വില്ലനാകുന്ന കുട്ടിക്കാലം

Date:

spot_img

വളരെ സ്നേഹത്തിലും സൗഹൃദത്തിലുമാണ് ആ ദമ്പതികളുടെ ദിവസങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം അയാൾക്കൊരു മോഹം. രാഷ്ട്രീയത്തിലിറങ്ങുക. അനുകൂല സാഹചര്യങ്ങൾ ഒരുപാടുണ്ടായിരുന്നതുകൊണ്ട് അതെളുപ്പമായി കലാശിച്ചു. പതുക്കെ പതുക്കെ തിരക്കുകൾ അയാളെ വരിഞ്ഞുമുറുക്കിത്തുടങ്ങി. പൊതുജീവിതം ഏറിയപ്പോൾ കുടുംബജീവിതം കുറഞ്ഞുവന്നു. അതായത് കൃത്യസമയത്ത് വീട്ടിലെത്താനോ ഏറെ നേരം ഭാര്യയുമായി മിണ്ടിപ്പറഞ്ഞിരിക്കാനോ അയാൾക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും അയാളൊരിക്കലും ഭാര്യയെ മനപ്പൂർവ്വം അവഗണിച്ചിരുന്നില്ല. തന്റെ തിരക്കും കാര്യങ്ങളും ഭാര്യ മനസ്സിലാക്കുന്നുണ്ട് എന്നായിരുന്നു അയാളുടെ വിചാരം. താൻ കഷ്ടപ്പെടുന്നത് മുഴുവൻ അവൾക്കുവേണ്ടിയല്ലേ തന്റെ നേട്ടങ്ങൾ അവളുടേതും കൂടിയല്ലേ…ഇങ്ങനെയായിരുന്നു അയാളുടെ ധാരണ. ഒരു ദിവസം രാവിലെ ഔദ്യോഗികമായ യാത്രയ്ക്ക് പോകാനിറങ്ങവെ പതിവുപോലെ അയാൾ യാത്രപറയാൻ ഭാര്യയുടെ അരികിലെത്തി.

ഞാൻ പോകുവാ. അല്പം തിരക്കുണ്ട്.വൈകിയേ എത്തൂ. ഉടൻ വന്നു ഭാര്യയുടെ മറുപടി, എവിടെയാണെന്നുവച്ചാ  പോ… ഇനി വന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല.

അയാളെ സംബന്ധിച്ച് ആ വാക്കുകൾ ഇടിത്തീ പോലെയാണ് ഹൃദയത്തിൽ പതിഞ്ഞത്. തന്നോട് എങ്ങോട്ടുവേണമെങ്കിലും പൊയ്ക്കൊള്ളാൻ. ഇനി വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന്. ഇങ്ങനെ സംസാരിക്കാൻ താനെന്തു തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് അയാൾക്ക് മനസ്സിലായില്ല. അതുവരെ ഭാര്യയോടുണ്ടായിരുന്ന സ്നേഹം പെട്ടെന്നൊരു നിമിഷം കൊണ്ട് ഇല്ലാതാകുന്നതുപോലെ അയാൾക്ക് തോന്നി. മറുത്തൊന്നും പറയാതെ അയാൾ ഇറങ്ങിപ്പോയി. പറഞ്ഞതുപോലെ അയാൾ വൈകിയാണ് അന്നേദിവസം എത്തിയത്. ഭാര്യയാവട്ടെ കാരണം ചോദിച്ചതുമില്ല. അതേ ദിവസത്തിന്റെ തുടർച്ചയായിരുന്നു പിന്നീടുള്ള ദിവസങ്ങളും. ഭാര്യയുടെ ചോദ്യങ്ങൾക്കും  അന്വേഷണങ്ങൾക്കും അയാൾ  ഒന്നോ രണ്ടോ വാക്കിൽ മാത്രം മറുപടി  നല്കി ദിവസങ്ങൾ കടന്നുപോയി. ഭക്ഷണം വിളമ്പിവച്ചിട്ടുണ്ടെങ്കിൽ മാത്രം കഴിക്കും. വിളമ്പിയില്ലെങ്കിൽ കഴിക്കാതെ കിടക്കും. പിന്നെപിന്നെ ഭാര്യ ഭക്ഷണം എടുത്തുവയ്ക്കാതെയുമായി.  അത്യാവശ്യത്തിനുള്ള ചോദ്യവും പറച്ചിലും മാത്രം. ഇങ്ങനെ ഒന്നും രണ്ടും മാസങ്ങളല്ല ഏഴു വർഷങ്ങളാണ് കടന്നുപോയത്. പിന്നീട് ആരുടെയെല്ലാമോ നിർബന്ധത്തെ തുടർന്നാണ് കൗൺസലിംങിന് എത്തിയത്.

കൗൺസലിംങ് വേളയിൽ അയാൾ മനസ്സ് തുറന്നപ്പോൾ കിട്ടിയ ജീവിതചിത്രം ഇങ്ങനെയായിരുന്നു. അച്ഛനും അമ്മയും ഒരുമിച്ചുള്ള ഒരു സ്നേഹജീവിതം അയാൾക്ക് ലഭിച്ചിട്ടില്ല. പരസ്പരം വേർപിരിഞ്ഞു താമസിക്കുകയായിരുന്നു മാതാപിതാക്കൾ. അതേക്കുറിച്ച് മുതിർന്ന കൂടപ്പിറപ്പുകൾ പങ്കുവച്ച അറിവുകളേ അയാൾക്കുള്ളൂ താനും. അയാൾ മുതിർന്നതിന് ശേഷമാണ് മാതാപിതാക്കൾ ഒരുമിച്ചുജീവിക്കാനാരംഭിച്ചത്. എങ്കിലും സ്നേഹത്തിന്റെ വലിയ അനുഭവമൊന്നും അവരിൽ നിന്ന് അയാൾക്ക് ഉണ്ടായിട്ടില്ല. അതുപോലെ തന്റെ മുമ്പിൽ മാതാപിതാക്കൾ പോരടിക്കുന്ന ചിത്രവും അയാളുടെ ഓർമ്മയിലില്ല.  ഇങ്ങനെയൊരു സാഹചര്യത്തിലാണ് അയാൾ വിവാഹിതനായത്. വിവാഹം കഴിഞ്ഞ നാൾ മുതൽ ഭാര്യയെ അയാൾ അകമഴിഞ്ഞ് സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഭാര്യയുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും നല്ല അടുപ്പം തന്നെയുണ്ടായിരുന്നു. അവരുടെ വിവിധ ആവശ്യങ്ങളിൽ അയാൾ കൈ അയച്ച് സഹായിക്കുകയും ചെയ്തിരുന്നു. ഭാര്യയെ സഹായിക്കാനും പരിഗണിക്കാനും അയാൾക്ക് സാധിച്ചിരുന്നു. തമ്മിൽ തമ്മിൽ ചെറിയ വഴക്കുകളെല്ലാം ഉണ്ടാകുമ്പോഴും അയാൾ തന്നെയായിരുന്നു മുൻകൈ എടുത്ത് പ്രശ്നം പരിഹരിച്ചിരുന്നത്.  അങ്ങനെ പിണക്കം പരിഹരിക്കുന്നതിന് അയാൾക്കൊരു മാനക്കേടും അനുഭവപ്പെട്ടിരുന്നുമില്ല, അത് അയാളുടെ ഭാഗത്താണ് ശരിയെങ്കിൽ പോലും പക്ഷേ പതുക്കെ പതുക്കെ അയാളൊരു കാര്യം മനസ്സിലാക്കി. തന്റെ വിജയങ്ങളിലൊന്നും ഭാര്യയ്ക്ക് സന്തോഷമില്ല. തനിക്ക് വേണ്ടി താൻ ചെയ്യുന്നതുപോലെയാണ് എല്ലാം അവൾ കാണുന്നത്. കാരണം ഇത്രയും കാലത്തിനിടയിൽ ഒരിക്കൽപോലും ഒരു നല്ല വാക്കോ പ്രോത്സാഹനമോ അയാൾക്ക് അവളിൽ നിന്ന് ലഭിച്ചിട്ടില്ല. ഇങ്ങനെയൊക്കെയാണ് യാഥാർത്ഥ്യമെങ്കിലും അമ്മയിൽ നിന്ന് അകന്നുജീവിക്കേണ്ട വന്ന സാഹചര്യം ഉള്ളതുകൊണ്ടാണ് ഭാര്യയുമായി മാനസികമായി അകൽച്ചയുണ്ടായിട്ടും വേർപിരിയലിലേക്ക് അയാൾ  എത്താതിരുന്നത്. തന്റെ മക്കൾക്ക് താൻ അനുഭവിച്ചതുപോലെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചിരുന്നു, ഈ ചി ന്തകളെല്ലാം അയാളിൽ ശക്തമായത് അന്ന് ഭാര്യ അത്തരത്തിലുള്ള പ്രതികരണം നടത്തിയതിൽ പിന്നെയാണ്. മാത്രവുമല്ല അതിന്റെ തുടർച്ചയെന്നോണം അസഭ്യമായ പല പ്രയോഗങ്ങളും അവൾ അയാൾക്ക് നേരെ നടത്തുകയും ചെയ്തു. ഒരു കോളജിലെ അധ്യാപിക ആയിരുന്നിട്ടും അവളുടെ ജോലിയുടെയോ സംസ്‌കാരത്തിന്റെയോ യാതൊരു മഹിമയും കാണിക്കാത്ത വിധത്തിലുള്ള വാക്കുകളായിരുന്നു അവയെല്ലാം. ഇങ്ങനെ തങ്ങൾ പിന്നിട്ടുവന്ന ജീവിതത്തെ അപഗ്രഥനവിധേയമാക്കിയപ്പോൾ അയാൾക്കൊരു കാര്യം മനസ്സിലായി  ആത്മാർത്ഥയും സ്നേഹവുമൊക്കെ വെറുതെയാണ്.അകൽച്ചപാലിക്കുന്നതാണ് നല്ലത്.കൂടുതൽസ്നേഹിച്ചിട്ട് ദുരനുഭവം നേരിടുന്നതിനെക്കാൾ നല്ലത് സ്നേഹിക്കാതെ വേദന തിന്നുന്നതാണല്ലോ. ഇതായിരുന്നു അയാളുടെ മട്ട്.

ഭാര്യയോട് സംസാരിച്ചപ്പോൾ തെളിഞ്ഞുവന്നത് മറ്റൊരുജീവിതചിത്രമായിരുന്നു. ഭർത്താവിന്റെ വീടിന്റേതിൽ നിന്ന് ഭിന്നമായ ജീവിതം. മാതാപിതാക്കൾ ബഹിർമുഖരാണ്. മൂർച്ചയേറിയവാക്കുകൾ കൊണ്ട് ഭർത്താവിനെ നിരന്തരം കുത്തിമുറിവേല്പിക്കുന്ന അമ്മയെ കണ്ടാണ് അവൾ വളർന്നുവന്നത്. അമ്മ ആ രീതിയിൽ ആനന്ദം കണ്ടെത്തുന്നുമുണ്ടായിരുന്നു. പലപ്പോഴും ഭർത്താവ് നിശ്ശബ്ദനായിരുന്നു. അമ്മയുടെ വാക്കുമുനയിൽ ചോരകിനിയുന്ന അച്ഛൻ കുട്ടിക്കാലത്ത് അവൾക്ക് വേദനയായിരുന്നുവെങ്കിലും താനൊരു ഭാര്യയായി മാറിയപ്പോൾ അവൾ അമ്മയെ ആണ് അനുകരിച്ചത്. അമ്മയെ പോലെ ഒരു ഭാര്യയായി മാറി ഭർത്താവിനെ നിരന്തരം കുത്തിമുറിവേല്പിക്കുമ്പോൾ അവൾ ഉള്ളിൽ ആനന്ദം അനുഭവിക്കുകയായിരുന്നു. തങ്ങൾ പരസ്പരം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് സ്വയം മനസിലാക്കിക്കഴിഞ്ഞതോടെ ഈ ദമ്പതികൾക്കിടയിലെ അകലം കുറഞ്ഞുതുടങ്ങി.

കുട്ടിക്കാലാനുഭവങ്ങളും തങ്ങളുടെ മാതാപിതാക്കളുടെ ജീവിതമാതൃകകളും ദാമ്പത്യജീവിതത്തിൽ എങ്ങനെയെല്ലാം വില്ലനായി മാറാം എന്നതാണ് ഈ സംഭവത്തിൽ് നാം കണ്ടത്.  ഇങ്ങനെയുള്ള പല അനുഭവങ്ങളും നേരിട്ട് മനസ്സിലാക്കിയിട്ടുള്ള ഒരു വ്യക്തിയെന്ന നിലയിൽ പറയാൻ കഴിയുന്നത് ഒരു വ്യക്തിയുടെ കുട്ടിക്കാലാനുഭവങ്ങൾ, വ്യക്തി ജനിച്ചുവളർന്ന ജീവിതസാഹചര്യങ്ങളും മാതാപിതാക്കളും അവരുടെ പില്ക്കാല ജീവിതത്തിൽ, പ്രത്യേകിച്ച് കുടുംബജീവിതത്തിൽ നന്മയുടെയും തിന്മയുടെയും സ്വാധീനങ്ങൾ പ്രകടിപ്പിക്കുന്നുണ്ട് എന്നാണ്. കുട്ടിക്കാലത്ത് ഒരുപക്ഷേ മാതാപിതാക്കളിൽ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്ത പെരുമാറ്റ ശൈലി മുതിർന്നുകഴിയുമ്പോൾ മക്കളിലേക്ക് കടന്നുവരുന്നു. അച്ഛന്റെ മദ്യപാനം വെറുത്തിരുന്ന മകൻ മുതിർന്നുകഴിഞ്ഞപ്പോൾ അച്ഛനെ അതിശയിപ്പിക്കുന്ന വിധത്തിലുള്ള മദ്യപാനിയായി മാറാറുണ്ട്. അച്ഛനെ ചീത്തവിളിക്കുന്ന അമ്മയോടുള്ള ദേഷ്യവും വെറുപ്പും മനസ്സിൽ സൂക്ഷിച്ചിരുന്ന മകൾ ഒരു ഭാര്യയായികഴിയുമ്പോൾ അമ്മയെക്കാൾ മോശമായി ഭർത്താവിനോട് പെരുമാറുന്നതും കണ്ടുവരാറുണ്ട്.

ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള ഇത്തരത്തിലുള്ള പെരുമാറ്റ വൈകല്യങ്ങൾ അവരുടെ സാമൂഹികജീവിതത്തിലും ഔദ്യോഗികജീവിതത്തിലും മക്കളുടെ വളർത്തലിലും എല്ലാം സ്വാധീനം ചെലുത്താറുണ്ട്. ബിസിനസുകാരനായ ഭർത്താവാണെങ്കിൽ അയാൾക്ക് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെയാവും. ഉദ്യോഗസ്ഥനായ ഭർത്താവണെങ്കിൽ സഹപ്രവർത്തകരോട് പൊട്ടിത്തെറിക്കുകയും അവരെ ശാസിക്കുകയും ചെയ്യും. എഴുത്തുകാരനായ ഭർത്താവാണെങ്കിൽ അയാളുടെ എഴുത്ത് തന്നെ നിലച്ചുപോകും. ജീവിതപങ്കാളിയിലൊരാളിലെ നെഗറ്റീവ് എനർജി മറ്റേ ആളിൽ മാത്രമല്ല ആ കുടുംബത്തിലും സമൂഹത്തിലും എല്ലാം  നിഷേധാത്മകമായ ഫലങ്ങൾക്ക് കാരണമാകുന്നു.
 മക്കളുടെ വളർത്തലിനെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. അക്കാര്യം ഒന്നുകൂടി വിശദീകരിക്കാം. നിരന്തരം പോരടിക്കുന്ന മാതാപിതാക്കളെ കണ്ടുവളരുന്ന മക്കളിൽ പൊതുവെ കണ്ടുവരുന്ന ഒരു പ്രവണതയാണ് കാര്യസാധ്യത്തിനായി മാത്രം മാതാപിതാക്കളെ പ്രസാദിപ്പിക്കുക എന്നത്. മാതാപിതാക്കളിൽ ആർക്കാണോ മേധാവിത്വം കൂടുതലുള്ളത് അയാളോട് ചേർന്ന് നിന്ന് മറ്റേ ആളെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന രീതിമക്കളിലുണ്ട്. മക്കളിൽ ഭയവും ആകുലതയും അരക്ഷിതബോധവുമാണ് ഇത്തരം കുടുംബസാഹചര്യങ്ങൾ സൃഷ്ടിക്കുന്നത്. മുൻകോപിയും വാശിക്കാരിയുമായ അമ്മ ശാന്തനായ ഭർത്താവുമായി വഴക്കുകൂടുമ്പോൾ സാധാരണയായി ചെയ്തുവരുന്നത് മൂത്ത മകനെ തന്റെ പക്ഷത്തേക്ക് ചേർത്തുനിർത്തുകയും അവനെ മുന്നിൽ നിർത്തി ഭർത്താവിനെ തറ പറ്റിക്കുകയുമാണ്. അച്ഛൻ പറഞ്ഞത് കേട്ടില്ലേ, അച്ഛൻ ചെയ്തത് കേട്ടില്ലേ എന്ന മട്ടിൽ മകനെ അമ്മ തന്റെ വരുതിയിലാക്കുന്നു. കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെങ്കിൽ പോലും അമ്മയുടെ ശബ്ദമാണ് വീട്ടിൽ ഉയർന്നുകേൾക്കുന്നത് എന്നതിനാലും അമ്മയെ പ്രസാദിപ്പിച്ചാൽ മാത്രമേ കാര്യങ്ങൾ നടക്കൂ എന്ന് ബോധ്യമുള്ളതിനാലും  അമ്മയോട് ചേർന്നുസംസാരിക്കാൻ മകൻ നിർബന്ധിതനാകുന്നു.  
സത്യത്തിന് വേണ്ടി നിലകൊള്ളാനുളള മനോധൈര്യം ഇവിടെ മകനിൽ രൂപപ്പെടുന്നില്ല എന്നതാണ് ഖേദകരം. അല്ലെങ്കിൽ അമ്മ അതിനൊരു സാഹചര്യമൊരുക്കുന്നില്ല. ഫലമോ മകന്റെ മാനസിക നില ദുർബലമാകുന്നു. എന്നാൽ മുതിർന്നതിന് ശേഷം ഇതേ മകന്റെ ഏറ്റവും വലിയ ശത്രു അവന്റെ അമ്മതന്നെയായി മാറുകയും ചെയ്യും. അന്ന് മകൻ തനിക്കെതിരെ സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുമ്പോൾ അമ്മയ്ക്ക് അത് സഹിക്കാനും കഴിയില്ല. മകൻ തന്നെ എതിർക്കുന്നു, അവൻ തന്റെ ശത്രുവാണ് എന്ന ചിന്തയിലേക്കാണ് അമ്മ എത്തുന്നത്. ഇത്തരം പ്രവണതകൾ മക്കളുടെ വ്യക്തിത്വ തകരാറിന് കാരണമാകുന്നുവെന്ന് മാതാപിതാക്കളൊരിക്കലും കരുതാറില്ല. സ്വയം മതിപ്പോ മാനസികാരോഗ്യമോ ഇല്ലാത്ത രീതിയിൽ മക്കൾ വളർന്നുവരുന്നതിന് ഇങ്ങനെയുള്ള മാതാപിതാക്കളാണ് ഉത്തരവാദികൾ. അതുകൊണ്ട് ദമ്പതികൾ തമ്മിലുള്ള വഴക്കുകൂടലുകളിൽ മക്കളെ കക്ഷി ചേർക്കാതിരിക്കുക. മുതിർന്നതിന് ശേഷം മക്കൾ ശരിയും തെറ്റും കണ്ടെത്തി പ്രതികരിച്ചുകൊള്ളട്ടെ.

മക്കളിൽ ബാല്യകാലത്ത് രൂപപ്പെടുന്ന വ്യക്തിത്വവൈകല്യങ്ങൾ, മുറിവുകൾ, ആഘാതങ്ങൾ അവയുടെ പരിണത ഫലങ്ങൾ പൂർണ്ണമായിട്ടല്ലെങ്കിലും ഒരു പരിധിവരെ മാറ്റിയെടുക്കാൻ കഴിയുന്നതുമാണ്. അതിന് തനിക്ക്  തെറ്റുപറ്റി എന്ന് അംഗീകരിക്കാനുള്ള മനസ്ഥിതിയുണ്ടാവണം, തിരുത്താൻ തയ്യാറാവുകയും വേണം. വികലമായ വ്യക്തിത്വവുമായി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു വ്യക്തി തന്റെയും ജീവിതപങ്കാളിയുടെയും മക്കളുടെയും ജീവിതമാണ് തകർക്കുന്നത്. 30 വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ ദമ്പതികളുടെ ജീവിതത്തിന്റെ ഫലമാണ് ഇന്നത്തെ കുടുംബബന്ധങ്ങൾ.

അന്ന് ആ ദമ്പതികൾ എങ്ങനെ മക്കളെ വളർത്തി, തങ്ങൾ എങ്ങനെ ജീവിച്ചു എന്നതിന്റെ തെളിവാണ് അവരുടെ മക്കൾ ഇന്ന് തങ്ങളുടെ കുടുംബജീവിതം നയിക്കുന്ന രീതി. ഇന്ന് രൂപം കൊള്ളുന്ന കുടുംബങ്ങളുടെ അവസ്ഥാവിശേഷം ഇനിയൊരു ഇരുപതോ മുപ്പതോ വർഷം കഴിഞ്ഞാലേ തെളി.യിക്കപ്പെട്ടുകിട്ടുകയുളളൂ.

ഓടുന്ന നായ്ക്ക് ഒരു മുഴം മുമ്പേ എറിയുക എന്ന മട്ടിൽ ഇത്തരം കാര്യങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും പ്രവർത്തനങ്ങളും നടത്തിയാൽ മാത്രമേ സ്ഥിരതയും ഭദ്രതയുമുളള കുടുംബബന്ധങ്ങൾ നമ്മുടെ നാട്ടിൽ രൂപപ്പെടുകയുള്ളൂ.  

More like this
Related

ഇനി എല്ലാം തുറന്നുപറയാം..

ശരീരത്തിന് അസ്വസ്ഥത തോന്നിയാൽ, രോഗമോ വല്ലായ്മയോ അനുഭവപ്പെട്ടാൽ സാധാരണഗതിയിൽ എല്ലാവരും ഡോക്ടറെ...

കൊച്ചുകൊച്ചു സന്തോഷങ്ങൾ

വിവാഹത്തിന്റെ രജതജൂബിലിയിലേക്ക് കടക്കാൻ  ഏതാനും മാസങ്ങൾ മാത്രമുള്ള ദമ്പതികൾ.  ഭർത്താവ് ബാങ്കുദ്യോഗസ്ഥനാണ്....

‘കെട്ട്യോളാണെന്റെ മാലാഖ’

കുറെനാളുകൾക്ക് മുമ്പാണ്, ഒരു ചെറുപ്പക്കാരനും ഭാര്യയും കൂടി എന്നെ കാണാനെത്തി. സാധാരണയായി...

ആശയവിനിമയം സർവധനാൽ പ്രധാനം

വിവാഹജീവിതത്തിന്റെ തുടക്കത്തിൽ എന്തൊരു സന്തോഷമാണ് രണ്ടുപേർക്കും. എവിടെയും വർണ്ണങ്ങൾ... എവിടെയും സംഗീതം....
error: Content is protected !!