മുണ്ഡനം ചെയ്യപ്പെട്ട ജീവിതങ്ങൾ

Date:

spot_img

ശരീരമാണ് എന്നത്തെയും വലിയ ആയുധം. കൈയൂക്കുകൊണ്ടാണ് പലരും പോരാടാനിറങ്ങുന്നത്. പ്രതികരിക്കാനുള്ള ഉപകരണമായി  സ്വന്തം ശരീരത്തെ വിനിയോഗിക്കുന്നവർ  പണ്ടുകാലം മുതലുണ്ട്.  

ചിലപ്പതികാരത്തിലെ കണ്ണകിമുതൽ   സ്വന്തം ശരീരം കൊണ്ട് പ്രതികരിക്കാൻ ഇറങ്ങിത്തിരിക്കുന്ന സ്ത്രീരത്നങ്ങളെ നാം ഇതിനകം പലരൂപത്തിലും ഭാവത്തിലും പലയിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

ശരീരത്തിന് ശിരസ് അലങ്കാരമാണ്. ശിരസിനെ സൗന്ദര്യമുള്ളതാക്കുന്നത് മുടിയാണ്. കറുത്ത മുടി. മുടി കൊഴിയുന്നതിനെയും നരയെയും  കഷണ്ടിയെയും ഒക്കെ ഭയക്കാത്തവരില്ല. അത് സൗന്ദര്യം അപഹരിക്കുകയോ ജീവിതത്തെ  കുറെക്കൂടി പിന്നിലാക്കുകയോ ചെയ്യുന്നതുകൊണ്ടാണ് വിഗ് വച്ച്  കഷണ്ടിയെയും മരുന്നു വച്ച് മുടികൊഴിച്ചി ലിനെയും നേരിടാൻ ശ്രമിക്കുന്നത്.

പുരുഷനെക്കാൾ സ്ത്രീകൾ കേശസംരക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധാലുക്കളാണ്.  സ്വന്തം ശരീരത്തിൽ ഒരുപക്ഷേ അവർ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതും മുടി തന്നെയാവും. തങ്ങളുടെ വ്യക്തിത്വത്തിന്റെ അനിവാര്യഘടകമായി മുടിയെ കരുതിപ്പോരുന്ന അനേകം സ്ത്രീകളുണ്ട്. സാധാരണ ജീവിതത്തിൽ ഉദ്ദിഷ്ടകാര്യങ്ങൾക്ക് വേണ്ടി ദൈവങ്ങൾക്ക് മുമ്പിൽ അല്ലാതെ സ്ത്രീകൾ മുണ്ഡനം ചെയ്യാറില്ല.
എന്നിട്ടും രണ്ടുസ്ത്രീകൾ തങ്ങളുടെ ശിരസ് മുണ്ഡനം ചെയ്തതിലൂടെ അടുത്തകാലത്ത് ശ്രദ്ധ നേടി.  രണ്ടുരീതിയിൽ.. രണ്ട് അവസ്ഥയിൽ… വാളയാറിലെ അമ്മയും ഏറ്റുമാനൂരിലെ ലതിക സുഭാഷും.

എന്തായിരിക്കാം ഈ സ്ത്രീകളെ അതിന് പ്രേരിപ്പിച്ചത്?
ഒറ്റവാക്കിൽ പറഞ്ഞാൽ നീതിനിഷേധം എന്ന് നമുക്ക് ഇതിനെ വിശേഷിപ്പിക്കാം.   രണ്ടുപേർക്കും രണ്ടുരീതിയിൽ നീതി നിഷേധിക്കപ്പെട്ടു. പക്ഷേ തുലാസിൽ തൂക്കിനോക്കുമ്പോൾ ഇവിടെ വാളയാറിലെ അമ്മയുടെ മുണ്ഡനം ചെയ്യപ്പെട്ട ശിരസിന് ഭാരക്കൂടുതലുണ്ട്. ഇരയാക്കപ്പെട്ട രണ്ടുപിഞ്ചു പെൺകുഞ്ഞുങ്ങളുടെ മരണത്തിന്റെ യഥാർത്ഥ ഉത്തരവാദികളെ കണ്ടെത്തുകയോ അവരെ അർഹിക്കുന്ന വിധത്തിൽ ശിക്ഷിക്കുകയോ ചെയ്യാത്തതുകൊണ്ടുള്ള ഭരണകൂടത്തോടുള്ള വിയോജിപ്പും വെല്ലുവിളിയുമാണ്  ആ അമ്മയെ അതിന് നിർബന്ധിതയാക്കിയത്. ഇവിടെ മുണ്ഡനം ചെയ്യപ്പെട്ടത് ശിരസ് മാത്രമല്ല, ജീവിതം തന്നെയാണ്. ആ ശിരസ് നമ്മെ വേട്ടയാടും. ഓരോ അച്ഛനമ്മമാരുടെയും വേദനയും സഹതാപവും ഐകദാർഢ്യവും അതിലുണ്ട്. നീതിനിഷേധിക്കപ്പെട്ട ഒരുപാട് അച്ഛനമ്മമാരുടെ വരുംകാലങ്ങളിൽ നീതിനിഷേധിക്കപ്പെടാൻ സാധ്യതയുള്ള ഒരുപാട് അച്ഛനമ്മമാരുടെ പ്രതിനിധിയാണ് വാളയാറിലെ അമ്മ. അതിനൊരുപൊതുസ്വഭാവമുണ്ട്. പൊതുമുഖമുണ്ട്.
എന്നാൽ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഏറ്റുമാനൂരിലെ മുണ്ഡനം. ശരിയായിരിക്കും പുരുഷകേന്ദ്രീകൃതമായ ഒരു പാർട്ടിയിലെ ഇഷ്ടാനിഷ്ടങ്ങളും ഉച്ചനീചത്വങ്ങളും സഹിക്കാനാവാതെയും അവഗണിക്കപ്പെട്ടതിലെ സങ്കടം താങ്ങാനാവാതെയുമായിരിക്കാം ലതിക അപ്രകാരം ചെയ്തത്. ആരോ പറഞ്ഞതുപോലെ അതിനെ വ്യക്തിപരമായ തീരുമാനമായേ കാണാൻ കഴിയൂ.

രാഷ്ട്രീയമായ മാനമുണ്ടാവാം, സമ്മതിച്ചു. എന്നാൽ അതിന് പൊതുസമൂഹത്തിന്റെ മുഖം കല്പിക്കാനാവില്ല.  കിട്ടാതെ പോയതുകൊണ്ടുള്ള വിയോജിപ്പുകൾ. അവിടെ എവിടെയാണ് സാമൂഹ്യമാനമുള്ളത്?  വിജയിച്ചവരെക്കാൾ തോറ്റുപോയവരാണ് ഇവിടെ കൂടുതലുള്ളത്. അല്ലെങ്കിൽ നോക്കൂ, എവിടെയൊക്കെ ഏതൊക്കെ തരത്തിൽ തോറ്റുപോയിട്ടുള്ളവരാണ്, അവഗണിക്കപ്പെട്ടവരാണ്, പിന്തള്ളപ്പെട്ടവരാണ് നമ്മുക്കിടയിലുള്ള അനേകർ. പരാജയപ്പെടുത്തിക്കളഞ്ഞവർ. സ്വജനപ്രീണനം വഴിയും വ്യക്തിതാല്പര്യങ്ങൾ മൂലവും അർഹതപ്പെട്ടത് പലതും നിഷേധിക്കപ്പെട്ടവർ. പക്ഷേ അവരിൽ എത്രപേർ പരസ്യമായ നീതിനിഷേധത്തോട് മറുതലിച്ചു? മീശവടിച്ചും ശിരസു വടിച്ചും പ്രതികരിച്ചു? ഒന്നുമുണ്ടായില്ല. കാരണം അവരെ പിന്തുണയ്ക്കാൻ അവരല്ലാതെ ആരുമുണ്ടായിരുന്നില്ല. അതവരുടെ വേദന മാത്രമായിരുന്നു. രാഷ്ട്രീയമില്ലാത്ത വേദനകൾ. പക്ഷേ ലതികയുടെ വേദന ഒരു  രാഷ്ട്രീയപ്പാർട്ടിയോടുള്ള വിയോജിപ്പിന്റെ വേദനയാണ്. അതിനോട് അനുരൂപപ്പെടാൻ സമാനചിന്താഗതിയുള്ളവർക്ക് കഴിഞ്ഞേക്കും. എന്നാൽ അതിനെ സാമാന്യവല്ക്കരിക്കേണ്ടതില്ല. ഒറ്റപ്പെട്ട പ്രതികരണമായി കണ്ട് ആദരവോടെ മാറിനില്ക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ.

സമൂഹത്തിലെ അനീതികളോട് സന്ധിയില്ലാസമരം ചെയ്യുമ്പോൾ അതിനോടുള്ള ഓരോരുത്തരുടെയും പ്രതികരണങ്ങൾ വ്യത്യസ്തങ്ങളാണ്. അത് നല്ലതോ ചീത്തയോ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ഒക്കെ ചെയ്യുന്നത് പ്രതികരണം പോലെ തന്നെ വ്യക്തിപരമായിരിക്കും. പൊതുനീതിക്കുവേണ്ടി ഒരാൾ  പ്രതികരിക്കുമ്പോൾ അതിൽ നിസ്വാർത്ഥതയുണ്ട്. എന്റെ കാര്യത്തിന് വേണ്ടി ഞാൻ പ്രതികരിക്കുമ്പോൾ സ്വാർത്ഥതയും.

നമ്മുടെ പ്രതിഷേധങ്ങളുടെ പിന്നിലെ ആത്മാർത്ഥതയെ ചിലപ്പോഴെങ്കിലും ചോദ്യം ചെയ്യുകയും സംശയിക്കുകയും ചെയ്യേണ്ടതുണ്ട്. എപ്പോഴാണ് നാം ചിലതിനെയൊക്കെ എതിർക്കുന്നത്? എപ്പോഴാണ് നാം സ്വരം ഉയർത്തുന്നത്? എനിക്ക് അവകാശപ്പെട്ടത് നിഷേധിക്കപ്പെടുമ്പോൾ, എന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടാതെ പോകുമ്പോൾ,  ഞാൻ ആഗ്രഹിച്ചത് എനിക്ക് കിട്ടാതെ പോകുമ്പോൾ, അതിനപ്പുറം എന്റെ സ്വാർത്ഥതയെ ഗൗനിക്കാതെ ഒരു പൊതുവിഷയത്തിന്റെ പേരിൽ എനിക്ക് പ്രതിഷേധിക്കാൻ കഴിയുന്നുണ്ടോ? എന്റെ പ്രതിഷേധം വിലപിടിപ്പുള്ളതാകുന്നത് അപ്പോഴാണ്.

വാൽക്കഷ്ണം: ക്ലാസിലെ ആ കുട്ടിക്ക് കാ്ൻസർ. കീമോത്തെറാപ്പി കഴിഞ്ഞ് സ്‌കൂളിലേക്ക് പോകാൻ തുടങ്ങിയപ്പോഴേക്കും മുടി പൂർണ്ണമായും കൊഴിഞ്ഞു. ഇങ്ങനെ പോകുന്നതിൽ അവൾക്ക് സങ്കടമുണ്ടാവുമെന്ന്  കുട്ടിയുടെ അധ്യാപികയ്ക്ക് മനസ്സിലായി. അവൾ ഇക്കാര്യം വിദ്യാർത്ഥികളോട് പങ്കുവയ്ക്കുകയും ചെയ്തു. അപ്പോൾ ഒരു കുട്ടി എണീറ്റുനിന്നു പറഞ്ഞു. ഞാനും നാളെ അവൾക്ക് ഐകദാർഢ്യം പ്രഖ്യാപിച്ച് തല മുണ്ഡനം ചെയ്യാം. അടുത്തകുട്ടിയും അതുതന്നെ പറഞ്ഞു. അടുത്ത ദിവസം കാൻസർ രോഗിണിയായ പെൺകുട്ടി സ്‌കൂളിൽ എത്തിയപ്പോൾ കണ്ടത് സ്‌കൂൾ മുഴുവനും മൊട്ടക്കുട്ടികളെ… ചില പ്രതികരണങ്ങൾ പ്രതിഷേധം മാത്രമല്ല താദാത്മ്യപ്പെടൽകൂടിയാണ്. അന്യനെ തന്നെ പോലെ പരിഗണിക്കുന്നവർക്ക് മാത്രം കഴിയുന്ന ഒന്ന്. പ്രതികരിക്കുമ്പോൾ ഇങ്ങനെയുളള ചില പ്രതികരണങ്ങൾ കൂടി നമ്മൾ ഓർത്തിരുന്നുവെങ്കിൽ.

More like this
Related

കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ  

ജനാധിപത്യത്തിന്റെ മഹത്തായ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയാണ് രാജ്യം മുഴുവൻ.  ഇക്കഴിഞ്ഞ ജൂലൈ...

മനുഷ്യനായി ജീവിക്കാൻ

''ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായാണ് എന്റെ സമരം. വെള്ളക്കാരുടെ മേൽക്കോയ്മയ്‌ക്കെതിരെ ഞാൻ പോരാടും,...

വീണ്ടും നിപ്പയുടെ ഭീതിയിൽ

പ്രളയത്തിനും കോവിഡിനും ശേഷം മറ്റൊരു ഭീതിയിലൂടെയാണ് കേരളം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നിപ്പ....

സൂര്യഗ്രഹണത്തിൽ തൂക്കി എറിയപ്പെട്ട ഒരു തരിമണൽ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ എഴുതിയതുപോലെ മറച്ചുവെക്കുന്ന എല്ലാ വസ്തുക്കളും തുറന്നു...
error: Content is protected !!