ഒരു കുടുംബത്തിന്റെ കേന്ദ്രഭാഗം അടുക്കളയാണ്. അവിടെത്തെ ചവർപ്പും മധുരവും ഉപ്പും എരിവും എല്ലാം അതിലെ അംഗങ്ങളെ മുഴുവൻ ബാധിക്കുന്നുണ്ട്. അടുക്കള പുകഞ്ഞാൽ കുടുംബം പുകയും നീറും, ഒടുവിൽ കത്തും.
അടുക്കളയിലെ സമാധാനം അടുക്കള കൈകാര്യം ചെയ്യുന്ന ആളുടെ സമാധാനമാണ്. അടുക്കളയെന്നാൽ സ്ത്രീയുടെ ലോകം എന്നാണ് പൊതുവയ്പ്. ഏറെക്കുറെ എല്ലായിടത്തും അത് അങ്ങനെ തന്നെയാണ് താനും.
പക്ഷേ മാറിയ കാലത്ത് അടുക്കള സ്ത്രീക്ക് മാത്രമായി തീറെഴുതി കൊടുത്തിട്ട് പൂമുഖത്ത് വന്നു കാലും നീട്ടി പത്രം വായിച്ചിരിക്കാൻ പുരുഷന് കഴിയില്ല. കാരണം അടുക്കള പുരുഷന്റേതുകൂടിയായിരിക്കുന്നു. സ്ത്രീയും പുരുഷനും ഒരുമിച്ചു സഹവർത്തിത്വത്തോടെ, സന്മനസ്സോടെ, സ്നേഹത്തോടെ ഇടപെടുമ്പോഴാണ് അടുക്കള ഒരു പറുദീസയാകുന്നത്.
പരസ്പരമുള്ള പങ്കുവയ്ക്കലും പിന്താങ്ങലുമാണ് അടുക്കളയെ മനോഹരമായി മാറ്റുന്നത്. അവിടെ ഒരാൾക്കുവേണ്ടി മാത്രമായുളള വച്ചുവിളമ്പലോ ഒരാളുടെ മാത്രം അദ്ധ്വാനമോ ഇല്ല. എല്ലാവരും ഏതൊക്കെയോ രീതിയിൽ അടുക്കളയ്ക്ക് വേണ്ടി അദ്ധ്വാനിക്കുന്നുണ്ട് എന്ന കാര്യം മറന്നുപോകുകയുമരുത്. അതുകൊണ്ട് തന്നെ അടുക്കളയെ ഒരു പൊതു ഇടമായി കാണാൻ കുടുംബാംഗങ്ങൾക്കെല്ലാം കഴിയണം. ലിംഗഭേദമോ പ്രായവ്യത്യാസമോ ഇല്ലാതെയായിരിക്കണം അത്.
അടുക്കളയെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ എവിടെയും പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രമാണ് അത്തരമൊരു ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ചർച്ചയിൽ പങ്കെടുക്കുന്നവരുടെ അഭിപ്രായം എന്തുമായിക്കൊള്ളട്ടെ; അടുക്കളയെ ഒഴിവാക്കാതിരിക്കുക, അടുക്കളയെ തിരിച്ചുപിടിക്കുക.
സ്നേഹാദരങ്ങളോടെ
വിനായക് നിർമ്മൽ