ഒരേയൊരു ജഗതി

Date:

spot_img

അധ്യാപനജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഞാൻ കുറച്ചുകാലം പത്രപ്രവർത്തകനായി ജോലി ചെയ്തിട്ടുണ്ട്. കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു മാസികയിലും ദിനപ്പത്രത്തിലുമായിരുന്നു പത്രപ്രവർത്തകനെന്ന നിലയിൽ കൂടുതൽ കാലം ജോലിനോക്കിയത്. സമൂഹത്തിലെ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളുടെ അഭിമുഖം തയാറാക്കി കൊടുക്കലായിരുന്നു മാസികയിലായിരുന്ന സമയത്ത് കൂടുതലായി ചെയ്തിരുന്നത്. പത്രപ്രവർത്തന ഭാഷയിൽ പറഞ്ഞാൽ സെലിബ്രിറ്റി ഹണ്ടിംഗ്.

മാസികയുടെ അടുത്ത ലക്കത്തിലെ അതിഥി കോളത്തിലേക്ക് നടൻ ജഗതിയുടെ ഒരു കുറിപ്പ് കൊടുത്താൽ നന്നായിരിക്കില്ലേ എന്ന ചിന്തയിൽ നിന്നാണ് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് വിളിക്കുന്നത്. ആദ്യവിളിക്ക് തന്നെ ഫോൺ എടുത്തു. മറുതലക്കൽ ഞാൻ തേടുന്ന ജഗതി ശ്രീകുമാർ! വിളിക്കുന്ന ആൾ ആര്, എവിടെ നിന്ന് തുടങ്ങിയ കാര്യങ്ങൾ ചോദിക്കാതെ തന്നെ വെളിപ്പെടുത്തുക എന്ന പത്രപ്രവർത്തനധർമം പാലിച്ചു. അത് കേട്ടയുടനെ നമസ്‌കാരം എന്ന സ്‌നേഹമസൃണമായ അഭിവാദ്യമാണ് കേൾക്കാൻ കഴിഞ്ഞത്.

ഒരു മഹാനടനായിട്ടുകൂടി ഈ ജോലിയുടെ മഹത്വത്തെ അദ്ദേഹം മാനിക്കുന്നുവല്ലോ എന്നാണ് എനിക്ക് ആദ്യം തോന്നിയത്. കാര്യം പറഞ്ഞു.  ഭാഗ്യമെന്നു പറയട്ടെ ഞാൻ വിളിച്ചതിന്റെ പിറ്റെദിവസം അദ്ദേഹത്തിന് കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വരേണ്ടതുണ്ടായിരുന്നു. അവിടെ വച്ച് നമുക്കുനേരിട്ടുകാണാമെന്നും സംസാരിക്കാമെന്നും അദ്ദേഹം മടിയേതുമില്ലാതെ പറഞ്ഞു. കെ.പി.എസ് മേനോൻ ഹാളിൽവച്ച് നടക്കുന്ന ആ ചടങ്ങിൽ അഭിമുഖത്തിനും മറ്റും സമയം കണ്ടെത്താൻ സംഘാടകരുടെ അനുവാദവും വേണ്ടതല്ലേ എന്ന സംശയം ഞാൻ പങ്കുവെച്ചു. ഒരു മിനിറ്റ് ഹോൾഡ് ചെയ്യൂ ഞാൻ നമ്പർ തരാമെന്നു പറഞ്ഞ ജഗതി വൈകാതെ നമ്പർ എടുത്തുകൊണ്ടുവന്ന് പേരും നമ്പരും പറഞ്ഞുതന്നു. ഞാൻ പറഞ്ഞിട്ടാണ് സൗകര്യം ചെയ്തുതരണമെന്ന് പറഞ്ഞാൽ മതിയെന്നും പറഞ്ഞു. എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.

പ്രമുഖരെ അഭിമുഖം ചെയ്യാൻ ഒരു പക്ഷെ അവർ ഉടനെ സമ്മതിക്കണമെന്നില്ല. സമ്മതമാണെങ്കിൽക്കൂടി അവരുടെ തിരക്ക് കാരണം നമുക്ക് ആഗ്രഹിക്കുന്ന ലക്കത്തിൽ അഭിമുഖം കൊടുക്കാൻ സാധിക്കണമെന്നുമില്ല.  ഞാൻ ജഗതി തന്ന നമ്പരിൽ വിളിച്ച് സമ്മതം വാങ്ങി.

പിറ്റെദിവസം വൈകുന്നേരം സമയത്ത് തന്നെ കെ.പി.എസ് മേനോൻഹാളിലെത്തി. സംവിധായകരായ കെ.ജി.ജോർജ്, എം.പി.സുകുമാരൻ നായർ, നടൻ ഇന്ദ്രൻസ്, ജഗതി തുടങ്ങിയ സിനിമാപ്രർത്തകരെ അനുമോദിക്കുന്ന ഒരു ചടങ്ങായിരുന്നു അവിടെ. കെ.ജി.ജോർജ്, എം.പി. സുകുമാരൻ നായർ തുടങ്ങിയവർ അവിടെ നേരത്തെ തന്നെ എത്തിയിരുന്നു. ജഗതിയുടെ വരവും കാത്ത് ഞാൻ പ്രവേശനകവാടത്തിൽത്തന്നെ നിൽക്കുകയായിരുന്നു. അധികം വൈകാതെ ഒരു വെള്ള സ്‌കോർപിയോ കാർ ഹാളിന്റെ മുന്നിൽ നിർത്തി. അതിൽ നിന്ന് ജഗതി ഇറങ്ങിയതും ജനങ്ങൾ കൂട്ടത്തോടെ സീറ്റിൽ നിന്ന് എഴുന്നേറ്റ് അദ്ദേഹത്തെ ആരാധനയോടെ നോക്കാൻ തുടങ്ങി. ഇതിനിടെ അഞ്ചെട്ട് പേർ ഓരോ ആവശ്യവുമായി അദ്ദേഹത്തിന്റെ സമീപത്തേക്ക് ചെന്നു.

ചടങ്ങ് തുടങ്ങുന്നതിന് മുമ്പ് അഭിമുഖത്തെക്കുറിച്ച് ഓർമിപ്പിക്കണമല്ലോ. അദ്ദേഹത്തോട് സംസാരിച്ച് എല്ലാവരും മാറിയശേഷമാണ് ഞാൻ അടുത്തെത്തിയത്. തൊട്ടുമുമ്പ് സംസാരിച്ചവരൊക്കെ പെട്ടെന്ന് ഓരോ കാര്യം പറഞ്ഞ് സമീപിച്ചതിനാലാവണം ഞാൻ അടുത്തെത്തിയ ഉടനെ ആട്ടെ ഇദ്ദേഹത്തിനെന്താ ആവശ്യം എന്ന് ഒരു ചെറുചിരിയോടെയാണ് ചോദിച്ചത്. ഞാൻ ഇന്നലെ വിളിച്ച ആൾ ആണെന്നും അഭിമുഖത്തിന് സമ്മതിച്ചിട്ടുള്ളതാണെന്നും പറഞ്ഞപ്പോൾ ഈ ചടങ്ങ് കഴിയുന്നത് വരെ ഒന്നു കാത്തിരിക്കാമോ എന്ന് അദ്ദേഹം വളരെ സ്‌നേഹത്തോടെ എന്നോട് ചോദിച്ചു. ഞാൻ സമ്മതിച്ചു.

പരിപാടി കഴിഞ്ഞപ്പോൾ രാത്രി എട്ടരയായി. സ്റ്റേജിൽ നിന്ന് ഇറങ്ങി ഹാളിന് നടുവിലൂടെ നടന്ന് പുറത്തെത്തിയ അദ്ദേഹത്തിന്റെ അടുത്തേക്ക് ഞാൻ ഓടിയടുത്തു. ഒരു പക്ഷേ അദ്ദേഹം ഇക്കാര്യം തന്നെ മറന്നുപോയിട്ടുണ്ടാവാം.  വരൂ നമുക്ക് വണ്ടിയിലേക്ക് കയറാം എന്നുപറഞ്ഞ് അദ്ദേഹം സ്‌കോർപിയോയുടെ മധ്യഭാഗത്തെ സീറ്റിലേക്കുള്ള ഡോർ തുറന്നു.

ഞാൻ വണ്ടിയിൽ കയറി. ടേപ്പ് റിക്കോർഡറും മറ്റുമടങ്ങിയ ബാഗ് എന്റെ മടിയിൽ വെച്ചു. മുന്നിലെ ഡോർ തുറന്ന് കയറാൻ തുടങ്ങിയ അദ്ദേഹം പെട്ടെന്ന് തന്നെ തീരുമാനം മാറ്റി. ആ ഡോർ അടച്ചു. എന്നിട്ട് എന്റെ ഒപ്പം സീറ്റിൽ ഇരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്തുകഴിഞ്ഞപ്പോഴേ ഡ്രൈവറെ വിളിച്ചു. മോഹനാ… ഇതുകഴിഞ്ഞിട്ട് ഞാൻ മുന്നോട്ട് വന്നോളാം കെട്ടോ എന്നു പറഞ്ഞു. വണ്ടി ഹോട്ടൽ ഐഡയുടെ മുന്നിലേക്ക് പോകട്ടെയെന്നും അദ്ദേഹം മോഹനനോട് പറഞ്ഞു.
എന്റെ ജീവിതത്തിലെ അസുലഭ നിമിഷങ്ങളിലൊന്നായിരുന്നു അത്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ജഗതിയെന്ന നടനൊപ്പം അദ്ദേഹത്തിന്റെ വണ്ടിയിൽ ഞാനിതാ സഞ്ചരിക്കുന്നു… പോകുന്ന വഴി അദ്ദേഹം എന്നോട് മാസികയെക്കുറിച്ച് കൂടുതലായി ചോദിച്ചു. ജാടകളേതുമില്ലാതെ സംസാരിക്കുന്ന അദ്ദേഹത്തോട് കുശലം ചോദിക്കാൻ എനിക്ക് പേടി തോന്നിയില്ല. സർ ഇവിടെ വരെ വന്ന സ്ഥിതിക്ക് ഈരാറ്റുപേട്ടക്ക് പോകുന്നില്ലേ എന്ന് അദ്ദേഹത്തോട് ചോദിച്ചു (പൂഞ്ഞാർ എം.എൽ.എ ആയ പി.സി.ജോർജിന്റെ പുത്രൻ ഷോൺ ആണ് ജഗതിയുടെ മകളുടെ ഭർത്താവ്. ഈരാറ്റുപേട്ടക്ക് അധികം അകലെയല്ലാതെയാണ് അവരുടെ വീട്). ഓ… നാളെ വാവ് അല്ലേ.. പുലർച്ചയോടെയെങ്കിലും തിരുവനന്തപുരത്ത് എത്തണം. അതിനാൽ പോകുന്നില്ല എന്നായിരുന്നു അദ്ദേഹം തന്ന മറുപടി.  വണ്ടി ഹോട്ടൽ ഐഡയുടെ മുന്നിലെത്തി.
ഡ്രൈവർ മോഹനൻ വഴിയരികിൽ വണ്ടി ഒതുക്കി നിർത്തി. ഞാൻ ടേപ്പ് റിക്കാർഡർ ഓൺ ചെയ്ത് ചോദ്യങ്ങൾ ചോദിച്ചു. ഉത്തരത്തിനായി അദ്ദേഹത്തിന്റെ മുഖത്തിന് അടുത്തേക്ക് റിക്കാർഡർ നീട്ടിപ്പിടിച്ചു.

ആക്ഷൻ എന്ന് കേൾക്കുമ്പോൾ പരിസരം മറന്ന് അഭിനയിക്കുന്ന നടൻമാരെപ്പോലെ മറ്റെല്ലാം മറന്ന് വളരെ ആത്മാർഥതയോടെ എന്റെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരമേകി. എന്റെ അടുത്ത ചോദ്യത്തിനായി കാതോർത്തു. നടൻമാർ ചവിട്ടിക്കുഴച്ച കുഴമണ്ണ് പോലെയാകണമെന്ന് കേട്ടിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ചു.  നടന്റെ തലയ്ക്കുള്ളിൽ കളിമണ്ണ് പാടില്ല… സംവിധായകന്റെ തലയ്ക്കുള്ളിലും കളിമണ്ണ് പാടില്ല എന്ന് അദ്ദേഹം ഊറിച്ചിരിച്ചുകൊണ്ട് പറഞ്ഞു. ഏതാണ്ട് ഇരുപത് മിനിറ്റ് എടുത്ത് അഭിമുഖം അവസാനിപ്പിച്ചു. നമുക്ക് ഭക്ഷണം കഴിച്ചിട്ട് പിരിയാം എന്നായി അദ്ദേഹം. ഞാൻ സ്‌നഹത്തോടെ അത് നിരസിച്ചു. എന്റെ വീട് കുറച്ച് അകലെയാണെന്നും ഓഫീസിൽ എത്തിയിട്ട് വേണം എനിക്കുപോകാനെന്നും പറഞ്ഞു. എങ്കിൽ ഓഫിസിൽ കൊണ്ടുപോയിവിടാമെന്ന് അദ്ദേഹം പറഞ്ഞു.  ബേക്കർ ജംഗ്ഷന് സമീപമുള്ള ഓഫീസിലേക്ക് പോകാനായി അദ്ദേഹത്തിന്റെ വണ്ടി തിരികെഓടിക്കേണ്ട എന്നു കരുതി ആ സഹായവും നിരസിച്ചു. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി. അദ്ദേഹം എന്നെ കൈവീശി യാത്രയാക്കി. മാസിക പ്രസിദ്ധീകരിച്ചപ്പോൾ അദ്ദേഹത്തിനുള്ള കോപ്പി വീട് അഡ്രസ്സിൽ അയച്ചുകൊടുത്തു.

അപകടത്തെത്തുടർന്ന് ജഗതിക്ക് സംസാരശേഷി നഷ്ടപ്പെട്ട വിവരം എല്ലാവരെയും പോലെ കടുത്ത വേദനയോടെയാണ് ഞാൻ ഉൾക്കൊണ്ടത്. ആ ദിവസങ്ങളിൽ ടേപ്പ് റിക്കാർഡർ പ്രവർത്തിപ്പിച്ച് എന്റെ ചോദ്യങ്ങളും അവയ്ക്ക് അദ്ദേഹം നൽകിയ മറുപടിയും പലതവണ കേൾക്കുമായിരുന്നു. അദ്ദേഹത്തിന്റെ നില മെച്ചപ്പടുന്നുണ്ടെന്നും ഒന്നു രണ്ട് ചിത്രങ്ങളിൽ ചെറിയ വേഷത്തിൽ അദ്ദേഹം അഭിനയിച്ചു എന്നും അറിഞ്ഞത് വളരെയേറെ സന്തോഷം നൽകിയിരുന്നു.

നടൻ ജഗതിക്ക് സംസാരശേഷി വീണ്ടുകിട്ടി.. എന്ന ഒരു ഫ്‌ളാഷ് ന്യൂസ് കാണാൻ കേരളത്തിലെ ലക്ഷക്കണക്കിന് ആളുകൾ ആഗ്രഹിക്കുന്നുണ്ടാവും. അതിലൊരാളാണ് ഞാൻ.

More like this
Related

മലയാളത്തിന്റെ പുതിയ അമ്മക്ക് അവാർഡ്

മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സാവിത്രി ശ്രീധരൻ...

ക്വാണ്ടിറ്റിയല്ല ക്വാളിറ്റിയാണ് കുടുംബത്തിൽ വേണ്ടത്

കുടുംബത്തിൽ ഒരുപാട് നേരം സംസാരിക്കുന്നതുകൊണ്ട് വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പകരം...

വിരല്‍ തുമ്പില്‍ അത്ഭുതം തീര്‍ക്കുന്ന സ്ററീഫന്‍ ദേവസി…..

യുവത്വം തുളുമ്പുന്ന തിളക്കങ്ങള്‍ക്കപ്പുറവും തിളയ്ക്കുന്ന രക്തത്തിനുപരിയായി കടന്നുപോകുന്ന ഓരോ നിമിഷവും ദൈവത്തിന്റെ...
error: Content is protected !!