ജീവിതം മടുക്കുമ്പോൾ..

Date:

spot_img


‘ഈ ജീവിതത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, അടുത്ത യാത്ര പോകുകയാണ്.’ നാഗാലാന്റിലും മണിപ്പൂരിലും ഗവർണറായിരുന്ന  അശ്വിനി കുമാർ എന്ന 69 കാരൻ ആത്മഹത്യയ്ക്ക് മുമ്പ് എഴുതിവച്ച കുറിപ്പാണത്രെ ഇത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം നിരാശനായിരുന്നുവെന്നും വാർത്തയിൽ പറയുന്നു.

കൊല്ലത്ത് ഒരു യുവഡോക്ടർ ആത്മഹത്യ ചെയ്തത് അടുത്തയിടെയായിരുന്നു. അശ്വിനികുമാറിന്റേതിൽ നിന്ന് വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ മരണകാരണം. ബോളിവുഡ് താരമായ സുശാന്ത് സിംങിനെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

ആത്മഹത്യയെന്നോ കൊലപാതകമെന്നോ ഇതുവരെയും തീർപ്പുകല്പിക്കാത്തപ്പോഴും സുശാന്ത് ഇപ്പോൾ ഈ ഭൂമിയിൽ ഇല്ല എന്നതുമാത്രമാണ് യാഥാർത്ഥ്യം.  പ്രശസ്തിയുടെ ഉന്നതങ്ങളിൽ നില്ക്കുമ്പോൾ ആത്മഹത്യയിലൂടെ വേർപിരിഞ്ഞുപോയ അനേകംവ്യക്തികളുണ്ട്.

പണവും പ്രശസ്തിയും അധികാരവുമെല്ലാം ജീവിതത്തിൽ ഉണ്ടായിരുന്നിട്ടും ഏതൊക്കെയോ ചില നിമിഷങ്ങളിൽ ഇതിനൊന്നും അർഥമില്ല എന്ന് തിരിച്ചറിഞ്ഞവരാണ് ഇവർ.  ജീവിതത്തിൽ വിഷാദത്തിന്റെ സ്പർശനം അറിഞ്ഞിട്ടില്ലാത്തവർ ഒരു പക്ഷേ കുറവായിരിക്കും. എപ്പോഴൊക്കെയോ ജീവിതത്തിന്റെ തീരങ്ങളിൽ നില്ക്കുന്ന നമ്മെ നനയിച്ച് ഒരു പുഴ പോലെ വിഷാദം ഒഴുകിപ്പോകുന്നുണ്ട്. പക്ഷേ അതിന് ശേഷം കാൽ തുടച്ച് നനവുമാറ്റി നാം വീണ്ടുംയാത്രതുടരുന്നു.

വിഷാദം ഇല്ലാത്തതല്ല അതിനെ എങ്ങനെ മറികടക്കാം എന്ന് അറിഞ്ഞിരിക്കുകയും വിഷാദത്തിന് അപ്പുറം ജീവിതത്തിന്റെ പ്രസക്തി തിരിച്ചറിയുകുയം ചെയ്യുക എന്നതാണ് മുഖ്യം.   വിഷാദമോ അല്ലെങ്കിൽ മറ്റേതെങ്കിലും  പ്രശ്നങ്ങളുടെയോ പേരിൽ വളരെ കുറച്ചുപേർ മാത്രമേ ആത്മഹത്യയെ ഒരു ഓപ്ഷനായി തിരഞ്ഞെടുക്കുന്നുള്ളൂ. കോവിഡ് ഏല്പിച്ച സാമ്പത്തികപ്രതിസന്ധി ബാധിക്കാത്തവരായി ആരുംതന്നെ കാണില്ല. എന്നിട്ടും അതിനെ പിടിച്ചുനില്ക്കുന്നില്ലേ നമ്മൾ? ജോലി നഷ്ടപ്പെട്ടവർ.. ലോൺ തിരിച്ചടവ് മുടങ്ങിയവർ.. എത്രയോ പേർ. എന്നിട്ടും അവരിൽ വളരെ കുറഞ്ഞ ശതമാനം മാത്രമേ ആത്മഹത്യ ചെയ്തിട്ടുള്ളൂ. ഭൂരിപക്ഷവും അതിജീവനത്തിന്റെ പാതയിലാണ്.
 കാരണം  ജീവിതത്തിന്റെ പ്രസന്നഭാവവും ഉദാത്തതയും അവരെ എന്നേയ്ക്കുമായി വിട്ടുപോകുന്നില്ല. ഒരു രാത്രിക്ക് ശേഷം ഒരു പ്രഭാതം ഉദയം ചെയ്യുമെന്ന ശുഭപ്രതീക്ഷ അവരെ നയിക്കുന്നു. അതുകൊണ്ടാണ് വലിയ തിരിച്ചടികൾക്കും രോഗങ്ങൾക്കോ സാമ്പത്തികപ്രതിസന്ധികൾക്കോ പോലും അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിയുന്നത്.  

ജീവിതത്തിന് അർത്ഥം നല്കുന്നത് ഒരിക്കലും  പണമോ പ്രശസ്തിയോ പ്രതാപമോ അല്ല. തുടക്കത്തിൽ നാം വായിച്ച അശ്വിനി കുമാറിന്റെ പ്രൊഫൈൽ ഒന്നു പരിശോധിച്ചുനോക്കൂ. നാഗാലാന്റിലും മണിപ്പൂരിലും ഗവർണർ. ഹിമാചൽപോലീസിലെ വിവിധ റാങ്കുകൾ. സിബിഐ, എസ്പിജി എന്നിവയിൽ അംഗം. സ്വകാര്യ സർവകലാശാലയിൽ വൈസ് ചാൻസലർ.  ഇതൊക്കെ സമ്പന്നമായിരുന്ന ഒരു വ്യക്തിജീവിതത്തിലെ നേട്ടങ്ങളും സ്വകാര്യ അഹങ്കാരങ്ങളുമാണ്. എന്നിട്ടും അതിലൊന്നും അഭിരമിക്കാതെ ഏറെക്കുറെ വാർദ്ധക്യത്തോട് അടുത്ത പ്രായത്തിൽ അദ്ദേഹം സ്വയം പിൻവാങ്ങി, വിഷാദമെന്ന് പേരു പറഞ്ഞ്.

ജീവിതത്തെ വിഷാദം കടലെടുക്കുന്നത് സ്വഭാവികമാണ്. പക്ഷേ അതിനെ അതിജീവിക്കാൻ നമുക്ക് കരുത്തുണ്ടാകുന്നത് ക്രിയാത്മകമായ സമീപനം കൊണ്ടും സത്യസന്ധമായ ബന്ധങ്ങൾ വഴിയുമാണ്. ഏറെ അടുപ്പമുണ്ടായിരുന്നവരോ സുഹൃത്തുക്കളോ എന്നും കണ്ടുമുട്ടിയിരുന്നവർ പോലുമോ വിഷാദം മൂലം ആത്മഹത്യ ചെയ്തതായി നാം വായിച്ചുകേൾക്കാറുണ്ട്. ഇതിന് കാരണം അവരുടെ വിഷാദം ആരും പുറമേയ്ക്ക് അറിഞ്ഞിരുന്നില്ല എന്നതാണ്. മാത്രവുമല്ല ആരും  അക്കാര്യം പരിഗണനയ്ക്ക് എടുത്തതുമില്ല. കുടുംബാംഗങ്ങൾ പോലും ഇക്കാര്യം അറിയണമെന്നില്ല.

 മാനസികമായ പിന്തുണയും സാമീപ്യവും നല്കുന്നതുവഴി വിഷാദത്തിന്റെ കടലിൽ നിന്ന് പലരെയും ജീവിതത്തിന്റെ പച്ചപ്പിലേക്ക് തിരികെ കൊണ്ടുവരാൻ നമുക്ക് കഴിയും. തിരക്കുപിടിച്ച ലോകവും അവനവന്റെ വ്യഗ്രതകളും കാരണം പലപ്പോഴും മറ്റൊരാളുടെ വിഷമസ്ഥിതികൾ നാം മനസ്സിലാക്കുന്നില്ല.  ജീവിതപങ്കാളിയോടോ ഫോണിൽ സംസാരിക്കുന്ന സുഹൃത്തിനോടോ ഒക്കെ ഭാവവ്യത്യാസമോ സ്വരഭേദമോ മനസ്സിലാക്കി കാരണം ചോദിക്കുന്നതിലൂടെയോ ആശ്വസിപ്പിക്കുന്നതിലൂടെയോ ഒക്കെ അവരുടെ മനസ്സിൽ നിന്ന് വളരെ വേഗം വിഷാദത്തെ മാറ്റിയെടുക്കാൻ കഴിയുന്നതല്ലേ. ചില സന്ദർശനങ്ങൾ. സാമീപ്യങ്ങൾ… ഫോൺവിളികൾ… ആശ്വാസവചനങ്ങൾ… അധികം ചെലവില്ലാതെ ഒരാളുടെ ജീവിതത്തെ സൗന്ദര്യപൂർണ്ണമാക്കി മാറ്റാൻ നമുക്ക് എടുത്തുപയോഗിക്കാവുന്ന മാർഗ്ഗങ്ങളാണ് ഇവയൊക്കെ.

സുശാന്തിന്റെ മരണം അറിഞ്ഞപ്പോൾ അടുത്ത സുഹൃത്തുക്കൾപോലും വിലപിച്ചതായി വാർത്തകേട്ടിരുന്നു, നിനക്ക് ഡിപ്രഷൻ ഉണ്ടായിരുന്നതായി അറിഞ്ഞില്ലല്ലോ എന്ന്. അറിയാൻ സാധിക്കും, നമുക്ക് അടുത്തുനില്ക്കുന്ന വ്യക്തികളെ സ്നേഹിക്കാനും മനസ്സിലാക്കാനും സാധിച്ചാൽ… ആ കണ്ണുകളിൽ നോക്കാൻ കഴിഞ്ഞാൽ… ആ സ്വരഭേദമോ മുഖഭാവമോ മനസ്സിലാക്കാൻ കഴിഞ്ഞാൽ. അതുപോലെ തന്നെ ഉള്ളിലുളള വിഷാദത്തെ തുറന്നുപറയാനും നാം സന്നദ്ധത കാണിക്കണം. അടുപ്പമുള്ളവരോട്… മനസ്സിലാക്കുമെന്ന് പ്രതീക്ഷയുള്ളവരോട്… ആത്മഹത്യാവാർത്തയുടെ ചുവടെ പോലും ആത്മഹത്യഒന്നിനും ഒരു പരിഹാരമല്ല എന്ന  ബോധ്യപ്പെടുത്തലോടെ പ്രശ്നപരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ചുതരാൻ  കഴിയുന്ന മാർഗ്ഗങ്ങൾ ഇന്ന് നിലവിലുണ്ടെന്നോർക്കണം. അത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിൽ നാണക്കേട് വിചാരിക്കരുത്.

അണച്ചുപിടിക്കാം നമുക്ക് നമ്മോട് അടുപ്പമുളളവരെ, അടുത്തായിരിക്കുന്നവരെ. അതോടൊപ്പംതന്നെ തുറന്നുപറയുകയും ചെയ്യാം. വിഷാദങ്ങളെ നമുക്ക് കാറ്റിൽ പറത്താം. ജീവിതത്തെ നമുക്ക് അതിന്റെ  ലഹരിയിൽ ആസ്വദിക്കാം.

More like this
Related

സെലിബ്രിറ്റികളുടെ ഇടപെടലുകൾ

ഒരു കാര്യം സമ്മതിക്കാതെ നിവൃത്തിയില്ല. സെലിബ്രിറ്റികൾ സവിശേഷരാണ്. മനുഷ്യരായിരിക്കെ തന്നെ അവർ...

തെറി വിളിച്ചുനേടുന്ന സ്വാതന്ത്ര്യം

'ഭാര്യയെന്നെ നീയെന്നും എടാ എന്നും വിളിച്ചു''എന്തായിരുന്നു സംഭവം''നിസ്സാരകാര്യത്തിനായിരുന്നു വഴക്ക്.. ദേഷ്യം കൊണ്ട്...

ഒരു പ്രണയകാലത്തിന്റെ  ഓർമ്മയ്ക്കായ്…

കാറ്റിന്റെ ഗതിക്കനുസരിച്ച് നീങ്ങുന്ന പായ്ക്കപ്പൽ പോലെയാണ് ജീവിതം. സാഹചര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവരാണ് മനുഷ്യർ....

എന്തിനാണ് വിവാഹം കഴിക്കുന്നത് ?

'ഭാവിയെക്കുറിച്ചോർക്കുമ്പോൾ വല്ലാത്ത പേടി തോന്നുന്നു. വയ്യാതാകുന്ന കാലത്ത് പരിചരിക്കാനും ഭക്ഷണം പാകം...
error: Content is protected !!