രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന് നമുക്കറിയാം. ഒരു ജീവിതശൈലി രോഗമായിട്ടാണ് ഇന്ന് പ്രമേഹത്തെ കാണുന്നത്. ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്ഡറെ ആഗിരണം കുറയുകയും ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നിലകൂടാൻ കാരണമാകുകയും ചെയ്യും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ അധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഇതാണ് പ്രമേഹം. ഇടയ്ക്കിടെ മൂത്രം ഒഴിക്കൽ, ദാഹം, വിശപ്പ് എന്നിവയെല്ലാം പ്രമേഹത്തിന്റെ സാധാരണ രോഗലക്ഷണങ്ങളാണ് കാഴ്ചശക്തി നഷ്ടപ്പെടുന്നതും കിഡ്നിക്ക് തകരാർ സംഭവിക്കുന്നതും ഉണങ്ങാത്ത മുറിവുകളും അമിതമായ ക്ഷീണവുമൊക്കെ പ്രമേഹത്തിന്റെ ദൂഷ്യഫലങ്ങളാണ്.
ഇതൊക്കെ സ്ത്രീപുരുഷ ഭേദമന്യേ പൊതുവായ ദൂഷ്യഫലങ്ങളാണെങ്കിലും സ്ത്രീകളെക്കാൾ പുരുഷന്മാരുടെ ലൈംഗികജീവിതത്തെ പ്രമേഹം ദോഷകരമായി ബാധിക്കുന്നുണ്ട്. സ്ത്രീകളിൽ പ്രമേഹം സൃഷ്ടിക്കുന്ന ലൈംഗികപ്രശ്നങ്ങളെക്കാൾ ഇത് പുരുഷന്മാരെയാണ് കൂടുതലായി ബാധിക്കുന്നത്. പ്രമേഹം പുരുഷനിൽ ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ഉദ്ധാരണശേഷിക്കുറവാണ്. നാഡികളുടെ പ്രവർത്തനനമാന്ദ്യം, രക്തക്കുഴലുകൾക്കുണ്ടാകുന്ന തകരാറുകൾ, പ്രമേഹം പിടിപെട്ടതിനെതുടർന്നുണ്ടാകുന്ന വൈകാരിക പ്രശ്നങ്ങൾ എന്നിവയെല്ലാമാണ് പ്രമേഹരോഗിയുടെ ലൈംഗിക്രപശ്നങ്ങൾക്ക് കാരണമാകുന്നത്. ശാരീരികമെന്നതിലേറെ മാനസികപ്രശ്നങ്ങളുടെ അനന്തരഫലമാണ് പുരുഷനിലെ ഈ ലൈംഗികപ്രശ്നങ്ങൾ. പ്രമേഹം ബാധിച്ചതോടെ ലൈംഗികശേഷി കുറയുമോയെന്ന ആശങ്ക പല പുരുഷന്മാരെയും പിടികൂടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ജീവിതപങ്കാളിയുമായി വിഷയം ചർച്ച ചെയ്യുന്നതാണ് ഉത്തമം.
മനസ്സിലാക്കാൻ കഴിയുകയും സ്നേഹമുള്ളവളുമായ ഒരു ഭാര്യയാണ് ഉള്ളതെങ്കിൽ ഈ വിഷയം വളരെ വേഗത്തിൽ തന്നെ പരിഹരിക്കാനാവും. ഇനി അതല്ല, തുറന്നുപറയാതിരിക്കുകയാണ് ചെയ്യുന്നതെങ്കിൽ പുരുഷൻ ഇതേക്കുറിച്ച് മാനസികമായി സമ്മർദ്ദം അനുഭവിക്കുകയും വൈകാതെ വിഷാദത്തിലേക്ക് വീണുപോകുകയും ചെയ്യുന്നു. പ്രമേഹം മൂലമുള്ള ഉദ്ധാരണശേഷി വീണ്ടെടുക്കാൻ വാക്വംപമ്പ്, ക്രീമുകൾ തുടങ്ങിയ വിവിധ രീതികൾ ആധുനിക ചികിത്സാ രീതികൾ സമ്മാനിക്കുന്നുണ്ട്. ഇവയുടെ സഹായം ഡോക്ടറുടെ നിർദ്ദേശപ്രകാരം തേടുന്നതിൽ മടിവിചാരിക്കുകയുമരുത്. മാനസികപ്രശ്നങ്ങളെ പരിഹരിക്കാൻ കൗൺസലിങ്ങും ബിഹേവിയറൽ തെറാപ്പിയും സഹായകമാകും. പ്രമേഹം വന്നു എന്നു കരുതി സന്തോഷങ്ങൾ പൊയ്പ്പോകുന്നില്ല.
കടപ്പാട്: ഇന്റർനെറ്റ്