എം.ടിയും എൻ.പി മുഹമ്മദും എഴുതിയ ബൈബിൾ കഥകൾ

Date:

spot_img

ബൈബിൾ ഒരു മതഗ്രന്ഥം മാത്രമല്ല.  സാഹിത്യകൃതികൂടിയാണ്. ആസ്വാദനത്തിന്റെ വിവിധ തലങ്ങൾ ബൈബിൾ കൈവരിക്കുന്നത് ഇത്തരമൊരു  സാഹചര്യത്തിൽ നിന്നു കൊണ്ടാണ്. നിരവധി എഴുത്തുകാരെയും കലാകാരന്മാരെയും ബൈബിൾ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്.


ക്രൈസ്തവരായ എഴുത്തുകാരെക്കാൾ ചിലപ്പോഴെങ്കിലും വിശുദ്ധ ഗ്രന്ഥം അടിസ്ഥാനമാക്കി മികച്ച രചനകൾ കാഴ്ച വയ്ക്കാൻ സാധിച്ചിട്ടുള്ളത് അക്രൈസ്തവരായ എഴുത്തുകാർക്കാണ്. വിശ്വാസിയാകാതെയും മതത്തിന്റെ വക്താവാകാതെയും ക്രിസ്തുവും വിശുദ്ധ ന്ഥ്രവും എങ്ങനെയെല്ലാം സാഹിത്യകൃതികൾക്ക് ഉപാദാനമാകാം എന്നതിന് മലയാളത്തിൽ ഇതിനകം നിരവധി തെളിവുകൾ ഉണ്ടായിട്ടുണ്ട്. കെ.പി അപ്പനും  പെരുമ്പടവും സിവി ബാലകൃഷ്ണനുമെല്ലാം ഇത്തരമൊരു വ്യാഖ്യാനത്തിന്റെ പരിധിയിൽ ആവർത്തിക്കപ്പെട്ടുവരുന്ന പേരുകളാണെങ്കിലും അത്രമേൽ ചിലപ്പോൾ ഭൂരിപക്ഷത്തിനും പരിചയമുണ്ടായിരിക്കില്ല, എംടിയും എൻപി മുഹമ്മദും ഒക്കെ അത്തരം കഥകൾ എഴുതിയിട്ടുണ്ട് എന്ന കാര്യം.


എംടി യുടെ രചനാലോകത്തെ പരിചയിച്ചിട്ടുള്ളവരെയെല്ലാം അക്കൽദാമയിൽ പൂക്കൾ വിടരുമ്പോൾ എന്ന കഥയിലെത്തുമ്പോൾ അത്ഭുതപ്പെടുക തന്നെ ചെയ്യും. കാരണംനഅദ്ദേഹം ഇന്നേവരെ എഴുതിയിട്ടുള്ള കഥകളിൽ  ശൈലി കൊണ്ടും പ്രമേയം കൊണ്ടും രചനാപരിസരം കൊണ്ടും ഏറ്റവും വ്യത്യസ്തമായ കഥയാണിത്.
ബൈബിൾ പുതിയ നിയമത്തെ  പ്രചോദനമായി സ്വീകരിച്ചാണ് അക്കൽദാമയിൽ പൂക്കൾ വിടരുമ്പോൾ എംടി എഴുതിയിരിക്കുന്നത്. യേശുക്രിസ്തുവും യൂദാസുമാണ് ഇതിലെ കഥാപാത്രങ്ങൾ. ഇതിഹാസകഥാപാത്രങ്ങളെയും ചരിത്ര കഥാപാത്രങ്ങളെയും മാനുഷികതയോടെ അവതരിപ്പിക്കാനും വ്യത്യസ്തമായി അവരുടെ ജീവിതത്തെയും മനോവ്യാപാരങ്ങളെയും അപഗ്രഥിക്കാനും ശ്രമിക്കുന്ന എംടിയൻ ടച്ച് യൂദാസിന്റെ ചിത്രീകരണത്തിലും നമുക്ക് അനുഭവപ്പെടും.


ഉദാഹരണത്തിന് ക്രിസ്തുവിന്റെ വാക്കുകൾ ഇങ്ങനെയാണ്: യൂദാസേ എന്റെ സംശയം  അപ്പോൾ എനിക്കുറപ്പായി എന്റെ പുറകെ വരുമെന്ന് എന്റെ പിതാവും നിന്റെ പിതാവും എന്റെ ദൈവവും നിന്റെ ദൈവവുമായവൻ പറഞ്ഞ വിശുദ്ധാത്മാവ് നീ തന്നെ..


എന്നെ ഒറ്റിക്കൊടുത്തു കുരിശിൽ  കയറ്റിയ യൂദാസേ, എനിക്ക് പിമ്പേ നീ തന്നെ. നിന്റെ കൃത്യം നീ ഏറ്റു കൊൾക. വിശുദ്ധാത്മാവ് നിറഞ്ഞ പുണ്യവാനാണ് നീയിപ്പോൾ.


പുണ്യവാനായ യൂദാസേ എല്ലാം നിന്നിലാണ്. ഞാൻ പരാജയപ്പെട്ടിടത്ത് നീ വിജയിക്കുക തന്നെ ചെയ്യും. നീയോ ഉയരത്തിൽ നിന്ന് ശക്തി ധരിക്കുവോളം ലോകത്തിൽ പാർത്തുകൊള്ളുക.


കൈകളുയർത്തി യൂദാസിനെ അനുഗ്രഹിക്കുന്ന ക്രിസ്തുവും ക്രിസ്തുവിനൊപ്പം കാഴ്ചകൾ കണ്ടു നടക്കുന്ന യൂദാസും. പരമ്പരാഗതമായ ക്രിസ്തീയ വിശ്വാസങ്ങളെ തകിടം മറിക്കുന്നുവെന്ന് തോന്നുമ്പോഴും ഉദാത്തമായ ക്രാഫ്റ്റിന്റെയും ബൈബിൾഭാഷയുടെ സൗന്ദര്യത്തിന്റെയും അതിരുകളെ ഭേദിച്ചുകൊണ്ടാണ്  ഈ കഥ മുന്നേട്ടുപോകുന്നത്. ബൈബിൾ പഴയ നിയമത്തിന്റെ ഭാഷാശൈലിയിലാണ് എംടി ഇവിടെ സ്വീകരിച്ചിരിക്കുന്നത്. പൂർവ്വകഥ, ഗുരുവും ശിഷ്യനും ഉത്തരകഥ എന്നിങ്ങനെ മൂന്ന് ഖണ്ഡങ്ങളായിട്ടാണ് കഥ പറയുന്നത്.
അക്കൽദാമയുടെ സമീപത്തിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഒരു യാത്രക്കാരൻ കടന്നുപോയപ്പോൾ അന്തരീക്ഷത്തിൽ സുഗന്ധം പരന്നിരിക്കുന്നതായി കണ്ടു. മാദകവും തീക്ഷ്ണവുമായ സുഗന്ധം. നോക്കുമ്പോൾ അജ്ഞാതനായ ആ യാത്രക്കാരൻ കണ്ടത് അക്കൽദാമയിൽ പൂക്കൾ വിടർന്നിരിക്കുന്നു. ചുവപ്പും മഞ്ഞയും വെള്ളയുമായ മനോഹരപുഷ്പങ്ങൾ. സാക്ഷ്യം പറയുവാൻ അജ്ഞാതനായ ആ യാത്രക്കാരൻ മാത്രമാകുന്നു. അവന്റെ സാക്ഷ്യം സത്യമെന്ന് ഈ സുവിശേഷകാരൻ പറയുന്നു, ആമേൻ ഇങ്ങനെയാണ് എംടി കഥ അവസാനിപ്പിക്കുന്നത്.
ശലമോൻരാജാവും ശേബാരാജ്ഞിയും എന്ന എൻപി മുഹമ്മദിന്റെ കഥ, പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ അവരുടെ കഥയാണ്. ബൈബിൾ പഴയനിയമത്തിലെ ജ്ഞാനികളിൽ മുമ്പനായ സോളമന്റെ മരണവിനാഴികയാണ് ഇതിവൃത്തം. ശലമോൻ തന്റെ അപ്പനായ ദാവീദിനെപോലെ കർത്താവിങ്കലേക്ക് നിദ്രപ്രാപിക്കാനായിക്കൊണ്ട് പള്ളിയറയിലെ കിടക്കയിൽ നീണ്ടുനിവർന്നുകിടന്നു എന്നു പറഞ്ഞാണ് കഥ ആരംഭിക്കുന്നത്. സോളമൻ രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പ്രണയിനികളുടെ മഹാകാവ്യമായ ഉത്തമഗീതത്തിന്റെ ശൈലി രചനയുടെ പലയിടങ്ങളിലും അനുവർത്തിച്ചിട്ടുണ്ട്.
ശേബാരാജ്ഞിയുടെ മാതളപ്പഴത്തിന്റെ അല്ലികൾ പോലെയുള്ള അധരങ്ങളിൽ ചിരി പടർന്നു. അവളുടെ മുഖം ആദം തോട്ടത്തിലെ ആദ്യ പനിനീരിന് സമം. അവൾ പ്രഭാതം പോലെ തുടുത്തു. അവളുടെ കണ്ണുകൾ ഹെശ്ബോനിൽ ബാത്ത്റബി വാതിൽക്കലെ കുളം പോലെ. അവൾ ലെബനോൺതോട്ടത്തിലെ മുന്തിരിക്കുലകളിൽ നിന്നെടുത്ത പഴയ വീഞ്ഞിന് തുല്യം.

സഫലമാകാതെ പോയ ആഗ്രഹങ്ങൾ മരണക്കിടക്കയിലും ഒരുവനെ വേട്ടയാടിക്കൊണ്ടിരിക്കും എന്നതിന് ദൃഷ്ടാന്തമാണ് കഥയിലെ ശലമോൻ.


നിദ്ര പ്രാപിക്കാൻ കിടക്കവെ അവൻ ഓർത്തു, ഇപ്പോൾ പൊരുൾ എനിക്ക് വെളിവായിപ്പോയല്ലോ. ഉത്തമഗീതം പാടിയപ്പോൾ ഞാൻ വെളിയിലേക്ക് വരികയായിരുന്നു. എനിക്ക് മുന്തിരിത്തോപ്പിൽ എത്താൻ കഴിഞ്ഞതുമില്ല. അറുപത് രാജ്ഞികളും എൺപത് വെപ്പാട്ടികളും അസംഖ്യം കന്യകമാരും ഉണ്ടല്ലോ. എന്റെ പ്രാവും നിഷ്‌ക്കളങ്കയുമായവളോ ഒരുത്തി മാത്രം. ശലമോൻ ചിരിച്ചു. എഴുതിയത് ന്യായം. എഴുതിയത് സത്യം. എഴുതിയതിൽ സംഖ്യകൾ പിശകിപ്പോയി. സംഖ്യകൾ എഴുന്നൂറും മുന്നൂറും ഉണ്ടായിരുന്നു. സംഖ്യകൾ എപ്പോഴും പിശകുന്നു. എങ്കിലും നീ ഒരുവൾ ഇങ്ങനെ പാടുമെന്ന് കരുതി മുപ്പതു വത്സരം കൊതിച്ചിരുന്നല്ലോ. ഞാൻ എന്റെ പ്രിയനുള്ളവൾ. അവന്റെ ആഗ്രഹം എന്നോടാകുന്നു. അവൾക്കായി അവൻ പാടിയ ഉത്തമഗീതം അവൾ തിരിച്ചുപാടുമ്പോൾ പാട്ടുകേൾക്കാനാവാതെ, പ്രേമം മരണത്തെപോലെ ബലമുള്ളത് എന്ന് മാത്രം വിചാരിച്ച് അവൻ അപ്പനായ ദാവീദിനെപോലെ നിദ്ര പ്രാപിച്ചു.


ഇങ്ങനെയാണ് എൻ പി കഥ അവസാനിപ്പിക്കുന്നത്. ബൈബിൾ ഏതെല്ലാം രീതിയിൽ എങ്ങനെയെല്ലാം എഴുത്തുകാരെ പ്രചോദിപ്പിക്കുന്നു എന്നതിന് ചില ഉദാഹരണങ്ങളാണിവയെല്ലാം. കൃത്യമായ വഴികളിൽ നിന്ന് മാറിനടക്കുകയും ചിന്തിക്കുകയും ചെയ്യുമ്പോഴാണ്് പല രചനകളും മഹത്തരമാകുന്നത് എന്ന കാര്യവും മറക്കാതിരിക്കാം.

More like this
Related

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക്...

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു...
error: Content is protected !!