വെറുതെ

Date:

spot_img

കൃത്യമായി പ്ലാൻ ചെയ്യുന്നത് അനുസരിച്ച്  രൂപപ്പെടുത്തിയെടുക്കാവുന്ന ഒന്നാണോ ജീവിതം? വിചാരിക്കുന്നതുപോലെയും പദ്ധതിയിടുന്നതുപോലെയും ആസൂത്രണം ചെയ്യുന്നതുപോലെയും മാത്രമാണോ ജീവിതങ്ങളിൽ സംഭവിക്കുന്നത്?  ഇല്ല എന്നാണ് ഇപ്പോഴത്തെ മറുപടി. കാരണം അങ്ങനെ പറയാനാണ് ഈ കൊറോണക്കാലം നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അല്ലെങ്കിൽ പറയൂ കഴിഞ്ഞവർഷത്തെ ജനുവരിയിൽ നാം ദീർഘകാലാടിസ്ഥാനത്തിൽ എത്രയെത്ര പദ്ധതികൾ ആവിഷ്‌ക്കരിച്ചിരുന്നു. അതിൽ എത്രയെണ്ണം സാധ്യമായിട്ടുണ്ട്.അതും എത്രപേർക്ക്?

മാർച്ച് മാസത്തോടെ നമ്മുടെ ജീവിതം പെട്ടിക്കുള്ളിലായി. ശ്വാസം കഴിക്കാവുന്നതെങ്കിലും ചിറകുകൾ നഷ്ടപ്പെട്ട പെട്ടിക്കുള്ളിൽ..വീടിന് വെളിയിലേക്ക് സ്വതന്ത്രമായി സ്ഞ്ചരിക്കാൻ പോലും ചില അരുതുകൾ പിടികൂടിയിരിക്കുന്നതായി നാം നിസ്സഹായതയോടെ തിരിച്ചറിഞ്ഞിരിക്കുന്നു.

കൂടിച്ചേരലുകളില്ലാതെ, കൂട്ടുകൂടാതെ. കെട്ടിപിടിക്കാതെ, കൈ കോർക്കാതെ. ലോകം ഇതുപോലെ നിസ്സഹായമായതും നിശ്ശബ്ദമായതുമായ ഒരു കാലം ഇതിനുമുമ്പുണ്ടായിട്ടില്ല.

നമ്മുടെ വിചാരങ്ങൾക്കപ്പുറം, ധാരണകൾക്കപ്പുറം, കഴിവുകൾക്കപ്പുറം, ചിന്തകൾക്കപ്പുറം… അങ്ങനെയാണ് പലതും സംഭവിക്കുന്നതെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ജീവിതം അവൻ ചിട്ടപ്പെടുത്തുന്നതു പോലെയാകണമെന്നില്ല, പലപ്പോഴും.അത്തരമൊരു സാധ്യതയെ പോലും കൊറോണ വെല്ലുവിളിക്കുന്നു. ആസൂത്രണങ്ങൾക്കപ്പുറം എന്തോ ഒന്ന് മനുഷ്യജീവിതത്തിൽ സംഭവിക്കുന്നുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ കൊറോണയെന്നതുപോലെ…

എന്റെ ജീവിതം എന്റെ ഇഷ്ടം പോലെ എനിക്ക് കൊണ്ടുനടക്കാൻ കഴിയും എന്ന്
വിചാരിച്ചിരുന്നവർക്കെല്ലാം നിയതിക്ക് മുമ്പിൽ കീഴടങ്ങാനുളള സമയമാണ് ഇത്. എന്നുകരുതി നിഷ്‌ക്രിയരാകാനല്ല ഔദ്ധത്യം വെടിയാൻ… അഹന്തയും സ്വാർത്ഥതയും വെടിയാൻ… ഒരു കോവിഡ് വന്നാൽ ഏറ്റവും അടുത്ത ചങ്ങാതി പോലും സുഖം അന്വേഷിച്ച് അരികിലെത്തില്ലെന്ന് മനസ്സിലാക്കാൻ… പെറ്റമ്മ പോലും ഭയത്തോടെ കണ്ടേക്കാമെന്ന് ഓർമ്മിക്കാൻ…
ഒന്നും നാം തീരുമാനിക്കുന്നതുപോലെയല്ല. സ്വന്തം നിസ്സാരത തിരിച്ചറിയുക. നാം ഇത്രയുമേയുളളൂ. ഇനി  സ്വന്തം കഴിവിൽ അഹങ്കരിക്കേണ്ടതില്ല.അഭിമാനിക്കാം. നന്ദി പറയുകയുമാവാം സർവ്വശക്തനായ  ആ പരം പൊരുളിനോട്…
 സ്വന്തം നേട്ടങ്ങൾ പോലും നേടിയെടുത്തവയല്ല അത് എങ്ങനെയോ കിട്ടിയതാണെന്ന് തിരിച്ചറിയുക. കൊറോണക്കാലം നമ്മെ കുറെക്കൂടി എളിമയുള്ളവരായി മാറ്റേണ്ടിയിരിക്കുന്നു. അതുപോലെ ദൈവവിശ്വാസികളും. ഓരോ ദുരന്തങ്ങളും നാം നിസ്സഹായരാണെന്ന ഓർമ്മപ്പെടുത്തലാണ്  സമ്മാനിക്കുന്നത്. രണ്ടോ മൂന്നോ വർഷം മുമ്പത്തെ ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ ഒരു നേരത്തെ അന്നത്തിന് വേണ്ടി ക്യൂനില്ക്കുന്ന ഒരു സെലിബ്രിറ്റിയുടെ ചിത്രം ഓർമ്മയില്ലേ.. നാം ഇത്രയുമേയുള്ളൂ.ബാങ്ക് ബാലൻസും പ്രശസ്തിയും ആരാധകരും കഴിവു ംസൗന്ദര്യവും ആരോഗ്യവും എല്ലാം അപ്രസക്തമാകുന്ന ഒരു നിമിഷമുണ്ട് ജീവിതത്തിൽ.

കേരളത്തിലെ പ്രളയകാലത്തും നാം കണ്ടു മനുഷ്യന്റെ നിസ്സാരത. ഭാഗികമായ ആ പാഠങ്ങൾക്കപ്പുറം കോവിഡ് ലോകത്തെ മുഴുവൻ അത് പഠിപ്പിച്ചു. നീ നിസ്സാരൻ.

വാശിയും വിദ്വേഷവും അഹന്തയും ഈഗോയും ഉപേക്ഷിക്കുക. എല്ലാം വെറുതെ. സ്വന്തം നിസ്സാരതയെ തിരിച്ചറിയുമ്പോൾ മനസ്സ് ശാന്തമാകും. ജീവിതം പ്രശാന്തമാകും. വെറുതെ നമുക്കിങ്ങനെ നിന്നുകൊടുക്കാം.

ചിരിയോടും കണ്ണീരിനോടും ഒന്നുപോലെ… സ്നേഹത്തോടും വെറുപ്പിനോടും ഒന്നുപോലെ…  അകലങ്ങളോടും അടുപ്പങ്ങളോടും ഒന്നുപോലെ… നാം ഒന്നും കൊണ്ടുപോകുന്നില്ല… നാം ഒന്നും നേടുന്നുമില്ല. എല്ലാം വെറുതെ..

More like this
Related

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ...
error: Content is protected !!