ശാന്ത മഹാസമുദ്രത്തിനടുത്ത ഒരു ദ്വീപസമൂഹത്തിലെ ഒരു ആദിവാസി ഗോത്ര സമൂഹത്തിലെ മൂപ്പനോട് അവരുടെ ഏറ്റവും വലിയ സുകൃതം ഏതാണ് എന്നു മിഷണറിമാർ ചോദിച്ചു. തങ്ങളുടെ ഏറ്റവും വലിയ സുകൃതം ഏറ്റവും വലിയ തിന്മയുമായി ബന്ധപ്പെട്ടാണ് അവർ കണക്കാക്കിയിരുന്നത്. എന്താണ് ആ തിന്മ….? ‘കായ്‌പോ’ എന്നതാണ് ആ തിന്മയെ അവർ വിളിക്കുക. ആ വാക്കിനർത്ഥം ‘ഒറ്റയ്ക്ക് ഭക്ഷിക്കുക’ എന്നതാണ്. ഒരാൾ തന്റെ ഭക്ഷണം മറ്റൊരാൾക്കു പങ്കുവെക്കാതെ ഭക്ഷിക്കുക എന്നതാണ് തങ്ങളുടെ ഏറ്റവും വലിയ തിന്മയായി അവർ കണക്കാക്കിയിരുന്നത്. സുകൃതമാകട്ടെ പരസ്പരം പങ്കു വെച്ചു ഭക്ഷിക്കുക എന്നതും. ഈ ഗോത്രവർഗക്കാർ ഒരുമിച്ചു ഭക്ഷിക്കാൻ ഒരാളെപോലും കിട്ടാതെ വന്നാൽ തങ്ങൾക്കു കിട്ടിയ ഭക്ഷണം എടുത്തു വച്ചു ദിവസങ്ങളോളം മറ്റൊരാൾക്ക് വേണ്ടി കാത്തിരിക്കുമത്രെ…കേൾക്കുമ്പോൾ ഒരൽപ്പം അതിശയോക്തി തോന്നാം എങ്കിലും സംസ്‌ക്കാരത്തിന്റെ നാഗരികത തൊട്ടു തീണ്ടിയില്ലാത്ത ഈ ഗോത്ര സംസ്‌കാര ജീവിതരീതി നമുക്ക് മുന്നിൽ ഒരു വെല്ലുവിളി ആണ്.
കേരളത്തിലെ കോവിഡ് കാലത്തിനു വയസു ഒന്നു പൂർത്തിയായി കഴിഞ്ഞു. വിശ്രമമില്ലാത്ത മനുഷ്യന്റെ ഓട്ടത്തിനു ഒരറുതി വരുത്തി ഈ കോവിഡ് കാലം. ഈ കാലം നമ്മെ പഠിപ്പിച്ച സുകൃതങ്ങളിൽ ഒന്നു ഉള്ളത് പങ്കുവച്ചു ജീവിക്കുക എന്നത് തന്നെയാണ്. വീട്ടു മുറ്റത്തെ ചക്കയ്ക്കും മാങ്ങായ്ക്കുമെല്ലാം ഇത്രയേറെ രുചി ഉണ്ടെന്നു ഒരു ഇടവേളക്കു ശഷം നമ്മൾ തിരിച്ചറിഞ്ഞു. ഇന്ന് വച്ചതു പോലും നാളെ കിട്ടിയിലെങ്കിലോ എന്നു കരുതി അത്രമേൽ ശ്രദ്ധിച്ചാണ് ലോക്ഡൗണിന്റെ ആദ്യനാളുകളിൽ നാം അന്നം വിളമ്പിയത്. അത്രമേൽ ശ്രദ്ധയോടെ നാം പങ്കിട്ടു കഴിക്കുകയും ചെയ്തു.
വാസ്തവത്തിൽ ഉള്ളത് മറ്റുള്ളവരുമായി പങ്കുവക്കുക എന്നതിൽ കവിഞ്ഞ സുകൃതം മറ്റേണ്ടതുണ്ട്? അതു ഭക്ഷണമാകട്ടെ, ധനമാകട്ടെ അറിവാകട്ടെ, സന്തോഷമാകട്ടെ പങ്കു വെക്കാൻ നാം പഠിക്കണം. നാം അറിയാതെ തന്നെ ഒരു ‘കായ്‌പോ സിൻഡ്രോം’ നമ്മുടെ ജീവിത ശൈലിയിൽ കടന്നു കൂടിയിട്ടുണ്ട്. എല്ലാം ഒറ്റക്ക് ആസ്വദിക്കാനും അനുഭവിക്കാനുമുള്ള ഒരു ത്വര നമുക്ക് കൂടി വരുന്നുണ്ട്. (ലക്ഷദീപിലെ പാരമ്പര്യം അനുസരിച്ചു കടലിലെ ഏറ്റവും സ്വാർത്ഥർ ആണ് കുതിര മീനുകൾ. സത്യത്തിൽ എല്ലാ മനുഷ്യരും ഓരോ കുതിര മീനുകൾ ആണ്. സ്വന്തം ലാഭം മാത്രം ലക്ഷ്യം വച്ചു നീങ്ങുന്ന കുതിര മീനുകൾ! ഈയിടെ വണ്ടിയിടിച്ച് മരിച്ച ഒരു ഭിക്ഷക്കാരന്റെ ഭാണ്ഡക്കെട്ടിലെ നോട്ട് കെട്ടുകൾ വലിയ വാർത്തയായിരുന്നു. ആർക്കു വേണ്ടിയാകും അയാളത് സൂക്ഷിച്ചു വച്ചത് എന്ന സംശയം വായനക്കാരന് ബാക്കി ആവുന്നുണ്ട്. പങ്കു വെക്കാതെ പോകുന്നതെല്ലാം പാഴായി പോകുന്നു എന്ന ബോധോദയത്തിലേക്കു നാം ഉണരേണ്ടിയിരിക്കുന്നു. കൊടുത്തും വാങ്ങിയും പകുത്തും പങ്കുവെച്ചുമൊക്കെയാണ് നാം ഇതുവരെ വളർന്നു വന്നിട്ടുള്ളത്). No man is an Island എന്നു പറയാറുണ്ടല്ലോ. മനുഷ്യരാരും ഒറ്റപ്പെട്ട ദ്വീപുകൾ അല്ല, അങ്ങനെ ആവുകയും അരുത്.
ബൈബിളിൽ ഈശോ അപ്പം വർധിപ്പിച്ചതിനെക്കുറിച്ചു ഇന്ത്യൻ ബൈബിൾ പണ്ഡിതൻ ജോർജ് സോറസ് പ്രഭുവിന്റെ ഒരു നിരീക്ഷണം ഉണ്ട്. ജനക്കൂട്ടം തങ്ങൾക്കുള്ള ഭക്ഷണം ഒരു പക്ഷെ കൊണ്ടുവന്നിരിക്കാം അത് അവർ പുറത്തെടുക്കാൻ മടിച്ചു. പിന്നീട് ഈശോയുടെ വാക്കുകൾ കേട്ട ഒരു ബാലൻ അതു പുറത്തുടുത്തപ്പോൾ ജനക്കൂട്ടം മുഴുവനും തങ്ങൾക്കുള്ളതു പുറത്തെടുക്കാനും പങ്കുവെക്കാനും തയ്യാറായി. അതാണ് അവിടെ നടന്ന അത്ഭുതവും. ഉള്ളത് മറ്റുള്ളവരുമായി ഒന്നു പങ്കു വക്കാൻ തയ്യാറാവുക. നമ്മൾ പ്രതീക്ഷിക്കുന്നതിൽ അപ്പുറമുള്ള അത്ഭുതം നടക്കും തീർച്ച.
‘കായ്‌പോ’ സിൻഡ്രോം
Date: