ളായിരം പരിമിതികളിൽ പരിഭവം പറഞ്ഞിരിക്കാൻ കഴിയുന്നവനല്ല സോർബ. ജീവിതത്തിന്റെ അർത്ഥം തേടേണ്ടതില്ലെന്നും ജീവിതം തന്നെയാണ് അർത്ഥമെന്നും തിരിച്ചറിഞ്ഞവനാണ് സോർബ. സ്ത്രീകളെ വളരെയധികം ബഹുമാനിച്ചിരുന്ന സോർബയെ പ്രണയവും സ്ത്രീകളും ഒരിക്കലും മടുപ്പിച്ചില്ല. വാക്കുകളിലും പ്രവൃത്തികളിലും ഒരുപാട് അർത്ഥങ്ങൾ ഒളിപ്പിച്ച വ്യക്തി ജീവിതത്തെ വേറിട്ട രീതിയിൽ കാണുന്നു. ഇങ്ങനെ ഒരു അത്യപൂർവ കഥാപാത്രം. സഭ്യമെന്നും സംസ്‌കാരമെന്നും സമൂഹം അടക്കിപ്പിടിച്ച ലൈംഗികതയെ സോർബ നിഷേധിക്കുന്നുണ്ട്. സമൂഹത്തിലെ ധർമ്മികതയുടെ പൊള്ളത്തരം വിളിച്ചു പറയുന്നുണ്ട് സോർബ. ജീവിതത്തെ കുറച്ചു കൂടി അനായാസമായി അനുഭവിക്കാൻ സഹായിക്കുന്ന അറിവുകൾ ഊറി കൂടുകയാണ് സോർബയിൽ. നോവുകളിൽ തൂങ്ങിക്കിടന്ന് പരിതപിക്കേണ്ടതല്ല ജീവിതം എന്ന് പലയാവർത്തി അയാൾ പറഞ്ഞു വെക്കുന്നു.
ക്രീറ്റ് എന്ന സ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിൽ ആഖ്യാതാവ് ദൈവത്തെയും ചെകുത്താനെയും വിശ്വാസമില്ലാത്ത മനുഷ്യരിൽ മാത്രം വിശ്വാസമുള്ള സോർബയെ കണ്ടുമുട്ടുന്ന ഇടത്തിലാണ് നോവലാരംഭിക്കുന്നത്. ജീവിതാനന്ദത്തിലേക്കുള്ള വഴി എത്രമേൽ സരളമാണെന്നു കസൻ ദ്‌സാകീസ് പറഞ്ഞു വയ്ക്കുന്നുത്. ഒരു പൗർണമി രാവിൽ തന്റെ പ്രിയപ്പെട്ട യജമാനനെ ചേർത്തുനിർത്തി സോർബ പറയുന്നു. ‘അങ്ങേയ്‌ക്കെല്ലാമുണ്ട്. എന്നിട്ടും അങ്ങേയ്ക്ക് ജീവിതം നഷ്ട്ടമാകുന്നു. ഒരൽപ്പം ഭ്രാന്ത് നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ ജീവിതം എന്തെന്ന് നിങ്ങൾ അറിയുമായിരുന്നു. വരൂ, എന്റെ കൂടെ വരൂ.’
ലോകത്തെ ഗൗനിക്കാതെ ഞാൻ തന്നെയാണ് ലോകം എന്ന മനസ്സിലാക്കലിൽ സന്തോഷം തനിയെ വന്നു ചേരുമെന്ന് സോർബയിലൂടെ നമ്മൾ കണ്ടറിയുകയാണ്. കരച്ചിലിൽ പോലും നൃത്തമാടാനാകും, അനീതിയെന്നു തോന്നുന്നവയ്ക്കു നേരെ മുന്നും പിന്നും നോക്കാതെ ചാടിയിറങ്ങാനും അയാൾക്ക് തോന്നുന്നത് ഈ ബോധം ഉള്ളിലുള്ളതുകൊണ്ടാണ്. മതം, രാജ്യം, ദൈവം ഇതിന്റെയൊക്കെ പേരിൽ അയാൾ യുദ്ധം ചെയ്തിട്ടുണ്ട്. അതിന്റെ മുറിവുകൾ അയാളുടെ ശരീരത്തിൽ ഇപ്പോഴും ശേഷിപ്പുകളായി നിൽക്കുന്നുമുണ്ട്. ചെയ്ത യുദ്ധങ്ങൾ എല്ലാം എത്ര അസംബന്ധങ്ങളായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ആ ഇടങ്ങൾ എല്ലാം അയാൾ ഉപേക്ഷിച്ചു.
നോവലിന്റെ ഒരു ഭാഗത്ത് ആഖ്യാതാവ് (അയാളുടെ യജമാനൻ) ഇങ്ങനെ പറഞ്ഞു വെക്കുന്നുണ്ട്. ‘എനിക്കയളോട് വീണ്ടും അസൂയ തോന്നി. രക്തം കൊണ്ടും മാംസം കൊണ്ടും ജീവിക്കുന്ന ഒരു മനുഷ്യൻ! പടവെട്ടി, കൊന്ന്, ഭോഗിച്ച്, മദിച്ച് ജീവിക്കുന്നവൻ. ഞാനോ എല്ലാം പുസ്തകത്താളുകളിലൂടെ മാത്രം അറിയുന്നവൻ. കസേരയിൽ ചാരിയിരുന്ന് ഞാൻ പരിഹാരം കാണാൻ ശ്രമിക്കുന്ന സമസ്യകൾ ഈ മനുഷ്യൻ മലനിരകളിൽ പൊരുതി കൊണ്ട് ഉത്തരം കണ്ടെത്തുന്നു’.
എല്ലാവരും സുരക്ഷിത മൗനങ്ങളിലൊളിക്കുമ്പോൾ ഒരു വിധവയായ പെൺകുട്ടിക്കു വേണ്ടി സോർബ ശബ്ദമുയർത്തുമ്പോൾ അയാളിൽ ഒരു ക്രിസ്തു തെളിഞ്ഞു വരുന്നു. അയാൾ പ്രണയിക്കുമ്പോൾ കാമുകൻ മാത്രമാകുന്നു. ജോലി ചെയ്യുമ്പോൾ അതിൽ മാത്രം ശ്രദ്ധ വെക്കുന്നു. സാന്തൂരി വായിക്കുമ്പോൾ അതിൽ മുഴുകുന്നു. നൃത്തം ചെയ്യുമ്പോൾ പൂർണ്ണതയുള്ള ഒരു നർത്തകനാവുകയാണ്. ഇങ്ങനെ ജീവിതത്തിന്റെ ഓരോ ഇടങ്ങളെയും അയാൾ ധ്യാനമാക്കുന്നു. പണം കൊടുത്ത് ഒരാഴ്ച്ച തുള്ളിച്ചാടിയാലോ ഒരിടത്ത് പ്രാണനെ പീഡിപ്പിച്ചാലോ ധ്യാനമാവില്ല. അത്തരം ഉദ്യമങ്ങൾ പരിമുറുക്കങ്ങൾ കുറച്ചേക്കാം.
സോർബയാവുകയെന്നതാണ് ഏറ്റവും വലിയ ധ്യാനം, ആത്മീയത. ജീവിതത്തെ ആഴത്തിൽ തൊടുന്നതാണല്ലോ ആത്മീയത. അപ്പോൾ സോർബയും ആത്മീയനാണ്. ഷാർദ്ദാൻ അടയാളപ്പെടുത്തുന്നതുപോലെ ആത്മീയത ഉണർവുള്ളവർക്കുള്ളതാണ്. എന്ത് ചെയ്യണമെന്ന് മറ്റാരെങ്കിലും പറഞ്ഞുതരേണ്ടതായിട്ടുള്ളവർക്കും അന്യരാൽ നയിക്കപ്പെടാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടതാണു മതം (ഹെസ്സയുടെ സിദ്ധാർത്ഥയിലും ഇതിനെക്കുറിച്ച് പറയുന്നുണ്ട്). എപ്പോഴും ഉൾവിളികൾ ശ്രദ്ധിക്കുന്ന സോർബയെ പോലെയുള്ളവർക്കുള്ളതാണ് ആത്മീയത.
എന്നെങ്കിലും ഒരിക്കൽ അവനവന്റെ ലോകത്തേയ്ക്ക് യാത്ര നടത്തേണ്ടവരാണ് നമ്മളെല്ലാവരും. സോർബയുടെ ജീവിതത്തോട് ഉന്മാദം കലർന്ന ഇഷ്ടമുണ്ടായിട്ടും നമുക്ക് പലപ്പോഴും അതിൽ നിന്നും മാറി നിൽക്കേണ്ടതായി വരുന്നു. ഇതിലെ ആഖ്യാതാവിനെ പോലെ. എവിടുന്നോ ലഭിച്ച മരതകം കാണാൻ സോർബ അങ്ങ് ദൂരെ നിന്ന് വിളിച്ചപ്പോഴും ആ കാഴ്ചയുടെ നിസ്സാരവത്കരണം മാത്രമാണ് അയാളോർത്തത്. സോർബ വായിച്ചു തീരുമ്പോൾ നമുക്ക് വല്ലാത്ത നഷ്ടബോധം ഉണ്ടാകും എന്നത് തീർച്ചയാണ്.
ജിബു കൊച്ചുചിറ