തൊട്ടാവാടി നല്കുന്ന പാഠം

Date:

spot_img

പ്രകൃതിയാണ് വലിയ പാഠപുസ്തകം. പ്രകൃതിയെ സൂക്ഷ്മമായി നോക്കുകയും വിലയിരുത്തുകയും ചെയ്തുകഴിയുമ്പോൾ നാം പ്രകൃതിയിൽ നിന്ന് വ്യത്യസ്തങ്ങളായ അനേകം പാഠങ്ങൾ പഠിക്കുന്നുണ്ട്. ദൈവം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഓരോ ജീവജാലങ്ങളും സസ്യലതാദികളും നമുക്ക് ഓരോ പാഠങ്ങൾ സമ്മാനിക്കുന്നുണ്ട്.

 നാം ചിലർക്ക് നല്കുന്ന വിശേഷണങ്ങളിലൊന്നാണ് തൊട്ടാവാടി. ആളൊരു തൊട്ടാവാടി എന്ന് പറഞ്ഞാൽ പെട്ടെന്ന് തളർന്നുപോകുന്ന, ദുർബലനായ ഒരു വ്യക്തി എന്നാണ് ഉദ്ദശിക്കുന്നത്. എല്ലായ്പ്പോഴും അത് നെഗറ്റീവായ അർത്ഥത്തിലാണ് പ്രയോഗിക്കുന്നത്.  ശരിയാണ് ഒരു വിരൽത്തുമ്പ് കൊണ്ടാൽ പോലും തൊട്ടാവാടി വാടിപോകും. ഇനി അതിന്റെ മറുവശം നോക്കാം. തൊട്ടാവാടി, വാടി പോകുന്നത് ഏതാനും നിമിഷനേരത്തേക്ക് മാത്രമാണ്. ഏതാനും സമയം കഴിയുമ്പോൾ അത് പൂർവ്വസ്ഥിതിയിലെത്തും.

ജീവിതത്തിൽ നാം സ്വീകരിക്കേണ്ട ഒരു മനോഭാവവും ജീവിതവീക്ഷണവും ഇതുതന്നെയായിരിക്കണം എന്നാണ് എന്റെ അഭിപ്രായം. മറ്റുള്ളവർ നമ്മെ പലരീതിയിൽ തളർത്തിയേക്കാം, പരാജിതരാക്കാൻ ശ്രമിച്ചേക്കാം. നാം ചിലപ്പോൾ അതിന് കീഴ്പ്പെട്ടുപോയെന്നും വരാം. എന്നാൽ അത് താല്ക്കാലികമായിരിക്കണം. ആ നേരത്തെ തളർച്ചയിൽ നിന്ന് നാം സടകുടഞ്ഞെണീല്ക്കണം. നാം തളർന്നുപോകരുത്. തളർന്നുപോകാൻ അനേകം കാരണങ്ങളുണ്ട്. പക്ഷേ ഉയിർത്തെണീല്ക്കാൻ നമുക്കൊരൊറ്റ കാരണം മതി. വിജയിക്കണം എന്ന തീരുമാനം.
തൊട്ടാവാടിയുടെ സ്വഭാവം പ്രകടമാക്കുന്ന രണ്ടു ജീവികളാണ് അട്ടയും ഒച്ചും. കറുത്ത നിറത്തിലുള്ള ഈ അട്ടയെ ഞങ്ങളുടെ നാട്ടിൻപ്പുറങ്ങളിൽ ഊച്ചനട്ട എന്നാണ് വിശേഷിപ്പിക്കുന്നത്. ആരെങ്കിലും ഒന്ന് തൊട്ടാലുടനെ അത് ചുരുണ്ടുകൂടും. തൊട്ടാവാടിയെ പോലെ. എന്നാൽ ഏതാനും നിമിഷം കഴിയുമ്പോൾ അത് പൂർവ്വസ്ഥിതിപ്രാപിക്കും.

ജീവൻ അപഹരിച്ചില്ലെങ്കിൽ അത് യാത്ര തുടരുകയും ചെയ്യും. യാത്ര ചെയ്യുമ്പോൾ എന്തെങ്കിലും പ്രതിബന്ധങ്ങൾ അനുഭവപ്പെട്ടാൽ കൊമ്പ് പുറകോട്ട് വലിച്ചശേഷം ഒരു നിമിഷം കഴിയുമ്പോൾ യാത്ര തുടരുന്ന ജീവിയാണ് ഒച്ച്.

 ജീവിതവും ഇങ്ങനെയാണ്. നമ്മുടെ യാത്രയെ തടസ്സപ്പെടുത്തുന്ന പലതും ഇക്കാലയളവിൽ നാം നേരിടേണ്ടിവരും. അപ്രതീക്ഷിതമായ ആ ഇടപെടൽ മൂലം നാം  ചിലപ്പോൾ പതറിപ്പോകും. യാത്രയ്ക്ക് തടസ്സം നേരിടും. യാത്ര മുടങ്ങിപ്പോകും. പക്ഷേ അപ്പോഴൊന്നും നാം പതറിപ്പോകരുത്. യാത്ര അവസാനിപ്പിക്കുകയുമരുത്. നമുക്കൊരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യമാണ് നമ്മെ കൊതിപ്പിക്കേണ്ടത്, ആ ലക്ഷ്യമാണ് നമ്മെ വഴിനയിക്കേണ്ടത്. തൂമ്പയുടെ കൈ ഒടിയുകയോ മൂർച്ച കുറയുകയോ ഒക്കെ ചെയ്യുമ്പോൾ നാം ചെയ്യുന്നത് എന്താണ്.  ഒടിഞ്ഞ കൈ മാറ്റും.  മൂർച്ച കൂട്ടും. എന്നിട്ട് വീണ്ടും ഉപയോഗം തുടരും. കൊല്ലന്റെ ആലയിൽ ആയുധങ്ങൾ പണിയുന്നത് കണ്ടിട്ടില്ലേ. തീയിൽ ചുട്ടുപഴുപ്പിച്ച്, ചുറ്റിക കൊണ്ട് അടിച്ച് പതം വരുത്തിയാണ് ആയുധങ്ങൾ ഉണ്ടാക്കുന്നത്.അപ്രകാരം തീയിലൂടെയും പതം വരവിലൂടെയും കടന്നുപോകുന്ന ആയുധത്തിന് മാത്രമേ മൂർച്ചയുണ്ടാകൂ.

പ്രതികൂലമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് നാം ശക്തരാകുന്നത്. പ്രതിബന്ധങ്ങളും തടസ്സങ്ങളും നമ്മുടെ മാറ്റ് കൂട്ടാനുള്ള അവസരങ്ങളാണ്. തികഞ്ഞ പ്രത്യാശയോടും ലക്ഷ്യബോധത്തോടും കൂടി നാം പരിശ്രമം തുടരണം.
വിജയങ്ങളിലെത്തിച്ചേർന്ന ഓരോരുത്തരുടെയും ജീവിതം അപഗ്രഥിച്ചുനോക്കൂ. ഒരിക്കൽ സീറോ ആയിരുന്നു അവരോരോരുത്തരും. പക്ഷേ ആ സീറോയിൽ നിന്ന് അവർ ഹീറോമാരായി. അതിന് അവരെ പ്രേരിപ്പിച്ചത് വിജയത്തിലെത്തുമെന്ന തീരുമാനവും കഠിനമായി അദ്ധ്വാനിക്കാനുള്ള മനസ്സുമായിരുന്നു. എല്ലാം അനുകൂലമായതുകൊണ്ടോ ഒരുപാട് പ്രോത്സാഹനം കിട്ടിയതുകൊണ്ടോ ആയിരുന്നില്ല അവർ വിജയിച്ചത്. മറിച്ച്  പ്രതിബന്ധങ്ങളിൽ അവർ വാടിപ്പോയില്ല, തടസ്സങ്ങളിൽ അവർ യാത്ര പാതിവഴിയിൽ അവസാനിപ്പിച്ചുമില്ല.
അഹങ്കാരം കൈവെടിഞ്ഞ്, ആത്മവിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിച്ച് പ്രാർത്ഥനയോടെ മുന്നോട്ടുപോയാൽ നമുക്ക് ജീവിതത്തിൽ വിജയിക്കാൻ കഴിയും.  ഇത്രയും വർഷത്തെ നീണ്ട ജീവിതം കൊണ്ട് ഞാൻ മനസ്സിലാക്കിയ കാര്യമാണ് ഇത്.

തോമസ് കട്ടക്കയം

More like this
Related

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...
error: Content is protected !!