എഴുത്തുകാരനും ചിന്തകനും നോബൽ സമ്മാന ജേതാവുമായ ഹെർമൻ ഹെസ്സെയുടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കൃതി, ജീവിതത്തിൽ എല്ലാം എല്ലാം നേടിയെടുത്തിട്ടും ഉള്ളിന്റെയുള്ളിൽ ശാന്തി അനുഭവിക്കാനാവാതെ നുറുങ്ങുന്ന ഹൃദയവുമായി വീടുവിട്ടിറങ്ങുന്ന ബുദ്ധന്റെ അതെ മനോഭാവമുള്ള ഒരു പാവം ബ്രാഹ്മണ കുമാരന്റെ കഥയാണ് ഹെസ്സെ ഒരു കവിത പോലെ സിദ്ധാർത്ഥ എന്ന നോവലിൽ വരച്ചു വെച്ചിരിക്കുന്നത്. ജീവിതം അനന്യമായ അന്വേഷണമാണ് …. ബോധോദയത്തിനായി സിദ്ധാർത്ഥ യെന്ന മനുഷ്യൻ നടത്തുന്ന പ്രയാണമാണ് ഹെസ്സേയുടെ’ സിദ്ധാർത്ഥ’ ഈ നോവൽ വായിക്കുമ്പോൾ ജീവിതം നമുക്ക് കാട്ടി തന്നിട്ടും നമ്മൾ കാണാൻ മറന്നു പോയ പലതിനെയും കുറിച്ച് ഈ നോവലിലെ കഥാപാത്രങ്ങൾ നമ്മളോട് കുമ്പസാരിച്ചു തുടങ്ങുകയാണ്, രണ്ട് ബുദ്ധന്മാരുടെ കഥയാണ് പൗരസ്ത്യ മാതൃകയായ ഗൗതമ ബുദ്ധന്റെയും ഹെസ്സെയുടെ തന്നെ ലക്ഷ്യമായ പാശ്ചാത്യ സംസ്‌കാരത്തിന് സാദ്ധ്യമായ സിദ്ധാർത്ഥ ന്റെയും കഥ. ഭൂമിയിൽ കിട്ടാവുന്ന എല്ലാ വിദ്യകളും സിദ്ധാർത്ഥൻ അഭ്യസിക്കുന്നുണ്ട് എന്നാൽ അതിനൊന്നും അവന്റെ ഉള്ളിലെ അടങ്ങാത്ത ജ്ഞാനത്യഷ്ണയെ ക്ഷമിപ്പിക്കാനാവന്നില്ല. അറിവല്ല ജ്ഞാനമെന്ന വെളിച്ചം സിദ്ധാർത്ഥയിൽ ബാല്യത്തിൽ തന്നെ ഉദിച്ചതാണ്. ഈ ഭൂമിയിലേ ഒരു ഗുരുവിനും തന്നെ അറിവുള്ളവനാക്കുവാനല്ലതെ ജ്ഞാനിയാക്കാൻ കഴിയില്ല എന്ന് അവൻ ഉറച്ചു വിശ്വസിച്ചു.അങ്ങനെയാണ് സ്വന്തമായ തെല്ലാം വിട്ടെറിഞ്ഞ് സന്യാസിയാകാൻ അവൻ പുറപ്പെടുന്നത്. സിദ്ധാർത്ഥയെ നിഴൽ പോലെ പിൻതുടരുന്ന കഥപാത്രമാണ് ഗോവിന്ദൻ, സഹയാത്രികനായി, ദാസനായി, ശിഷ്യനായി സിദ്ധാർത്ഥ ന്റെ നിഴലായി ജീവിക്കണം എന്ന് മാത്രമെ അവനുള്ളു.
അവരിരുവരുടെയും ജ്ഞാനം തേടിയുള്ള യാത്രയാണ് നോവലിൽ ഉടനീളം. ശ്രമണരുടെ അടുത്താണ് ആദ്ധ്യം ഇരുവരും എത്തുന്നത്. ആ സന്യാസികളിൽ നിന്നും വളരെയെറെ കാര്യങ്ങൾ ഇരുവരും പഠിക്കുന്നുണ്ട്. അഹന്തയില്ലാതാക്കാനുള്ള അതി കഠിനമായ മാർഗങ്ങൾ അതികഠിനമായ വേദന നിറഞ്ഞ സ്വയം നിഷേധത്തിന്റെ മാർഗത്തിലൂടെ അവർ കണ്ടെത്തുകയും ദഹത്തെയും വിശപ്പിനെയും വേദനയെയും തളർച്ചയും ഒക്കെ അവർ ധ്യാനത്തിലൂടെ പരിശീലിക്കുന്നു. ആദ്യം ഒക്കെ മാനസിന് ശാന്തി തന്നു എങ്കിലും സിദ്ധാർത്ഥൻ അവയെയൊക്കെ വെറുത്തു തുടങ്ങുകയാണ്.
തന്നെ കുറ്റപ്പെടുത്തുന്ന ഗോവിന്ദനോട് സിദ്ധാർത്ഥ ചോദിക്കുന്ന ചോദ്യങ്ങളുണ്ട്, ‘എന്താണ് ധ്യാനം? എന്താണ് ശരീരം ഉപേക്ഷിക്കൽ? എന്താണ് ഈ ഉപവസിക്കൽ? എന്താണീ പ്രാണയാമം? എല്ലാം തന്നിൽ നിന്നുമുള്ള ഒരു പലായനമല്ലേ . അഹം ബോധത്തിന്റെ വ്യഥകളിൽ നിന്നുമുള്ള ഒരു താത്കാലിക മോചനം അല്ലാതെ എന്താണ്? ഈ ജീവിതത്തിന്റെ ദു:ഖങ്ങൾക്കും ദൗർബല്യങ്ങൾക്കും താത്കാലികമായ ആശ്വാസം നല്കുന്ന ഒരൗഷധം മാത്രം.
അവർ ഇരുവരും അവിടെ നിന്നും ഇറങ്ങുകയാണ്. പ്രപഞ്ചം വെറും മായയാണ് എന്ന് പറഞ്ഞ ബുദ്ധനെ യാത്രാമധ്യേ അവർ കണ്ടുമുട്ടുന്നുണ്ട്. ബുദ്ധ ചിന്തകൾ അയാളെ ആകർഷിക്കുന്നുണ്ട് എങ്കിലും അവയെ പിൻതുടരാൻ സിദ്ധാർത്ഥ ഇഷ്ട്ടപെടുന്നില്ല. കാരണം, ബുദ്ധന്റെ കാഴ്ച്ചപ്പാടിൽ ലോകം മായയാണ് അതിൽ നിന്ന് ഒളിച്ചോടണം. എന്നാൽ സിദ്ധാർത്ഥ ഒളിച്ചോടാൻ തയാറല്ല. ജ്ഞാനം സ്വയം ആർജ്ജിക്കെണ്ടതാണ് മോക്ഷം സ്വയം കണ്ടത്തെണ്ടതാണ്, അത് ഒരു ഗുരുവിന്റെ ഉപദേശം കൊണ്ടൊ, ദൈവ ഉപാസന കൊണ്ടോ നേടിയെടുക്കാനാവില്ല എന്ന് സിദ്ധാർത്ഥ വിശ്വസിക്കുകയും മനുഷ്യരിൽ നിന്നും ലോകത്തിൽ നിന്നും തൊട്ടും കണ്ടും അറിഞ്ഞും പഠിക്കാനും ജ്ഞാനിയാകാനും അയാൾ വീണ്ടും യാത്രയാകുന്നു. എന്നാൽ തോഴൻ അയാളെ അനുകമിക്കുന്നില്ല നിഴൽ പറ്റി നടക്കാനുള്ള എക്കാലത്തെയും വലിയ പ്രലോഭനം ഗോവിന്ദനെ ബുദ്ധ നിലേക്ക് അടിപ്പിക്കുന്നു.
അയാൾ ഭൂമിയെ മുഴുവൻ ഒരു പാഠപുസ്തകമായി കണ്ടു. ഈ ലോകത്ത് മനുഷ്യർക്കാർക്കും അറിയാത്തത് അവനവനാരാണ് എന്നറിയത്തതാണ്. ഉപദേശങ്ങളിൽ നിന്നും ആചാര്യന്മാരിൽ നിന്നും അത് ലഭിക്കുകയില്ല, അവർ ധാരാളം കാര്യങ്ങൾ പഠിപ്പിക്കും. പക്ഷേ അവർക്ക് പഠിപ്പിക്കാൻ കഴിയാത്ത ഒന്നുണ്ട്. അത് നീ ആരാണ് എന്നാണ്.
സന്യാസ മുപേക്ഷിച്ച് ഒരു അവിസാരണികയിൽ നിന്നും സ്‌നേഹത്തെയും പ്രണയത്തെയും പ്രേമത്തെയും പഠിക്കാൻ അവൻ ഇറങ്ങുന്നു. ഒരുവന് പ്രേമം യാചിക്കാം, വിലയ്ക്കു വാങ്ങാം, തെരുവിൽ നിന്നും കണ്ടെത്തുകയും ചെയ്യാം. പക്ഷേ അതൊരിക്കലും മോഷ്ടിച്ചെടുക്കുവാനാവില്ല എന്ന വലിയ പാഠം അവൾ പഠിപ്പിക്കുന്നു. പക്ഷേ ഒന്നിനും സിദ്ധാർത്ഥനിൽ അടിസ്ഥാനപരമായ സന്തോഷമുണ്ടാക്കാൻ കഴിഞ്ഞില്ല. ഒന്നിനെയും തൊടാതെ എല്ലാത്തിനെയും അറിഞ്ഞു ആസ്വദിച്ചു കടന്നു പോകാനുള്ള പ്രലോഭനങ്ങളിൽ തന്നെ അയാൾ വീണുപോകുന്നു. തനിക്ക് തന്നെ നഷ്ട്ടമായി എന്ന തിരിച്ചറിവിൽ അയാൾ വീണ്ടും ഇറങ്ങി നടക്കുന്നു. എല്ലാമുപേക്ഷിച്ച് ഒരു നദിക്കരയിൽ എത്തുന്നു. ജ്ഞാനത്തിനായുള്ള യാത്രയ്‌ക്കൊടുവിൽ കടത്തുകാരനായ ബാല്യകാല സുഹ്യത്തിനൊപ്പം പുഴയുടെ ചിരി, മൗനം, പരിഹാസം, നൊമ്പരം എന്നിങ്ങനെ നദിയെ അറിഞ്ഞാൽ യഥാർത്ഥ ജ്ഞാനം കൈവരി ക്കാനാവുമെന്ന് അങ്ങനെയവൻ മനസിലാക്കുന്നു.
വളരെക്കാലം ലൗകിക ജീവിതത്തിന്റെ സുഖങ്ങളിൽ മുങ്ങിത്താണ സിദ്ധാർത്ഥൻ ഒടുവിൽ നദീതീരത്തേയ്ക്ക് മടങ്ങിയെത്തുന്നു. നദിയിൽ നിന്നു പഠിക്കാൻ. അവന്റെ ഹൃദയത്തിൽ നവമായി ഉണർന്നശബ്ദം അവൻ കേട്ടു. അതവനോട് പറഞ്ഞു ‘ഈ നദിയെ പ്രേമിക്കുക ,ഇതിന്റെ സാമീപ്യത്തിൽ വസിക്കുക, ഇതിൽ നിന്നും പഠിക്കുക’ സിദ്ധാർത്ഥന്റെ ബോധോദയം അവിടെ മുതൽ ആരംഭിക്കുന്നു. തന്നെതേടിയെത്തിയ ബാല്യകാല സുഹൃത്തായ ഗോവിന്ദനോട് സിദ്ധാർത്ഥൻ പറയുന്നു: ‘പ്രേമമാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുവെന്ന് ഞാൻ കരുതുന്നു. ഈ ലോകത്തെ നിരൂപണവിധേയമാക്കുകയും അതിനെക്കുറിച്ച് വിശദീകരിക്കുകയും അതിനെ വെറുക്കുകയും ചെയ്യുക ഒരു പക്ഷേ വലിയ ചിന്തകന്മാരെ സംബന്ധിച്ചിടത്തോളം പ്രധാനമായിരിക്കാം. പക്ഷേ എനിക്കു പ്രധാനമായിതോന്നുന്നത് ലോകത്തെ പ്രേമിക്കുക മാത്രമാണ്. അല്ലാതെ അതിനെ വെറുക്കലല്ല. ഈ പ്രപഞ്ചത്തെയും നമ്മെയും സർവ്വ ചരാചരങ്ങളെയും പ്രേമത്തോടെ വിസ്മയത്തോടെ, ആദരവോടെ നോക്കിക്കാണുവാൻ ആവുകയാണ് മഹത്തായകാര്യം.’ സിദ്ധാർത്ഥന്റെ മുഖത്തുവിരിഞ്ഞ മന്ദഹാസം ഗൗതമ ബുദ്ധന്റെ മുഖത്തുവിരിഞ്ഞ ആയിരംഭാവമുള്ള അതേ മന്ദഹാസമാണെന്ന് തിരിച്ചറിയുന്ന ഗോവിന്ദൻ സിദ്ധാർത്ഥന്റെ മുന്നിൽ വീണ് സാഷ്ടാംഗപ്രണാമം നടത്തുന്നിടത്ത് നോവൽ അവസാനിക്കുന്നു.
ഈ നോവൽ വായനക്കൊടുവിൽ സിദ്ധാർത്ഥ എന്നും നമുക്ക് മുൻപിൽ കഠിനമായ ഒരു ചോദ്യചിഹ്നമായിമാറും. അരുടെയൊക്കയോ നിഴൽ പറ്റി നടക്കാനുള്ള നമ്മുടെ പ്രലോഭനങ്ങൾക്കു നേരെ അയാൾ എല്ലായ്‌പ്പോഴും പരിഹാസ ചിരിയുണർത്തും. ബുദ്ധനും സിദ്ധാർത്ഥയും രണ്ടു കരകളിൽ ഇരുന്ന് നമ്മെ വീർപ്പുമുട്ടിക്കും. ഏതു കരയിലേക്ക് തുഴയണം എന്നറിയാത്ത തോണിക്കാരനാണ് നമ്മൾ അങ്ങനെയിരിക്കും. സിദ്ധാർത്ഥയെ പോലെ പ്രേമാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുവെന്ന് കരുതണോ?അതോ, ബുദ്ധനെപ്പോലെ സർവ്വവും മായയെന്ന് പറഞ്ഞ് സത്യത്തിൽ നിന്ന് ഓടിയൊളിക്കണമോ?
ജിബു കൊച്ചുചിറ