എല്ലാവരും കാണേണ്ട കുടുംബ ചിത്രം

Date:

spot_img

ഓപ്പറേഷൻ ജാവ എന്ന് കേൾക്കുമ്പോൾ  അത് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ചിത്രമല്ല എന്നൊരു തോന്നൽ സ്വഭാവികമാണ്. ഒരു കുറ്റാന്വേഷണ ചിത്രമെന്നോ ത്രില്ലർ മൂവിയെന്നോ ഒക്കെയുള്ള പ്രതീതിയുണ്ടാക്കുന്ന പോസ്റ്ററുകളുമാണ്. ഒരുപക്ഷേ ഓപ്പറേഷൻ ജാവ അതൊക്കെയാണ്. എന്നാൽ അതിനപ്പുറം ഇതൊരു കുടുംബചിത്രം കൂടിയാണ്. സകുടുംബം കാണേണ്ട ചിത്രം. കാരണം നമ്മുടേത് ഒരു സൈബർ ലോകമാണ്.

ഈ ലോകത്തിൽ നാം അറിയാത്തതും മനസ്സിലാക്കാത്തതുമായ ഒരുപാട് കാര്യങ്ങളുണ്ട്. കുറെയധികം ചതിക്കുഴികളും വഞ്ചനകളും കാപട്യങ്ങളുമുണ്ട്. എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ഈ സൈബർലോകത്തിൽ ആരുവേണമെങ്കിലും ചതിക്കും വഞ്ചനയ്ക്കും ഇരയാക്കപ്പെടാം. അതുകൊണ്ടുതന്നെ അത്തരമൊരു അവബോധം ഉണ്ടാക്കുന്നുണ്ട് പ്രസ്തുത ചിത്രം. പക്ഷേ ഇതൊരു സോദ്ദേശ്യ ചിത്രവുമല്ല. ഒരു എന്റർടെയ്ൻമെന്റ് സിനിമയിൽ നിന്ന് ഒരു സാധാരണ പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന എല്ലാവിധ ചേരുവകളും അതിശയോക്തിയില്ലാതെയും അളവു തെറ്റാതെയും ഇതിൽ ചേർത്തിട്ടുണ്ട്.

സൗഹൃദങ്ങളുടെ നന്മ, തൊഴിൽ രഹിതരായ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ പ്രതിസന്ധികൾ, പ്രായോഗികതയുടെ മുമ്പിൽ പ്രണയത്തെ ബലികഴിക്കേണ്ടിവരുന്ന പുതിയ തലമുറയുടെ സന്ദിഗ്ദതകൾ,   ഉദ്യോഗസ്ഥവൃന്ദങ്ങൾക്കിടയിലെ സുപ്പീരിയോരിറ്റി കോപ്ലക്സും അസൂയയും.. ഇങ്ങനെ ഓരോ കഥാപാത്രങ്ങളിലൂടെയും കടന്നുപോകുമ്പോൾ നാം ഓരോ ജീവിതങ്ങളെ തന്നെയാണ് സ്പർശിക്കുന്നത്. അതിൽ ചിലർ നമ്മുടെ കണ്ണു നിറയ്ക്കും, ചിലരോടുള്ള വലിയ ബഹുമാനം കൊണ്ട് നമ്മുടെ ശിരസ് കുനിഞ്ഞുപോകും. ചിലർ നമ്മെ അസ്വസ്ഥരാക്കും. ചിലർ നമ്മെ വല്ലാതെ ആകർഷിച്ചുകളയും.
സൈബർ ലോകത്തെ ചതികളെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ.  അന്യരായ ആളുകൾ മാത്രമല്ല ചതിക്കപ്പെടുന്നത്. സ്വന്തം മക്കൾ പോലും ഏതൊക്കെയോ തരത്തിൽ മാതാപിതാക്കളെ ചതിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ മാതാപിതാക്കൾക്ക് മൊബൈൽ ഫോൺ, ആരെയെങ്കിലും ഫോൺ ചെയ്യുന്നതിനപ്പുറം അതേിന്റെ വിവിധ സാധ്യതകളെയും ഉപയോഗത്തെയും കുറിച്ച് വലിയ ഗ്രാഹ്യമൊന്നുമില്ല. കമ്പ്യൂട്ടറിനെക്കുറിച്ച് അത്രയും കൂടി അറിയില്ല. അതുകൊണ്ട് ഇതുരണ്ടുമായി കഴിച്ചുകൂട്ടുന്ന മക്കൾ പഠിക്കുകയാണെന്നല്ലാതെ മറ്റൊരു വിചാരം പാവം മാതാപിതാക്കൾക്ക് ഉണ്ടാകാറുമില്ല. അതിനപ്പുറം വല്ല തെറ്റിദ്ധാരണയുമുണ്ടെങ്കിൽ പോണോഗ്രഫി എന്ന ലോകവും ഏതെങ്കിലും പ്രണയബന്ധത്തിന്റെ ചാറ്റിംങുമായിരിക്കും.

എന്നാൽ  അതൊന്നുമല്ല ഇപ്പോഴത്തെ കുട്ടികളുടെ ലോകമെന്ന് പ്രേമം സിനിമ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്ത സംഭവത്തെക്കുറിച്ചുള്ള വിവരണത്തിലൂടെ നമുക്ക് ബോധ്യമാകുന്നു. ഇന്ദ്രപ്രസ്ഥം എന്നൊരു സിനിമ തൊണ്ണൂറുകളിൽ മലയാളത്തിൽ പുറത്തിറങ്ങിയിരുന്നു. കമ്പ്യൂട്ടർ പ്രചാരത്തിലാകുന്നതിന് മുമ്പുള്ള സിനിമ. മോർഫിംങ് എന്ന സാങ്കേതികവിദ്യയെ മലയാളത്തിന് പരിചയപ്പെടുത്തിയത് ആ സിനിമയായിരുന്നു. ഇന്ന് അതിനെക്കാൾ എത്രയോ അതിദൂരം സാങ്കേതികവിദ്യയും ലോകവും പുരോഗമിച്ചിരിക്കുന്നു. അത്തരമൊരു കാലത്തിൽ ഒരു വീട്ടമ്മയ്ക്ക് സംഭവിക്കുന്ന ദുരന്തത്തെ എത്രയോ ഹൃദയാകർഷകമായി്ട്ടാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സത്യം അറിയാൻ വേണ്ടിയുള്ളപോരാട്ടങ്ങളും അതിജീവനത്തിന്റെ  കരുത്തും പ്രേക്ഷകർക്ക് പകർന്നുതരുന്നുണ്ട് ഇതിലെ ദമ്പതികൾ. തന്റേതല്ലാത്ത തെറ്റു കൊണ്ട് ഇന്റർനെറ്റിൽ വൈറലാകുന്ന അശ്ലീലഫോട്ടോകളുടെ പേരിൽ ജീവൻ നഷ്ടപ്പെടുത്തേണ്ടതില്ലെന്നും സത്യം തെളിയിക്കാൻ ഇന്ന് ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉണ്ടെന്നും ഈ ചിത്രം പറഞ്ഞുതരുന്നു. ഷോപ്പിംങ് മാളുകളിലെ ലക്കി ഡ്രോ തിരഞ്ഞെടുപ്പുകളിൽ സ്വന്തം പേരും വിലാസവും എഴുതിക്കൊടുക്കുന്നതിലെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ഇതൊരുപക്ഷേ ആദ്യമായിട്ടായിരിക്കും. പ്രേക്ഷകർ മനസ്സിലാക്കുന്നത്. സ്വന്തം ഫോൺ എത്ര വിശ്വാസമുള്ള ആളുടെ പോലും കയ്യിൽ കൊടുക്കരുതെന്ന് പാഠവുമുണ്ട് ജാവ പറഞ്ഞുതരുന്നതായിട്ട്. ഇങ്ങനെ നോക്കിയാൽ ഒരുപാട് പാഠങ്ങൾ.. അതുകൊണ്ടാണ് മാതാപിതാക്കളും കുട്ടികളും ഒരുമിച്ചിരുന്ന് കാണേണ്ടതാണ് ഈ സിനിമയെന്ന് തുടക്കത്തിലെഴുതിയത്.

സൈബർ സെൽ എന്ന ഉദ്യോഗസ്ഥ വൃന്ദർ അടങ്ങുന്നലോകത്തെ സാമാന്യമായിട്ടെങ്കിലും മനസ്സിലാക്കാനും ഈ സിനിമ അവസരമൊരുക്കുന്നുണ്ട്.  കുറ്റം തെളിയിക്കുന്നതിൽ അവരുടെ കഴിവും പ്രതിബദ്ധതയും സമർപ്പണവും. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ദിനംപ്രതി പത്രങ്ങളിൽ വരുന്ന വാർത്തകൾക്കെല്ലാം പ്രതിഭാധനനായ ഒരു ചലച്ചിത്രകാരന്റെ കണ്ണിൽ സിനിമകൾക്ക് സ്‌കോപ്പുണ്ട് എന്നുകൂടി പറയേണ്ടിവരും.
ചുരുക്കത്തിൽ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന മലയാളസിനിമയുടെ പുതിയ മുഖമാണ് ഓപ്പറേഷൻ ജാവ. ഇന്നേവരെ മലയാളത്തിൽ ആരും പറഞ്ഞിട്ടില്ലാത്ത കഥയുമായിട്ടാണ് തരുൺ മൂർത്തി എന്ന പുതുമുഖ സംവിധായകനും തിരക്കഥാകൃത്തും കൂടി മലയാളക്കരയെ കീഴടക്കിയിരിക്കുന്നത്. കഥയ്ക്ക് അനുയോജ്യർ താരങ്ങളല്ല നടീനടന്മാരാണ് എന്നാണ് ഏറെക്കുറെ പുതുമുഖങ്ങൾ മാത്രമായ ഈ സിനിമയിലൂടെ നാം തിരിച്ചറിയുന്നത്. ബാലു വർഗീസ് എന്ന സഹനടനെ ഇങ്ങനെയൊരു പക്വതയോടെ മലയാളം കണ്ടിട്ടേയില്ല. ബാലു എത്ര ഗംഭീരമായിട്ടാണ് തന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.

ലുക്ക്മാൻ, ബിനു പപ്പു, വിനായകൻ, ഇർഷാദ്.. ഒന്നിനൊന്നിന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച എത്രയെത്ര അഭിനേതാക്കൾ.
അഭിനന്ദനങ്ങൾ തരുൺമൂർത്തി,  കോവിഡിൽനിന്നും ലോകം ഇനിയും മുക്തമാകാതിരുന്നിട്ടും കാമ്പുള്ള ഒരു സിനിമയെ തീയറ്ററുകളിലെത്തിച്ച് അനുഭവവേദ്യമാക്കിയതിന്…

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...
error: Content is protected !!