ആരോഗ്യത്തിന് പൊതുവെ പ്രതികൂലമായ കാലാവസ്ഥയാണ് വേനൽക്കാലം. ശരീര ബലം ഈ അവസ്ഥയിൽ വളരെ കുറഞ്ഞിരിക്കും. അതുകൊണ്ട് തന്നെ വേനൽക്കാലത്ത് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തേ മതിയാവൂ.
ചിക്കൻ പോക്സ്, സൂര്യാഘാതം, നേത്രരോഗങ്ങൾ, മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്,വയറിളക്കം എന്നിങ്ങനെ വേനൽക്കാലത്ത് പിടിപെടാവുന്ന നിരവധി അസുഖങ്ങളുണ്ട്. ഇവയിൽ ചിലതൊക്കെ പകർച്ചവ്യാധികളുമാണ്. വെള്ളം, ആഹാരം എന്നിവയുടെ ശുചിത്വം വേനൽക്കാലത്ത് വളരെ പ്രധാനപ്പെട്ടതാണ്.
ഹെർപ്പിസ് വൈറസ് കുടുംബത്തിൽ പെട്ടെ വെരിസെല്ലസോസ്റ്റർ എന്ന വൈറസ് ആണ് ചിക്കൻപോക്സിന് കാരണം. രോഗാണു ശരീരത്തിൽ പ്രവേശിച്ച് പ്ത്തുമുതൽ ഇരുപത്തിയൊന്ന് ദിവസത്തിനുളളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. പനി, ജലദോഷം, ക്ഷീണം, അതികഠിനമായ ശരീരവേദന എന്നിവയാണ് ചിക്കൻപോക്സിന്റെ രോഗലക്ഷണങ്ങൾ.
കണ്ണുകൾക്ക് പ്രത്യേക ശ്രദ്ധ വേനൽക്കാലത്ത് കൊടുക്കണം. കടുത്ത വേനലും പൊടിപടലങ്ങളും കൂടി നേത്രരോഗങ്ങൾക്ക് വഴിതെളിക്കുന്നു. കണ്ണിന് ചുവപ്പുനിറം, കണ്ണിൽ പീളകെട്ടൽ, ചൊറിച്ചിൽ, വേദന,കണ്ണിൽ നിന്ന് വെള്ളംവരിക എന്നിവയാണ് ചെങ്കണ്ണിന്റെ പ്രധാന ലക്ഷണങ്ങൾ.
വിശപ്പില്ലായ്മ, ക്ഷീണം,വയറുവേദന, മനംപിരട്ടൽ, ഛർദ്ദി, പനി മൂത്രത്തിന്റെ നിറം മാറ്റം എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
ഛർദ്ദി, അതിസാരം എന്നീ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെട്ട് രോഗിയെ മരണത്തിലേക്ക് വരെ കൂട്ടിക്കൊണ്ടുപോകാവുന്ന രോഗമാണ് കോളറ. വയറിളക്കം സാധാരണ കുട്ടികളിലാണ് കൂടുതലായും കണ്ടുവരുന്നത്. ഒരു ദിവസത്തിൽ മൂന്നു തവണയിൽ കൂടുതലായി ശോധന കാണപ്പെടുന്നുവെങ്കിൽ വയറിളക്കമായി സംശയിക്കേണ്ടിയിരിക്കുന്നു.
സൂര്യാഘാതംകേരളത്തിൽ സാധാരണമായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സൂര്യാഘാതമേറ്റ് പൊള്ളൽ മുതൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. ശരീര ക്ഷീണം, തളർച്ച എന്നിവയെല്ലാം സൂര്യാഘാതം മൂലം അനുഭവപ്പെടാ
റുണ്ട്.
നിർ്ജ്ജലീകരണം തടയുക എന്നതാണ് വേനൽക്കാലത്ത്പ്രധാനമായും ചെയ്യേണ്ടത്, ധാരാളം വെള്ളം കുടിക്കുക. എന്നാൽ ഒറ്റയടിക്ക് വെള്ളം കുടിക്കാതെ അല്പാല്പമായി ഇടവിട്ടാണ് വെള്ളം കുടിക്കേണ്ടത്. വെയിലത്ത് നിന്നു വന്ന ഉടൻ തന്നെ തണുത്തവെള്ളം കുടിക്കരുത്, അതുപോലെ തണുത്ത വെള്ളത്തിൽ കുളിക്കുകയും ചെയ്യരുത്. കരിക്കിൻവെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം എന്നിവ വളരെ നല്ലതാണ്.
ചുക്ക്, ജീരകം ഇവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വേനൽക്കാലത്ത് നല്ലതല്ല. ചായ, കാപ്പി, എരിവ്, പുളി, ഉപ്പ്,പപ്പടം, അച്ചാർ, മസാല,കൃത്രിമ ശീതളപാനീയങ്ങൾ, മദ്യം, ബിയർ, എണ്ണപ്പലഹാരം, മത്സ്യം, മുട്ട, മാംസം എന്നിവ പൂർണ്ണമായും ഉപേക്ഷിക്കുകയോ അല്ലെങ്കിൽ അവയുടെ ഉപയോഗത്തിൽ നിയന്ത്രണം വരുത്തുകയോ ചെയ്യണം. മുന്തിരി, ഓറഞ്ച്, ആപ്പിൾ, തണ്ണിമത്തൻ എന്നിവ ധാരാളം കഴിക്കുക. ഊണിന് ശേഷം കുറച്ചുനേരം കിടക്കുന്നതും രണ്ടുനേരം തണുത്തവെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്.
മുൻകരുതലുകൾ
സൂര്യാഘാതത്തെ നേരിടാൻ ഉച്ചസമയത്തെ വെയിൽ നേരിട്ടേൽക്കാതിരിക്കുക. വെയിലത്ത് പണി ചെയ്യേണ്ടിവരുന്നവർക്ക് ഇതിന് വേണ്ടി സർക്കാർ ്തന്നെ സമയം പുതുക്കിനിശ്ചയിക്കാറുണ്ട്. പുറത്ത് സഞ്ചരിക്കേണ്ട സാഹചര്യത്തിൽ അയ്ഞ്ഞതും ഇളം നിറത്തിലുള്ളതും കനം കുറഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. അൾട്രാവയലറ്റ് കോട്ടിംങുള്ള കുട ഉപയോഗിക്കുന്നതും നല്ലതാണ്.
കണ്ണും കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതും കണ്ണുകൾ ഇടയ്ക്കിടെ ശുദ്ധജലം കൊണ്ട് കഴുകുന്നതും നേത്രരോഗങ്ങളെ നേരിടാൻ ഫലപ്രദമാണ്. സൺഗ്ലാസുകൾ ഉപയോഗിക്കുന്നതും നല്ലതാണ്.
വൃത്തിഹീനമായ പരിസരങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുമാണ് മഞ്ഞപ്പിത്തത്തിനും കോളറ, ടൈഫോയ്ഡ് എന്നിവയ്ക്കും കാരണമാകുന്നതിനാൽ അത്തരം സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കാതിരിക്കുകയും ശുദ്ധജലം കുടിക്കാനുപയോഗിക്കുകയും ചെയ്യുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക, പരിസരശുചിത്വവും ശരീരശുചിത്വവും പാലിക്കുക.
സൗന്ദര്യം വാടാതെ നോക്കാം
വേനൽക്കാലം ആരോഗ്യകാര്യങ്ങളിൽ മാത്രമല്ല സൗന്ദര്യകാര്യങ്ങളിലും ശ്രദ്ധ കൊടുക്കേണ്ട സമയമാണ്. കാരണം മുഖത്തിന്റെയും കഴുത്തിന്റെയും ചർമ്മം വെയിലേറ്റ് വരണ്ടുപോകാനും അഴുക്കുംവിയർപ്പും അടിഞ്ഞുകൂടാനും കരുവാളിക്കാനും വേനൽക്കാലം ഇടയാകാറുണ്ട്. ദിവസം രണ്ടുനേരം ഫേസ് വാഷോ ഗ്ലിസറിൻ സോപ്പോ ഉപയോഗിച്ച് മുഖം കഴുകണം. റോസ് വാട്ടർ മുഖത്തു പുരട്ടുന്നതും നല്ലതാണ്. അതുപോലെ വെയിലേറ്റ് കരുവാളിക്കുന്നത് കുറയ്ക്കാനായി തണ്ണീർമത്തൻ ജ്യൂസ് പുരട്ടുക.വെയിൽ കൊണ്ടുവന്നുകഴിയുമ്പോൾ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക.എന്നാൽ കൂടുതൽ തണുത്തതോ ചൂടുള്ളതോ ആയ വെള്ളം മുഖം കഴുകാൻ ഉപയോഗിക്കുകയുമരുത്. കുളിക്കുന്നതിന് അരമണിക്കൂർ മുമ്പ് പുനർനവാദിതൈലം പഞ്ചാമ്ല തൈലം പിണ്ഡതൈലം ഇവയിലേതെങ്കിലും ഒന്ന് ശരീരത്തിൽ തേച്ചുകുളിക്കുന്നത് നല്ലതാണെന്ന് ആയുർവേദം പറയുന്നു.