ഹഗ് (hug)എന്ന ഇംഗ്ലീഷ് വാക്കിനെ മലയാളത്തിലാക്കുമ്പോൾ ആലിംഗനം എന്നോ ആശ്ലേഷം എന്നോ പറയാമെന്ന് തോന്നുന്നു. പക്ഷേ ആലിംഗനം എന്ന് പച്ചമലയാളത്തിൽ പറയുമ്പോൾ ആ വാക്ക് വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. ആലിംഗനത്തിൽ രതിസൂചനയുണ്ടെന്നൊരു തോന്നലാണ് അതുളവാക്കുന്നത്. പക്ഷേ രതിയെ മാറ്റിനിർത്തി നിർവചിക്കേണ്ട ഒന്നാണ് ആലിംഗനം എന്ന വാക്ക്. ഒരാൾ വേറൊരാളെ ആലിംഗനം ചെയ്യുമ്പോൾ അവിടെ പ്രകടമാകുന്നത് പിന്തുണയും സുരക്ഷിതത്വവും ആശ്വാസവുമാണ്. വാക്കുകൾക്ക് അതീതമായ സ്നേഹത്തിന്റെ പ്രകടനമാണ് അത്. അല്ലെങ്കിൽ സ്നേഹം പ്രകടിപ്പിക്കാൻ വാക്കുകൾ മതിയാവാത്ത അവസ്ഥയിലാണ് രണ്ടുപേർ ആലിംഗനം ചെയ്യുന്നത്.
അപ്രതീക്ഷിതമായ കണ്ടുമുട്ടലിൽ… സന്തോഷം അടക്കിനിർത്താനാവാത്ത അവസ്ഥയിൽ… ആലിംഗനം ചെയ്യുമ്പോൾ വ്യക്തിയോടുള്ള നമ്മുടെ താല്പര്യവും വൈകാരികമായ അടുപ്പവുമാണ് അടങ്ങിയിരിക്കുന്നത്. അടുപ്പം തോന്നാത്ത, മാനസികമായി ചേർച്ചയില്ലാത്ത, അപരിചിതനായ ഒരു വ്യക്തിയെ ഒരിക്കലും നമുക്ക് ആലിംഗനം ചെയ്യാനാവില്ല. കാരണം നമ്മുടെ ഹൃദയം അവിടെയില്ല. സ്നേഹം അവിടെ പ്രകടമാകുന്നില്ല. ഏറെ വർഷങ്ങൾക്ക് ശേഷം രണ്ടുപേർ തമ്മിൽ കണ്ടുമുട്ടുമ്പോൾ അവിടെ ഉടലെടുക്കുന്നത് സ്നേഹം മാത്ര മാണ്. സൗഹൃദവും സന്തോഷവും മാത്രമാണ്.
ആലിംഗനം ചെയ്യുമ്പോൾ ഓക്സിടോസിൻ ലെവൽ വർദ്ധിക്കുന്നതായിട്ടാണ് ചില കണ്ടുപിടുത്തങ്ങൾ. ഓക്സിടോസിൻ വ്യക്തിയിലെ ശുഭാപ്തി വിശ്വാസവും ആത്മാഭിമാനവും വളർത്തുകയും ചെയ്യുന്നു. അല്ലെങ്കിൽ നോക്കൂ ഒരാൾ നമ്മെ ആലിംഗനം ചെയ്യുമ്പോൾ നമ്മുടെ ഉള്ളിലുണ്ടാകുന്ന ആദ്യ വികാരം എന്താണ്, ഞാൻ വിലമതിക്കപ്പെടുന്നു, ആ വ്യക്തിക്ക് ഞാൻ അത്രത്തോളം പ്രിയപ്പെട്ടവനാണ്. ചില ആലിംഗനങ്ങൾ നമ്മെ കരയിപ്പിക്കുക പോലും ചെയ്യാറുണ്ട്. നാം ഒറ്റയ്ക്കല്ല എന്നും നമുക്കാരൊക്കെയോ ഉണ്ട് എന്ന ചിന്തയും ഉണർത്തുന്നതുകൊണ്ടാണ് അത്. നമ്മുടെ യഥാർത്ഥവികാരം പ്രതിഫലിപ്പിക്കാൻ ആലിംഗനം സഹായിക്കുന്നുണ്ട്.
20 സെക്കന്റിലുള്ള ആലിംഗനം നമ്മുടെ ഉത്കണ്ഠകൾ ഇല്ലാതാക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതായും ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ഹൃദയമിടിപ്പ് കുറയ്ക്കുകയും നമ്മുടെ മൂഡ് മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് പ്രിയപ്പെട്ട ഒരാളെ ആലിംഗനം ചെയ്യുമ്പോൾ മടിവിചാരിക്കരുത്. സ്നേഹമുണ്ടോ, സന്തോഷമുണ്ടോ,സൗഹൃദമുണ്ടോ അവിടെ തീർച്ചയായും ആലിംഗനവുമുണ്ട്.