ചക്ക മാഹാത്മ്യം!

Date:

spot_img

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ, ഏറ്റവും രുചിയുള്ള, നാരുകളുള്ള ഒരു പഴമാണ്  ചക്ക. ആരോഗ്യദായകവും ഔഷധഗുണവുമുള്ളതാണ് ചക്ക. കൂടുതൽ വിഭവസമൃദ്ധമായതിനാൽ വയറു നിറയെ കഴിക്കാനും മതിവരുവോളം ആസ്വദിച്ചു കഴിക്കാനും കഴിയുന്നു. ചക്കയെന്ന് പറയുമ്പോൾ സാധാരണഗതിയിൽ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് ഒരേ തരം ചക്കയാമ്. എന്നാൽ ആകൃതിയിലും വലുപ്പത്തിലും തൂക്കത്തിലും ഇത്രമാത്രം വൈവിധ്യമുള്ള മറ്റൊരു പഴവർഗ്ഗം ഉണ്ടോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. പന്തുപോലെ ഉരുണ്ട ചക്കയും പന്തിനെക്കാൾ നീളമുള്ള ചെറിയ ചക്കയും വളരെ നീളമുളള ചക്കയും വലുപ്പമുളളതും ഭാരമുള്ളതും തീരെ ചെറുതുമായ ധാരാളം ചക്കകൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. വർഷത്തിലെ എല്ലാ ദിവസവും ഫലം തരുന്നതുമുതൽ വർഷത്തിലെ പ്രത്യേക കാലയളവിൽ മാത്രം ഉണ്ടാകുന്നതുവരെയുള്ള എത്രയോ ചക്കകളുണ്ട് നമുക്ക് മുമ്പിൽ. കൈ നീട്ടി പറിച്ചെടുക്കാൻ കഴിയുന്നതുമുതൽ പ്ലാവിൽ കയറി പറിച്ചെടുക്കാവുന്നതുവരെയുള്ള ചക്കകളുമുണ്ട്. കൈവിരലിൽ എണ്ണിതീർക്കാവുന്നതു തൊട്ട് ആയിരക്കണക്കിന് എണ്ണം കായ്ക്കുന്നതു വരെയുള്ള പ്ലാവുകളുമുണ്ട്.

ഒരു കാലത്ത് നമ്മുടെ നാട്ടിലെ പട്ടിണിക്കാലത്ത് ജനങ്ങളെ ജീവിപ്പിച്ചത് ചക്കയായിരുന്നുവെന്ന് പറയാൻ കഴിയും. വറുതികളുടെ അക്കാലത്ത് ചക്കയും ചക്ക ഉല്പന്നങ്ങളും മനുഷ്യരെ മതിവരുവോളം തീറ്റിപ്പോറ്റി.  പിന്നീട് കഠിനവറുതികകളുടെ കാലം കഴിഞ്ഞപ്പോൾ ചക്ക വീണ്ടും അവഗണിക്കപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ ഇന്ന് ചക്ക തിരിച്ചുവരവിന്റെ പാതയിലാണ്. കാരണം ചക്കയുടെ ഗുണഗണങ്ങൾ എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു. വ്യാവസായികാടിസ്ഥാനത്തിൽ വിപണന മൂല്യം കൂടി ചക്ക കൈവരിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് ചക്ക ഇപ്പോൾ വിപണി പിടിച്ചെടുത്തിരിക്കുന്നത് എന്നു നോക്കാം.
ശരീരത്തിലെ മാലിന്യങ്ങൾ നീക്കിക്കളയാൻ ചക്കയോളം കഴിവുള്ള മറ്റൊരു ഫലവുമില്ല. ചക്ക എല്ലാ ദിവസവും കഴിക്കുന്നതോടുകൂടി നല്ല ആരോഗ്യം സ്വന്തമാക്കാൻ കഴിയും. ശരീരകാന്തി വർദ്ധിപ്പിക്കാനും പേശികൾക്ക് ബലം നല്കാനും ചക്കയ്ക്ക് കഴിവുണ്ട്.  അത് നീ ചെയ്യണമെങ്കിൽ രണ്ടുകൊല്ലത്തെ ചക്ക കൂടി തിന്നണം എന്നൊക്കെ നാട്ടിൻപ്പുറങ്ങളിൽ ഒരു ചൊല്ലുണ്ടല്ലോ.  ചക്ക വഴി ലഭിക്കുന്ന ആരോഗ്യത്തെക്കുറിച്ചാണ് ഇവിടെ ഉദ്ദേശിക്കുന്നത്. കണ്ണിന് കാഴ്ച ശക്തി വർദ്ധിപ്പിക്കാനും മുടിക്ക് കരുത്തു ഉണ്ടാകാനും എല്ലാ ദിവസവും ചക്ക കഴിച്ചാൽ മതി. നാരുകളുളള ഫലമായതിനാൽ ശോധനയ്ക്കും ഏറെ സഹായകരമാണ്  ഏതുതരം രോഗങ്ങളാൽ വിഷമിക്കുന്നവർക്കും ചക്ക കഴിക്കാവുന്നതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. കാൻസറിന് നല്ല പ്രതിരോധമായും ശരീരത്തിലെ മുഴകൾ ഇല്ലാതാക്കാനും ചക്ക സഹായിക്കുന്നു. പച്ചച്ചക്കചുളയും വേവിച്ച ചക്കയും ചക്കപ്പഴവും കഴിക്കുന്നത് കാൻസറിനെ ഭേദപ്പെടുത്താൻ സഹായിക്കുമെന്നത് അടുത്തയിടെ വ്യക്തമായിട്ടുണ്ട്. നാം മനസ്സിലാക്കുന്നതിനും അപ്പുറമായ ഗുണഗണങ്ങളാണ ്ചക്കയ്ക്കുള്ളത് എന്നതിന് ശാസ്ത്രീയമായ തെളിവു നല്കുന്നതാണ് ഈ ഗവേഷണഫലം.

ചക്ക കഴിക്കുന്നവരുടെ ശരീരത്തിലെ വിയർപ്പിന് പോലും ദുർഗന്ധമുണ്ടാകുന്നില്ല. ശരീരദുർഗന്ധത്തെ അകറ്റാനും ചക്ക അനുദിനഭക്ഷണത്തിലെ ഒരു മെനുവായി ഉൾപ്പെടുത്തിയാൽ മതി. പച്ചയ്ക്കും വേവിച്ചും പഴുപ്പിച്ചും  കഴിക്കാവുന്ന ഒരു ഫലം ചക്കയെ പോലെ വേറൊന്നില്ല. നല്ല കുരുവുള്ളതും രുചിയുള്ളതുമായ ചക്ക് വേവിക്കാതെ പച്ചയ്ക്ക് ചവച്ചുകഴിക്കുന്നത് വിറ്റാമിനുകൾ സ്വന്തമാക്കാൻ ഏറെ സഹായകരമാണ്.  ഇടിച്ചക്ക മുതൽ മൂപ്പെത്തിയ ചക്കവരെ എത്രയോ രീതിയിലാണ് നമുക്ക് ചക്ക ഭക്ഷ്യയോഗ്യമാകുന്നത്.

അതുപോലെ ചക്കയുടെ ഒരു ഭാഗം പോലും നമുക്ക് വെറുതെ കളയാനില്ല. ചക്ക വേവിച്ചും പഴുപ്പിച്ചും കഴിക്കുന്നതിന് പുറമെ ചക്കക്കുരു കൊണ്ട് കറി വയ്ക്കാം. ചകിണി പോലും കറിവയ്ക്കാൻ കൊള്ളാവുന്നതാണ്. ചക്കയുടെ പുറത്തെ മുള്ളുകൾ നീക്കം ചെയ്തതിന് ശേഷം കന്നുകാലികൾക്ക് കഴിക്കാനും കൊടുക്കാം. ചക്ക വിഷരഹിതമായ ഒരു ഫലമാണ്. ചക്കയല്ലാതെ മറ്റൊരു ഫലവും നൂറു ശതമാനം വിഷരഹിതമാണെന്ന് പറയാൻ കഴിയില്ല. നമ്മൾ തന്നെ കൃഷി ചെയ്യുന്ന കപ്പ, വാഴ എന്നിവയ്ക്കെല്ലാം കീടനാശിനികളും രാസവളങ്ങളും നാം പ്രയോഗിക്കാറുണ്ട്. പക്ഷേ ചക്കയ്ക്ക് വേണ്ടി അത്തരം കൃത്രിമരീതികളൊന്നും നാം ഉപയോഗിക്കാറില്ല.

മുട്ട പൊട്ടിച്ചുവച്ചാലോ മീൻ പാചകം ചെയ്യാതെ വച്ചാലോ ഇറച്ചി വേവിക്കാതെ വച്ചാലോ എല്ലാം വീടും അടുക്കളയും ദുർഗന്ധത്താൽ നിറയാറുണ്ട്. എന്നാൽ ചക്ക അത്തരം ദുർഗന്ധമൊന്നും ഉണ്ടാക്കുന്നില്ല.  ചക്ക പഴുത്തതിന്റെ  തേനൂറുന്ന, ഹൃദ്യകാരിയായ മണം നമ്മുടെ അടുക്കളയെ സുഗന്ധപൂരിതമാക്കാറുണ്ട്.

അരിക്ക് പകരം വയ്ക്കാവുന്ന ഒന്നായി ചിലരെങ്കിലും ചക്കയെ കാണാറുണ്ട്. എന്നാൽ അരിക്ക് പകരമല്ല അരിയെക്കാൾ ശ്രേഷ്ഠമായ ഭക്ഷണമാണ് ചക്ക. സമീപകാലത്ത് കഴിച്ചിടത്തോളം ചക്ക അടുത്തകാലത്തൊന്നും മലയാളികൾ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. കോവിഡിനെ തുടർന്ന് ലോക്ക് ഡൗൺ  ആയപ്പോൾ വീടുകളിലെ കൂട്ടായ്മ വളർത്താനും നേരം കളയാനും ചക്കവെട്ടും ചക്കതീറ്റയും ഒരുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആളില്ലാത്തതുകൊണ്ടും സമയമില്ലാത്തതുകൊണ്ടും കാക്കയ്ക്കും അണ്ണാനുമായി വിട്ടുകൊടുത്തിരുന്ന ചക്കയെല്ലാം കോവിഡ്കാലത്താണ് മലയാളികൾ അകത്താക്കിയത്. അതിന്റെ ഗുണം അവർക്ക് സമീപഭാവിയിൽ തന്നെ തിരിച്ചറിയാൻ കഴിയും.

More like this
Related

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ്...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്....

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും...
error: Content is protected !!