പ്രവാസികളുടെ വരവും ബന്ധങ്ങളിലെ തകർച്ചകളും

Date:

spot_img

കൊറോണ വൈറസ് എന്നവലിയൊരു പ്രതിസന്ധിയിലൂടെ ലോകം മുഴുവൻ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. അതേല്പിച്ച ആഘാതത്തിൽ നിന്ന് രാജ്യങ്ങൾ ഇനിയും കരകയറിയിട്ടില്ല. ദൂരവ്യാപകമായ പല പ്രത്യാഘാതങ്ങളും  കോവിഡ്കാലം സമൂഹവ്യക്തിതലങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ഇതിന് പുറമെ  നമ്മുടെയൊക്കെ കുടുംബവ്യവസ്ഥയിലും കോവിഡ് വലിയ ആഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്.  ആഗ്രഹിക്കാത്ത സമയത്തും വിചാരിക്കാത്ത നേരത്തും പ്രവാസിമലയാളികൾ തിരികെ എത്തുമ്പോൾ അത് തിരികെയെത്തുന്നവരിൽ മാത്രമല്ല അവരുടെ നാട്ടിലുള്ള പ്രിയപ്പെട്ടവരെയും ദോഷകരമായി ബാധിക്കുന്നതായി കണ്ടുവരാറുണ്ട്.  ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണം, പ്രശ്നം പരിഹരിക്കണം എന്നെല്ലാമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
കോവിഡ് കാലത്തിന് മുമ്പുള്ള ചില അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് തുടങ്ങാം.

അമേരിക്കയിൽ താമസിച്ചിരുന്ന ഒരു കുടുംബം. അപ്പനും അമ്മയും നാലുമക്കളും അടങ്ങുന്നതാണ് ആ കുടുംബം. ഒരു പ്രത്യേക സാഹചര്യത്തിൽ ഭാര്യയെയും മക്കളെയും  കുടുംബവീട്ടിലേക്ക് പറഞ്ഞുവിടേണ്ട സാഹചര്യം കുടുംബനാഥനുണ്ടായി. മക്കളെ സംബന്ധിച്ച് അത് ദുസ്സഹമായിരുന്നു. കാരണം അവർ ജനിച്ചതും വളർന്നതും അമേരിക്കൻ മണ്ണിലായിരുന്നു. ആ സംസ്‌കാരവും ജീവിതവുമായിരുന്നു അവരുടെ ലഹരി. നാട്ടിൽ ജനിച്ചുവളർന്ന് പിന്നീട് ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് താമസം മാറിയ ഭാര്യയ്ക്കും ഈ പറിച്ചുനടൽ ദഹിക്കുന്നതായിരുന്നില്ല. പക്ഷേ ഗത്യന്തരമില്ലാതെ അവർക്ക് തിരികെയെത്തേണ്ടിവന്നു. അഞ്ചുപേർക്കും ഉള്ളിൽ ഇച്ഛാഭംഗം, ദേഷ്യം. ഞാൻ ആഗ്രഹിക്കുന്ന കാര്യം ആഗ്രഹിക്കുന്നതുപോലെ നടക്കാതെ വരുമ്പോൾ ഉള്ളിലെ നിരാശയിൽ നിന്നുണ്ടാകുന്ന വികാരമാണല്ലോ ദേഷ്യം. ഈ അമ്മയ്ക്കും മക്കൾക്കും സംഭവിച്ചതും അതുതന്നെയാണ്. മക്കൾക്ക് മലയാളമണ്ണുമായി യോജിച്ചുപോകാൻ തെല്ലും സാധിക്കുന്നില്ല. വല്ലപ്പോഴും നാട്ടിൽ വന്നപ്പോൾ അടുത്തുകണ്ട പരിചയമേ നാട്ടുകാരും ബന്ധുക്കളുമായുള്ളൂ. അതുകൊണ്ടുതന്നെ പുതിയ ഈ ബന്ധങ്ങളുമായി മാനസികമായി പൊരുത്തപ്പെടാൻ അവരെല്ലാം നന്നേ ബുദ്ധിമുട്ടി. കുടുംബവീട്ടിൽ പ്രായം ചെന്ന മാതാപിതാക്കളുമുണ്ടായിരുന്നു. അവർക്കും മരുമകളുടെയും പേരക്കുട്ടികളുടെയും രീതികളോട് പൊരുത്തപ്പെടാൻ കഴിയുന്നില്ല.  മരുമകളും കൊച്ചുമക്കളും അവരുടേതായ രീതിയിൽ പോകുന്നത് കാണുമ്പോൾ പ്രായം ചെന്ന നാട്ടിൻപുറത്തുകാരായ മാതാപിതാക്കൾനൂറു ചോദ്യങ്ങൾ ചോദിക്കും. ഉപദേശരൂപേണ സംസാരിക്കും. ഇതൊന്നും അമേരിക്കൻ കുുടംബത്തിന ഇഷ്ടമാകുന്നില്ല. മരുമകളാകട്ടെ അമ്മായിയമ്മയെയും അമ്മായിയപ്പനെയും ശത്രുക്കളെപോലെയാണ് കാണുന്നത്.  

അമേരിക്കയിലുണ്ടായിരുന്ന സുരക്ഷിതത്വവും ജീവിതസൗകര്യങ്ങളും നഷ്ടപ്പെട്ടുപോയതാണ് മക്കളിലുള്ള അസ്വസ്ഥതകൾക്ക് കാരണമായത്. സാമ്പത്തികസുസ്ഥിതി നഷ്ടമായി നാട്ടിൻപുറത്തു ജീവിക്കേണ്ടിവന്നതിലെ നൈരാശ്യം മക്കളെ ദേഷ്യക്കാരും പൊട്ടിത്തെറിക്കുന്നവരുമാക്കി മാറ്റി. മരുമകളും കൊച്ചുമക്കളും വരുന്നതുവരെ തങ്ങളുടേതായ അടുക്കുംചിട്ടയോടും കൂടി ജീവിച്ചിരുന്ന കുടുംബക്രമം താറുമാറായതിന്റെ അസ്വസ്ഥത മാതാപിതാക്കളിലുമുണ്ടായി.പരസ്പരം അസ്വസ്ഥപ്പെടുമ്പോൾ, അവൾ ചെയ്യുന്നതും അവൻ ചെയ്യുന്നതും ഇഷ്ടമാകാതെ വരുമ്പോൾ കുടുംബത്തിൽ മുഴുവൻ അസ്വസ്ഥത. ചുരുക്കത്തിൽ വീട് നിഷേധാത്മകതയുടെ ഒരു കളിസ്ഥലമായിമാറി. ഈ കുടുംബത്തിൽ എന്താണ് സംഭവിച്ചത്? സന്തോഷകരമായി ജീവിക്കാവുന്ന സാഹചര്യം ആ കുടുംബത്തിനുണ്ടായിരുന്നു. ആ സാധ്യതകളെ കണ്ടറിയുകയും അവയെ ഉപയോഗിക്കുകയും ചെയ്യുന്നതിന് പകരം ഓരോരുത്തരും തങ്ങളുടെ ഇച്ഛാഭംഗങ്ങളുടെ പേരിൽന ിഷേധാത്മകവിചാരങ്ങൾ ഉള്ളിൽ ചുമന്നു നടന്നു.  അവ അനാവശ്യമായി പല സമയങ്ങളിലും പൊട്ടിത്തെറിച്ചു. കാൾ റോജർ എന്ന മനശ്ശാസ്ത്രജ്ഞൻ പറയും പോലെ കുടുംബത്തിലും സമൂഹത്തിലും പരക്കെയുള്ള ചിന്തയാണ് എന്നെ ആരും ശ്രദ്ധിക്കുന്നില്ല, സ്നേഹിക്കുന്നില്ല എന്നത്. ഈ ചിന്ത മക്കൾക്ക് മാതാപിതാക്കളെയും മാതാപിതാക്കൾക്ക് മക്കളെയും കുറിച്ചു തോന്നും ഭാര്യഭർത്താക്കന്മാർക്ക് പരസ്പരവും തോന്നും. എവിടെ സ്നേഹത്തിന്റെ നിഷേധഭാവം ഉണ്ടാകുന്നുണ്ടോ അവിടെ ഡിപ്രഷനും സപ്രഷനും കടന്നുവരും. അവയാണ്  അനിയന്ത്രിതമായ കോപത്തിലേക്കും വിദ്വേഷത്തിലേക്കും കൊണ്ടു ചെന്നെത്തിക്കുന്നത്.

നമ്മൾ ആദ്യം കണ്ട കുടുംബത്തിലേക്ക് തന്നെ പോകാം. പ്രത്യേക സാഹചര്യത്തിലാണ് തങ്ങൾ ഇവിടേക്ക് വന്നതെന്നും ഇതൊരു താല്ക്കാലിക താവളം മാത്രമാണെന്നും കാര്യങ്ങൾ നേരെ ചൊവ്വേയായാൽ തങ്ങൾക്ക് തിരികെ പോകാമെന്നുമുള്ള പ്രത്യാശയോടും ധാരണയോടും കൂടി അമ്മയ്ക്കും മക്കൾക്കും നാട്ടിൽ ജീവിക്കാമായിരുന്നു.  തങ്ങൾ വന്നതിനെ പ്രതി മാതാപിതാക്കൾക്ക് വേറൊരിടത്തേക്കും പോകാനാവില്ലെന്നും അവരുടെ കൂടെ കഴിയാൻ കിട്ടിയ പരിമിതമായ ഈ കാലയളവ് അവരെ സ്നേഹിച്ചും ആദരിച്ചും മുന്നോട്ടുപോകാനുള്ള അവസരമായി കണ്ട് മരുമകൾ പ്രയോജനപ്പെടുത്തണമായിരുന്നു. മക്കളുടെമനസ്സിൽ ഏതെങ്കിലും വിധത്തിൽ നിഷേധാത്മകമായ ചിന്തകൾ ഉണ്ടെങ്കിൽ അവയെ കൂടി ഇല്ലാതാക്കാൻ അമ്മയെന്ന നിലയിൽ അവൾ ശ്രദ്ധിക്കണമായിരുന്നു ശ്രമിക്കണമായിരുന്നു. പുതിയ കുടുംബസാഹചര്യത്തിലേക്ക് മക്കളെ ഒരുക്കിയെടുക്കാൻ അവൾ ഇവിടേയ്ക്ക് വരുന്നതിന് മുമ്പുതന്നെ  പരിശീലനം നടത്തേണ്ടിയിരുന്നു. പക്ഷേ അതൊന്നും ചെയ്യാതെ ഇച്ഛാഭംഗത്തിൽ നിന്ന് മുക്തയാകാതെ ഉള്ളിലെ നൈരാശ്യം ചുമന്ന് ജീവിക്കുകയാണ് അവൾ ചെയ്തത്.
അതുപോലെ വൃദ്ധരായ മാതാപിതാക്കളും ഒരു കാര്യം മനസ്സിലാക്കുകയും ചിന്തിക്കുകയും വേണം. ഒരു പ്രത്യേകസാഹചര്യത്തിലാണ് മരുമകളും മക്കളും കൂടി ഇവിടേക്ക് വന്നത്. അവർക്ക് ഈ സാഹചര്യത്തിൽ ജീവിക്കാൻ ബുദ്ധിമുട്ടുകളുണ്ടാവാം. അവരുടെ മനപ്രയാസം മനസ്സിലാക്കി നാട്ടിലെ ചിട്ടകളും നിബന്ധനകളും അവരിൽ അടിച്ചേല്പിച്ച് അനാവശ്യമായി മാനസികസംഘർഷം ഉണ്ടാക്കരുത്. തങ്ങൾ ജനിച്ചുവളർന്ന സാഹചര്യത്തിലല്ല പേരക്കുട്ടികൾ ജനിച്ചതും ജീവിച്ചതും. തലമുറകൾ തമ്മിലുള്ള വിടവ്. യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കണം. പേരക്കുട്ടികളെ എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നതിനും ഉപദേശിക്കുന്നതിനും പകരം അവർക്ക് സ്നേഹവും വാത്സല്യവും നല്കുന്ന വല്യപ്പനും വല്യമ്മയും ആകാനായിരുന്നു അവർ ശ്രമിക്കേണ്ടിയിരുന്നത്. വരും ദിവസങ്ങളിൽ നമ്മുടെ ഒട്ടുമിക്ക കൂട്ടുകുടുംബങ്ങളിലെയും അവസ്ഥ മേൽപ്പറഞ്ഞ കുടുംബത്തിലേതിന് സമാനമാകും. കോവിഡ് ബാധയെതുടർന്ന് സ്വന്തം നാട്ടിലേക്ക് തിരികെയെത്തിയ പ്രവാസികുടുംബങ്ങളുടെ എണ്ണം ലക്ഷം കവിയും. ജീവിതകാലം മുഴുവൻ അന്യരാജ്യത്ത് ജീവിച്ചിട്ട് പെട്ടെന്നൊരുനാൾ അപ്രതീക്ഷിതമായി തിരികെ എത്തിച്ചേരുമ്പോൾ അവരനുഭവിക്കുന്ന മാനസികസംഘർഷം നമുക്ക് ഊഹിക്കാവുന്നതിന്റെയും അങ്ങേയറ്റത്താണ്. ഈ കുടുംബനാഥനെ പോലെ പലരും മക്കളെയും ഭാര്യയെയും നാട്ടിലേക്ക് അയച്ചിട്ട് വിദേശത്ത് തുടരുന്നവരുമുണ്ടാകാം.

ഇങ്ങനെയുളള സാഹചര്യത്തിൽ വേറൊരു രീതിയിലുള്ള പ്രശ്നം കൂടി അമ്മമാർ നേരിടാറുണ്ട്. അപ്പന്റെ അഭാവത്തിൽ മക്കളെ നിയന്ത്രിക്കാൻ അമ്മമാർക്ക് കഴിയാതെ വരുന്നതാണ് ആ പ്രശ്നം. പ്രത്യേകിച്ച് മക്കൾ മുതിർന്നപ്രായത്തിലുളളവരാണെങ്കിൽ. വിദേശത്ത് കിടന്ന് പണമുണ്ടാക്കുന്ന പല കുടുംബനാഥന്മാരുടെയും വീടുകളിലെ അവസ്ഥ സമാനമാണ്. അപ്പനില്ലാത്ത സാഹചര്യത്തിലാണ് അവിടെ മക്കൾ വളർന്നുവരുന്നത്. അമ്മ കൂടെയുണ്ടെങ്കിലും അവളിലെ അമ്മത്തം വേണ്ടതുപോലെ സജീവമാകണമെന്നുമില്ല. പോരാഞ്ഞ് ദേഷ്യക്കാരിയും അസ്വസ്ഥത പേറുന്നവളുമാണെങ്കിൽ പറയാനുമില്ല. അപ്പന്റെ അസാന്നിധ്യവും അമ്മയുടെ അസ്വസ്ഥജനകമായ പെരുമാറ്റവും കൂടിചേരുമ്പോഴാണ് പല കുടുംബങ്ങളിലും മക്കൾ വഴിതെറ്റിപ്പോകുന്നത്. തെറ്റായ സ്നേഹബന്ധങ്ങളിലേക്കും ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിലേക്കുമെല്ലാം മക്കൾ  വഴിപിരിയുന്നതിന് പിന്നിലെ ഒരുകാരണം കുടുംബത്തിലെ ഇത്തരം സാഹചര്യങ്ങളാണ്. വീട്ടിൽ തങ്ങളെ മനസ്സിലാക്കാൻ ആരുമില്ലെന്ന തോന്നൽ മക്കളിൽ ശക്തമാകുമ്പോൾ തങ്ങളെ കേൾക്കുമെന്ന് അവർ ധരിച്ചുവച്ചിരിക്കുന്ന അവനിലേക്കോ  അവളിലേക്കോ അവർ ആകൃഷ്ടരാകുന്നു. അതുകൊണ്ട് കൗമാരക്കാരായ മക്കളുടെ മാതാപിതാക്കളോട് ഒരു കാര്യം പ്രത്യേകമായി പറയട്ടെ വീട്ടിൽമക്കൾക്ക സ്വസ്ഥതക്കേടുണ്ടാക്കരുത്. ഏതു സമയവും മക്കളുടെ പുറകെ ഉപദേശവും ശാസനയും തിരുത്തലുമായി നടക്കരുത്.
ചിട്ടകളും ചട്ടങ്ങളും അധികമായിക്കഴിയുമ്പോൾ അവ അനുസരിക്കുന്നതിന് പകരം നിഷേധിക്കാനുള്ള പ്രവണതയായിരിക്കും മക്കളിലുണ്ടാകുന്നത്, അമിതമായ വൈകാരിക വിക്ഷോഭത്തിന് മക്കളെ അടിമകളാക്കരുത്. മക്കൾ ജനിച്ചുവളർന്ന വിദേശരാജ്യങ്ങളിലെ സാഹചര്യങ്ങളിൽ പഠിപ്പിക്കാനും വളർത്താനും കഴിയാതെ പോയ പലകാര്യങ്ങളും സ്വന്തം നാട്ടിലേക്ക് പറിച്ചുനടപ്പെട്ടപ്പോൾ ശീലിപ്പിക്കാൻ കഴിഞ്ഞതായി ചില മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തിയതും ഓർമ്മയിൽവരുന്നു.  മക്കളുടെ കൂടെയില്ലെങ്കിലും അവരുമായി നല്ല ബന്ധത്തിൽ മുന്നോട്ടുപോകാൻ  അപ്പന് സാധിക്കണം. ഇന്ന് അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ആധുനികസാങ്കേതികവിദ്യകൾ പലതുമുണ്ടല്ലോ. അവയെല്ലാം ക്രിയാത്മകമായി പ്രയോജനപ്പെടുത്തുക.. ചെറിയ കുട്ടികളെ ശാസിച്ചും ശിക്ഷിച്ചും നന്നാക്കിക്കളയാം എന്നൊരു ധാരണയും ചില അമ്മമാർക്കുണ്ട്. ഇത് പലപ്പോഴും തിരിച്ചടിയായിരിക്കും ഭാവിയിൽ നല്കുന്നത്. ഇത്തരം കുട്ടികളെല്ലാം വാശിക്കാരായി മാറുന്നതിന്റെ പല ഉദാഹരണങ്ങളുമുണ്ട്, ഏഴു വയസുവരെ കുഞ്ഞിന് തെറ്റും ശരിയും തിരിച്ചറിയാൻ കഴിയണമെന്നില്ല. അതുകൊണ്ട് അമിതശാസന വഴി അവൻ പലതും തന്നിൽ തന്നെ അടക്കിവയ്ക്കാൻ ശ്രമിക്കും. കോപാകുലയും മുൻകോപിയുമായ അമ്മയോട് അവന് പ്രതികരിക്കാൻ കഴിഞ്ഞെന്നും വരില്ല. കാരണം അവനെ സംബന്ധിച്ചിടത്തോളം അമ്മ മുതിർന്ന വ്യക്തിയാണ്. അമ്മയോട് വെറുപ്പോ വിദ്വേഷമോ പ്രകടിപ്പിക്കാൻ കഴിയാതെ എല്ലാം അമർത്തിവച്ച കഴിയുന്ന അവൻ പതിനൊന്നോ പന്ത്രണ്ടോ വയസാകുമ്പോഴേക്കും ആർക്കും നിയന്ത്രിക്കാനാവാത്ത വിധത്തിൽ കുടുംബത്തിന് ഭീഷണിയാകും മട്ടിൽ സ്വഭാവവൈകൃതങ്ങളും വൈകല്യങ്ങളുമുള്ളവനായി പരിണമിക്കും. ഭാവിയിൽ അവൻ ഒരു ക്രിമിനിൽ വരെ ആയിത്തീരാനുള്ള സാധ്യതയുമുണ്ട്.

പ്രവാസികൾ തിരികെ വരുന്നത് കൂടുതൽ നന്മയുളവാക്കാനും കൂടുതൽ സ്നേഹത്തിലാകാനുമുള്ള അവസരമായി എല്ലാവരും കാണണം. നഷ്ടബോധമില്ലാതെ പുതിയ അവസ്ഥയെ സ്വീകരിക്കാൻ തിരികെ വരുന്നവർക്ക് കഴിയണം. അതുപോലെ തന്നെ അവരെ അവരുടെ സാഹചര്യം മനസ്സിലാക്കി സ്വീകരിക്കാനും സ്നേഹിക്കാനും നാട്ടിലുള്ള പ്രിയപ്പെട്ടവർക്കും കഴിയണം. രണ്ടു കൂട്ടർക്കും ഒരേ രീതിയിൽ മനസ്സിലാക്കാനും ഇടപെടാനും സാധിച്ചാൽ വിദേശരാജ്യങ്ങളിൽ നിന്ന് തിരികെവന്നതുമൂലമുള്ളപ്രശ്നങ്ങളെ ഒരുപരിധിവരെ പുറത്തുനിർത്താനും കൂടുതൽ ഊഷ്മളമായ സ്നേഹബന്ധത്തിലേക്ക് പരസ്പരം വളരാനും നിഷ്പ്രയാസം കഴിയും.
(ഞാനും നീയും നമ്മളുംഎന്ന കൃതിയിൽ നിന്ന്)

സി. ഡോ. റോസ് ജോസ് C H F

More like this
Related

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ...

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും...
error: Content is protected !!