മണ്ണ്

Date:

spot_img

ഒരാൾക്ക് എന്തുമാത്രം ബാങ്ക് ബാലൻസ് ഉണ്ട് എന്നതോ വലിയ വീടും സ്വർണ്ണവും വാഹനങ്ങളും ഉണ്ട് എന്നതോ മാത്രമല്ല അയാളുടെ സമ്പത്ത്. പ്രകൃതിയെ എത്രത്തോളം സമ്പൽസമൃദ്ധിയോടെ കാണാനും വിലയിരുത്താനും കഴിവുണ്ട് എന്നതാണ് അയാളുടെ സമ്പത്ത്. പ്രകൃതിയിലുള്ള ഓരോ വസ്തുവിന്റെയും മൂല്യം തിരിച്ചറിയാൻ കഴിയുന്നതാണ് അയാളുടെ മികവ്. പ്രകൃതിയെ നല്ല രീതിയിൽ വിനിയോഗിക്കുന്നതിലൂടെ അയാൾക്ക് സമ്പന്നനാകാൻ കഴിയും. ഖേദകരമെന്ന് പറയട്ടെ ഇന്ന് പലരും പ്രകൃതിയെ ദുരുപയോഗം ചെയ്തും ചൂഷണം ചെയ്തുമാണ് സമ്പന്നരാകുന്നത്.  ദൈവം മനുഷ്യന് നല്കിയിരിക്കുന്ന ഏറ്റവും വലിയ സമ്പത്ത് പ്രകൃതിയാണ്. ഈ പ്രകൃതിയിൽ ചെറുതും വലുതുമായ എത്രയോ വലിയ നിധികളാണ് ദൈവം നിക്ഷേപിച്ചിരിക്കുന്നത്. പുല്ലും പുൽച്ചാടിയും മണ്ണിരയും എല്ലാം ഈ  ലോകത്തിന് ദൈവം നല്കിയിരിക്കുന്ന സമ്പത്തുകളാണ്.

 പ്രകൃതി സംരക്ഷണത്തിൽ  അതിന്റേതായ പങ്കുവഹിക്കുന്ന നിസ്സാരനായ ഒരു ജീവിയാണ് മണ്ണിര. മണ്ണിരകൾ മണ്ണിന്റെ ഉപരിതലത്തിൽ നിന്ന് എല്ലാ ദിവസവും  മണ്ണ് ഒരു പ്രത്യേകരീതിയിൽ പരുവപ്പെടുത്തിയാണ് ഞാഞ്ഞൂൽക്കുരുപ്പ ഉണ്ടാക്കുന്നത്. നടവഴിയിലും പാടവരമ്പിലുമൊക്കെ ഞാഞ്ഞൂൽ കുരുപ്പകൾ കാണുമ്പോൾ നമ്മളിൽ ചിലർക്കത് അറപ്പോ വെറുപ്പോ ഒക്കെ തോന്നിയിട്ടുണ്ടാവാം. പക്ഷേ ഇവ  മണ്ണിന് ചെയ്യുന്ന സേവനങ്ങൾ വിസ്മരിക്കാനാവില്ല. ഞാഞ്ഞൂൽക്കുരുപ്പകൾ ഉണങ്ങിക്കഴിയുമ്പോൾ മണ്ണിന് ബലമുളള ആവരണമായി മാറുന്നു എന്നതാണ് സത്യം. സ്പ്രിംങ് ആകൃതിയിലാണ് മണ്ണിരകൾ സുഷിരങ്ങളുണ്ടാക്കുന്നത്. ഈ സുഷിരങ്ങളിലൂടെ ജലം പിടിച്ചുനിർത്താനും മണ്ണിൽ വായുസഞ്ചാരമുണ്ടാക്കാനും മണ്ണിരകൾക്ക് കഴിവുണ്ട്.


പാടത്ത് ചെളി വെട്ടിവച്ച് വരമ്പ് പിടിപ്പിക്കുന്നത് കണ്ടിട്ടില്ലേ? ഇത് എന്തിനാണ് ചെയ്യുന്നതെന്ന് വിചാരിച്ചിട്ടുണ്ടോ? ഈ ചെളി ഉണങ്ങിക്കഴിഞ്ഞാൽ മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും നടന്നുപോകാനുള്ള വഴി ഉറപ്പുള്ളതായി മാറുന്നു. ഇതിന് പുറമെ പാടത്തെ ചെളി മഴയിൽ ഒലിച്ചുപോകാതിരിക്കാനും സഹായകരമായി മാറുന്നു.  കല്ലിട പൊന്നിട എന്നൊരു ചൊല്ലുണ്ട്. എന്താണ് ഇതിന്റെ അർത്ഥം? എല്ലിനിടയിലെ മാംസത്തിന് രൂചിയേറും എന്ന കാര്യം നമുക്കറിയാം. അതുപോലെയാണ്  കല്ലിനിടയിലെ മണ്ണിന്റെ കാര്യവും.


കൂടുതൽ  ഗുണമേന്മയുണ്ട് കല്ലിനിടയിലെ മണ്ണിന്. അതുകൊണ്ടാണ് കല്ലുള്ള സ്ഥലത്ത് കയ്യാലകൾ നിർമ്മിച്ച് മണ്ണ് സംരക്ഷിക്കണമെന്നും അവിടെ കൃഷി ചെയ്യണമെന്ന് പറയുന്നതും.  മേൽമണ്ണിൽ നിന്ന് മഴക്കാലത്ത് ഒലിച്ച് താഴോട്ടിറങ്ങുന്ന മൂലകങ്ങളും ധാതുക്കളും കല്ലിന്റെയും പാറയുടെയും അടിയിലേക്ക് പോകുവാൻ സാധ്യതയില്ലാത്തതുകൊണ്ട് അപ്രകാരമുള്ള സ്ഥലത്ത് കൃഷി ചെയ്യുന്നത് കൂടുതൽ വിളവു ലഭിക്കാൻ കാരണമായിത്തീരും. വെട്ടുകല്ല് അടിയിലുളള മണ്ണും ഇപ്രകാരം വളക്കൂറ് നിലനില്ക്കുന്നതാണ്.


 മണ്ണിൽ നിന്നും മെനഞ്ഞെടുക്കപ്പെട്ടവനാണല്ലോ മനുഷ്യൻ. മൃൺമയഗാത്രം എന്നും പറയാറുണ്ടല്ലോ. മണ്ണിനോട് മനുഷ്യനുള്ള സ്നേഹവും അടുപ്പവും ഒരുപക്ഷേ അവൻ മണ്ണിൽ നിന്ന് പിറവിയെടുത്തതുകൊണ്ടാവാം. പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് മനുഷ്യശരീരം എന്നാണ് ഭാരതീയപാരമ്പര്യം. അവിടെയും മനുഷ്യന്റെ ശരീരം മണ്ണുമായി ചേർച്ചപ്പെട്ടിരിക്കുന്നു. മണ്ണിൽ നിന്ന് ജനിച്ച് മണ്ണിലേക്ക് മറയേണ്ടവനാണ് മനുഷ്യൻ. രണ്ടിനുമിടയിലുളള അല്പകാലം കൊണ്ട് അവൻ മണ്ണിൽ പണിയെടുക്കുകയും ജീവിക്കുകയും ചെയ്യുന്നു. പക്ഷേ ജീവിച്ചിരിക്കുന്ന കാലമത്രയും  മണ്ണ് സംരക്ഷിക്കാനും അതിൽ നിന്ന് വിളവ് അനുഭവിക്കാനും വിളിക്കപ്പെട്ടിരിക്കുന്നവൻ കൂടിയാണ് അവൻ.


മണ്ണിനോട് സ്‌നേഹം വേണം. പക്ഷേ ആ സ്നേഹത്തിനും ഒരു അതിരുവേണം. അതില്ലാതാവുമ്പോഴാണ് മണ്ണിന്റെ പേരിൽ മനുഷ്യർ തമ്മിൽ തലതല്ലുന്നത്. മനുഷ്യൻ മറഞ്ഞാലും മണ്ണുണ്ടാവും ഇവിടെ.

പി എ തോമസ് കട്ടക്കയം

More like this
Related

ഫേസ് ആപ്പ് കലക്കി, നിമിഷനേരം കൊണ്ട് സെലിബ്രിറ്റികള്‍ വാര്‍ദ്ധക്യത്തിലെത്തി

സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസങ്ങളിലായി കൊണ്ടാടിയത് ഫേസ് ആപ്പ് എന്ന...

കീര്‍ത്തി സുരേഷ് ഇനി ഹിന്ദി പറയും

ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന കീര്‍ത്തി സുരേഷ് നായികയായി ബോളിവുഡിലേക്ക്. അജയ് ദേവ്ഗണിന്റെ...

അല്ലു അര്‍ജുന്‍ ചിത്രത്തില്‍ നിന്ന് പ്രിയാ വാര്യര്‍ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട്?

പ്രിയാ വാര്യര്‍ക്ക് ഒരു ആമുഖം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരൊറ്റ കണ്ണിറുക്കലിലൂടെ ഭാഷയുടെയും...

സ്വന്തം ജിമ്മുമായി ടൈഗര്‍ ഷറോഫ്…

സിനിമാതാരങ്ങള്‍ ബിസിനസിലേക്ക് തിരിയുന്നത് ഒരു ഭാഷയിലും പുതുമയുള്ള കാര്യമൊന്നുമല്ല. വിവിധ മേഖലകളിലാണ്...
error: Content is protected !!