പുതിയ കാലം, പുതിയ ജീവിതം

Date:

spot_img

കോവിഡിന്റെ തിക്തഫലങ്ങൾ അനുഭവിച്ച ഒരു വർഷത്തിന് ശേഷം നാം പുതിയ വർഷത്തിലേക്ക് കടക്കുകയാണ്. ഇതെഴുതുമ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് കോവിഡ് വാക്സിനുകളുടെ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ജനുവരി മുതൽ പല രാജ്യങ്ങളിലും കോവിഡ് വാക്സിനുകൾ പരീക്ഷിച്ചുതുടങ്ങും. അവയുടെ ഫലത്തെക്കുറിച്ച് നൂറു ശതമാനം ഉറപ്പുപറയാൻ കഴിയില്ലെങ്കിലും അക്കാര്യം നമുക്ക് നല്കുന്ന പ്രതീക്ഷയും പ്രത്യാശയും ചെറുതൊന്നുമല്ല. അധികം വൈകാതെ കോവിഡ് നിയന്ത്രണവിധേയമായേക്കും എന്നതാണ് അത്.  
ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അത് പരിഹരിക്കപ്പെടാനുളള മാർഗ്ഗങ്ങൾ അന്വേഷിക്കുക സ്വഭാവികമാണ്. പ്രകൃതിയിലും വ്യക്തികളിലും എല്ലാം ഈ പൊതുപ്രവണത കണ്ടുവരാറുണ്ട്. അന്വേഷിക്കുന്നവർ കണ്ടെത്തുക തന്നെ ചെയ്യും. അതും പ്രകൃതിയുടെ പ്രത്യേകതയാണ്. കോവിഡ് വാക്സിന്റെ കണ്ടുപിടിത്തവും അതിനുണ്ടാകാവുന്ന വിജയവും തെളിയിച്ചുതന്നിരിക്കുന്നത് അതാണ്. ഈ നേട്ടങ്ങളും പോരാട്ടങ്ങളും നമ്മോട് പറഞ്ഞുതരുന്നത് ചില പാഠങ്ങൾ കൂടിയാണ്.  പ്രശ്നങ്ങൾ നമ്മുടെ വ്യക്തിജീവിതത്തിലും ഉണ്ടായേക്കാം. കുടുംബബന്ധങ്ങളിൽ, തൊഴിൽ മേഖലയിൽ… എല്ലായിടത്തും പ്രശ്നസാധ്യതയുണ്ട്.  എവിടെയൊക്കെ പ്രശ്നങ്ങളുണ്ടോ അവിടെയൊക്കെ പരിഹാരമാർഗ്ഗങ്ങളുമുണ്ട്. എന്നാൽ അതിനായി നാം ശ്രമിക്കണം, ഒറ്റക്കെട്ടാകണം.


പ്രശ്നങ്ങളിൽ നിന്ന് മാറിനില്ക്കാൻ എളുപ്പമാണ്. പക്ഷേ അപ്പോഴും അവിടെ പ്രശ്നമുണ്ടെന്ന് നാം മനസ്സിലാക്കണം. പ്രശ്ന ത്തെ മൂടിവച്ചാലോ അതിൽ നിന്ന് മുഖംതിരിച്ചാലോ പ്രശ്നം പരിഹരിക്കപ്പെടുകയില്ല. അതുകൊണ്ട് വരുംവർഷത്തിൽ നമുക്കെന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാവുകയെന്ന് അറിയില്ലെങ്കിലും പ്രശ്നങ്ങൾക്ക് മുമ്പിൽ തളരാതിരിക്കുക. തളർന്നുവീഴാതിരിക്കുക. പരിഹാരമാർഗ്ഗങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക.
വരുന്നതെന്തിനെയും തുറന്ന മനസ്സോടും വിടർന്ന കൈയോടെയും സ്വീകരിക്കാൻ മടികാണിക്കാതിരിക്കുക. പ്രശ്നങ്ങളെ നേരിടാൻ നാം മാനസികമായി തയ്യാറെടുപ്പുകൾ നടത്തുക. നമ്മുടെ ഉള്ളിൽ നമുക്കറിയാവുന്നതിലും ഏറെ ശക്തിയുണ്ട്. ആ ശക്തി തന്നെയാണ് നമ്മുടെ വിജയവും. പുതിയ കാലത്തിൽ പുതിയ സ്വപ്നങ്ങളും പുതിയ മാർഗ്ഗങ്ങളുംതെളിഞ്ഞുവരുമെന്ന പ്രതീക്ഷയോടെ നമുക്ക് പുതുവർഷത്തിലേക്ക് കടന്നുചെല്ലാം.


ഒപ്പത്തിന്റെ പ്രിയ വായനക്കാർക്കെല്ലാം  മംഗളകരമായ പുതുവർഷം ആശംസിച്ചുകൊണ്ട്
സ്നേഹാദരങ്ങളോടെ


വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...
error: Content is protected !!