ദേഷ്യമാണ് ശത്രു

Date:

spot_img

ഇനി ഞാൻ അയാളുമായി യാതൊരുവിധ ബന്ധവും  നിലനിർത്താൻ ആഗ്രഹിക്കുന്നില്ല.
സുഹൃത്ത് വേറൊരു സുഹൃത്തിന്റെ പേരു സൂചിപ്പിച്ചുകൊണ്ടാണ് അത് പറഞ്ഞത്.
എന്താണ് കാരണം?

സുഹൃത്ത് ചില കാര്യങ്ങൾ വിശദീകരിച്ചു. പറഞ്ഞുകേട്ടവ വച്ചുനോക്കുമ്പോൾ ശരിയാണ് ആരായാലും ഇനി അയാളോട് സൗഹൃദം പുലർത്തുകയില്ല. പക്ഷേ ആളെ അറിയാവുന്നതായതുകൊണ്ട് ഒരു ന്യായീകരണം പോലെ പ്രതികരിച്ചത് ഇങ്ങനെയാണ് ആളൊരു ദേഷ്യക്കാരനാണല്ലോ, അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞുപോയതാവാം.

അയാള് ദേഷ്യക്കാരനാണെങ്കിൽ ഞാനെന്തുപിഴച്ചു. അയാളുടെ ദേഷ്യം അയാളുടെ കയ്യിലിരിക്കട്ടെ. എനിക്കത് സഹിക്കേണ്ട കാര്യമില്ലല്ലോ… സുഹൃത്ത് മറ്റേ സുഹൃത്തിനെക്കാൾ കോപാകുലനായി.

ശരിയാണ് ദേഷ്യം പേറുന്നവനെക്കാൾ ബുദ്ധിമുട്ടു സഹിക്കേണ്ടിവരുന്നത് ദേഷ്യത്തിന് ഇരയാകുന്നവനാണ് . ദേഷ്യക്കാരൻ ദേഷ്യം തീർന്നുകഴിയുന്നതോടെ ശാന്തനാകും. പക്ഷേ അതിന് ഇരയായ വ്യക്തിയാവട്ടെ ദേഷ്യത്തിന്റെ മുഴുവൻ തിക്തഫലങ്ങളും അനുഭവിക്കേണ്ടിവരും. ദേഷ്യം വരുമ്പോൾ എന്തു പറയുന്നു എന്ന് ചിന്തയില്ലാത്തവർ ധാരാളമുണ്ട്. മുറിപ്പെടുത്തുന്ന വാക്കുകൾ തീപ്പന്തംപോലെ മറ്റുള്ളവർക്ക് നേരെ വലിച്ചെറിയുന്നവരുണ്ട്. പലപ്പോഴും ബന്ധങ്ങളെ തകർക്കാൻ ഇത്തരം വാക്കുകൾ ധാരാളം മതിയാവും. സൗഹൃദബന്ധങ്ങളിലും രക്തബന്ധങ്ങളിലും ദാമ്പത്യബന്ധങ്ങളിലും ഔദ്യോഗികബന്ധങ്ങളിലും എല്ലാം ഇത് ബാധകമാണ്. ഒരാൾ ദേഷ്യക്കാരനാണ് എന്നത് അയാളുടെ വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കാം. പക്ഷേ ആ ദേഷ്യത്തെ നിയന്ത്രിച്ചില്ലെങ്കിൽ പല നഷ്ടങ്ങളും ജീവിതത്തിൽ സംഭവിച്ചേക്കാം.  പരിശീലനം കൊണ്ടും പ്രയത്നം കൊണ്ടും ദേഷ്യത്തെ നിയന്ത്രിച്ചുനിർത്താൻ കഴിയും. ഒന്നാമത് എന്തുകൊണ്ടാണ് ദേഷ്യം വരുന്നതെന്ന് ആലോചിച്ചു കണ്ടെത്തുക. ഏതൊരു ദേഷ്യത്തിനും കാരണമുണ്ടാവാം. ചിലരുടെ വാക്ക്, പ്രവൃത്തി, ചില ഇടപെടലുകൾ… ഇതിനൊക്കെ പുറമെ മറ്റുള്ളവർ. കാരണമില്ലാതെയും ദേഷ്യം പുറത്തേക്ക് വരാം. വ്യക്തിപരമായി അനുഭവിക്കുന്ന സംഘർഷങ്ങൾ അനുകൂല സാഹചര്യത്തിൽ പുറത്തേക്ക് വരുന്നതാണ് അത്.

പലപ്പോഴും പറഞ്ഞുകേൾക്കുന്ന ഒരു ഉദാഹരണമില്ലേ, വീട്ടിൽ ഭാര്യയുമായി വഴക്കുണ്ടാക്കി സ്‌കൂളിലെത്തിയ അധ്യാപകൻ വീട്ടിലെ സംഭവങ്ങളുടെ തുടർച്ചയെന്നോണം വിദ്യാർത്ഥികളോട് ദേഷ്യപ്പെടുകയും അവരെ അകാരണമായി ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. ഇങ്ങനെ ശിക്ഷിക്കപ്പെടുന്ന കുട്ടികൾ അവരുടെ ദേഷ്യം മറ്റേതെങ്കിലും രീതിയിൽ പുറമേയ്ക്ക് പ്രകടിപ്പിക്കുന്നു. ദേഷ്യം ഇപ്രകാരം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. അതുകൊണ്ട് ഇത്തരം സംഭവങ്ങളിൽ ഒരാൾ മനസ്സ് വിചാരിച്ചാൽ കോപത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാവുന്നതേയുള്ളൂ. ദാമ്പത്യം പോലെയുള്ള അവസ്ഥയെ തന്നെ എടുക്കാം. ഭാര്യയോ ഭർത്താവോ ഏതെങ്കിലും കാരണത്തിന് ദേഷ്യപ്പെടുന്നു. അതേ നാണയത്തിൽതിരിച്ചടിക്കാനാണ് സ്വാഭാവികമായും മറ്റേ ആൾക്ക് തോന്നുക. ഇത് കുടുംബത്തിൽ സംഘർഷങ്ങൾക്ക് കാരണമാകും. മക്കളെ ബാധിക്കും. വാക്കുകളുടെ കൂട്ടിമുട്ടലിൽ നിന്ന് ചോര കിനിയും. ആകെ അന്തരീക്ഷം കലുഷിതമാകും.
ഇതിന് പകരം രണ്ടാമത്തെയാൾ ദേഷ്യപ്പെടാതിരുന്നാലോ.. വാക്കുകളെ നിയന്ത്രിച്ചുനിർത്തിയാലോ.. ചിലപ്പോൾ ഇത് മനുഷ്യസാധ്യമായിരിക്കണമെന്നില്ല. ഇവിടെയാണ് കോപത്തെ നിയന്ത്രിക്കേണ്ട പരിശീലനം ആർജ്ജിക്കേണ്ടത്. കോപിക്കാൻ തോന്നുന്ന സാഹചര്യങ്ങളിൽ മനസ്സിനെ മറ്റേതെങ്കിലും നല്ല ഓർമ്മകളിലേക്ക് കൊണ്ടുപോകുക. തന്നോട് കോപിക്കുന്ന ആളിൽ നിന്ന് തന്നെ കിട്ടിയ നല്ല ഓർമ്മകൾ, അല്ലെങ്കിൽ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു അനുഭവം. അല്ലെങ്കിൽ ഓർത്തുരസിക്കാൻ പറ്റിയ കണ്ട സിനിമയിലെ ഒരു രംഗം. ഇത്തരം ഓർമ്മകളെയോ സംഭവങ്ങളെയോ മനസ്സിലേക്ക് ബോധപൂർവ്വം കൊണ്ടുവന്നാൽ കോപിക്കാനുള്ള പ്രവണതയിൽ നിന്ന ഒഴിഞ്ഞുനില്ക്കാൻ കഴിയും. മാത്രവുമല്ല അകാരണമായും അസഭ്യമായും കോപിക്കുന്ന വ്യക്തി മനോരോഗത്തിന്റ പരിധിയിൽ വരുന്ന വ്യക്തിത്വവൈകല്യത്തിന്റെ ഉടമയാണെന്നും മറക്കാതിരിക്കാം.

വീട്ടുസാമാനങ്ങൾ വലിച്ചെറിയുകയും പാത്രങ്ങൾ എറിഞ്ഞുപൊട്ടിക്കുകയും  പതിവാക്കിയ സ്ത്രീപുരുഷന്മാരെ കണ്ടിട്ടില്ലേ. അവരുടെ വ്യക്തിത്വം വികലമാണ്. മാനസികപക്വത  ഇനിയും ആർജ്ജിക്കാത്തവരാണ്. അവരോട് സഹിഷ്ണുതയാണ് കാണിക്കേണ്ടത്. എന്നാൽ സഹിഷ്ണുത കാണിച്ചു എന്നുകരുതി അത് തങ്ങളുടെ അവകാശമായി അക്കൂട്ടർ കണക്കാക്കുകയും ചെയ്യരുത്. തങ്ങളുടെ കോപം കൊണ്ട് കുടുംബത്തിലും വ്യക്തിബന്ധങ്ങളിലും സംഭവിക്കുന്ന ഇടർച്ചകളെയും പാളിച്ചകളെയും കുറിച്ച അവർക്ക് ബോധ്യമുണ്ടായിരിക്കണം.  പൊട്ടിത്തെറിക്കുന്ന ഒരാളുടെ സഹവാസമോ സൗഹൃദമോ ആരും ആഗ്രഹിക്കുകയില്ല. ഒരാളുടെ ഏറ്റവും വലിയ ശത്രു അയാളുടെ കോപപ്രകൃതമാണെന്ന് ചില വിലയിരുത്തലുകളുണ്ട്.  കോപം മൂലം ഈ ലോകത്ത് നാശങ്ങളല്ലാതെ നന്മകളൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് ഉള്ളിലുള്ള ശത്രുവിനെ നിഗ്രഹിക്കുക. നമ്മുടെ വ്യക്തിത്വവളർച്ചയ്ക്ക്, ബന്ധങ്ങളുടെ മികവിന്, നല്ല കുടുംബസാമൂഹ്യഅന്തരീക്ഷത്തിന് എല്ലാം അത് അത്യാവശ്യമാണ്. കോപം നിങ്ങളെ കൊല്ലും മുമ്പ് കോപത്തെ നിങ്ങൾ കൊല്ലുക. അപ്പോൾ മാത്രമേ വ്യക്തിജീവിതത്തിലുൾപ്പടെ ശാന്തതയും സ്വസ്ഥതയും അനുഭവിക്കാൻ കഴിയുകയുള്ളൂ.  

More like this
Related

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...
error: Content is protected !!