ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്. ആ ഗന്ധം അവർ ഉപയോഗിക്കുന്ന പൗഡറിന്റെയോ പെർഫ്യൂമിന്റെയോ സോപ്പിന്റെയോ ആവാം. സ്നേഹം തോന്നിക്കുന്ന, അടുപ്പം തോന്നിക്കുന്ന വൈകാരികമായ അനുഭവം ഉണർത്തുന്നതാവാം ആ ഗന്ധം പലപ്പോഴും. പക്ഷേ അവയൊന്നുമല്ല യഥാർത്ഥത്തിലുള്ള ശരീര ഗന്ധം. അത് ഒരു വ്യക്തിയുടെ ശരീരം ഉല്പാദിപ്പിക്കുന്ന തനതായ ഗന്ധമാണ്. ഇങ്ങനെയുള്ള ഗന്ധം പലപ്പോഴും നമുക്ക് ഹൃദ്യമായിരിക്കണം എന്നില്ല. പ്രായമനുസരിച്ചും പ്രായഭേദമനുസരിച്ചും പ്രായം കൂടുന്നത് അനുസരിച്ചും ഗന്ധം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.
ആരോഗ്യസ്ഥിതി, കഴിക്കുന്ന മരുന്നുകൾ, രോഗം, ആഹാരശൈലി, ഹോർമോൺ വ്യതിയാനം എന്നിങ്ങനെ പലപല ഘടകങ്ങൾ കൊണ്ട് ശരീരഗന്ധം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ചില അസുഖങ്ങൾ മൂലം ശരീരഗന്ധം വ്യത്യാസപ്പെടാറുണ്ട്. പ്രമേഹം അതിൽ പ്രധാനപ്പെട്ടതാണ്. വളരെ കൂടിയ തോതിൽ കീറ്റോൺ പ്രമേഹരോഗികളിൽ ഉല്പാദിപ്പിക്കപ്പെടുന്നതാണ് ഈ ഗന്ധവ്യതിയാനത്തിന് കാരണം. അതുപോലെ ഹൈപ്പർ തൈറോയ്ഡും കരൾസംബന്ധമായ രോഗങ്ങളും ശരീരത്തിൽ ഗന്ധവ്യത്യാസം സൃഷ്ടിക്കാറുണ്ട്. പ്രായം കൂടുന്നത് അനുസരിച്ച് സൃഷ്ടിക്കപ്പെടുന്ന ഹോർമോൺ വ്യതിയാനം ശരീരഗന്ധത്തിൽ പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ പ്രായമായവരുടെ കാര്യം ഇതിൽ നിന്ന് വ്യത്യസ്തമാണ്. വൃദ്ധരുടെ ഗന്ധം പലപ്പോഴും ചെറുപ്പക്കാരിൽ ഈർഷ്യയുണ്ടാക്കിയേക്കാം. ഫാറ്റി ആസിഡുകൾ പ്രായമേറിയവരിൽ കൂടുതൽ ഉല്പാദിപ്പിക്കപ്പെടാറുണ്ട്.
ശരീരഗന്ധം മനസ്സിലാക്കി പ്രായം പോലും തിട്ടപ്പെടുത്താൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന രാസവസ്തുക്കൾ വിയർപ്പിലൂടെ പുറംതള്ളുമ്പോൾ പലതരത്തിലുള്ള ഗന്ധങ്ങൾ ചെറുപ്പക്കാരിലും ഉണ്ടാക്കപ്പെടുന്നുണ്ട്. ശരീരത്തിൽ ജലാംശം കുറഞ്ഞാൽ ശ്വാസത്തിന്റെ ഗന്ധം മാറിത്തുടങ്ങുന്നത് സ്വഭാവികമായ ഒരു കാര്യമാണല്ലോ. ഉമിനീരിന്റെ അളവ് കുറഞ്ഞാലും വായ് കുറച്ചുനേരം കഴുകാതെ ഇരുന്നാലും വായ് വേഗം വരണ്ടുപോകുകയും തന്മൂലം ബാക്ടീരിയ വേഗത്തിൽ വർദ്ധിക്കുകയും ചെയ്യും. ഇത് ശ്വാസോച്ഛാസത്തിൽ ദുർഗന്ധം സൃഷ്ടിക്കും. പലപ്പോഴും സ്വന്തം ശരീരഗന്ധത്തെക്കുറിച്ച് അവനവർ ബോധവാന്മാരേയല്ല എന്നതാണ് വാസ്തവം. വഹിക്കുന്നവരെക്കാൾ സഹിക്കുന്നവരാണ് അത് തിരിച്ചറിയുന്നത്. പരമാവധി ശുചിത്വം പാലിക്കുകയും ഭക്ഷ്യവിഭവങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ ഒരു പരിധിവരെ ചില ശരീരദുർഗന്ധങ്ങൾ ഒഴിവാക്കാൻ നമുക്ക് സാധിക്കും.
ഗന്ധത്തിലും കാര്യമുണ്ട്
Date: