കൊച്ചുകൊച്ചു സന്തോഷങ്ങൾ

Date:

spot_img


വിവാഹത്തിന്റെ രജതജൂബിലിയിലേക്ക് കടക്കാൻ  ഏതാനും മാസങ്ങൾ മാത്രമുള്ള ദമ്പതികൾ.  ഭർത്താവ് ബാങ്കുദ്യോഗസ്ഥനാണ്. രണ്ടു മക്കളാണ് അവർക്കുള്ളത്. മകളെ വിവാഹം കഴിപ്പിച്ചയച്ചു. രണ്ടാമത്തെ മകൻ ജോലിയുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്ന് അകലെയാണ്. ഭാര്യ മാത്രമാണ് വീട്ടിലുള്ളത്. ഒരു നാൾ ബന്ധുക്കളെയും മിത്രങ്ങളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു. തുടർന്ന് കൗൺസലിംങിന് വന്നപ്പോഴാണ് തന്റെ മനസ്സിലെ അസ്വസ്ഥകളെല്ലാം ഭാര്യ പങ്കുവച്ചത്.

ദാമ്പത്യജീവിതത്തിൽ അവൾ ആഗ്രഹിക്കുന്നതുപോലെയുളള വൈകാരികമായ അടുപ്പവും സന്തോഷവും ഭർത്താവിൽ നിന്ന് ലഭിക്കുന്നില്ല. പുറമേയ്ക്ക് നോക്കുമ്പോൾ അയാൾ നല്ലവനാണ്, കുടുംബത്തോട് സ്നേഹമുള്ളവനാണ്. ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കുന്നവനാണ്. പക്ഷേ അവൾക്ക് മാത്രം അയാൾ അനഭിമതനാണ്. കാരണം വൈകാരികമായ അടുപ്പം അവൾക്ക് അയാളോട് തോന്നുന്നില്ല. വൈകാരികമായ അടുപ്പമില്ലാതെ ഇത്രയും നാൾ അവൾ ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോയി. ഇനിയും അവൾക്ക് മുന്നോട്ടു കൊണ്ടുപോകാനാവില്ല. വലിയ മടുപ്പ് തോന്നുന്നു. അതാണ് ഡിവോഴ്സിനുള്ള കാരണമായി അവൾ പറഞ്ഞത്.

വിവാഹമോചനങ്ങൾ  ഇന്ന് കേരള സമൂഹത്തിലും സാർവത്രികമായിക്കഴിഞ്ഞു. വിവാഹജീവിതം കഴിഞ്ഞ് ഒന്നോ രണ്ടോ വർഷം കഴിയുന്ന ദമ്പതികൾ മാത്രമല്ല മേൽപ്പറഞ്ഞ സംഭവത്തിലേതുപോലെ ഇരുപതും ഇരുപത്തിയഞ്ചും വർഷം കഴിഞ്ഞവരും അതിന് മേൽ വർഷം കഴിഞ്ഞവരും പോലും ഒരുമിച്ചുജീവിക്കാനാവാത്ത സാഹചര്യങ്ങളിൽ വിവാഹമോചനം ഒരു പരിഹാരമായി കണ്ടെത്തുന്നു, അനുഭവിക്കുന്ന മടുപ്പിനുള്ള പരിഹാരമെന്ന നിലയിൽ.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? മനശാസ്ത്രജ്ഞനായ കാൾയൂങ്ങിന്റെ അഭിപ്രായപ്രകാരം പലതരം വ്യക്തിത്വങ്ങളുണ്ട്. ചില മനുഷ്യരുടേത് പരുക്കൻ വ്യക്തിത്വങ്ങളാണ്. സ്നേഹം പ്രകടിപ്പിക്കാൻ അറിഞ്ഞുകൂടാത്ത വ്യക്തിത്വങ്ങൾ. വേറെ ചിലർ സ്നേഹം നന്നായി പ്രകടിപ്പിക്കാൻ അറിയാവുന്നവരാണ്. ഈ സംഭവത്തിലെ സ്ത്രീക്ക് സ്നേഹം നന്നായി പ്രകടിപ്പിക്കാൻ അറിയാമായിരുന്നു. എന്നാൽ ഭർത്താവാകട്ടെ സ്നേഹം പ്രകടിപ്പിക്കാൻ അറിഞ്ഞുകൂടാത്ത വ്യക്തിയായിരുന്നു. പക്ഷേ അതുകൊണ്ട് അയാൾ സ്നേഹമില്ലാത്ത വ്യക്തിയാകുന്നില്ല. സ്നേഹം എന്നത് പ്രകടിപ്പിക്കേണ്ടതല്ല എന്ന് വിശ്വസിക്കുന്ന ഒരാൾക്ക് അങ്ങനെയാകാനേ കഴിയൂ.

തീരുമാനമെടുക്കുന്ന കാര്യത്തിലും  ചിന്തിക്കുന്ന കാര്യത്തിലുമെല്ലാം സ്ത്രീയുംപുരുഷനും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. പുരുഷനും സ്ത്രീയും വ്യത്യസ്തരാണ് എന്ന വിശ്വാസം വിശുദ്ധഗ്രന്ഥകാലം മുതല്ക്കേ ഉണ്ടായിരുന്നു. ബൈബിളിൽ പോലും അത്തരം സൂചനകളുണ്ട്. ആധിപത്യസ്വഭാവമുള്ളവനാണ് പുരുഷൻ. അവൻ ചിന്തയ്ക്ക്, തലച്ചോറിന് പ്രാധാന്യം കൊടുക്കുന്നവാണ്. പക്ഷേ സ്ത്രീ വൈകാരികതയ്ക്ക് പ്രാധാന്യം കൊടുക്കുന്നവളാണ്. തലച്ചോറിനെക്കാൾ ഹൃദയം കൊണ്ട് ചിന്തിക്കുന്നവൾ. പൊതുവെ ഇങ്ങനെ വിലയിരുത്തിയാലും ഇതിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന പുരുഷന്മാരും  സ്ത്രീകളുമുണ്ട്. അതായത് വൈകാരികമായി ചിന്തിക്കുകയും ഇടപെടുകയും ചെയ്യുന്ന പുരുഷന്മാരും ബുദ്ധിപരമായി തീരുമാനമെടുക്കുന്ന സ്ത്രീകളും. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട വ്യക്തികളെ ഒഴിച്ചുനിർത്തിക്കൊണ്ട് സ്ത്രീപുരുഷന്മാരെ തമ്മിൽ മേൽപ്പറഞ്ഞ വിധത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.

അടുത്തയിടെ കൗൺസലിംങിന് വന്ന ഒരു ഭാര്യ പറഞ്ഞ പരാതിയും സങ്കടവും ഇങ്ങനെയായിരുന്നു. ഒരു ദിവസം സ്‌കൂളിൽ നിന്ന് അവൾ ജോലി കഴിഞ്ഞ് വന്നത് പല്ലുവേദനയുമായിട്ടായിരുന്നു. എങ്കിലും ഒരുവിധത്തിൽ ജോലികളൊക്കെ ചെയ്തുതീർത്തിട്ട് നേരത്തെ പോയി കിടന്നു. കുട്ടികൾ ശല്യപ്പെടുത്തണ്ടാ എന്ന് വിചാരിച്ച് അപ്സ്റ്റയറിലെ മുറിയിലാണ് കിടന്നത്. ഭർത്താവും മക്കളും കൂടി താഴെയുളള ബെഡ്റൂമിൽ കിടന്നു. ഭർത്താവ് ബാങ്കുദ്യോഗസ്ഥനാണ്. ഇരുവർക്കും  എട്ടുമണിയാകുമ്പോൾ വീട്ടിൽ നിന്നിറങ്ങണം.  എങ്കിലേ കൃത്യസമയത്ത് ജോലിക്കെത്താൻ കഴിയൂ. വെളുപ്പിന് അഞ്ചുമണിക്ക് ഉണരുന്ന ശീലമാണ് അവൾക്കുള്ളത്. പക്ഷേ അന്ന് അഞ്ചുമണിക്ക് എണീറ്റ് അടുക്കളയിലെത്തിയില്ല. പല്ലുവേദന കുറയാത്തതുതന്നെയായിരുന്നു കാരണം. എന്നാൽ എണീല്ക്കാത്തതിന്റെ കാരണം അന്വേഷിച്ചോ പല്ലുവേദന കുറഞ്ഞോ എന്ന് തിരക്കിയോ ഭർത്താവ് മുകളിലേക്ക് വന്നില്ല. പ്രതീക്ഷയോടെ കാത്തിരുന്നിട്ടും ഭർത്താവ് വരാതിരുന്നപ്പോൾ അയാളെ ഫോൺ ചെയ്തു. മക്കളെ സ്‌കൂളിൽ വിടുന്നതുമായി ബന്ധപ്പെട്ടും ഫ്രിഡ്ജിലിരിക്കുന്ന കറികളുടെ കാര്യം പറയാനുമായിട്ടായിരുന്നു ഫോൺ ചെയ്തത്. പക്ഷേ അയാൾ ഫോൺ കട്ട് ചെയ്തു. അത് ഭാര്യയെ സംബന്ധിച്ച് വല്ലാത്തൊരു മുറിവായി. എന്തൊരു മനുഷ്യനാണ് ഇയാൾ. ഭാര്യ ചിന്തിച്ചത് അങ്ങനെയാണ്. യാതൊരു വിധ പരിഗണനയുമില്ലാതെ പെരുമാറിയത് കണ്ടില്ലേ. ചത്തോ ജീവിച്ചിരിപ്പുണ്ടോ അതുമല്ലെങ്കിൽ എന്തെങ്കിലും അത്യാവശ്യത്തിനാണോ വിളിച്ചത് എന്നുപോലും തിരക്കാതെ തന്നോട് സംസാരിക്കാൻ  താല്പര്യമില്ലാത്ത മട്ടിൽ ഫോൺ കട്ട് ചെയ്തിരിക്കുന്നു ലോ ബിപിക്കാരിയാണ് താൻ. അക്കാര്യം ഓർത്തെങ്കിലും അയാൾ ഫോൺ അറ്റന്റ് ചെയ്തില്ലല്ലോ. ഇങ്ങനെ പലതരം നെഗറ്റീവ് ചിന്തകൾ കൊണ്ട് അവളുടെ ഉള്ള് നിറഞ്ഞു. തൊട്ടടുത്താണ് തറവാട്. അവൾ അമ്മായിയമ്മയെ ഫോൺ ചെയ്ത് സഹായം അഭ്യർത്ഥിച്ചു. അമ്മായിയമ്മ വന്നപ്പോഴേയ്ക്കും അയാളും മക്കളും പോകാൻ റെഡിയായി നില്ക്കുകയാണ്. അമ്മയോട് യാത്രപറഞ്ഞ് അവർ പോകുകയും ചെയ്തു. അമ്മായിയമ്മ വീട്ടിലെത്തി ചായയുണ്ടാക്കി മരുമകൾക്ക് കൊടുക്കുകയും അത്യാവശ്യം ജോലികളൊക്കെ ചെയ്തുകൊടുക്കുകയും ചെയ്തു. പിന്നെ മരുമകളെയും കൂട്ടി ദന്തഡോക്ടറെയും ചെന്നു കണ്ടു.
ഈ സംഭവം വിശദീകരിച്ചതിന് ശേഷം ഇതേക്കുറിച്ചുള്ള ഭര്ത്താവിന്റെ പ്രതികരണം അറിയാനായി കാത്തപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: മറ്റ് പുരുഷന്മാരെപോലെ ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത വ്യക്തിയാണ് ഞാൻ.  ഭാര്യയോടും മക്കളോടും വേണ്ടവിധത്തിൽ ഉത്തരവാദിത്തം നിർവഹിച്ചുപോരുന്ന വ്യക്തിയാണ് ഞാൻ. തലേദിവസം ഭാര്യപറഞ്ഞിരുന്നു പല്ലുവേദനയാണെന്നും നേരത്തെ കിടക്കാൻ പോവുകയാണെന്നും. സ്വഭാവികമായും രാവിലെ അവൾ എണീറ്റ് വരില്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് രാത്രിയിൽ അടുക്കളജോലികളൊക്കെ കുറച്ചു ചെയ്തുതീർത്തതിന് ശേഷമാണ് ഞാൻ ഉറങ്ങാൻ കിടന്നത്. അക്കാര്യമാകട്ടെ ഭാര്യ അറിഞ്ഞിട്ടുമില്ല. ഭാര്യരാവിലെ ഫോൺ ചെയ്യുമ്പോൾ ഇളയകുട്ടിക്ക് വേണ്ടി ഞാൻ പപ്പടം വറുക്കുന്ന തിരക്കിലായിരുന്നു. അടുക്കള ജോലി അത്ര വശമില്ലാത്തതിനാൽ പപ്പടം വറുക്കുന്നതിനിടയ്ക്ക് ഫോൺ ചെയ്താൽ  കരിഞ്ഞുപോകുമല്ലോയെന്ന് വിചാരിച്ചാണ് ഞാൻ കട്ട് ചെയ്തത്. അടുക്കളകാര്യത്തിലുള്ള എന്റെ അറിവുകുറവും രാവിലെ പോകാനുള്ള തിരക്കും ഭാര്യ മനസ്സിലാക്കുമല്ലോ എന്നാണ് ഞാൻ വിചാരിച്ചത്. ഒരുവിധത്തിൽ പണിയൊക്കെ തീർത്ത് മക്കളെയും റെഡിയാക്കി വന്നപ്പോഴേയ്ക്കും പോകാൻ സമയമായി. അതിനിടയിൽ ഭാര്യയെ വിളിക്കാനും സമയം കി്ട്ടിയില്ല. പിന്നെ ബാങ്കിലെത്തിയതിന് ശേഷമാണ് ഫോൺ വിളിച്ചത്.പക്ഷേ മൂന്നുനാലു തവണ ഫോൺ വിളിച്ചിട്ടും ഭാര്യ ഫോണെടുത്തില്ല. ഇനി സിസ്റ്റർ പറ, എന്റെ ഭാഗത്ത് എവിടെയാണ് തെറ്റ്?

ഈ സംഭവത്തിൽ രണ്ടുപേരുടെ ഭാഗത്തും ശരികളുണ്ട്. ഭാര്യയുടെ ഭാഗത്ത് നിന്ന് സംഭവങ്ങളെ നോക്കിയാൽ മനസ്സിലാവും അവളുടെ ചിന്തകളെല്ലാം ശരിയാണെന്ന്. ഇനി ഭർത്താവിന്റെ പോയ്ന്റ് ഓഫ് വ്യൂവിലൂടെ കാര്യങ്ങൾ നോക്കിയാലോ അവിടെ അയാളും ശരിയാണ്. ബാങ്കുദ്യോഗസ്ഥനായതുകൊണ്ട് അയാൾക്ക് ചിലപ്പോൾ ചില ചിട്ടകളും നിയമങ്ങളും ശീലങ്ങളും ഉണ്ടായിരിക്കാം. വൈകാരികതയ്ക്ക അപ്പുറം പ്രായോഗികതയായിരിക്കാം അയാളിൽ കൂടുതലുണ്ടായിരിക്കുക. എന്നാൽ ഭാര്യ പല്ലുവേദന എന്ന വിഷയത്തെ വൈകാരികമായിട്ടാണെടുത്തത്. തന്റെ പല്ലുവേദനയുടെ കാര്യം ചോദിച്ചില്ലല്ലോ.. തന്റെ ഫോൺ എടുത്തില്ലല്ലോ.. തന്നെ അന്വേഷിച്ചില്ലല്ലോ..ഇതൊക്കെയാണ് അവളുടെ ചിന്ത. കൊച്ചുകൊച്ചു കാര്യങ്ങളിലാണ് ഭാര്യ സന്തോഷിക്കുന്നത്. ഒരു തലോടൽ..അടുത്തുവന്നിരിക്കുക.. എങ്ങനെയുണ്ട് എന്ന് ചോദിക്കുക. ഭർത്താവിന്റെ ശ്രദ്ധയും സാന്നിധ്യവുമായിരുന്നു ആ ഭാര്യയുടെ ആഗ്രഹം. അതവൾ തീർച്ചയായും അർഹിക്കുന്നുമുണ്ട്. താൻ ആഗ്രഹിക്കുന്ന സമയത്ത്, താൻ ആഗ്രഹിക്കുന്നതുപോലെ ഭർത്താവിൽ നിന്നുള്ള സ്നേഹപരിലാളനകൾ കിട്ടുമ്പോൾ അവൾ മുമ്പെത്തെക്കാളും കൂടുതൽ ശക്തിയിലും കരുത്തിലും ഓടും. വണ്ടികളിൽ ഇന്ധനം നിറയ്ക്കുന്നതുപോലെയാണ് ഭർത്താക്കന്മാരിൽ നിന്ന് ഭാര്യമാർക്ക് കിട്ടുന്ന വൈകാരികമായ ഇടപെടലുകൾ. ചെറിയ ചെറിയ കാര്യങ്ങളിലാണ് ഭാര്യമാർ ശ്രദ്ധ കൊടുക്കുന്നത്. തല നിറയെ പ്രശ്നങ്ങളുമായി ഭർത്താവ് വീട്ടിലേക്ക് കയറിവരുമ്പോഴും ചില ഭാര്യമാർ അതിനെക്കാൾ വലിയ പ്രശ്നമായി അവതരിപ്പിക്കുന്നത് തന്റെ കൈവിരലൊന്ന് മുറിഞ്ഞതായിരിക്കും. അടുക്കള ജോലിക്കിടയിൽ സാധാരണപോലെ സംഭവിക്കാവുന്ന ചെറിയൊരു അബദ്ധത്തെപോലും അവൾ വലുതായികാണുന്നു. എന്നാൽ ഓഫീസിലെ നൂലാമാലകളും സാമ്പത്തികബുദ്ധിമുട്ടുകളും മക്കളുടെ ഫീസും ബാങ്ക് ലോണും എല്ലാമായി കയറിവരുന്ന ഭർത്താവ് അക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെന്ന് വരാം. അത് മനപ്പൂർവ്വമായ അവഗണനയോ സ്നേഹരാഹിത്യമോ അല്ല. പക്ഷേ ഭർത്താവിൽ നിന്ന് സ്നേഹപൂർവ്വമായ ഇടപെടലും അനുഭാവപൂർവ്വമായ മറുപടിയും പ്രതീക്ഷിക്കുന്ന ഭാര്യ അതിനെ അവഗണനയായും സ്നേഹക്കുറവായും കണക്കാക്കുന്നു.  പുരുഷനെ കഠിനഹൃദയനായും സ്ത്രീയെ മൃദുലമാനസയായും കണക്കാക്കപ്പെടുന്നത് പുരുഷൻ ചിന്തകൾക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണെന്ന് വിചാരിക്കുന്നതുകൊണ്ടാണ്.  ഇക്കാര്യം മനസ്സിലാക്കി ഭാര്യ തന്റെ വൈകാരികമായ പ്രവണതയിൽ നിന്ന് പുറത്തുകടക്കാൻ തയ്യാറായാൽ പരാതിപറച്ചിലിനും കുറ്റപ്പെടുത്തലിനും വലിയൊരു കുറവുണ്ടാകും. അത് കുടുംബജീവിതത്തിൽ സമാധാനവും സൃഷ്ടിക്കും. ഭാര്യ ചിന്തിക്കുന്നതുപോലെ ഭർത്താവിനോ ഭർത്താവ് പെരുമാറുന്നതുപോലെ ഭാര്യയ്ക്കോ ആകാൻ കഴിയില്ല. ഓരോരുത്തരുടെയും തനതു പ്രത്യേകതകളാണ് അവ. ഉദാഹരണം പറഞ്ഞാൽ ഏത്തപ്പഴവും പൂവൻപഴവും നല്ലതാണ്. രണ്ടിനും അതിന്റേതായ ഗുണവും രുചിയുമുണ്ട്. പക്ഷേ പൂവൻ പഴം എത്ര ശ്രമിച്ചാലും ഏത്തപ്പഴമാകുമോ. ഏത്തപ്പഴത്തിന് പൂവൻപഴമാകാനും കഴിയില്ലല്ലോ.  കരിമീന് കിളിമീനോ കിളിമീനോ അയലയോ ആകാനും കഴിയില്ല. മാറ്റാൻ കഴിയാത്ത പ്രത്യേകതകളെയും സ്വഭാവസവിശേഷതകളെയും.  അംഗീകരിച്ചുകൊണ്ടുതന്നെ ഈ പ്രശ്നത്തിൽ ആശാവഹമായ മാറ്റം ദമ്പതികൾ ബോധപൂർവ്വം ശ്രമിച്ചാൽ ഉണ്ടാക്കാവുന്നതേയുള്ളൂ. ചിന്തയുടെ തലത്തിൽ നില്ക്കുന്ന വ്യക്തിക്ക് വികാരത്തിന്റെ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയില്ലെങ്കിലും ഇണയ്ക്ക് അങ്ങനെയൊരു പ്രത്യേകതയുണ്ടെന്ന് മനസ്സിലാക്കാനെങ്കിലും കഴിയണം. അതുപോലെ വൈകാരികമായ പ്രത്യേകതകളുള്ള വ്യക്തി ചിന്തയുടെ ലോകത്തിൽ വ്യാപരിക്കുന്ന വ്യക്തിയെ മനസ്സിലാക്കാൻ ശ്രമിക്കണം.

രണ്ടാമത് പറഞ്ഞ സംഭവത്തെ നമുക്ക് ഇങ്ങനെയൊന്ന് വിലയിരുത്താം. ഭർത്താവ് ബാങ്കിൽ നിന്ന് ഫോൺ വിളിച്ചപ്പോൾ ഭാര്യക്ക് ഫോൺ എടുക്കാമായിരുന്നു. ഇനി ഭാര്യ എടുക്കാത്ത സ്ഥിതിക്ക് വൈകുന്നേരം വീട്ടിൽ വന്നപ്പോൾ ഭർത്താവിന് അക്കാര്യം നേരിട്ട് ചോദിക്കാമായിരുന്നു. പക്ഷേ രണ്ടുപേരുടെയും ഭാഗത്തുനിന്ന് ഇത്തരമൊരു അനുരഞ്ജനസാധ്യത ഉണ്ടായില്ല. രണ്ടുപേരും തങ്ങളുടേതായ ലോകത്തിൽ തളയക്കപ്പെട്ടു പോയി. നിസ്സാരമായി കളയേണ്ട പ്രശ്നങ്ങളെ ഇരുവരും വലുതായി കണ്ടു. ഇവരുടെകുട്ടികളുടെ ഭാഗത്തുനിന്നുകൂടി ഈ പ്രശ്നത്തെ കാണണം. പല്ലുവേദനയെടുത്ത് വിശ്രമിക്കുന്ന അമ്മയും അടുക്കളയിൽ കയറി തങ്ങളെ സ്‌കൂളിൽ അയ്ക്കുന്ന അച്ഛനും. അമ്മ അടുക്കളയിൽ കയറാത്തതിന്റെ ബുദ്ധിമുട്ട് മക്കൾ അറിഞ്ഞില്ല, അമ്മയി്ല്ലെങ്കിലും അച്ഛനുള്ളതുകൊണ്ട് തങ്ങളുടെ കാര്യത്തിൽ കുറവൊന്നും ഉണ്ടാവുകയില്ലെന്ന മക്കൾ മനസ്സിലാക്കിയെടുക്കുന്നു. ഇത് ഏതെങ്കിലും ഒരാളിലേക്ക് കൂടുതൽ ചായ് വുണ്ടാകാൻ പോലും കാരണമാകുന്നു. വൈകുന്നേരം വീട്ടിലെത്തുന്ന അവർ കാണുന്നത് അച്ഛനും അമ്മയും മിണ്ടാതിരിക്കുന്നതാണ്. അവർക്കിടയിൽ സംഭവിച്ചത് എന്താണെന്ന് പോലും മക്കൾക്ക് മനസ്സിലാവുന്നില്ല. എന്താണ് ചെയ്യേണ്ടതെന്നും അവരറിയുന്നില്ല. പക്ഷേ അച്ഛനും അമ്മയും തങ്ങൾക്കിടയിലുള്ള പ്രശ്നത്തെ രമ്യതയോടെ പരിഹരിക്കുന്നതാണ് മക്കൾ കണ്ടിരുന്നതെങ്കിൽ ഭാവിയിൽ അവർക്കും ആ മാതൃക വളരെ പ്രയോജനപ്പെടുമായിരുന്നു. ഭാര്യഭർത്താക്കന്മാർ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ അവരെ മാത്രമല്ല ബാധിക്കുന്നത്. ഒരു പരിധിയിലേറെ മക്കളെയും ബാധിക്കുന്നുണ്ട്. ചില കുടുംബങ്ങളിൽ അച്ഛനമ്മമാർ തമ്മിലുള്ള പ്രശ്നങ്ങളിൽ മക്കൾ ഇടപെട്ട് പരിഹാരം കണ്ടെത്താറുണ്ട്. എന്നാൽ മറ്റ് ചില കുടുംബങ്ങളിൽ മാതാപിതാക്കളുടെ വഴക്കുകൾക്ക് മക്കൾ ഇരകളായിത്തീരാറുമുണ്ട്. രണ്ടുപേരും തങ്ങളുടെ കാർക്കശ്യസ്വഭാവത്തിൽ പിടിച്ചുനില്ക്കുന്നതാണ് അതിന് കാരണം. തോറ്റുകൊടുക്കാനോ മാപ്പ് പറയാനോ വീണ്ടും സനേഹിത്തിലാകാനോ ഇവിടെ രണ്ടുകൂട്ടരും തയ്യാറാകുന്നില്ല. കുട്ടിക്കുറ്റവാളികൾ ജനിക്കുന്നത് ഇവിടെയാണ്. കുട്ടിക്കുറ്റവാളികളെ സൃഷ്ടിക്കുന്നത് മാതാപിതാക്കളാണെന്ന് അതുകൊണ്ടാണ് പറയുന്നത്.

പണ്ടുകാലങ്ങളിൽ വലിയ കുടുംബപ്രശ്നങ്ങൾ കൊണ്ടായിരുന്നു വിവാഹമോചനമെങ്കിൽ ഇന്ന് ചെറിയ ചെറിയ പ്രശ്നങ്ങളുടെ പേരിലാണ് വിവാഹമോചനം വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഭർത്താവിന്റെ മദ്യപാനം, പരസ്ത്രീഗമനം, ദേഹോപദ്രവം എന്നിങ്ങനെയുള്ളവയിൽ നിന്ന് ഭർത്താവിന്റെ സ്നേഹക്കുറവ്, ഭർത്താവിന്റെ പരിഗണനയില്ലായ്മ എന്നീ കാരണങ്ങൾ കൊണ്ട് വിവാഹമോചിതരാകുന്നവരുടെ എണ്ണം പെരുകുന്നു. കുടുംബജീവിതത്തിൽ വലിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുക എന്നത് താരതമ്യേന എളുപ്പമാണ്. എന്നാൽ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുക അത്ര എളുപ്പമല്ല. കാരണം നാം തന്നെ അതേക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യമുളളവരല്ല. ഇത്ര ചെറിയ പ്രശ്നത്തിനോ എന്ന മട്ടിൽ നാം അവയെ ലഘുവായി കാണുന്നു. പക്ഷേ കുടുംബജീവിതത്തിൽ വലിയ പ്രശ്നങ്ങളെക്കാൾ ഗുരുതരം ചെറിയ പ്രശ്നങ്ങളാണ്.
 എല്ലാ കുടുംബത്തിലും പ്രശ്നങ്ങളുണ്ട്. എന്നാൽ  ആ പ്രശ്നങ്ങൾക്കുള്ള പരിഹാരം വിവാഹമോചനമോ വേർപിരിഞ്ഞുള്ള താമസമോ അല്ല. തുറവിയുള്ള സംസാരം. പ്രശ്നം പരിഹരിക്കാനുള്ള സന്നദ്ധത. കുടുംബാംഗങ്ങൾ തമ്മിലുള്ള പ്രശ്നപരിഹാരത്തിന് പ്രത്യേക സമയം വല്ലതുമുണ്ടോ? എപ്പോഴും ഉചിതമായ സമയമാണ്. മനസ്സുണ്ടെങ്കിൽ. എങ്കിലും ക്രൈസ്തവകുടുംബങ്ങളിലെ സന്ധ്യാപ്രാർ്തഥന കഴിഞ്ഞുള്ള സമയം കൂടുതൽ നല്ലതാണ്.
 കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി പ്രാർത്ഥനാജീവിതത്തിലേക്ക തിരിയുന്ന ചില സ്ത്രീകളുണ്ട്. അത് കുടുംബജീവിതത്തിലെ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. യഥാർത്ഥ ആത്മീയതയല്ല. വിശ്വാസവും ആത്മീയതയും പ്രാർത്ഥനയും ഒരുമിച്ചുപോകേണ്ട കാര്യങ്ങളാണ്.  ഏതു മതത്തിൽ പെട്ടവരായാലും ഇത് ബാധകമാണ്. വിശ്വാസത്തെ ജീവിതത്തോട് ചേർത്തുനിർത്തി അത് പ്രവൃത്തിയിലൂടെയും പെരുമാറ്റത്തിലൂടെയും കുടുംബാംഗങ്ങൾക്കിടയിൽ പ്രാവർത്തികമാക്കുമ്പോഴേ   പ്രാർത്ഥനയും ആത്മീയതയും കുടുംബജീവിതത്തിൽ ഗുണകരമാകൂ. സന്ധ്യാപ്രാർത്ഥനയ്ക്കൊടുവിൽ ്രസ്തുതികൊടുക്കുമ്പോൾ അതുവരെയുള്ള എല്ലാ പ്രശ്നങ്ങൾക്കും രമ്യമായ പരിഹാരമുണ്ടാക്കി ക്ഷമിക്കാനും പൊറുക്കാനുമുള്ള സന്നദ്ധതയുണ്ടെങ്കിൽ.. ആ സമയം പ്രശ്നങ്ങൾ തുറന്നുപറയുക. തിരുത്തുക. വീണ്ടും രമ്യതയിലാവുക. അതിന് ശേഷം എല്ലാം മറന്ന് അത്താഴമേശയ്ക്കലിരിക്കുമ്പോൾ  നൂലിഴയിലെ വിടവുകൾ പോലും അപ്രത്യക്ഷമായി പഴയ സ്നേഹബന്ധം തിരിച്ചുപിടിക്കാൻ കഴിയും. എത്രയോ ഊഷ്മളമായ ഹൃദ്യമായ കുടുംബമായിരിക്കും അത്. വീണ്ടും ചിരിയിലേക്കും സന്തോഷത്തിലേക്കും കടന്നുചെല്ലുമ്പോഴാണ് തെല്ലൊരു കുറ്റബോധത്തോടെ ദമ്പതികൾ തിരിച്ചറിയുന്നത് ഇത്രയുമല്ലേയുണ്ടായിരുന്നുള്ളൂ പ്രശ്നം. ഇതിന് വേണ്ടിയായിരുന്നോ ഇതുവരെയുണ്ടായിരുന്ന പിണക്കങ്ങൾ..  ഇപ്പോൾ എന്തൊരു സമാധാനം..സന്തോഷം. മക്കളുടെ മുഖത്ത് എന്തൊരു സന്തോഷം. മൂടിക്കെട്ടിനിന്നിരുന്ന ആകാശം പെയ്തുതോർന്നതുപോലെ..  കുടുംബജീവിതം വലിയ വലിയ കാര്യങ്ങൾ കൊണ്ട് മാത്രമല്ല സന്തോഷപ്രദമാകുന്നത് കൊച്ചുകൊച്ചുകാര്യങ്ങൾ കൊണ്ടുകൂടിയാണ്. അതുകൊണ്ട് കുടുംബജീവിതത്തിലെ കൊച്ചുകൊച്ചുപ്രശ്നങ്ങളെ വലുതാക്കാതെയും കൊച്ചുകൊച്ചുസന്തോഷങ്ങളെ നഷ്ടപ്പെടുത്താതെയും ജീവിക്കാൻ ദമ്പതികൾ ശ്രദ്ധിക്കണം.

സി ഡോ റോസ് ജോസ് CHF

More like this
Related

ഇനി എല്ലാം തുറന്നുപറയാം..

ശരീരത്തിന് അസ്വസ്ഥത തോന്നിയാൽ, രോഗമോ വല്ലായ്മയോ അനുഭവപ്പെട്ടാൽ സാധാരണഗതിയിൽ എല്ലാവരും ഡോക്ടറെ...

വില്ലനാകുന്ന കുട്ടിക്കാലം

വളരെ സ്നേഹത്തിലും സൗഹൃദത്തിലുമാണ് ആ ദമ്പതികളുടെ ദിവസങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നത്. അങ്ങനെയിരിക്കെ ഒരു...

‘കെട്ട്യോളാണെന്റെ മാലാഖ’

കുറെനാളുകൾക്ക് മുമ്പാണ്, ഒരു ചെറുപ്പക്കാരനും ഭാര്യയും കൂടി എന്നെ കാണാനെത്തി. സാധാരണയായി...

ആശയവിനിമയം സർവധനാൽ പ്രധാനം

വിവാഹജീവിതത്തിന്റെ തുടക്കത്തിൽ എന്തൊരു സന്തോഷമാണ് രണ്ടുപേർക്കും. എവിടെയും വർണ്ണങ്ങൾ... എവിടെയും സംഗീതം....
error: Content is protected !!