അഭിപ്രായങ്ങൾ മാറാത്തത് മരിച്ചുപോയവർക്ക് മാത്രമാണ് എന്നാണ് ചൊല്ല്. ശരിയാണ് ജീവിച്ചിരിക്കുന്നവരെന്ന നിലയിൽ ചിലപ്പോഴൊക്കെ പലകാര്യങ്ങളിലും നാം അഭിപ്രായം മാറ്റിപറയാറുണ്ട്. അഭിപ്രായങ്ങൾ മാറുന്നത് കാഴ്ചപ്പാടുകൾ മാറുന്നതുകൊണ്ടാണ്. ജീവിതവീക്ഷണത്തിൽ വന്ന മാറ്റം കൊണ്ടാണ്. എന്നാൽ ആദർശങ്ങൾ മാറുന്നതും ആഭിമുഖ്യങ്ങൾ മാറുന്നതും അങ്ങനെയല്ല. അത്തരം ചില മാറ്റങ്ങളെ നാം ഭയക്കുകയും അവയെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. കാരണം ഇക്കൂട്ടർ നാളെ എന്തും ചെയ്യും. എന്തിനും സന്നദ്ധരായിരിക്കും. വ്യക്തിത്വത്തിന്റെ പ്രത്യേകത എന്ന് അതിനെ ലഘൂകരിക്കാൻ നമുക്ക് കഴിയില്ല. അതിനപ്പുറം ആ വ്യക്തിയെ അത്തരം നിലപാടുകളുടെ മാറ്റങ്ങളിലേക്ക് നയിച്ചത് എന്താണ് എന്നുകൂടി നാം കണ്ടെത്തേണ്ടിയിരിക്കുന്നു. അധികാരം, സ്വാർത്ഥത, പദവി, സ്ഥാനമാനങ്ങൾ… അഭിപ്രായങ്ങൾ മാറുന്നവരെയല്ല അധികാരത്തിന് വേണ്ടി കസേരവലിക്കുകയും കസേരപിടിക്കുകയും ചെയ്യുന്നവരെയാണ് നാം പേടിക്കേണ്ടത്.
ഇന്ന് രാഷ്ട്രീയത്തിൽ നാം പരക്കെ കണ്ടുകൊണ്ടിരിക്കുന്നത് ഇത്തരം നിലപാടു മാറ്റങ്ങളാണ്. ഇന്നലെ വരെ തള്ളിപ്പറഞ്ഞ പ്രത്യയശാസ്ത്രങ്ങളെയും രാഷ്ട്രീയപ്രസ്ഥാനങ്ങളെയും എല്ലാം അക്കൂട്ടർ സർവ്വതും മറന്ന് ആശ്ലേഷിക്കാൻ വെമ്പൽ കൊള്ളുന്ന കാഴ്ച നിഷ്പക്ഷമതികളെ വല്ലാതെ വെറുപ്പിച്ചുകളയു
ന്നുണ്ട്.
ചിലർ അങ്ങനെയാണ്. അവർ ചാഞ്ചാടിക്കൊണ്ടേയിരിക്കും. ഇക്കരെ നില്ക്കുമ്പോൾ അക്കരപ്പച്ചയാണെന്ന് തോന്നും. ഇന്നലെവരെ സ്തുതിച്ചുപറഞ്ഞതിനെ നാളെ ഇകഴ്ത്തിപറയും. ഇന്ന് സ്നേഹിക്കുന്നതിനെ നാളെ വെറുത്തുകളയും. ഓരോരുത്തർക്കും അവനവരുടെ രാഷ്ട്രീയം തിരഞ്ഞെടുക്കാൻ അവകാശവും അർഹതയുമുണ്ട്. അവനവരുടെ കാഴ്ചപ്പാടും താല്പര്യവുമാണ് അവരുടെ രാഷ്ട്രീയത്തിലും നിഴലിക്കുന്നത്. ജനാധിപത്യരാഷ്ട്രത്തിൽ ഇഷ്ടപ്പെട്ട രാഷ്ട്രീയം തിരഞ്ഞെടുക്കുക എന്നത് അഭ്യസ്തവിദ്യരുടെയും തിരിച്ചറിവിന്റെ വിവേകം കിട്ടിയവരുടെയും സ്വാതന്ത്ര്യമാണ്. പക്ഷേ മനസ്സിലാവാത്തത് ഇതാണ്. ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഒരാളെ എത്രമാത്രം നാം മുഖവിലയ്ക്കെടുക്കും? ബന്ധങ്ങളിൽ മുതൽ രാഷ്ട്രീയത്തിൽ വരെ പുലർത്തുന്ന നിലപാടുകളും സ്ഥിരതകളുമാണ് വ്യക്തിത്വം നിശ്ചയിക്കുന്നത്.
സ്ഥിരതയുണ്ടാവണം നമുക്ക്. അതൊരു ഗുണമാണ്. ചിലപ്പോൾ പറഞ്ഞ എല്ലാ കാര്യങ്ങളും അതേപടി നിർവഹിക്കുവാനും നടപ്പിലാക്കാനും കഴിഞ്ഞെന്നുവരില്ല. പക്ഷേ നിലപാടുകളിൽ പുലർത്തുന്ന സ്ഥൈര്യം പ്രധാനപ്പെട്ടതാണ്. ഒരാളെ വിശ്വാസയോഗ്യമാക്കുന്ന ഘടകം കൂടിയാണ് അത്.