വിജയിയാകാനല്ല വിശ്വസ്തനാകാനാണ് ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പറഞ്ഞത് മദർ തെരേസയാണ്. ഒരുപക്ഷേ പലർക്കും വിജയിയാകാൻ കഴിഞ്ഞേക്കാം. എന്നാൽ അപൂർവ്വം ചിലർക്ക് മാത്രമേ വിശ്വസ്തനാകാൻ കഴിയൂ. വിശ്വസ്തത ഒരാളുടെ ക്വാളിറ്റിയാണ്. ജീവിതത്തിൽ എത്രയോ പേരെ കണ്ടുമുട്ടുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ അവരിൽ എത്രയോ കുറച്ചുപേരെ മാത്രമാണ് നാം വിശ്വാസത്തിലെടുക്കുന്നത്.
വിജയികൾ ഏറെയും വിശ്വസ്തർ കുറവുമായ ലോകമാണ് ഇത്. വിജയം മോശമായ കാര്യമൊന്നുമല്ല. അർഹിക്കുന്നതാണെങ്കിൽ. അദ്ധ്വാനവും ആഗ്രഹവും പരിശ്രമവുമെല്ലാം കൂടിച്ചേരുന്ന വിജയമാണ് അഭിമാനിക്കത്തക്കതാകുന്നത്. വിജയത്തിലേക്ക് കുറുക്കുവഴികളൊന്നുമില്ല. എളുപ്പവഴിയിൽ ക്രിയ ചെയ്യുക എന്നത് കണക്കിൽ മാത്രം ഉള്ളകാര്യമാണ്. ജീവിതത്തിൽ ഉള്ള കാര്യമല്ല.
ഒരേ സമയം പരീക്ഷാകാലത്തിലൂടെയും തിരഞ്ഞെടുപ്പുകാലത്തിലൂടെയുമാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. രണ്ടുകൂട്ടർക്കും സമ്മർദ്ദങ്ങളുണ്ട്. വിജയമാണ് രണ്ടുകൂട്ടരുടെയും ലക്ഷ്യം. വിജയിക്കാൻ വേണ്ടിയാണ് പരീക്ഷയെഴുതുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും. പക്ഷേ തിരഞ്ഞെടുപ്പിലെ വിജയം എല്ലാവർക്കും വിധിച്ചിട്ടില്ല.
പരീക്ഷയിൽ ഒരുപക്ഷേ എല്ലാവർക്കും വിജയിക്കാൻ സാധിച്ചു എന്നിരിക്കും. എന്നാൽ തിരഞ്ഞെടുപ്പിൽ അങ്ങനെയൊരു സാധ്യതയില്ല. ഒരാൾ മാത്രം ജയിക്കുകയും മറ്റുള്ളവർ എല്ലാം പരാജയപ്പെടുകയും ചെയ്യുന്ന ഒരു കളിയാണ് തിരഞ്ഞെടുപ്പ്. അതുകൊണ്ടു തന്നെ ആരുടെ വിജയമാണ് നാം ആഗ്രഹിക്കുന്നതെന്നും പ്രധാനപ്പെട്ടതാണ്. നമ്മുടെ ഓരോരുത്തരുടെയും തിരഞ്ഞെടുപ്പ് നിർണ്ണായകമാകുന്നതും അങ്ങനെയാണ്.
നല്ലവരെ തിരഞ്ഞെടുക്കുക, നന്മ സമ്മാനിക്കുന്നവരെ തിരഞ്ഞെടുക്കുക. വിജയം അർഹിക്കുന്നവരെ തിരഞ്ഞെടുക്കുക. നീതിപൂർവ്വകമായ വിജയവും അർഹിക്കുന്ന വിജയവും നമുക്കിടയിലുണ്ടാകട്ടെ. നമ്മുടെ ഭാവി നാം തന്നെ നിശ്ചയിക്കാനും തിരഞ്ഞെടുക്കാനും കി്ട്ടുന്ന അവസരം കൂടിയാണ് ഇതെന്ന് ഓർമ്മിപ്പിക്കട്ടെ.
വിജയികൾ വിശ്വസ്തരാകട്ടെ, വിശ്വസ്തർ വിജയിക്കട്ടെ
ആശംസകളോടെ
വിനായക് നിർമൽ
എഡിറ്റർ ഇൻ ചാർജ്
വിജയിയാകണോ വിശ്വസ്തനാകണോ?
Date: