മഞ്ഞുകാലത്തെ ഓർമ്മ

Date:

spot_img

വീണ്ടും ഒരു മഞ്ഞുകാലം… ആദ്യം ഓർമ്മയിൽ  വരുന്നത് എം ടി യുടെ മഞ്ഞ് എന്ന നോവലാണ്. കാത്തിരിപ്പിന്റെ മനോഹരമായ കഥ പറയുന്ന ഒരു നോവൽ. ‘എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല…വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനം എഴുതില്ല, ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ… വെറുതെ… എനിക്ക് നിങ്ങളെ ഇഷ്ടമാണ്’  ജീവിതസായാഹ്നത്തിൽ, മരണത്തെ കാത്തു കാത്തിരിക്കുമ്പോയും സർദാർജി വിമലയെന്ന കഥ പാത്രത്തോട് പറയുന്ന ഈ വാക്കുകൾ ഉപാധികളില്ലാത്ത അനന്തമായ സ്‌നേഹത്തിന്റെ പ്രതികമാണ്. കാത്തിരിപ്പിന്റെ ഏറ്റവും വലിയ സൗന്ദര്യവുമി തുതന്നെയാണല്ലോ നൗഫൽ എഴുതുന്നതു പോലെ ഭൂമിയുടെ ഏതെങ്കിലും ഒരു കോണിൽ ഇരുന്ന് ചില മനുഷ്യർ നമ്മളെ വെറും വെറുതെ  സ്‌നേഹിക്കുന്നതും കൂടിയാണ് ജീവിതം.


‘ഒരിക്കൽ വരാതിരിക്കില്ല.. ഞാനും നിങ്ങളുമെല്ലാം യുഗങ്ങളായി കാത്തിരിക്കുകയായിരുന്നു. കാലത്തിന്റെ പാറക്കെട്ടുകളിൽ മഞ്ഞ് വീഴുന്നു, ഉരുകുന്നു, വീണ്ടും മഞ്ഞിൻ പടലങ്ങൾ തണുത്തുറഞ്ഞു കട്ട പിടിക്കുന്നു… നാമെല്ലാം കാത്തിരിക്കുന്നു….! മഞ്ഞിൽ എം.ടി കുറിക്കുന്ന വാക്കുകളാണിത്. മടങ്ങി വരുമെന്ന് യാതോരു ഉറപ്പുമില്ലാതിരുന്നിട്ടും കാമുകനായ സുധീർ കുമാർ മിശ്രയെ കാത്തിരിക്കുന്ന വിമലാ ദേവിയും, താൻ ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത അച്ഛനെ കാത്തിരിക്കുന്ന തോണിക്കാരനയ ബുദ്ദുവും രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നു വരുന്ന മരണത്തെ കാത്തിരിക്കുന്ന സർദാർജിയും കാത്തിരിപ്പിന്റെ വ്യത്യസ്ത മുഖങ്ങളായി വായനക്കാരുടെ ഉള്ളിലെക്ക് ആവാഹിക്കപ്പെടുന്നു.
എനിക്ക്  കാത്തിരിക്കാൻ കഴിയും എന്ന് ഹെസ്സയുടെ സിദ്ധാർത്ഥ പറയുന്നതുപോലെ ഇതിലെ ഓരോ കഥാപാത്രങ്ങളും പറഞ്ഞു വെക്കുന്നു.സാബു അച്ചന്റെ വാക്കുകൾ കടമെടുത്താൽ ‘കാത്തിരിക്കാൻ കഴിയുക എന്നതാണത്രേ ഒരുവന്റെ പാകത യളക്കാനുള്ള ഏറ്റവും വലിയ അളവു കോൽ.’


ഈ കാത്തിരിപ്പിന്റെ തീക്ഷ്ണമായ ഭാഷയാണ്   ‘മഞ്ഞ്’ എന്ന ചെറുനോവലിലൂടെ എം.ടി മലയാളികൾക്ക് മുന്നിലേക്ക് വരച്ചുവെക്കുന്നത്. കാത്തിരിപ്പ് എന്നത് സത്യത്തിൽ ഒരു നിറവാണ്. ഈ കാത്തിരിപ്പ് അവസാനിക്കുമ്പോൾ വല്ലാത്ത ശൂന്യത നമ്മിൽ നിറയുന്നു.


തന്റെ മനസും ശരീരവും ഒരു പോലെ പിച്ചി ചീന്തിയ കാമുകനെയാണ് വിമല ടീച്ചർ കാത്തിരിക്കുന്നത്. പകരം വീട്ടാനോ കുറ്റം പറയാനോ അല്ല വെറും വെറുതെ സ്‌നേഹിക്കാൻ. ‘വരും, വരാതിരിക്കില്ല’ വിമല ടീച്ചറിനെ വായിക്കുമ്പോൾ നമ്മൾ വല്ലാതെ ഉടഞ്ഞു പോകും എങ്ങനെയൊരാൾക്കിങ്ങനെയാകാൻ കഴിയും എന്ന് നമ്മൾ വല്ലാതെ അത്ഭുതം കൂറിപോകും. ബുദ്ദു അമ്മയെ പിഴപ്പിച്ചു കളഞ്ഞ് നാടുവിട്ട അപ്പനെ കാത്തിരിക്കുന്നത് അവകാശ വാദം ഉന്നയിക്കാനല്ല അകലെ നിന്നെങ്കിലും അദ്ദേഹത്തെ ഒന്നു കണ്ണ് നിറച്ചു കാണാനാണ്. കാത്തിരിപ്പിനെ ഇത്രമേൽ തീക്ഷ്ണതയിൽ
എം.ടിയല്ലാതെ മറ്റാര് വരച്ചിടും. വായിക്കുമ്പോൾ ഒരു പുഴ ഒഴുകുന്നതു പോലെ… കാത്തിരിപ്പിന്റെ തണുത്ത മഞ്ഞ് ഉള്ളിൽ കുളിര് കോരിയിടുന്നതു പോലെ… പ്രതീക്ഷകളുടെ മഞ്ഞ് ഇനിയും ഭൂമിയിൽ ശേഷിക്കുന്നു എന്ന ഓർമ്മപ്പെടുത്തലിന്റെ പുസ്തകം കൂടിയാണ് എം.ടിയുടെ മഞ്ഞ്.

More like this
Related

മധ്യവേനൽ അവധിക്കുശേഷം

ഓർമ്മകൾക്ക് ഉറക്കമില്ല, അവ വീണ്ടും വീണ്ടും ഓർമ്മകളിൽ മിന്നിമറഞ്ഞുകൊണ്ടേയിരിക്കും. വീണ്ടും ഓർക്കാനും...

നീയില്ലാത്തൊരു ഓണം

ഓണം, വെറുമൊരു സദ്യയോ ഓണക്കോടിയുടെ തിളക്കമോ അല്ല. അത് സ്നേഹത്തിന്റെ കൂട്ടായ്മയാണ്....

ഒരു പുട്ട് പുരാണം

ഗൃഹാതുരത്വം  ഉണർത്തുന്ന പുട്ടും ഏത്തപ്പഴം പുഴുങ്ങിയതും-ബാല്യത്തിൽ ഏറ്റവും ഇ ഷ്ടപ്പെട്ട പ്രാതൽ...

‘ഘർ വാപസി’

റോബർട്ട് ഫ്‌ലാറ്റെറി എന്ന ഹോളിവുഡ് സംവിധായകൻ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ...
error: Content is protected !!